പൊതു വിഭാഗം

വിസിൽ അടിക്കാത്തവരുടെ ലോകം!

ഹൗഡി മോദിയും കാലാവസ്ഥ ഉച്ചകോടിയും ഒക്കെയാണ് അമേരിക്കയിൽ നിന്നും കഴിഞ്ഞ ദിവസം വന്ന പ്രധാന വാർത്തകൾ എങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു വിഷയവും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
 
അമേരിക്കൻ പ്രസിഡന്റിനെതിരെ അദ്ദേഹത്തിൻറെ ഫോൺ സന്ദേശം ശ്രവിക്കാനിടയായ ഒരു വ്യക്തി നൽകിയ പരാതിയാണ് വിഷയം. ഒരു വിദേശ രാജ്യത്തലവനുമായി സംസാരിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നൽകിയ ഒരു വാഗ്ദാനം ശരിയായില്ല എന്ന തോന്നലിൽ നിന്നാണ് പരാതി ഉടലെടുക്കുന്നത്.
ആരാണ് പരാതി പറഞ്ഞിരിക്കുന്നതെന്നും എന്താണ് പരാതിയിലെന്നും ഇനിയും കൃത്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ അമേരിക്കൻ ഇന്റലിജൻസ് സർവീസിൽ നിന്നുള്ള ആരോ ആണ് (CIA, the NSA, the Defense Intelligence Agency) എന്നറിയാം. Intelligence Community Whistleblowers’ Protection Act പ്രകാരമാണ് ഈ പരാതി കൊടുത്തത്.
 
അവരവരുടെ ഓഫീസ് സാഹചര്യങ്ങളിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾ പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനമാണ് ‘Whistelblowing’. വളരെ പ്രൊഫഷണലായും കൃത്യമായും കാര്യങ്ങൾ നടക്കുന്ന, മിക്കവാറും സ്ഥാപനങ്ങളിൽ ഈ സംവിധാനമുണ്ട്.
 
ആഗസ്റ്റ് ആദ്യം കൊടുത്ത പരാതിക്ക് ആദ്യമൊന്നും അധികം ശ്രദ്ധ കിട്ടിയില്ല. ന്യൂ യോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റും സംഗതി ഏറ്റുപിടിച്ചു. ഉക്രൈനിയൻ പ്രസിഡന്റിനോട് അമേരിക്കൻ പ്രസിഡണ്ട് സംസാരിച്ചപ്പോൾ അടുത്ത പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ട്രംപിന്റെ എതിരാളിയാകാൻ സാധ്യതയുള്ള മുൻ വൈസ് പ്രസിഡണ്ട് ജോ ബൈഡന്റെ മകനെക്കുറിച്ചുള്ള ഒരു അഴിമതി ആരോപണത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടു എന്നും, ആ പരാതി അന്വേഷിക്കാൻ ഉക്രൈൻ അത്ര താല്പര്യം കാണിക്കാത്തതിനാൽ ഉക്രൈനുള്ള സാന്പത്തിക സഹായം അമേരിക്ക നിർത്തിവെച്ചു എന്നും വാർത്തകൾ വന്നു. ഈ വിഷയമാണ് ഫോൺ കോളിൽ ഉണ്ടായിരുന്നതെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്.
 
ഈ പരാതിയുടെ ഒരു കോപ്പി അവിടുത്തെ സെനറ്റിന് നൽകണമെന്നുള്ള അഭ്യർത്ഥന ആദ്യം സർക്കാർ അംഗീകരിച്ചില്ല. എന്നാൽ ഈ പരാതിയുടെ ഫലമായി അമേരിക്കൻ പ്രസിഡന്റിനെ ഇന്പീച്ച് ചെയ്യാനുള്ള നടപടികൾക്ക് സ്പീക്കർ നാൻസി പെലോസി തീരുമാനിച്ചു (ഈ സ്പീക്കർ ഭാവിയിൽ അമേരിക്കൻ പ്രസിഡന്റാകാൻ സാധ്യതയുള്ള ആളാണ്). ഈ വിഷയം അന്വേഷിക്കുന്ന സെനറ്റ് കമ്മിറ്റിക്ക് മുന്നിൽ വന്ന് തെളിവ് നല്കാൻ മുൻപറഞ്ഞ വിസിൽ ബ്ലോവർ തയ്യാറായിട്ടുണ്ട്. പ്രശ്നം കൂടുതൽ വഷളാകാതിരിക്കാൻ അദ്ദേഹത്തിന്റെ പരാതിയും ഉക്രൈൻ പ്രസിഡന്റുമായി സംസാരിച്ചതിന്റെ ട്രാൻസ്‌ക്രിപ്റ്റും പുറത്തു വിടാമെന്ന് ഇന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്. അതോടെ കാര്യങ്ങൾ കെട്ടടങ്ങുമോ അതോ കൂടുതൽ വഷളാകുമോ എന്ന് കണ്ടറിയാം.
 
അമേരിക്കൻ പ്രസിഡന്റ് പദവി പോലെ അത്യുന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെ, അതും കാബിനറ്റിലുള്ളവരെ പോലും എളുപ്പത്തിൽ പറഞ്ഞുവിടാൻ അധികാരമുള്ള പ്രസിഡന്റിനെതിരെ, താഴെത്തട്ടിലുള്ള ഒരു ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ വിസിൽബ്ലോയിങ് നടത്താൻ തയ്യാറായി എന്നത് നിയമവാഴ്ചക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. അത്തരത്തിൽ ധൈര്യം കാണിക്കുന്നവരാണ് ജനാധിപത്യത്തെയും നിയമവാഴ്ചയെയും മുന്നോട്ട് നയിക്കുന്നത്.
 
കേരളത്തിൽ വലിയ അഴിമതി കേസുകളും കസ്റ്റഡി മരണങ്ങളും ഉണ്ടാകുന്പോൾ ഞാൻ ഇക്കാര്യം ഓർക്കാറുണ്ട്. ആ കാര്യങ്ങളിലെ സത്യാവസ്ഥ അറിയുന്ന എത്രയോ ആളുകളിൽ ഒരാൾ മുന്നോട്ടു വന്നാൽ പൊതുജനങ്ങൾക്ക് സത്യാവസ്ഥ അറിയാം. പൊതുവിൽ കുറ്റവാളിയെ പൊതിഞ്ഞു സംരക്ഷിക്കുക എന്നതാണ് നമ്മുടെ രീതി. എന്തുകൊണ്ടാണ് സത്യത്തിനും നീതിക്കും ഒപ്പം നിൽക്കുന്ന ആളുകൾ നമ്മുടെ സാഹചര്യങ്ങളിൽ ഉണ്ടാകാത്തത്?
 
മുരളി തുമ്മാരുകുടി

Leave a Comment