ചേട്ടാ, എങ്ങനെയാണ് ജീവിതത്തിൽ വിഷമങ്ങളെ അതിജീവിക്കുന്നത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പതിറ്റാണ്ടുകളായി ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും വെല്ലുവിളികൾ നിരന്തരം നേരിടുന്ന ഒരാളെന്ന നിലക്കുള്ള അനുഭവം വെച്ച് ചില പാഠങ്ങൾ ഞാൻ പറയാം.
1. വിഷമങ്ങൾ ഇല്ലാത്തവരില്ല. ചിലപ്പോൾ ഔദ്യോഗിക രംഗത്തായിരിക്കും, ചിലപ്പോൾ വ്യക്തിജീവിതത്തിൽ. എല്ലായിടത്തും ഒരേ സമയം ഒരുപോലെ പ്രശ്നങ്ങൾ വരാറില്ല. അതിനാൽ നമ്മുടെ ജീവിതത്തിന് പരമാവധി വശങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം (വ്യക്തിപരം, ഔദ്യോഗികം, പൊതുരംഗം എന്നിങ്ങനെ). ഏത് രംഗത്താണോ പ്രശ്നങ്ങൾ ഇല്ലാത്തത്, അല്ലെങ്കിൽ ഏറ്റവും കുറവ്, അവിടെ നമ്മൾ പരമാവധി ശ്രദ്ധ കൊടുക്കുക. എവിടെയെങ്കിലും പോസിറ്റീവ് ആയ റിസൾട്ട് ഉണ്ടായിക്കൊണ്ടിരിക്കുക എന്നത് പ്രധാനമാണ്. ഒരു രംഗത്തിലെ വളർച്ച കൊണ്ട് മറ്റൊരു രംഗത്തെ തളർച്ചകളെ നമുക്ക് പ്രതിരോധിക്കാൻ പറ്റും.
2. മാറി നിന്ന് നോക്കുന്നവർക്ക് വിവിധ ആളുകളുടെ പ്രശ്നം വേറെ വേറെ ഗ്രേഡിലാണ് എന്ന് തോന്നിയേക്കാമെങ്കിലും അനുഭവിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങളാണ് ഏറ്റവും വലുത്. അപകടത്തിൽ കൈ നഷ്ടപ്പെട്ട ഒരാൾക്ക് വിരൽ നഷ്ടപ്പെട്ട ഒരാളുടെ പ്രശ്നം അത്ര കാര്യമായി തോന്നില്ല. പക്ഷെ വിരൽ നഷ്ടപ്പെട്ട ആൾ അങ്ങനെയല്ല ചിന്തിക്കുന്നത്. നഖം നഷ്ടപ്പെട്ട ആളുടെ കാര്യവും വ്യത്യസ്തമല്ല.
3. വിഷമവും വിഷാദവും ഒന്നല്ല. ഏറ്റവും വലിയ പ്രശ്നങ്ങളുള്ള ആളല്ല ഏറ്റവും വേഗം വിഷാദത്തിൽ എത്തുന്നത്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇമോഷണൽ ഇന്റലിജൻസ് ഇല്ലാത്തവരാണ്. കുട്ടികളെ മാതാപിതാക്കളുടെ സാന്പത്തികവും മറ്റുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചു മാറ്റി നടത്തുന്ന ഇപ്പോഴത്തെ രീതി ജീവിതത്തിലെ യഥാർത്ഥ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുട്ടികളെ തയ്യാറാക്കുന്നില്ല. വിഷാദം ഇനി കൂടിവരികയേ ഉള്ളൂ.
4. നമ്മുടെ പ്രശ്നങ്ങൾ പൂർണ്ണമായും പങ്കുവെക്കാൻ പറ്റിയ ഒരാൾ (അല്ലെങ്കിൽ കുറച്ച് ആളുകൾ) നമുക്ക് ചുറ്റും ഉണ്ടാകണം എന്നത് പ്രധാനമാണ്. ഇങ്ങനെ കുറച്ച് ആളുകൾ ചുറ്റുമുണ്ടെങ്കിൽ നമുക്ക് ജീവിതത്തിലെ ഏത് വെല്ലുവിളിയേയും നേരിടാം. എൻറെ ജീവിതത്തെപ്പറ്റി എല്ലാം അറിയാവുന്ന, എനിക്ക് പൂർണ്ണമായും വിശ്വസിക്കാവുന്ന, പിന്തുണ തരുന്ന കുറച്ചാളുകൾ എൻറെ ഔദ്യോഗിക രംഗത്തും വ്യക്തിരംഗത്തും ഉണ്ട്. എൻറെ പ്രധാന തന്ത്രവും ശക്തിയും ഇതാണ്.
5. നമ്മുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ ഒരാൾ (അല്ലെങ്കിൽ അടുത്ത കുറച്ചു പേർ) ഉണ്ടാകുന്നത് പോലെ പ്രധാനമാണ് നമ്മൾ നാട്ടുകാരോടെല്ലാം പോയി നമ്മുടെ വിഷമങ്ങൾ പറയാതിരിക്കുന്നതും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ നിസ്സാരമായി തോന്നുന്നവരാണ് ഭൂരിഭാഗവും. അവർക്ക് അതിന് ‘ഇൻസ്റ്റന്റ്’ സൊല്യൂഷൻസ് ഉണ്ടാകും. അതുകൊണ്ടൊന്നും സംഭവിക്കുകയുമില്ല. പോരാത്തതിന് നമ്മുടെ ചുറ്റുമുള്ളതിൽ പത്തിൽ ഒൻപത് പേരും ജഡ്ജമെന്റൽ ആണ്. “എന്തിനാണ് ആ പണിക്ക് പോയത്?” എന്ന തരത്തിലായിരിക്കും ആദ്യത്തെ ചോദ്യം. ഒരാൾ കുഴിയിൽ കിടക്കുന്പോൾ “എങ്ങനെ ചാടി, എന്ത് കൊണ്ട് ചാടി” എന്നൊക്കെ ഗവേഷണം നടത്തുന്നവരെക്കൊണ്ട് ഒരു ഗുണവുമില്ല. എങ്ങനെ നമ്മളെ കരകയറ്റാം എന്ന് ചിന്തിക്കുന്നവരോടാണ് നമ്മുടെ പ്രശ്നങ്ങൾ പറയേണ്ടത്. ഗവേഷണം ഒക്കെ അത് കഴിഞ്ഞും ആകാമല്ലോ.
6. നിങ്ങൾ ഒരു വലിയ വിഷമത്തിൽ കൂടെ പോയിക്കണ്ടിരിക്കുന്ന സമയം നിങ്ങൾ ഏറ്റവും വൾനറബിൾ ആയ സമയമാണ്. എല്ലാത്തരം തട്ടിപ്പുകാർക്കും നിങ്ങളെ മുതലെടുക്കാൻ ഏറ്റവും പറ്റിയ അവസരം കൂടിയാണ്. അതുകൊണ്ടു കൂടി ആരോടാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രധാനമാണ്. പലരും ലൈംഗികമായ പീഡനത്തിൽ എത്തിപ്പറ്റുന്നത് ഇത്തരം സാഹചര്യത്തിൽ സഹായിക്കാൻ എത്തിയവരിൽ കൂടിയാണ്. കുന്പസാരത്തിലൂടെ പോലും കുഴപ്പത്തിലായവരുടെ വാർത്ത നമ്മൾ വായിച്ചല്ലോ.
7. പ്രശ്നങ്ങൾ പങ്കുവെക്കുന്നത് ഒരു ‘വൺ വേ’ പരിപാടിയാണ്. നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാകുന്പോൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ടെകിൽ എനിക്ക് ഒരു പ്രശ്നം ഉണ്ടാകുന്പോൾ നിങ്ങളോട് വന്നു പറയാൻ എനിക്ക് തോന്നില്ല. കാരണം. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾ തന്നെ നിസ്സഹായനാണ്, പോരാത്തതിന് ‘ആ ചേട്ടന് ആവശ്യത്തിൽ കൂടുതൽ പ്രശ്നം അവിടെത്തന്നെയുണ്ട്’ എന്നെനിക്കറിയാം. അതുകൊണ്ട് എൻറെ പ്രശ്നവുമായി ഞാൻ ആ വഴിക്ക് വരില്ല. ദൈവത്തിനൊക്കെ വലിയ മാർക്കറ്റ് കിട്ടുന്നത് ഇവിടെയാണ്, പുള്ളിയുടെ പ്രശ്നങ്ങൾ ഒന്നും നമ്മോട് പറയാറില്ലല്ലോ.
8. നമുക്ക് വിഷമങ്ങൾ ഉണ്ടെങ്കിൽ ഇനി ഈ വിഷമം മാറിയിട്ട് മതി ജീവിതത്തിൽ സന്തോഷമുള്ള എന്തെങ്കിലും ചെയ്യാൻ എന്ന് വിചാരിച്ചിരിക്കരുത്. വിഷമത്തെ സന്തോഷത്തിന്റെ കുമിളകൾ കൊണ്ട് പൊതിയണം. അതുകൊണ്ടു തന്നെ ഏറ്റവും വിഷമമുള്ള സമയമാണ് നിങ്ങൾക്ക് ഏറ്റവും സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കേണ്ടത്. ഇത് ഷോപ്പിംഗ് ആകാം, നന്നായി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതാകാം, യാത്ര പോകുന്നതാകാം, സുഹൃത്തുക്കളെ സന്ദർശിക്കുന്നതാകാം, സിനിമക്ക് പോകുന്നതാകാം. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തുമാകാം. ആളുകൾ എന്ത് പറയുന്നു അല്ലെങ്കിൽ എന്ത് പറയും എന്നത് ഈ വിഷയത്തിൽ കണക്കിലെടുക്കേണ്ട ഒരു കാര്യമേ ഇല്ല.
9. നമ്മുടെ വിഷമങ്ങൾ വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കിൽ ഉറക്കമില്ലായ്മ തൊട്ട് വിഷാദം വരെ അതുണ്ടാക്കും. ഇത് നമ്മുടെ ഡ്രൈവിംഗ് തൊട്ട് വ്യക്തി ബന്ധങ്ങളെ വരെ ബാധിക്കും. അങ്ങനെ ചെറിയ കുഴപ്പം വലിയ കുഴപ്പമാകും. അതുകൊണ്ടു തന്നെ ഈ വിഷയത്തെ കൈകാര്യം ചെയ്യാതെ മാറ്റിവെച്ചിട്ട് കാര്യമില്ല.
10. നമ്മുടെ വിഷമങ്ങൾ തീരാൻ ജ്യോതിഷം തൊട്ട് ധ്യാനം വരെയുള്ള പരിപാടികൾക്ക് പോകുന്നതും മദ്യത്തിലോ മയക്കുമരുന്നിലോ അഭയം തേടുന്നതും പൊട്ടത്തരമാണ്. വാസ്തു മുതൽ ചാത്തൻ വരെയുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പോകരുത്. നമ്മൾ ഏറ്റവും വൾനറബിൾ ആയുള്ള സമയമാണെന്ന് പറഞ്ഞല്ലോ. ഈ സമയത്താണ് മതമോ മദ്യമോ നമ്മളെ കീഴ്പ്പെടുത്തുന്നത്. ഇവയെ എല്ലാം നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന കാലത്ത് മാത്രം കൂട്ട് കൂടേണ്ട സുഹൃത്തുക്കളാണ് മദ്യവും മതവും ഒക്കെ.
11. ആധുനിക വൈദ്യശാസ്ത്രത്തിന് നമ്മെ ഏറെ സഹായിക്കാനാകും. നമുക്ക് ഒരു വിഷമം ഉണ്ടെങ്കിൽ ഡോക്ടറെ പോയി കാണുന്നത് നമ്മുടെ ദൗർബല്യമല്ല, ശക്തിയാണ് കാണിക്കുന്നത്. വിഷാദത്തിന് മരുന്ന് കഴിച്ചു തുടങ്ങിയാൽ ആയുഷ്കാലം മുഴുവൻ കഴിക്കേണ്ടി വരുമെന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണയാണ്. നന്നായി ഉറക്കം കിട്ടിയാൽത്തന്നെ പകുതി പ്രശ്നങ്ങളും തീരും.
12. ഫിസിക്‌സും കെമിസ്ട്രിയും പോലെ ഒരു ശാസ്ത്രമല്ല മനഃശ്ശാസ്‌ത്രം. ആധുനിക വൈദ്യം പോലെ കൃത്യവും കർശനവുമായി നിയന്ത്രിക്കപ്പെടുന്നതും അല്ല. അതുകൊണ്ട് നിങ്ങളുടെ പ്രശ്നങ്ങളുമായി അവരെ സമീപിച്ചാൽ എന്താകും എന്നുള്ളത് നിങ്ങൾ ആരെ സമീപിക്കുന്നോ അവരുടെ പ്രൊഫഷണലിസം പോലിരിക്കും. എൻറെ പൊതുവിലുള്ള അനുഭവം നന്നല്ല, അതുകൊണ്ട് വ്യകതിപരമായി ഞാൻ ഈ കൂട്ടരിൽ നിന്നും ഒഴിഞ്ഞു നിൽക്കാറാണ് പതിവ്.
മുരളി തുമ്മാരുകുടി,
ജനീവ, ജൂലൈ 23
Leave a Comment