വീക്ഷണം എന്നത് കോൺഗ്രസിന്റെ ദിനപത്രം ആയിരുന്നല്ലോ. ഏറെ നാളായി അതിനെ പറ്റി ഒന്നും കേട്ടിരുന്നില്ല. ഇപ്പോൾ അതിന് പുതു ജീവൻ നൽകാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഇത്തവണ നാട്ടിൽ ഉണ്ടായിരുന്ന സമയത്ത് വീക്ഷണം പത്രത്തിന്റെ ആഭിമുഖ്യത്തിൽ ഞാനും ഡോക്ടർ ലാലുമായി വിവിധ വിഷയങ്ങളെ പറ്റി ഒരു ചർച്ച നടത്തിയാൽ നന്നായിരിക്കും എന്ന് സുഹൃത്ത് സാജൻ എന്നോട് ആവശ്യപ്പെട്ടു.
എൻറെ രാഷ്ട്രീയ താല്പര്യത്തെ പറ്റി കൂടുതൽ ആളുകൾ ചിന്തിക്കുന്നത് ഞാൻ ഇടതു പക്ഷമോ ഇടത് സഹയാത്രികനോ ഒക്കെയാണെന്നാണ്. അതവിടെ നിൽക്കട്ടെ. കോൺഗ്രസ്സും അതുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും ഒക്കെ നന്നായി വരുന്നത് ജനാധിപത്യത്തിന് ഗുണം ചെയ്യും എന്ന വിശ്വാസം എനിക്കുണ്ട്. ലാലുമായി സംസാരിക്കുന്നത് എപ്പോഴും ഇഷ്ടമുള്ള കാര്യമാണ്.
അതുകൊണ്ട് തന്നെ രണ്ടു മണിക്കൂറോളം വിവിധ കാര്യങ്ങൾ ചർച്ച ചെയ്ത് തയ്യാറാക്കിയ ഈ ലേഖനം വായിച്ചിരിക്കേണ്ടതാണ്. മലയാളി നഴ്സുമാരുടെ ആഗോള ബ്രാൻഡ് മുതൽ ശ്രീലങ്കയിലെ കടക്കെണി കേരളത്തിൽ എത്തുമോ എന്ന ചോദ്യം വരെ, ലോകത്തെവിടെയും മലയാളി ഉണ്ടോ എന്നത് മുതൽ ആഫ്രിക്കയിലെ തൊഴിൽ അവസരങ്ങൾ വരെ എല്ലാം ചർച്ചാ വിഷയമായി.
ചർച്ചയിൽ ലാൽ പറഞ്ഞ ഒരു കാര്യം എന്നെ ഏറെ ചിന്തിപ്പിച്ചു. അനവധി വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുകയോ ജോലി ചെയ്യുകയോ ചെയ്തവരെ “ലോക മലയാളി” എന്നും “വിശ്വപൗരൻ” എന്നുമൊക്കെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. വി. കെ. കൃഷ്ണമേനോനും ശശി തരൂരും അത്തരത്തിൽ വിശേഷണം ലഭിക്കുന്നവരാണ്. ചിലപ്പോഴെക്കെ എനിക്കും ലാലിനും ഈ പട്ടം ലഭിക്കാറുണ്ട്. വി. കെ. കൃഷ്ണമേനോന്റെയും ശശി തരൂരിന്റെയും ഒപ്പം ആരെങ്കിലും താരതമ്യം ചെയ്യുന്പോൾ അഴകിയ രാവണനെപ്പോലെ പൊങ്ങച്ചം പിടിച്ചിരിക്കാറുമുണ്ട് !
എന്താണ് വിശ്വപൗരൻ? ഒരു സംസ്ഥാനത്തിന്റെ ഭാഷാപരവും ഭൂമിശാസ്ത്രപരവുമായി അതിരുകൾക്കപ്പുറം ഒരു ലോകം ഉണ്ടെന്ന് അറിയുകയും, നമ്മൾ അതുമായി ബന്ധപ്പെട്ടതാണെന്നും മറ്റുള്ളവരെക്കാൾ “ഉയർന്നത്” അല്ലെങ്കിൽ “താഴ്ന്നത് എന്നുള്ള ചിന്തകൾ ഇല്ലാത്തതും, അതിരുകൾ തന്നെ എപ്പോഴും മാറ്റി വരക്കപ്പെടുന്നതാണെന്ന് അറിയുകയും ചെയ്യുന്ന മനോനിലയാണ് വിശ്വപൗരനെ ഉണ്ടാക്കുന്നത്.
അനവധി വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടും, ജീവിതം മുഴുവൻ വിദേശത്ത് താമസിച്ചിട്ടും ഇപ്പോഴും ഭൂമിശാസ്ത്രപരവും മതപരവും ജാതീയവും വർണ്ണപരവും ലിംഗപരവും ഒക്കെയായ മുൻ വിധികളുമായി ജീവിക്കുന്ന എത്രയോ ആളുകളെ കണ്ടിരിക്കുന്നു. അതെ സമയം തന്നെ കേരളത്തിൽ നിന്നും വിദേശത്ത് അധികം ഒന്നും യാത്ര ചെയ്യാതെ ഒരു സാധാരണ മലയാളിയുടെ മനോനിലക്കപ്പുറം വളർന്നവരേയും ധാരാളം കണ്ടിട്ടുണ്ട്.
കാലത്തിനും ദേശത്തിനും അപ്പുറം ലോകത്തെ നോക്കിക്കാണുന്നതിൽ ശ്രീ. മൈത്രേയൻ ആണ് എനിക്ക് മാതൃകയായി തോന്നിയിട്ടുള്ളത്. എനിക്കറിയാവുന്നിടത്തോളം അദ്ദേഹം ധാരാളം വിദേശയാത്രകൾ ഒന്നും ചെയ്തിട്ടുള്ള ആളല്ല (ലാലിൻറെ കൂടെ ജനീവയിൽ വന്ന കഥ ഒരിക്കൽ പറഞ്ഞിരുന്നു). അപ്പോൾ വായനയും ചിന്തയും കൊണ്ട് തന്നെ നമുക്ക് മനസ്സ് വികസിപ്പിച്ചെടുക്കാം.
മലയാളികൾ തീർച്ചയായും കൂടുതൽ യാത്രകൾ ചെയ്യണം, യാത്രകൾ പൊതുവെ മനസ്സ് തുറക്കാൻ ഉപകരിക്കുകയും ചെയ്യും. പക്ഷെ വിദേശത്തേക്ക് കൂടുതൽ ആളുകൾ പോകുന്പോൾ അല്ല കേരളത്തിനും മലയാളത്തിനും അപ്പുറമുള്ള ലോകത്തോട് തുറന്ന സമീപനം ഉണ്ടാകുന്പോഴാണ് നമ്മൾ ശരിക്കും വിശ്വപൗരന്മാരാകുന്നത്.
എല്ലാ മലയാളികളും, യാത്ര ചെയ്താലും ഇല്ലെങ്കിലും, അതിരുകളില്ലാതെ ചിന്തിക്കുന്ന, വിശ്വപൗരന്മാരാകുന്ന ലോകമാണ് ഞങ്ങൾ സ്വപ്നം കാണുന്ന കിനാശ്ശേരി.
ലേഖനം വായിക്കുമല്ലോ, ലിങ്ക്- https://bit.ly/3ClB1k4
മുരളി തുമ്മാരുകുടി
Leave a Comment