കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന മൂന്നു വിഷയങ്ങൾ ഉണ്ട്.
- കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നു.
- കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റി വിദേശത്തുനിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കണം
- നമ്മുടെ കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാനും വിദേശത്തുനിന്നും വിദ്യാർത്ഥികളെ നമ്മുടെ നാട്ടിലേക്ക് ആകർഷിക്കാനുമായി നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തണം.
ഇതിൽ മൂന്നാമത്തെ കാര്യം ആദ്യമേ പറയാം. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയും അവിടെ ആവശ്യത്തിന് ഫ്ലെക്സിബിലിറ്റി കൊണ്ടുവരികയും യൂണിവേഴ്സിറ്റി സംവിധാനങ്ങളിൽ അഡ്മിഷൻ തൊട്ടു സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെയുള്ള ബ്യൂറോക്രസി ഒഴിവാക്കുകയും ചെയ്യുന്നത് മറ്റു രണ്ടു വിഷയങ്ങളുമായി ബന്ധിപ്പിക്കേണ്ടതില്ല. ഇവിടെ പഠിക്കുന്ന, പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്കായി നമ്മുടെ സർവ്വകലാശാലകളെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം എങ്കിലും എത്തിക്കാൻ വേണ്ടി ഇപ്പോൾ നമ്മുടെ പുതിയ വിദ്യാഭ്യാസ നയത്തിൽ പറയുന്ന നിർദ്ദേശങ്ങൾ, ഇന്നലെ മുഖ്യമന്ത്രി നടപ്പിലാക്കും എന്ന് പറഞ്ഞ നയങ്ങൾ ആദ്യം നടപ്പിലാക്കണം.
നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ ഭൂരിഭാഗവും പുറത്തേക്ക് പോകുന്നത് മറ്റുരാജ്യങ്ങളിൽ തൊഴിൽ അവസരങ്ങളും സ്വാതന്ത്ര്യവും കൂടുതൽ ആയതുകൊണ്ടും അവരുടെ ജീവിതത്തിൽ വീട്ടുകാരുടേയും നാട്ടുകാരുടേയും ഇടപെടൽ കുറവായതുകൊണ്ടുമാണ്. ഈ ഗ്രൂപ്പിൽ പെട്ട നമ്മുടെ വിദ്യാർത്ഥികൾ പുറത്തുപോകുന്നത് കുറക്കുന്നതിനായി ആദ്യം മാറേണ്ടത് നമ്മുടെ സന്പദ്വ്യവസ്ഥയും സംസ്കാരവുമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എന്ത് മാറ്റം ഉണ്ടായാലും ഈ ഒഴുക്ക് തുടരും.
ഇനി നമ്മുടെ നാട്ടിലേക്ക് വിദേശ വിദ്യാർത്ഥികൾ വരുന്നതിന്റെ കാര്യം നോക്കുക. ലോകത്തെ മറ്റു നാടുകളിൽ നിന്നുള്ളവരും നമ്മുടെ കുട്ടികളെ പോലെ അവരുടെ സാന്പത്തിക അവസരങ്ങൾ മെച്ചപ്പെടുത്താൻ നോക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു നല്ല ചോയ്സ് അല്ല. അതിന് രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന് ലോകത്തെ മിക്കവാറും രാജ്യങ്ങളിലെ ശന്പളം നോക്കിയാൽ ഇന്ത്യയിലെ ശന്പളം ആകർഷകമല്ല. ഇനി അഥവാ തൊഴിൽ പരിചയത്തിന് വേണ്ടി മാത്രം ഇവിടെ ജോലി ചെയ്യാം എന്ന് വച്ചാൽ തന്നെ ഒരു വിദേശിക്ക് ഇന്ത്യയിൽ തൊഴിൽ ചെയ്യാൻ അനുകൂലമായ നിയമവ്യവസ്ഥ അല്ല ഇവിടെ ഉള്ളത്. ഇന്ത്യയിൽ വന്നു ഡിഗ്രി പഠിച്ച് ഇവിടെ ജോലി കിട്ടാനുള്ള ഒരു സാധ്യതയും ഇപ്പോൾ ഇല്ല. കേന്ദ്ര സർക്കാരിന്റെ പദ്ധതി അനുസരിച്ച് 2047 ആകുന്പോഴേക്കും ഇന്ത്യ ഒരു വികസിത രാജ്യമാകും, ഇന്ത്യയിലെ ശന്പളം ആകർഷകമാകും, ഒരു പക്ഷെ അപ്പോൾ വിദേശത്തു നിന്നും വരുന്നവർക്ക് ജോലി ചെയ്യാനുള്ള വിസ ലഭ്യമാകാനും മതി.
അപ്പോൾ പിന്നെ ആരാണ് നിലവിൽ ഇന്ത്യയിലേക്ക് (കേരളത്തിലേക്ക്) വരാൻ പോകുന്നത്?,
ഇതിന്റെ ഉത്തരം അറിയണമെങ്കിൽ ഇപ്പോൾ ആരാണ് ഇന്ത്യയിൽ വിദ്യാഭ്യാസത്തിന് വരുന്നത് എന്ന് ശ്രദ്ധിച്ചാൽ മതി.
കേരളത്തിലേക്ക് (ഇന്ത്യയിലേക്ക്) മറ്റ് രാജ്യങ്ങളിൽ നിന്നും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കണമെങ്കിൽ രണ്ടു മാർഗ്ഗങ്ങളാണുളളത്.
- പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുക.
- പഠിച്ചു കഴിഞ്ഞാൽ മറ്റു രാജ്യങ്ങളിലേതു പോലെ ഇന്ത്യയിൽ ജോലി ചെയ്യാനുള്ള സ്റ്റേ ബാക്ക് വിസ നൽകുക.
ഇതിൽ രണ്ടാമത്തെ കാര്യം കേന്ദ്ര സർക്കാരിന്റെ കൈയിലാണ്, പുതിയ വിദ്യാഭ്യാസ നയം ഇക്കാര്യത്തിൽ നിശബ്ദമാണ്.
വിദേശ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി ആകർഷകമാക്കാൻ കേരളത്തിന് താല്പര്യമുണ്ടോ, പണമുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
എന്നാൽ ഒരു കാര്യം ഇപ്പോഴേ പറയാം. നിങ്ങൾ ഏതെങ്കിലും വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടി ശ്രമിച്ചിട്ടുണ്ടോ? നാലു വർഷം മുൻപ് ഞാൻ ഒന്ന് ശ്രമിച്ചരുന്നു. ആദ്യം സാധാരണ രീതിയിൽ ശ്രമിച്ചു. കഷ്ടമാണ് കാര്യം.
ആദ്യം വിദ്യാർത്ഥിയെക്കൊണ്ട് നേരിട്ട് മെയിൽ അയപ്പിച്ചു. ഒരു മറുപടിയും കിട്ടിയില്ല. വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന നന്പറുകളിൽ വിളിച്ചു. ആരും ഫോൺ എടുത്തില്ല. ഞങ്ങൾ യൂണിവേഴ്സിറ്റിയിൽ ചെന്നന്വേഷിച്ചു. ഏതൊക്കെ ഡോക്കുമെന്റ് വേണം എന്നുള്ളതിനൊന്നും കൃത്യമായ നിർദ്ദേശം ഇല്ല. സമയം കഴിഞ്ഞു, ഒന്നും നടന്നില്ല.
ഇനിയാണ് രസം.
വി.സി.യെ നേരിട്ട് കണ്ടു. വിദേശത്തുനിന്നും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നതിന് പൂർണ്ണമായ പിന്തുണയാണ്, അഡ്മിഷൻ ഡേറ്റ് കഴിഞ്ഞാൽ പോലും അഡ്മിഷൻ നൽകാം എന്നദ്ദേഹം പറഞ്ഞു. പിന്നെ കാര്യങ്ങൾ പെട്ടെന്നാണ് !
പക്ഷെ ഇന്ത്യയിലേക്ക് വിദ്യാഭ്യാസത്തിനുള്ള വിസ കിട്ടുന്നതിന് ഒരുപാട് കടന്പകൾ ഉണ്ട്. അതിനാൽ അത് നടന്നില്ല.
വിസ കിട്ടി കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് ഞാൻ ഒരിക്കൽ സംസാരിച്ചിരുന്നു (2015 ൽ ആണെന്ന് തോന്നുന്നു). എങ്ങനെയാണ് അവർ കേരളത്തിൽ എത്തിയത്, എന്താണ് ഇവിടുത്തെ നല്ല കാര്യങ്ങൾ, എന്താണ് ഏറ്റവും മോശമായ കാര്യങ്ങൾ എന്നൊക്കെ ഞാൻ അന്വേഷിച്ചു.
അന്ന് ഇറാനിൽ നിന്നായിരുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്. അവിടുത്തെ കുട്ടികൾക്ക് അമേരിക്കയുൾപ്പടെ പല പാശ്ചാത്യ രാജ്യങ്ങളിലും വിസ കിട്ടില്ല. ഇന്ത്യ സൗഹൃദ രാജ്യമാണ്, കേരളത്തിലെ ആളുകൾ വളരെ ഫ്രണ്ട്ലി ആണ്. അതുകൊണ്ടാണ് ഒരിക്കൽ എത്തിയവർ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊണ്ടുവരുന്നത്. കേരളത്തിന് ഏറെ വളരെ സാധ്യതയുള്ള രാജ്യമാണ്.
ഏറ്റവും ബുദ്ധിമുട്ടായി അവർ പറഞ്ഞത് വിദ്യാർത്ഥികൾ ആണെങ്കിലും ഓരോ മാസത്തിലും പോലീസ് സ്റ്റേഷനിൽ പോയി റിപ്പോർട്ട് ചെയ്യണം എന്നുള്ളതാണ്. അതിന് സമയം പോകും, പലപ്പോഴും നമ്മുടെ പോലീസുകാർ അല്പം കാശും മേടിക്കും!!. ഇതൊക്കെ അന്ന് ഞങ്ങൾ സർക്കാരിൽ പറഞ്ഞിരുന്നു, ഈ നിയമങ്ങളും രീതികളും ഇപ്പോൾ മാറിയോ എന്നറിയില്ല.
എന്താണെങ്കിലും വിദേശത്ത് നിന്നും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കണമെങ്കിൽ കേരളത്തിന് മൊത്തമായി ഒരു “International Students Facilitation Office” ഉണ്ടാക്കണം. അഡ്മിഷൻ മുതൽ ഇന്ത്യയിൽ ഇന്റേൺഷിപ്പ് കിട്ടുന്നത് വരെയുള്ള കാര്യങ്ങളിൽ വിദേശ വിദ്യാർത്ഥികളെ സഹായിക്കാനുള്ള സംവിധാനവും മനസ്സും ഉള്ള ആളുകളെ അവിടെ നിയമിക്കണം. അവിടെ അന്താരാഷ്ട്ര നിലവാരത്തിൽ കാര്യക്ഷമമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കുറച്ചു സ്റ്റാഫും ഉണ്ടാകണം.
2015 ൽ ഞങ്ങൾ കേരളത്തിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ കണക്കെടുത്തപ്പോൾ അത് അഞ്ഞൂറിൽ താഴെ ആയിരുന്നു. അന്ന് തമിഴ് നാട്ടിൽ വി.ഐ.ടി. യിൽ മാത്രം ആയിരത്തിന് മുകളിൽ വിദേശ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
ഒരു കണക്ക് കൂടി പറയാം.
കേരളത്തിലെ ജനസംഖ്യ മൂന്നു കോടി മുപ്പത്തി അഞ്ചു ലക്ഷമാണ് (ഏകദേശം), ഇവിടെ ഇരുപത്തി അഞ്ചു യൂണിവേഴ്സിറ്റികൾ ഉണ്ട്.
ആസ്ട്രേലിയയിലെ ജനസംഖ്യ രണ്ടുകോടി അന്പത് ലക്ഷമാണ് (ഏകദേശം), അവിടെ നാല്പത്തി രണ്ടു യൂണിവേഴ്സിറ്റികൾ ഉണ്ട്
ആസ്ട്രേലിയയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഏഴുലക്ഷത്തി അറുപതിനായിരം ആണ്. അവർ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നത് ഇരുപത് ബില്യൺ ആസ്ട്രേലിയൻ ഡോളർ ആണ്, ഏതാണ്ട് ഒരു ലക്ഷം കോടി രൂപ.
അപ്പോൾ വിദ്യാഭ്യാസത്തെ ഒരു കയറ്റുമതിയാക്കി മാറ്റാം, പക്ഷെ അതിന് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം പോരാ.
തൽക്കാലം നമുക്കുള്ള സ്ഥാപനങ്ങളെ നന്നാക്കുന്നതിനെപ്പറ്റിയും വരാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനെ പറ്റിയും ചിന്തിക്കാം. ബാക്കിയെല്ലാം വഴിയേ വരും.
മുരളി തുമ്മാരുകുടി
Leave a Comment