ഓരോ വർഷവും വിദേശത്ത് പഠിക്കാൻ പോകുന്ന മലയാളികളുടെ എണ്ണം കൂടി വരികയാണ്, അതിനായി വിദ്യാർത്ഥികളെ സഹായിക്കുന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ എണ്ണവും. അവരുടെ പരസ്യങ്ങളും വിദേശവിദ്യാഭ്യാസ മേളകളും ഇപ്പോൾ സാധാരണമാണ്.
കൂടുതൽ കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകണമെന്ന് അഭിപ്രായമുള്ള ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ പുറത്തുപോകുന്നതും പോകാൻ ശ്രമിക്കുന്നതുമായ പല കുട്ടികളും രക്ഷിതാക്കളും വിദേശത്തെയും അവിടുത്തെ പഠനത്തെയും പറ്റി വേണ്ടത്ര അറിവില്ലാതെയാണ് അതിനൊരുങ്ങുന്നത്. അവർക്ക് വേണ്ടത്ര മാർഗ്ഗ നിർദ്ദേശം കൊടുക്കാൻ ബന്ധുക്കൾക്കോ അധ്യാപകർക്കോ കഴിയുന്നുമില്ല. വിദേശപഠനത്തിന് സഹായിക്കുന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ കൊടുക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ എപ്പോഴും സന്പൂർണ്ണമോ സത്യമോ ആകണമെന്നില്ല. പരമാവധി ആളുകളെ ഏറ്റവും വേഗത്തിൽ വിദേശത്ത് എത്തിക്കുക എന്നതാണ് മിക്കവരുടേയും ബിസിനസ്സ് മോഡൽ എന്നു തോന്നുന്നു.
ഈ വിഷയത്തിൽ സഹായം ചോദിച്ച് ഓരോ ആഴ്ചയിലും ആളുകൾ എന്നെ സമീപിക്കുന്നുണ്ട്. വിദേശത്ത് എത്തിയതിന് ശേഷം കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നേറാതെ കുഴപ്പത്തിലായവരും ബന്ധപ്പെടുന്നുണ്ട്.
വിദേശവിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അവരെ വേണ്ടതരത്തിൽ ഉപദേശിക്കാൻ താല്പര്യമുള്ള അധ്യാപകർക്കും കൗൺസിലേഴ്‌സിനും വേണ്ടി ഒരു പരന്പര തുടങ്ങുകയാണ്. എന്താണ് വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ, ഏതൊക്കെ രാജ്യങ്ങളിലാണ് ആളുകൾ കൂടുതലായി പോകുന്നത്, തൊഴിൽ സാദ്ധ്യതകൾ എന്തൊക്കെയാണ്, ഏതൊക്കെ വിദേശ ഡിഗ്രികൾ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടില്ല തുടങ്ങി അനവധി വിഷയങ്ങൾ കൈകാര്യം ചെയ്യാനുണ്ട്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഉപരിപഠനത്തിന് പോകുന്ന ഇരുപത് രാജ്യങ്ങളിലെ ഇമ്മിഗ്രെഷൻ നിയമങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളും പ്രസിദ്ധീകരിക്കും.
ഇതിനായി എനിക്ക് നിങ്ങളുടെ സഹായം വേണം. ഇന്ത്യക്ക് പുറത്ത് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നവരും ഇന്ത്യക്ക് പുറത്തു പഠിച്ച് ഇപ്പോൾ അവിടെ ജോലി ചെയ്യുന്നവരും പുതിയ തലമുറക്ക് ഉപദേശം നല്കാൻ തയ്യാറാണെങ്കിൽ അവരുടെ വിവരങ്ങൾ ഒന്നാമത്തെ കമന്റിലുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യണം. നിങ്ങൾ പഠിച്ച/പഠിക്കുന്ന രാജ്യത്തെ കുറച്ചു കാര്യങ്ങൾ ഉറപ്പുവരുത്തി പൂർണ്ണമായും കൃത്യമായ വിവരങ്ങൾ നാട്ടിലുള്ളവർക്ക് നൽകാനായാണ്. നിങ്ങളുടെ വിവരങ്ങൾ നിങ്ങളുടെ അനുമതിയില്ലാതെ ആരുമായും ഞാൻ പങ്കുവെക്കില്ല.
നിങ്ങളുടെ സുഹൃത്തുക്കളിൽ വിദേശത്ത് പഠിക്കുന്നവരോ വിദേശത്ത് പഠിച്ച് അവിടെ ജോലി ചെയ്യുന്നവരോ ഉണ്ടെങ്കിൽ ടാഗ് ചെയ്യണം.
ഒക്ടോബർ പകുതിയോടെ പരന്പര തുടങ്ങും. ഇത്തവണ അത് ഫേസ്ബുക്കിലായിരിക്കും, ഉറപ്പ്!
മുരളി തുമ്മാരുകുടി
Leave a Comment