എറണാകുളം ജില്ലയിലാണ് ഞാൻ ജനിച്ചതും വളർന്നതും. എന്നിട്ടും ഈ ബ്രഹ്മപുരം എന്ന സ്ഥലം എവിടെയാണെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. ബ്രഹ്മപുരത്ത് ഒരു ഡീസൽ പവർ പ്ലാന്റ് സ്ഥാപിക്കുന്ന സമയത്താണ് ഈ സ്ഥലത്തെ പറ്റി ആദ്യം കേൾക്കുന്നത്. ഉദ്യോഗമണ്ഡലിൽ പാതാളം അടുത്തെവിടെയോ ആണെന്നാണ് ഞാൻ ധരിച്ചത്. പിന്നെ വൈദ്യുതി വരുന്നത് എവിടെ നിന്നാണെങ്കിലും എനിക്കെന്താ, ഞാൻ അധികം അന്വേഷിക്കാൻ ഒന്നും പോയില്ല.
ബ്രഹ്മപുരം മാലിന്യപ്ളാൻറ് വന്നു എന്നാണ് പിന്നെ ആ സ്ഥലത്തെക്കുറിച്ച് കേൾക്കുന്ന വാർത്ത. മാലിന്യം എവിടെ പോയാൽ എന്താ, എന്റെ വീടിന്റെ ചുറ്റളവിൽ (Not In My Back Yard, or NIMBY) വരാതിരുന്നാൽ മതിയല്ലോ. അതിനാൽ വീണ്ടും ഞാൻ ആ സ്ഥലം അന്വേഷിച്ചില്ല.
“മോൾ രാജഗിരി എഞ്ചിനീയറിങ്ങ് കോളേജിലാണ് പഠിക്കുന്നത്. പക്ഷെ ഹോസ്റ്റലിൽ നിൽക്കാൻ പറ്റില്ല, ആ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നുള്ള മണവും പുകയും കാരണം ആസ്ത്മ ഉണ്ടാകുന്നു” എന്ന് എൻറെ സുഹൃത്ത് ഒരിക്കൽ പറഞ്ഞു.
“എൻറെ ചേട്ടാ, ഇത്രയും നല്ല ഇൻഫോ പാർക്ക് ഒക്കെ ഉണ്ടാക്കിയിട്ട് അതിനടുത്ത് തന്നെ വേണോ ഈ മാലിന്യ പ്ലാന്റ്. ഇടക്കിടക്ക് അവിടെ നിന്നും പുകയും മണവും വരും. മറ്റു രാജ്യങ്ങളിൽ നിന്നും ബിസിനസ്സ് പങ്കാളികൾ വരുമ്പോൾ നാണക്കേടാണ്. ചേട്ടൻ അടുത്ത തവണ വരുമ്പോൾ ഒന്ന് വന്നു കാണണം”,
കൊച്ചിയിലെ ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. ഞാൻ കാര്യങ്ങൾ കണ്ടാലും എഴുതിയാലും എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന് കേരളത്തിൽ കുറച്ചു പേർക്കൊക്കെ തെറ്റിദ്ധാരണ ഉണ്ട്. എനിക്കത് ഒട്ടുമില്ല. കോർപ്പറേഷനിൽ പോയിട്ട് വെങ്ങോല പഞ്ചായത്തിൽ പോലും ഞാൻ പറഞ്ഞിട്ട് ഒരു നയമോ നിയമമോ പദ്ധതിയോ ഉണ്ടായിട്ടില്ല. അടുത്തെങ്ങും ഉണ്ടാകാനും പോകുന്നില്ല. കേരളത്തിൽ നിയമങ്ങളും നയങ്ങളും ഉണ്ടാകുന്നത് കാര്യങ്ങൾ മൊത്തം കുഴപ്പത്തിൽ ആകുമ്പോൾ ആണ്.
‘Breakthrogh through break down’ എന്ന് അരുൺ ഷൂറിയെ കടമെടുത്ത് പറയാം.
അതുകൊണ്ടു തന്നെ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ തീ പിടിച്ച് പുക എം ജി റോഡ് വരെ എത്തി എന്ന് കേൾക്കുമ്പോൾ ഇനിയെങ്കിലും ഒരു മാറ്റമുണ്ടാകുമെന്ന ചിന്തയാണ് എനിക്ക്.
കാരണം എന്നെപ്പോലെ തന്നെയാണ് ഭൂരിഭാഗം കൊച്ചിൻ കോർപ്പറേഷൻ വാസികളും. ബ്രഹ്മപുരം എവിടെയാണെന്ന് പോലും അവർക്കറിയില്ല. കോർപ്പറേഷനോ കുടുംബശ്രീക്കോ നിസ്സാരമായ പണം കൊടുത്ത് നമ്മുടെ വീട്ടിൽ നിന്നും പിന്നാമ്പുറത്തു നിന്നും മാലിന്യം കടത്തി വിട്ട് ഞെളിഞ്ഞിരിക്കയാണ് നഗരത്തിലുള്ളവർ.
പക്ഷെ കൊതുകായി, പനിയായി, ദുർഗന്ധമായി ഇപ്പോൾ പുകയായി ഈ മാലിന്യമെല്ലാം ‘ഉന്നൈ തേടി വരുവേൻ’.
കേരള സമൂഹം കൈകാര്യം ചെയ്യേണ്ട ആദ്യത്തെ അഞ്ചു കാര്യങ്ങളിൽ ഒന്നാണ് ഖരമാലിന്യ സംസ്‌ക്കരണം. നഗരത്തിലും ഗ്രാമത്തിലും ഉൾപ്പടെ ഒരിടത്തും നമുക്ക് ആധുനികമായ പരിസ്ഥിതി സൗഹൃദമായ ഒരു ഖരമാലിന്യ നിർമ്മാർജ്ജന സംവിധാനം ഇല്ല. ഉറവിട സംസ്കരണം എന്ന പേരിൽ ഉത്തരവാദിത്തം താഴത്തേക്ക് തട്ടിയോ, ടിപ്പർ ലോറിക്കാർക്ക് ക്വട്ടേഷൻ കൊടുത്ത് മാലിന്യം നാട് കടത്തിയോ നമ്മൾ ഒളിച്ചു കളിക്കുകയാണ്.
ഈ പണി ഇനി നടക്കില്ല എന്നതാണ് ബ്രഹ്മപുരം നൽകുന്ന പാഠം.
എന്താണ് ഖരമാലിന്യ സംസ്കരണത്തിന് കേരളം ചെയ്യേണ്ടത് എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വളരെ നീണ്ട ഒരു പോസ്റ്റാണ്, ഒരിക്കൽ കൂടി വേറൊരു പോസ്റ്റായി ഇടുന്നു. താല്പര്യം ഉള്ളവർക്ക് വായിക്കാം. വായിച്ചിട്ടുള്ളവർ വീണ്ടും ഒന്ന് കൂടി വായിച്ചോളൂ, നഷ്ടം വരില്ല..
മുരളി തുമ്മാരുകുടി
Kollam.