ബ്രൂണൈയിൽ ഡിഫൻസീവ് ഡ്രൈവിങ്ങ് കോഴ്സിന് ചെന്ന എന്നെ “നിന്നെ കൊണ്ട് വണ്ടി ഓടിപ്പിച്ചാൽ എന്റെ ജീവൻ പോകും” എന്ന് പറഞ്ഞു പകുതി വഴിയിൽ ഇറക്കി വിട്ടതൊഴിച്ചാൽ ജീവിതത്തിൽ ഒരു പരീക്ഷയും തോറ്റിട്ടില്ല എന്ന് മാത്രമല്ല എപ്പോഴും ഒന്നാം ക്ലാസ്സിൽ മിക്കവാറും ഒന്നാമതായിട്ട് ജയിച്ചാണ് ശീലം.
പക്ഷെ എന്റെ സുഹൃത്തുക്കൾ പലരും തോറ്റിട്ടുണ്ട്. പലവട്ടം. വെങ്ങോലയിൽ ഓണംകുളം സ്കൂളിലാണ് പഠിച്ചു തുടങ്ങിയത്. അന്ന് ഒന്നാം ക്ലാസ്സിൽ പോലും തോൽവി ഉണ്ട്.
അന്നൊക്കെ മാർച്ച് 31 ന് സ്കൂൾ അടച്ചാൽ പിന്നെ വിഷു കഴിഞ്ഞൊരു ദിവസം “റിസൾട്ട് അറിയാൻ പോവുക” എന്നൊരു ചടങ്ങ് ഉണ്ട്. സ്കൂളിൽ എല്ലാവരും അസംബ്ലി പോലെ നിൽക്കും. ഓരോ ക്ലാസ്സിലെയും ക്ലാസ്സ് ടീച്ചർ വരും. ജയിച്ചവരുടെ പേര് വായിക്കും. പേരില്ലാത്തവർ തോറ്റു എന്നർത്ഥം.
എല്ലാ വർഷവും വിജയിക്കുന്നത് കൊണ്ട് ആ യാത്ര ഇഷ്ടമുള്ള ഒന്നാണ്. കൂട്ടുകാരെ അവധിക്കാലത്ത് ഒന്ന് കാണാം, ടീച്ചർമാർ വരുന്നതു വരെ കളിക്കാം. പിന്നെ പല്ലിമുട്ടായിയോ ഐസ് ഫ്രൂട്ടോ വാങ്ങി തിരിച്ചു വരാം.
അങ്ങനെ ഒരു വർഷം ഞങ്ങൾ അഞ്ചു പേർ റിസൾട്ട് അറിയാൻ പോയിട്ട് അതിൽ ഒരാളുടെ പേര് വിളിച്ചില്ല. ഞങ്ങൾക്ക് സങ്കടമായി. അന്നാണ് എത്ര ക്രൂരമാണ് ആ ആചാരം എന്ന് മനസ്സിലാക്കിയത്.
പിന്നങ്ങോട്ട് അത് പതിവായി. ഓരോ വർഷവും ഒന്നോ രണ്ടോ പേർ തോൽക്കും, ചിലർ അതോടെ പഠനം നിർത്തും. ഓരോ ക്ലാസ്സിലും പുതിയതായി എത്തുന്പോൾ പഴയ ഒന്നോ രണ്ടോ പേർ അവിടെ കാണും.
ആളുകൾ കൂട്ടത്തോടെ തോൽക്കുന്നത് പത്താം ക്ലാസിൽ ആണ്. അന്പത് ശതമാനത്തിന് താഴെ ആണ് അക്കാലത്ത് വിജയ ശതമാനം. നൂറിൽ അന്പത് പേർ തോൽക്കും. അതോടെ അവരുടെ ജീവിതം തോറ്റവരുടെ ജീവിതം ആകും.
“പണ്ടൊക്കെ ഭയങ്കര സംഭവം ആയിരുന്നു” എന്നൊക്കെ പറയുന്നവർ ആറു വയസ്സുള്ള കുട്ടികളെ ഉൾപ്പെടെ പബ്ലിക്ക് ആയി നിർത്തി തോറ്റു എന്നറിയിച്ചു പറഞ്ഞുവിടുന്നതിന്റെ മാനസിക ആഘാതം അന്ന് ആലോചിച്ചിട്ട് പോലുമില്ല.
ഇന്നിപ്പോൾ ആദ്യത്തെ ക്ലാസ്സുകളിൽ തോൽവി ഒന്നുമില്ല എന്ന് തോന്നുന്നു. പത്താം ക്ലാസിൽ എല്ലാവരും തന്നെ പാസ്സാകും (ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുക എന്നതാണ് പ്രയോഗം എന്ന് തോന്നുന്നു).
ഇതിനെ പൊതുവെ എതിർക്കുന്നവരാണ് അധികവും. പഴയത് പോലെ കൂടുതൽ ആളുകൾ “തോറ്റിരുന്ന” സംവിധാനം ആണ് ശരി എന്ന് ചിന്തിക്കുന്നവർ ഏറെ ഉണ്ട്.
സത്യത്തിൽ ഒരു കുട്ടിയെ വർഷം മുഴുവൻ പഠിപ്പിച്ചിട്ട്, അല്ലെങ്കിൽ പത്തു വർഷം പഠിപ്പിച്ചിട്ട് അയാൾ “തോറ്റു” എന്ന് പറയുന്നതിനേക്കാൾ വലിയ തോൽവി വേറെ ഉണ്ടോ. ആ തോൽവി നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ തോൽവി ആണ്.
ഓരോ കുട്ടിയേയും അടിസ്ഥാനമായ ജീവിത പാഠങ്ങൾ പഠിപ്പിക്കുക, മൂല്യ ബോധം ഉണ്ടാക്കുക, സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ പാകപ്പെടുത്തിയെടുക്കുക ഇതൊക്കെയായിരിക്കേണ്ടേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ?.
ജീവിതത്തിൽ അവശ്യം വേണ്ട സ്കില്ലുകൾ പഠിപ്പിക്കാതെ, മൂല്യ ബോധത്തിൽ ഒന്നും ഒട്ടും പ്രാധാന്യം കൊടുക്കാതെ, പരസ്പരം ഒരുമിച്ചു ജീവിക്കാനുള്ള പരിശീലനം പഠനത്തിന്റെ ഭാഗമാക്കാതെ, കുറച്ചു വിഷയങ്ങൾ മാത്രം പഠിപ്പിച്ചിട്ട്, അതിൽ നമുക്ക് തോന്നുന്ന തരത്തിൽ പരീക്ഷ ഉണ്ടാക്കിയിട്ട്, നമ്മൾ പറയുന്നത്രയും മാർക്ക് കിട്ടാത്തവരെ “തോറ്റവർ”എന്ന് വിധിക്കുന്നത് ശരിയാണോ?
സ്കൂൾ തലത്തിൽ ഒരാളും ഒരു ക്ലാസ്സിലും തോൽക്കരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഉന്നത വിദ്യാഭ്യാസത്തിന് പോയാലും ഇല്ലെങ്കിലും സ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി എന്ന് വേണം അവർക്ക് സർട്ടിഫിക്കറ്റ് നല്കാൻ.
അതേ സമയം തന്നെ ഇപ്പോഴത്തെ “ഫുൾ എ പ്ലസ്” ഗ്രേഡിംഗ് ശരിയല്ല എന്നും എനിക്ക് അഭിപ്രായം ഉണ്ട്.
ജംഗ്ഷനിൽ വച്ചിരിക്കുന്ന പോസ്റ്ററിൽ കാണുന്നവരെ അഭിനന്ദിക്കാനോ അവർക്ക് അവാർഡ് കൊടുക്കാനോ ഒക്കെ സന്തോഷമേ ഉള്ളൂ.
പക്ഷെ അവർ കരിയർ കൗൺസലിങ്ങിനായി വരുന്പോൾ പഴയ സിലബസ്സിൽ ഉള്ള എന്റെ എന്റെ അടി തെറ്റുന്നു.
ഒരാൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ചുരുങ്ങിയത് മൂന്നു കാര്യങ്ങൾ എങ്കിലും ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്.
- വിവിധ വിഷയങ്ങളിൽ ആ കുട്ടിക്കുള്ള അറിവിനെ പറ്റി കുട്ടികൾക്ക് തന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു ഗ്രേഡ് വേണം.
- ഓരോ വിഷയങ്ങളിലും ആ വർഷം പരീക്ഷയെഴുതിയ മറ്റു വിദ്യാർത്ഥികളെ അപേക്ഷിച്ച് എങ്ങനെയുണ്ട്, എന്ന് മാതാപിതാക്കൾക്കും മറ്റുള്ളവർക്കും മനസ്സിലാക്കാനുള്ള ഒരു സൂചിക വേണം
- ആ വിദ്യാർത്ഥിയുടെ അഭിരുചികളെ പറ്റിയും സ്കൂളിൽ നടത്തിയ പഠനേതര പ്രവർത്തങ്ങളെ പറ്റിയും നേതൃത്വ ഗുണത്തെപ്പറ്റിയും ഒരു സംഗ്രഹം വേണം. ഇപ്പോഴത്തെ സംവിധാനത്തിൽ ഇതൊന്നുമില്ല.
കാണുന്നവർക്കൊക്കെ ഫുൾ എ അല്ലെങ്കിൽ എ പ്ലസ് ആണ്. തൊണ്ണൂറു ശതമാനത്തിൽ കുറവ് മാർക്കുള്ളവരെ കാണാൻ തന്നെ ഇല്ല. ഗ്രേഡുകളുടെയും മാർക്കുകളുടെയും ഇൻഫ്ളേഷൻ പഴയ സ്കൂളുകാരെ വട്ടം ചുറ്റിക്കുന്നു.
പണ്ടൊക്കെ കയ്യിൽ പണം ഉള്ളവരെ ലക്ഷപ്രഭു എന്നൊക്കെയാണ് വിളിക്കാറുള്ളത്. ഇപ്പോൾ കേരളത്തിൽ ലക്ഷപ്രഭുക്കൾ അല്ലാത്തവർ ഇല്ല എന്ന് തന്നെ പറയാം. ഇതുപോലെ തന്നെ ഗ്രേഡും. ഗ്രേഡ് വച്ചിട്ടുള്ള കൗൺസലിംഗ് സെഷൻ കണ്ണ് കെട്ടിയുള്ള ബാറ്റിങ് പോലെയാണ്.
നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ എങ്ങനെയാണ് പരീക്ഷയിൽ ചോദ്യം സെറ്റ് ചെയ്യുന്നത്, വിഷയത്തിൽ ഉള്ള അറിവും അഭിരുചിയും എങ്ങനെയാണ് പരിശോധിക്കുന്നത് എന്നൊക്കെ എന്റെ സുഹൃത്ത് സുരേഷ് പിള്ളയും ദിലീപ് മന്പിള്ളിയും മുൻപ് പറഞ്ഞിട്ടുണ്ട്.
ഇതൊന്നും കുട്ടികളെ തോൽപ്പിക്കാനുള്ളതല്ല. അവർക്ക് യോജിച്ച വഴികൾ കണ്ടെത്താൻ അവരെ സഹായിക്കാനാണ്. ഏറ്റവും ഉചിതമായ വഴികൾ കുട്ടികൾ കണ്ടെത്തുന്പോൾ അത് സമൂഹത്തിനും ഗുണകരമാകുന്നു.
കുട്ടികൾ ജയിക്കട്ടെ! അവരുടെ തിരഞ്ഞെടുത്ത വഴികളിൽ ഫുൾ എ പ്ലസ് നേടട്ടെ.
വഴി മുഴുവൻ എ പ്ലസ് ഫ്ലെക്സുകൾ വരുന്പോൾ തോൽക്കുന്നത് വിദ്യഭ്യാസമാണ്.
മുരളി തുമ്മാരുകുടി
Leave a Comment