പൊതു വിഭാഗം

വാളയാറിലെ കുട്ടികൾ…

എട്ടും പതിനൊന്നും വയസ്സുള്ള സഹോദരികൾ മൂന്നു മാസത്തെ ഇടവേളയിൽ തൂങ്ങി മരിക്കുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അവർ പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തുന്നു. കേസുണ്ടാകുന്നു. കുറച്ചു പേർ അറസ്റ്റിലാകുന്നു. വിധി വരുന്പോൾ അറസ്റ്റിലായവരെ വെറുതെ വിടുന്നു.
 
ഈ കേസിൽ നീതി നടപ്പിലായിട്ടില്ല എന്ന് ഏതു സാധാരണക്കാർക്കും മനസ്സിലാകും. അതിന് പോലീസിന്റെ ഇന്ററോഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ വേണ്ട, അല്പം കോമൺ സെൻസും മനഃസാക്ഷിയും മതി.
 
നിയമം അല്പമെങ്കിലും അറിയാവുന്നവർക്കെല്ലാം അറിയാം, എട്ടും പതിനൊന്നും പ്രായമുള്ള കുട്ടികൾക്ക് ലൈംഗികബന്ധത്തിന് ‘സമ്മതം’ കൊടുക്കാൻ നിയമപരമായ പ്രായമില്ല എന്ന്. അതുകൊണ്ടു തന്നെ അവരെ ആര് ലൈംഗികബന്ധത്തിന് വിധേയമാക്കിയാലും അത് കുറ്റകൃത്യമാണ്.
 
ആ കുറ്റകൃത്യം ചെയ്തവർ ഇപ്പോൾ ജയിലിലില്ല. ഈ കോടതി വിധി അന്തിമമായാൽ ഇത്ര ക്രൂരമായ കുറ്റകൃത്യം നടത്തിയിട്ടും അവർ സമൂഹത്തിൽ സ്വതന്ത്രരായും സുഖമായും മാന്യന്മാരായും ജീവിക്കും. ഇനിയും അവർ നാളെ മറ്റേതെങ്കിലും കുട്ടികളെ പീഡിപ്പിക്കും, കൊല്ലുകയോ ആത്മഹത്യയിലേക്ക് നയിക്കുകയോ ചെയ്യും.
 
ഈ കേസ് അന്വേഷിച്ചു കുറ്റവാളികൾക്ക് രക്ഷപെടാൻ അവസരമുണ്ടാക്കിയവർ ഇനിയും അവരുടെ പണിയിൽ തുടർന്നാൽ ഇനിയും ഇത്തരം നീതി കിട്ടാത്ത കേസുകളും കുട്ടികളും ഉണ്ടാകും.
 
ഇത് രണ്ടും നിയമത്തിലും നീതിയിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിനും അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങളല്ല.
അപ്പീൽ ആണോ സി ബി ഐ അന്വേഷണമാണോ വേണ്ടത് എന്നെല്ലാം ഈ വിഷയത്തിൽ അറിവുള്ളവർ അഭിപ്രായം പറയട്ടെ. ആ കുട്ടികൾക്ക് നീതി കിട്ടുക എന്നതാണ് പ്രധാനം.
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
 
കുറ്റവാളികൾക്ക് രക്ഷപെടാൻ അവസരമുണ്ടാക്കിയവർ ഇനി ആ സ്ഥാനത്ത് ഉണ്ടാകരുത്.
 
മുരളി തുമ്മാരുകുടി
 

Leave a Comment