പൊതു വിഭാഗം

വാലില്ലാത്ത നട്ടുകൾ!

കേരളത്തിന്റെ ഭക്ഷണ ശീലം ഒട്ടും ആരോഗ്യകരമല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതിന്റെ പ്രധാന കാരണം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ്. നാടൻ അരിയാണെങ്കിലും ഓർഗാനിക് ആയി വിളയിച്ചതാണെങ്കിലും ഒരു കുന്നു ചോറ് കഴിക്കുന്നത് ആരോഗ്യകരമല്ല.
 
ഈ പൊറോട്ടയേയും അങ്ങനെയാണ് കാണേണ്ടത്. ദിവസം മൂന്നു പ്രാവശ്യം ബീഫും പോർക്കും കൂട്ടി പൊറോട്ട അല്ല എന്തു കഴിച്ചാലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകും.
 
കേരളത്തിലെ ഡയറ്റിഷ്യന്മാർ ഇവിടുത്തെ ഭക്ഷണ വസ്തുക്കളേയും ശീലങ്ങളേയും പറ്റി ഒരു ഗവേഷണവും നടത്തുന്നില്ല എന്നതാണ് എൻറെ പ്രധാന പരാതി. നമ്മുടെ നാടൻ ഊണ് ആരോഗ്യത്തിന് നല്ലതാണോ?, കൂർക്കയിട്ടു വരട്ടിയ പോർക്കിറച്ചി കഴിക്കുന്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ?, പാലട പ്രഥമൻ ആരോഗ്യത്തിന് നല്ലതാണോ?, ഉഴുന്ന് വടയിൽ ഉഴുന്നെത്ര? എണ്ണ എത്ര?.
 
പൊറോട്ടക്കെതിരായ ശബ്ദം കാലങ്ങളായി നാം കേൾക്കുന്നു. എന്നാൽ കേരളത്തിൽ പൊറോട്ട കൂടുതൽ കഴിക്കുന്നവർക്ക് പൊറോട്ട കഴിക്കാത്തവരെ അപേക്ഷിച്ച് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണുള്ളതെന്ന ആധികാരികമായ ശാസ്ത്രീയ പഠനങ്ങൾ ആരെങ്കിലും നടത്തിയിട്ടുണ്ടോ? ഞാനിതുവരെ കണ്ടിട്ടില്ല.
 
പൊറോട്ടക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കണ്ട് അതിൻറെ മേലെ കുതിര കയറേണ്ട. മറ്റുള്ള ഭക്ഷണങ്ങൾ പോലെ മിതമായ അളവിൽ, പ്രത്യേകിച്ചു ബീഫും കൂട്ടി, പൊറോട്ട കഴിക്കുന്നത് മൂന്നു കൂട്ടം പായസം കൂട്ടി മൂക്കറ്റം വെജിറ്റേറിയൻ സദ്യ കഴിക്കുന്നതിനേക്കാൾ മോശമല്ല എന്ന ചിന്തയാണ് എനിക്കുള്ളത്. അങ്ങനെ അല്ല എന്നുള്ളവർ തെളിവുകളുമായി മാത്രം ഇനി ഉപദേശിക്കാൻ വന്നാൽ മതി.
 
ഇതിന്റെ കൂടെയുള്ള ഉപദേശങ്ങളാണ് തീരെ സഹിക്കാൻ പറ്റാത്തത്.
‘നാം ലഘുഭക്ഷണമായി ഉപയോഗിക്കുന്ന പലതും ഊർജ്ജം കൂടുതലുള്ളവയും പോഷകങ്ങള് കുറവുള്ളതും സംസ്കരിച്ചവയുമാണ്. സംസ്കരിച്ച ഭക്ഷണത്തിനു പകരം സംസ്കരിക്കാത്ത, പ്രകൃതിയില് നിന്നും കിട്ടുന്ന, ഓർഗാനിക് ആയി കൃഷി ചെയ്ത ഭക്ഷ്യവസ്തുക്കൾ മാത്രം കഴിക്കുക. ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്സ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഏറെ ആരോഗ്യദായകമാണ്.’
 
ബ്രെഡ് ഇല്ലെങ്കിൽ കേക്ക് കഴിച്ചോളൂ എന്ന് പറഞ്ഞ രാജ്ഞി പാവം! ചുരുങ്ങിയ പക്ഷം എന്താണ് കേക്ക് എന്ന് കേട്ടവർക്ക് മനസ്സിലാവുകയെങ്കിലും ചെയ്തു. ഈ വാൾനട്ട് എന്നൊക്കെ പറയുന്പോ…?
 
റിട്ടയറായി വെങ്ങോലയിലെത്തുന്പോൾ ഈ വാൽനട്ട് പ്രകൃതിയിൽ എവിടെനിന്ന് കണ്ടുപിടിക്കുമെന്ന ആശങ്കയിലാണിപ്പോൾ ഞാൻ. വാലില്ലാത്ത നട്ടുകളെ ചുറ്റും കാണുന്നുമുണ്ട്.
 
മുരളി തുമ്മാരുകുടി
 
Read more at: https://www.manoramaonline.com/health/healthy-food/2019/09/09/processed-food-health-problems.html

Leave a Comment