പൊതു വിഭാഗം

വായനാവാരത്തിൽ വായനക്കാരോട് ഒരു റിക്വസ്റ് !!

വായനാ വാരമാണ്. പോരാത്തതിന് സ്‌കൂൾ തുറന്ന സമയവും. ഏറെ കുട്ടികൾ പ്ലസ് ടു കഴിഞ്ഞ് വിവിധ തൊഴിൽ വഴികൾ തേടുന്ന സമയം കൂടിയായതിനാൽ സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടും ഒരപേക്ഷയുണ്ട്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ തൊഴിൽ ജീവിത്തത്തെപ്പറ്റി ഞാൻ എഴുതിയ സീരീസ് മാതൃഭൂമി പുസ്തകമാക്കി പുറത്തിറക്കിയിട്ടുണ്ട്. സാധാരണ എഴുത്തിൽ നിന്നും പുസ്തകമാകാൻ ഏറെ സമയം എടുക്കുന്നതാണെങ്കിലും ഈ വർഷം പഠിച്ചിറങ്ങുന്ന കുട്ടികൾക്കു കൂടി ഉപകാരമാകട്ടെ എന്ന് കരുതി മാതൃഭൂമി ബുക്ക്സ് വേഗത്തിൽ ചെയ്തതാണ്.

കേരളത്തിലെ കരിയർ ഗൈഡൻസ് രംഗത്ത് ഒരു പുതിയ ചിന്താഗതിയാണ് ഞാൻ ഉദ്ദേശിച്ചത്. എന്റെ ലേഖനങ്ങൾ എല്ലാം വായിച്ചവർക്ക് അത് മനസ്സിലായിട്ടുമുണ്ട്. ഓൺലൈനിൽ ഇതെല്ലാം ഉണ്ടായിരുന്നെങ്കിലും അത് പ്രാപ്യമല്ലാത്ത ആയിരക്കണക്കിന് കുട്ടികൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്. അവർക്ക് കൂടി ഇത് ഉപകാരപ്പെടും, പുസ്തകമാകുമ്പോൾ. എല്ലാം ഒരുമിച്ച് വായിക്കാം, ഇഷ്ടപ്പെട്ടാൽ കൈമാറുകയും ചെയ്യാം.
അതുകൊണ്ട് റിക്വസ്റ്റ് ഇതാണ്, നിങ്ങൾ ഈ പുസ്തകം ഒരണ്ണമെങ്കിലും വാങ്ങി നിങ്ങൾ പഠിച്ച സ്‌കൂളിനോ നിങ്ങളുടെ അടുത്തുള്ള ലൈബ്രറിക്കോ കൊടുക്കണം. അങ്ങനെ ഇത് പരമാവധി കുട്ടികളിൽ എത്തട്ടെ.

പതിവ് പോലെ ഒരു ഓഫറും കൂടി ഉണ്ട്. ഞാൻ പത്രത്തിൽ എഴുതുകയോ പുസ്തകം പ്രസിദ്ധീകരിക്കുകയോ ചെയ്യുമ്പോൾ അതിന് ഒരു പ്രതിഫലവും വാങ്ങാറില്ല എന്ന് പറഞ്ഞുവല്ലോ. വെങ്ങോലയിലെ ഒരു കർഷക കുടുംബത്തിൽ നിന്നും സർക്കാർ സ്‌കൂളിൽ പഠനം തുടങ്ങിയിട്ടും ഐക്യരാഷ്ട്രസഭ വരെ എത്താൻ അടിത്തറ ഇട്ടു തന്ന സമൂഹത്തിനോടുള്ള എന്റെ കടമയായിട്ടാണ് ഞാൻ ഈ എഴുത്തിനെ കാണുന്നത്.
അപ്പോൾ നിങ്ങൾ പുസ്തകം വാങ്ങിയാൽ അതിൽ നിന്നും എനിക്ക് സ്വകാര്യ ലാഭം ഉണ്ടാവില്ല എന്ന് മാത്രമല്ല, നിങ്ങൾ അടുത്ത മാസം വാങ്ങുന്ന ഓരോ പുസ്തകത്തിനും തുല്യ എണ്ണം ഞാൻ സ്വന്തം ചിലവിൽ വാങ്ങി കേരളത്തിലെ ഗ്രാമീണ വായനശാലകൾക്കും സർക്കാർ സ്‌കൂളുകൾക്കും നൽകുകയും ചെയ്യാം. പുതിയ ലോകത്തെപ്പറ്റിയുള്ള അറിവുകളും ചിന്തകളും എല്ലായിടത്തും എത്തട്ടെ.

അപ്പോൾ എന്നെ ഇഷ്ടപ്പെടുന്നവർ എങ്ങനെയും ഈ ഉദ്യമത്തിൽ പങ്കുചേരും എന്ന് കരുതുന്നു. ഇഷ്ടപ്പെടാത്തവർക്ക് എന്നെ കുത്തുപാള എടുപ്പിക്കാൻ പറ്റിയ സമയം കൂടിയാണ്, പോയി ഒരു നൂറെണ്ണം വച്ച് ഓർഡർ ചെയ്യൂ, അപ്പോൾ അത്രയും പണം എന്റെയും പോകുമല്ലോ!

പുസ്തകങ്ങൾ മാതൃഭൂമി ബുക്ക് സ്റ്റോറുകളിൽ ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം. നിങ്ങൾ പുസ്തകം വാങ്ങിയാലും ഇല്ലെങ്കിലും ഇതൊന്നു ഷെയർ ചെയ്യുമല്ലോ.

https://secure.mathrubhumi.com/books/essays/bookdetails/3540/enthu-padikkanam-engane-thozhil-nedam#.WUewxuuGNaS

Leave a Comment