രണ്ടു വർഷം മുൻപാണ് വാക്‌സിനെതിരെ കേരളത്തിൽ പ്രചാരണം നടക്കുന്നുവെന്ന് എന്നോട് ആരോ പറഞ്ഞത്. ഞാനതത്ര ശ്രദ്ധിച്ചില്ല, വിശ്വസിച്ചുമില്ല. ആധുനിക ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട, മനുഷ്യ നന്മക്ക് ഏറ്റവും ഉതകിയ ഒരു കണ്ടുപിടുത്തമായിരുന്നു വാക്സിനേഷൻ എന്നതിൽ ലോകത്തിന് ഒരു സംശയവുമില്ല. കേരളത്തിൽ തന്നെ വസൂരി വന്ന് ആളുകൾ കൂട്ടത്തോടെ മരിച്ചിരുന്ന ഒരു കാലം ഓർമ്മ മാത്രമാക്കിയത് രാജഭരണ കാലത്തേ തുടങ്ങിയ വാക്‌സിനേഷൻ കർമ്മ പരിപാടികളാണ്. ഞാൻ കേരളത്തിലുണ്ടായിരുന്ന കാലത്തൊന്നും ഇതിനെപ്പറ്റി വിവാദമൊന്നും ഉണ്ടായതായി കേട്ടിട്ട് പോലുമില്ല.
പാകിസ്താനിലും നൈജീരിയയിലും വാക്‌സിനെതിരെ പ്രചാരണവും അക്രമവും ഉണ്ടാകുന്നതായി എനിക്കറിയാം. അതുപോലാണോ സമ്പൂർണ്ണ സാക്ഷരതയുള്ള കേരളം?. അതുകൊണ്ടു തന്നെയാണ് ഏറെ നാൾ ഞാൻ ഇങ്ങനെയൊരു പ്രചാരണമുണ്ടെന്ന് പറഞ്ഞത് പോലും കാര്യമായി എടുക്കാതിരുന്നത്. ഭൂമി പരന്നതാണെന്ന് ചിന്തിക്കുന്ന ചിലർ ഇപ്പോഴും ലോകത്ത് ഉണ്ടല്ലോ, അത്രയേ കരുതിയുള്ളൂ.
ഇത്തവണ വാക്സിനേഷൻ കാംപയിൻ സമയത്താണ് വാക്സിൻ വിരുദ്ധരുടെ ഉഗ്രരൂപം മലയാളികൾ കാണുന്നത്, ഞാനും. മൊബൈൽ ഫോൺ മുതൽ വാട്ടസ്ആപ്പ് വരെ ആധുനിക ശാസ്ത്രം ലഭ്യമാക്കിയ സൗകര്യങ്ങൾ ദുർവിനിയോഗം ചെയ്ത് മോഡേൺ മെഡിസിൻ തലമുറകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ആരോഗ്യ സൗകര്യങ്ങളുടെ മുകളിൽ കയറിയിരുന്നാണ് ഒരു ചെറിയ കൂട്ടം ആളുകൾ ആധുനികശാസ്ത്രത്തെ കൊഞ്ഞനം കുത്തുന്നത്. അവരൊന്നും സ്വന്തം ആരോഗ്യത്തെയല്ല തകരാറിലാക്കുന്നത്, മറിച്ച് സ്വയം തീരുമാനമെടുക്കാൻ പറ്റാത്ത കൊച്ചു കുട്ടികളുടെ ഭാവിയെ ആണ്. ലോകത്ത് നിന്നും മാറാരോഗങ്ങൾ തുടച്ചുമാറ്റിയ വാക്സിനേഷൻ കുറച്ചു രാജ്യങ്ങളിൽ കുറച്ചു പേർ നിരസിക്കുമ്പോൾ തകരാറിലാകുന്നത് ഏതാനും കുറച്ചു പേരുടെ ജീവൻ മാത്രമല്ല, അസുഖങ്ങളിൽ നിന്നും മോചനം നേടാനുള്ള മനുഷ്യ രാശിയുടെ മുഴുവൻ പ്രയത്നമാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ, വാക്സിനേഷൻ പ്രവർത്തനത്തിന് പോയവരെ ആക്രമിച്ചു എന്ന വാർത്ത എന്നെ നടുക്കുന്നു, നാണിപ്പിക്കുന്നു. വാക്സിനേഷനെതിരെ സംസാരിക്കുന്നവർക്കും ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നവർക്കും വാട്സാപ്പ് ഫോർവേഡ് ചെയ്യുന്നവർക്കും ഒന്നും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മാറി നിൽക്കാനാവില്ല. കാരണം നിങ്ങളുണ്ടാക്കുന്ന അശാസ്ത്രീയ ചിന്തയുടെ മലിന ജലത്തിലാണ് അക്രമം പ്രവർത്തിക്കുന്ന മുതലകൾ വളരുകയും ഒളിച്ചിരിക്കുകയും ചെയ്യുന്നത്. ഇത്തരം അക്രമികളെ ഏറ്റവും വേഗത്തിൽ കണ്ടുപിടിച്ച് ശിക്ഷിക്കണം, അശാസ്ത്രീയത എന്ന മാലിന്യം സമൂഹത്തിൽ നിന്നും ഒഴുക്കിക്കളയുകയും വേണം. ഈ പ്രശ്നം ഡോക്ടർമാരുടെയോ ആരോഗ്യ പ്രവർത്തകരുടെയോ മാത്രമല്ല, സമൂഹത്തിന്റെ മൊത്തം ആണ്. അതുകൊണ്ടു തന്നെ ഇതിനെതിരെ സംസാരിക്കാനും പ്രവർത്തിക്കാനും ഡോക്ടർമാർ മാത്രം അണി നിരന്നാൽ പോരാ. എങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ അശാസ്ത്രീയതക്ക് ഇത്രമാത്രം പിന്തുണ കിട്ടുന്നതെന്ന് നമ്മൾ ചിന്തിക്കണം, അത് മാറ്റിയെടുക്കണം. ഭാവി ശാസ്ത്രത്തിന്റെയാണ്, കെട്ടുകഥകൾക്ക് അവിടെ സ്ഥാനമില്ല.
അതൊക്കെ നമുക്ക് വഴിയേ ചെയ്യാം. തൽക്കാലം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് ധൈര്യമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. അവർക്കെതിരെ അക്രമം നടത്തിയവരേയും അതിന് കൂട്ട് നിന്നവരെയും എത്രവും വേഗത്തിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണം.
കുട്ടികളുടെ ജീവനും സമൂഹത്തിന്റെ ആരോഗ്യവും വെച്ചുള്ള ഈ കളി കുട്ടിക്കളിയല്ല. ഇത്തരം അക്രമങ്ങൾ ഇനി കേരളത്തിലുണ്ടാകരുത്. വാക്സിനേഷൻ ചെയ്യാൻ പോകുന്ന ആരോഗ്യപ്രവർത്തകർക്ക് പോലീസ് സംരക്ഷണം വേണ്ടി വരിക എന്നത് കേരളത്തിന് മൊത്തം നാണക്കേടാണ്, പക്ഷെ സമൂഹത്തിന്റെ ഭാവിയിലും വലുതല്ല മാനം.
http://www.mathrubhumi.com/…/attack-against-mr-vaccine-camp…
മുരളി തുമ്മാരുകുടി
Leave a Comment