പൊതു വിഭാഗം

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നതെന്ത് ?

കേരള രാഷ്ട്രീയം അറിയുന്നവർക്കെല്ലാം ഇതിന്റെ ഉത്തരം അറിയാം.
പക്ഷെ ഇന്നത്തെ എൻറെ ചോദ്യം രാഷ്ട്രീയപരല്ല, ഭൂമി ശാസ്ത്രപരമാണ്.
കേരളം വളരും തോറും പിളരുന്നത് ഭൂമിയാണ്. ഭൂമി പിളരുന്തോറും അതിൻറെ വില വളരുകയാണ്.
 
ഇത് വാസ്തവത്തിൽ അതിശയമാണ്. കാരണം, ഓരോ കൊല്ലം കഴിയുമ്പോഴും കേരളത്തിൽ ഭൂമിയുടെ ആവശ്യം കുറഞ്ഞാണ് വരുന്നത്. അതേസമയം ഭൂമിയുടെ ആവശ്യക്കാർ കൂടിയും വരുന്നു. എന്താണ് ഇതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം? നമ്മൾ പഠിച്ച സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഒരു വസ്തുവിന്റെ ആവശ്യം കുറയുമ്പോൾ അതിൻറെ വിലയും കുറയേണ്ടതാണ്, പക്ഷെ നമ്മുടെ നാട്ടിൽ ഇത് നേരെ തിരിച്ചാണ്.
 
ഇതിന്റെ ഒന്നാമത്തെ കാരണം വളരെ നിസ്സാരമായ ഒന്നാണ്. കേരളത്തിൽ ഭൂമിയുടെ ആവശ്യം കുറഞ്ഞുവരികയാണെന്ന് പൊതു സമൂഹം ഇതുവരെ മനസ്സിലാക്കിയിട്ടില്ല. നിങ്ങളിൽ പലരും ഇക്കാര്യം ഇപ്പോൾ അംഗീകരിച്ചു തന്നുവെന്നും വരില്ല. കേരളം വളരെ ജനസാന്ദ്രതയുള്ള പ്രദേശമാണെന്നാണ് നമ്മൾ സ്‌കൂളിൽ പഠിച്ചത്. അതിനു ശേഷം നമ്മുടെ ജനസംഖ്യയേ കൂടിയിട്ടുള്ളൂ, ഭൂമിയുടെ അളവ് കൂടിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഭൂമിയുടെ ആവശ്യം കുറഞ്ഞുവെന്ന് പറയുന്നത്?
 
സംരക്ഷിത പ്രദേശങ്ങൾ ഒഴിച്ചാൽ കേരളത്തിലെ ബഹുഭൂരിപക്ഷം ഭൂപ്രദേശവും (കരയും പാടവും) കൃഷിഭൂമിയാണ്. ആയിരത്തി തൊള്ളായിരത്തി എൺപതുകൾ വരെ കൃഷി ഭൂമിയുടെ ആവശ്യം ഏറി വരികയായിരുന്നു. കാട് വെട്ടിത്തെളിച്ച് കൃഷിഭൂമി ആക്കിയതും കരനിലം വെള്ളത്തിലാഴ്‌ത്തി നെൽകൃഷിക്ക് ഉപയോഗിക്കുന്ന പാടമാക്കിയതും എൻറെ ഓർമ്മയിലുണ്ട്. അന്നൊക്കെ ബഹുഭൂരിപക്ഷം മലയാളികളുടേയും പ്രധാന ഉപജീവന മാർഗ്ഗമായിരുന്നു കൃഷി. ധാരാളം പേർ കർഷക തൊഴിലാളികളായിരുന്നു, ഏറെപ്പേർ കർഷകരും.
 
ഇപ്പോൾ പക്ഷെ കാര്യങ്ങൾ മാറി. കൃഷിഭൂമി പ്രധാന ഉപജീവന മാർഗ്ഗമായവരുടെ എണ്ണം തീരെ കുറഞ്ഞു. വീടുകളിൽ ആളുകളുടെ എണ്ണം കൂടിയതോടെ കൃഷി ഭൂമി തുണ്ടുതുണ്ടായി. കൃഷി ആദായകരമല്ലാതായി. പാടമായ പാടമെല്ലാം തരിശു കിടക്കുന്നു. വീടിനു ചുറ്റും അഞ്ചോ അമ്പതോ സെന്റുള്ളവർ പേരിനെങ്കിലും എന്തെങ്കിലും കൃഷി ചെയ്‌താൽ ആയി. പാരമ്പര്യമായി ഭൂസ്വത്തുള്ളവർ പറമ്പിലുള്ള കൃഷി എങ്ങനെയെങ്കിലും നടത്തിക്കൊണ്ട് പോകാനായി കഷ്ടപ്പെടുന്നു. കൃഷി ചെയ്യാനായി കൃഷിഭൂമി വാങ്ങുന്നത് ഇപ്പോൾ നാട്ടിലെങ്ങും കാണാനില്ലാത്ത കാഴ്ചയായി.
 
ഭൂമിക്ക് ചെറിയ തോതിൽ ആവശ്യം കൂടിവരുന്നുണ്ട്. റോഡുകൾ പണിയാനും എഞ്ചിനീയറിങ്ങ് കോളേജ് ഉണ്ടാക്കാനും ഭൂമിയുടെ ആവശ്യമുണ്ട്. എന്നാൽ ആദായകരമായി കൃഷി ചെയ്യാൻ സാധിക്കാതെ കിടക്കുന്ന ഭൂമിയുടെ ഒരു ശതമാനം പോലും വരില്ല പുതിയതായി വരുന്ന ഭൂമിയുടെ ആവശ്യങ്ങൾ.
 
സാധാരണ ഗതിയിൽ ഈ സാഹചര്യത്തിൽ ഭൂമിയുടെ വില വലിയ തോതിൽ കുറയേണ്ടതാണ്. കാരണം ആയിരക്കണക്കിന് ഹെക്ടർ ഭൂമി യാതൊരു വരുമാനവും തരാതെ വെറുതെ കിടക്കുന്നു, കൃഷിക്ക് വേണ്ടി ഒരു മനുഷ്യൻ പോലും ഭൂമി വാങ്ങാതിരിക്കുന്നു. പുസ്തകത്തിൽ പഠിച്ച സാമ്പത്തിക ശാസ്ത്രമനുസരിച്ച് സപ്ലൈ കൂടുന്നു, ഡിമാൻഡ് കുറയുന്നു, സ്ഥല വില കുറയേണ്ടതാണ്.
 
നമ്മൾ മുന്നിൽ കാണുന്ന സത്യം നേരെ തിരിച്ചാണ്. വർഷാവർഷം സ്ഥല വില കൂടുന്നു. സ്ഥലം കൈവശമുള്ളവർ അതിൽ നിന്നും ഒരു വരുമാനവുമില്ലെങ്കിലും നാളെ സ്ഥലവില ഇതിലും കൂടുമെന്ന് പ്രതീക്ഷിച്ച് സ്ഥലം കൈവശം വെക്കുന്നു. സ്ഥലം ഒരു കാര്യത്തിനും ആവശ്യമില്ലാത്തവർ നാളെ സ്ഥലവില കൂടുമെന്ന പ്രതീക്ഷയിൽ തുണ്ടുതുണ്ടായി സ്ഥലം വാങ്ങിക്കൂട്ടുന്നു.
 
ഭൂമിയുടെ വില കൂടുന്നത് നല്ലതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. നാട്ടിൽ അൻപത് സെന്റ് സ്ഥലമെങ്കിലും ഉള്ളവർ പണ്ട് ലക്ഷപ്രഭുക്കൾ ആയിരുന്നെങ്കിൽ ഇന്ന് കോടീശ്വരന്മാർ ആണെന്ന് ചിന്തിക്കുന്നു. കൃഷി ഉൾപ്പടെയുള്ള ഇന്നത്തെ കേരളത്തിന്റെ വികസന സാധ്യതയെ പിന്നോട്ടടിക്കുന്നത് സ്ഥലവിലയാണ്.
 
നഗരത്തിൽ അല്പം തുറന്ന സ്ഥലം തൊട്ട് ഏത് വികസന പ്രവർത്തനത്തിനും സ്ഥലം ലഭിക്കുക എന്നത് ഏറെ ചിലവുള്ളതാകുന്നു. ഒരു കിലോമീറ്റർ റോഡ് പണിയാൻ വേണ്ടുന്നതിൽ കൂടുതൽ ചിലവാണ് അതിന് വേണ്ടി സ്ഥലം കണ്ടെത്താൻ. നഗരങ്ങളിലെ ഫ്ലാറ്റ് നിർമ്മാണത്തിന്റെ വലിയ ചിലവ് ഭൂമിയുടെ വിലയാണ്. വലിയ വിലയുള്ള ഭൂമിയിൽ പണിയുന്ന ഫ്ലാറ്റുകൾ കേരളത്തിലെ മധ്യവർഗ്ഗത്തിന് പോലും കൈയെത്താ ദൂരത്താകുന്നു. പാരമ്പര്യമായി സ്ഥലമില്ലാത്ത പുതിയ തലമുറയിലെ കുട്ടികൾക്ക് കേരളത്തിൽ ജോലി ചെയ്ത് കേരളത്തിൽ ഒരു വീട് വെക്കുക എന്നത് ദിവാസ്വപ്നമാകുന്നു. ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി ലാഭകരമായി ചെയ്യാൻ പറ്റുന്ന കൃഷികളൊന്നും ഇപ്പോൾ കേരളത്തിലില്ല. പൊതു ആവശ്യത്തിന് പോലും അല്പം സ്ഥലം വിട്ടുകൊടുക്കാൻ സ്ഥലവില തടസ്സമാകുന്നു. പോരാത്തതിന് കേരളത്തിന്റെ വികസനത്തിന് വേണ്ടി വിന്യസിക്കേണ്ട പണം മുഴുവൻ നമ്മൾ ഊഹക്കച്ചവടത്തിന് വേണ്ടി മണ്ണിൽ കുഴിച്ചിടുന്നു.
 
കേരളത്തിൽ സ്ഥലത്തിന് ഒരു ക്ഷാമവും ഇല്ലെന്ന് ജനം മനസ്സിലാക്കുന്ന കാലത്ത് ഊഹക്കച്ചവടത്തിന് വേണ്ടി പിടിച്ചുവെച്ചിരിക്കുന്ന ഈ സ്ഥലമെല്ലാം കമ്പോളത്തിൽ വരും. അന്ന് ഭൂമിയുടെ വില ഇന്നത്തേക്കാളും പകുതിയോ പത്തിലൊന്നോ ആകും. ഇത് എന്നെങ്കിലും സ്വാഭാവികമായി സംഭവിക്കും. പക്ഷെ അതിനു നമ്മൾ കാത്തിരിക്കേണ്ട കാര്യമില്ല. നന്നായി ഒന്ന് ശ്രമിച്ചാൽ സ്ഥലത്തിൻറെ വില ഇപ്പോഴേ പകുതിയാക്കാം.
 
ഇതെപ്പോൾ സംഭവിക്കും, എങ്ങനെ സംഭവിപ്പിക്കാം എന്നൊക്ക ഞാൻ പിന്നീട് എഴുതാം.
 

1 Comment

  • സർ,
    നിപ വൈറസിനെക്കുറിച്ചും പ്രതിരോധമാര്ഗങ്ങളെക്കുറിച്ചും ഉള്ള താങ്കളുടെ അറിവുകൾ വരും ലേഖനങ്ങളിൽ പ്രതീക്ഷിക്കുന്നു. ഈ വൈറസ് വളരെ അപകടകാരിയാണെന്നു പറയുന്നുണ്ട്. എന്നാൽ അന്തരീക്ഷ ഊഷ്മാവിൽ ഇവ എത്രനേരം ജീവനോടെ ഉണ്ടാകും എന്നൊന്നും മിക്ക മീഡിയയിലും പറയുന്നില്ല ആയതിനാൽ ഒരു കേടും ഇല്ലാത്ത മാങ്ങ പോലും കഴിക്കാൻ പേടിയാണ് ഇപ്പോൾ കേരളത്തിൽ…!!!!

Leave a Comment