പൊതു വിഭാഗം

വരവേൽപ്പ്

തുമ്മാരുകുടിയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട് വെങ്ങോല കവലയിലേക്ക്. കവലയിലെത്തിയാലേ ബസ് കിട്ടുകയുള്ളു. മൂവാറ്റുപുഴയിൽ നിന്നും കോലഞ്ചേരിയിൽ നിന്നും ഒക്കെയുള്ള പ്രൈവറ്റ് ബസ് റൂട്ടാണ്. അക്കാലത്ത് അധികം വാഹനങ്ങളൊന്നുമില്ല. എട്ടു മണിക്ക് മുളന്തുരുത്തിയിൽ നിന്നും വരുന്ന തോംസൺ എന്നുപേരുള്ള ഒരു മിനി ബസുണ്ട്. കൂടതോംസൺ എന്ന് ഞങ്ങൾ പേരിട്ടിരിക്കുന്ന ബസ് നല്ല കൃത്യനിഷ്ഠ പാലിച്ചിരുന്നു. എന്നും കൃത്യസമയത്ത് വന്ന് ജംഗ്ഷനിൽ നിർത്തും. കുട്ടികളെയും കുട്ടികളുള്ളവരെയും എല്ലാം കയറ്റി പെരുമ്പാവൂർക്ക് പോകും. ബസ് വരാതിരുന്നിട്ടോ ബസ് നിർത്താതിരുന്നിട്ടോ ഒരിക്കൽ പോലും ഞങ്ങളുടെ കോളേജിൽപോക്ക് മുടങ്ങിയിട്ടില്ല.

പുല്ലുവഴിയിലാണ് മൂത്ത ചേച്ചിയെ കെട്ടിച്ചിരിക്കുന്നത്. മുവാറ്റുപുഴയിൽ നിന്നും പെരുമ്പാവൂർക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് റൂട്ടിലാണ് പുല്ലുവഴി സ്റ്റോപ്പ്. ഓർഡിനറിയും ഫാസ്റ്റ് പാസ്സഞ്ചറുമൊക്കെയായി ആ റൂട്ടിൽ ധാരാളം വണ്ടികളുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം! പുല്ലുവഴി സ്റ്റോപ്പിൽ ബസ് നിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഡ്രൈവറാണ്. പത്തുമിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ഞാനവിടെ ബസ് കാത്തുനിന്നിട്ടുണ്ട്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ മൈൻഡ് ചെയ്യുന്നത് മോശമല്ലേ എന്ന മട്ടിൽ ഒരു ഡസൻ ബസുകളെങ്കിലും അതിനിടയിൽ കടന്നുപോയിട്ടുണ്ടാകും.

അന്ന് തീർന്നതാ മുതലാളീ, ഈ കെ എസ് ആർ ടി സി ബസിനോടും നാഷണലൈസ്ഡ് റൂട്ടിനോടുമൊക്കെയുള്ള സ്നേഹം.

വർഷം നാൽപ്പത് കഴിഞ്ഞു, അതിനിടയിൽ കെ എസ് ആർ ടി സി ഒക്കെ ഏറെ മാറി, എന്നാലും ഇപ്പോഴത്തെ നിലയിൽ അവർ രക്ഷപെടാൻ ബുദ്ധിമുട്ടാണ്.

കേരളത്തിൽ പൊതു ഗതാഗതം രക്ഷപെടേണ്ടത് കെ എസ് ആർ ടി സി യുടെ മാത്രം പ്രശ്നമായിട്ടല്ല നമ്മൾ കാണേണ്ടത്. വാസ്തവത്തിൽ പൊതുഗതാഗതത്തെ ഇങ്ങനെ സർക്കാർ, സ്വകാര്യം എന്ന് വേർതിരിച്ചു കാണേണ്ട ആവശ്യം പോലുമില്ല. ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ പൗരന്മാർക്ക് സൗകര്യം ഒരുക്കേണ്ടത് ഒരു സർക്കാരിന്റെ കടമയാണ്. കേരളത്തിൽ അതിൽ സ്വന്തം പണം ഇട്ടു പങ്കുചേരാൻ സ്വകാര്യ സംരംഭകർ ഉള്ളത് ഒരു നല്ല കാര്യമായി കാണണം. കേരളത്തിലെ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരെപ്പോലെ കാര്യക്ഷമമായിട്ടും ചെലവ് കുറഞ്ഞും പൊതുഗതാഗതം നടത്തുന്ന ഒരു സംവിധാനവും ഞാൻ യാത്ര ചെയ്തിട്ടുള്ള രാജ്യങ്ങളിലൊന്നും കണ്ടിട്ടില്ല. അപ്പോൾ കേരളത്തിൽ പൊതുഗതാഗതത്തിന്റെ ഭാവി എന്തായാലും അതിൽ സ്വകാര്യ സംരംഭകർക്ക് അർഹതപ്പെട്ട സ്ഥാനം കൊടുക്കണം.

കേരളത്തിൽ പൊതുഗതാഗതത്തിന്റെ ഗ്ളാമർ കഴിഞ്ഞ ഇരുപത് വർഷമായി കുറഞ്ഞു വരികയാണ്. മധ്യവർഗ്ഗത്തിൽ ഉള്ളവരെ തന്നെ ഇപ്പോൾ പൊതുഗതാഗതത്തിൽ കുറവാണ് കാണുന്നത്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് പൊതുവെ സാമ്പത്തിക നില ഉയർന്നതോടെ സ്വകാര്യവാഹനങ്ങൾ വാങ്ങുന്നത് ഒരു സ്റ്റാറ്റസ് സിംബൽ ആയി മാറി. രണ്ടാമത് യാത്ര ചെയ്യുന്ന എല്ലാവർക്കും വിദ്യാർത്ഥികൾക്കും, സ്ത്രീകൾക്കും, പ്രായമായവർക്കും, ഭിന്നശേഷി ഉള്ളവർക്കും മറ്റുള്ളവർക്കുമെല്ലാം ‘എൻഡ് ടു എൻ ഡ് കണക്ടിവിറ്റിയുള്ള (അതായത് വീടു മുതൽ ലക്ഷ്യസ്ഥാനം വരെയും, തിരിച്ചും) സൗകര്യമുളളതും വിശ്വസിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ പൊതുഗതാഗത സൗകര്യം ഇപ്പോൾ നിലവിലില്ല. പെരുമ്പാവൂരിൽ നിന്നും പത്തു രൂപയിൽ താഴെ ടിക്കറ്റ് എടുത്ത് വെങ്ങോലയിൽ ബസിറങ്ങുന്ന എനിക്ക് അവിടെ നിന്നും വീട്ടിൽ പോകാൻ ഒരു ഓട്ടോ വിളിച്ചാൽ മുപ്പതു രൂപ കൊടുക്കണം. വീട്ടിൽ നിന്നും വെങ്ങോലയിലേക്ക് ആവശ്യമുള്ളപ്പോൾ ഓട്ടോ കിട്ടുകയും ഇല്ല. മൊത്തം നാൽപതു രൂപ ഉണ്ടെങ്കിൽ നാല് പ്രാവശ്യം പെരുമ്പാവൂർക്ക് സ്വന്തം കാറിൽ പോകാം. അപ്പോൾ സൗകര്യവും പണച്ചിലവ് കുറവും സ്വകാര്യയാത്രക്കാകുന്നു.

വികസിത രാജ്യങ്ങളിൽ പൊതു ഗതാഗതം, അതും നൂറു വർഷം മുൻപ് പലരും ഉപേക്ഷിച്ച ട്രാം ഉൾപ്പടെ, തിരിച്ചു വരികയാണ്. ജനീവയിൽ യു എന്നിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഭൂരിഭാഗവും ബസിലും ട്രാമിലുമാണ് ജോലിക്കു വരുന്നതും സിനിമക്ക് പോകുന്നതും. അപ്പോൾ കാറും സ്റ്റാറ്റസും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നൊരു കാലം വരികയാണ്. ഏറെ വലുപ്പം ഉള്ള അമേരിക്കയിൽ ഇതല്ല സ്ഥിതി, പക്ഷെ നഗരങ്ങളുടെ വലിപ്പം വച്ച് നോക്കിയാൽ നമുക്ക് യൂറോപ്പിനോടാണ് കൂടുതൽ സാമ്യം. അതുകൊണ്ട് കേരളത്തിലും നമുക്ക് പൊതുഗതാഗത്തിലേക്ക് എല്ലാവരെയും മടക്കി കൊണ്ടുവരാം. മെട്രോയുടെ വരവും കെ എസ് ആർ ടി സി യിലെ പ്രശ്നങ്ങളും നമുക്ക് അതിന് അവസരമായി ഉപയോഗിക്കാം.

ആദ്യമായി വേണ്ടത് ഒരു പുരോഗമനപരമായ നയമാണ്. കാലാവസ്ഥാ വ്യതിയാനം കുറക്കുന്ന, കൂടുതൽ സുരക്ഷിതമായ, സാമൂഹ്യബന്ധങ്ങൾ കൂടുതൽ ഉണ്ടാക്കുന്ന, ചിലവ് കുറഞ്ഞ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷക്ക് സഹായിക്കുന്ന, ഇറക്കുമതി കുറക്കുന്ന പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക ഇവയൊക്കെയാണ് സർക്കാരിന്റെ നയം എന്ന് പറയാൻ ഒരു ബുദ്ധിമുട്ടിന്റെയും ആവശ്യമില്ലല്ലോ. അതുകൊണ്ടുതന്നെ അതിനെ സഹായിക്കുകയും സ്വകാര്യ വാഹനങ്ങൾ കൈവശം വക്കുന്നതും ഉപയോഗിക്കുന്നതും ഏറെ ചിലവുള്ളതാക്കുന്നതിലും ഒരു തെറ്റുമില്ല.

രണ്ടാമത് കേരളം മുഴുവൻ പകലും രാത്രിയിലും പൊതുഗതാഗതം എത്തിക്കാനുള്ള ചില സൂചികകൾ പ്രഖ്യാപിക്കുക. ജനീവയിൽ നഗരത്തിനകത്ത് ഒരു സ്റ്റോപ്പിലും ആറുമിനിറ്റിൽ കൂടുതൽ ബസിനുവേണ്ടി കത്തിനിൽക്കേണ്ടിവരില്ല എന്നതാണ് അവിടുത്തെ സൂചിക. വിദൂര ഗ്രാമങ്ങളിലേക്ക് ദിവസത്തിൽ രണ്ടു പ്രാവശ്യം മാത്രം ബസുള്ള സ്ഥലങ്ങളും ഉണ്ട്. കേരളത്തിൽ അപൂർവമായിട്ടേ അത്തരം ഗ്രാമങ്ങൾ ഉള്ളൂ. അപ്പോൾ നമുക്ക് കേരളത്തെ മൂന്നായി തിരിച്ച് സോൺ ഒന്ന് (നഗരങ്ങൾ, പ്രധാന പാതകൾ) ഓരോ പത്തു മിനിറ്റിനകം, സോൺ രണ്ട് (ഗ്രാമത്തിലും ഉൾപാതകൾ) ഓരോ ഇരുപത് മിനിറ്റിനകം, സോൺ 3, കൂടുതൽ അകത്തേക്കുള്ളവ, പരമാവധി ഒരു മണിക്കൂറിനകം എന്നൊക്കെ സൂചികകൾ ഉണ്ടാക്കാം. ഇതനുസരിച്ച് വാഹനങ്ങൾ സ്കെഡ്യൂൾ ചെയ്യുക. ഇതിൽ കെ എസ് ആർ ടി സി യും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടുത്താം.

രണ്ടാമത്തത് എൻഡ് ടു എൻഡ് കണക്ടിവിറ്റിയാണ്. ഇപ്പോൾ പലരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നത് ബസ്‌സ്റ്റോപ്പിലേക്കെത്താനുള്ള ബുദ്ധിമുട്ടും അവിടെയിറങ്ങി ലക്ഷ്യത്തിലെത്താനുള്ള ബുദ്ധിമുട്ടുമോർത്താണ്. അമേരിക്കയിലെ വിമാനത്താവളങ്ങളിൽ സൂപ്പർഷട്ടിൽ എന്നൊരു സംവിധാനമുണ്ട്. വാഷിങ്‌ടണിൽ വിമാനമിറങ്ങിയാൽ ടൗണിലേക്ക് പോകാൻ ടാക്സിയിൽ അയ്യായിരം രൂപയാകും. അതിനുപകരം സൂപ്പർഷട്ടിൽ എന്ന ടെമ്പോവാനിൽ കയറിയാൽ ആയിരത്തിയഞ്ഞൂറ് രൂപയേ ആകൂ, വാഷിങ്‌ടണിൽ എവിടെ പോകാനും. ഇതുപോലെ നമ്മുടെ ബസുകൾ നിർത്തുന്ന സ്റ്റോപ്പുകളിൽ ആളുകളുടെ എണ്ണം അനുസരിച്ചു ഷെയർ ചെയ്യുന്ന ഓട്ടോയോ ടാക്സിയോ ഉണ്ടാകുക, അതിന് അഞ്ചുകിലോമീറ്ററിനുള്ളിൽ എവിടെ പോകാനും ഒരു ഫിക്സഡ് റേറ്റ് വക്കുക.

ദീർഘദൂരം ഓടുന്ന വാഹനങ്ങൾ കൂടുതൽ സുഖപ്രദമാക്കുക, അതിന് ഇടക്കിടക്ക് നിർത്താൻ വൃത്തിയുള്ള ടോയിലറ്റ് ഉള്ളതും വയർ കേടാക്കാത്ത ഭക്ഷണം കിട്ടുന്നതും ആയ ഇടത്താവളങ്ങൾ ഉണ്ടാക്കുക, ദീർഘദൂര വണ്ടികൾ എത്തുന്ന പ്രധാന ബസ്റ്റാൻഡുകളിൽ തന്നെ ഒരു നല്ല റെന്റ് എ കാർ സംവിധാനമുണ്ടാക്കുക. വെങ്ങോലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ഞാൻ ബേബിച്ചേട്ടന്റെ കൂടെ കാറിൽ വരുന്നതിന്റെ പ്രധാനകാരണം തിരുവനന്തപുരത്ത് എത്തിയാൽ പിന്നെ അവിടെ ചുറ്റിനടക്കാനുള്ള ബുദ്ധിമുട്ടോർത്തിട്ടാണ്. അതിനുപകരം തമ്പാനൂരിൽ തന്നെ റെന്റ് എ കാർ കിട്ടുമെങ്കിൽ (ഒരു ദിവസത്തേക്കോ നാലു മണിക്കൂറിനോ, ഡ്രൈവർ ഉൾപ്പെടെയോ അല്ലാതെയോ ഒരു നിശ്ചിത നിരക്കിൽ) എത്രയോ ആളുകൾ ദീർഘദൂര കാർയാത്ര വേണ്ടെന്നുവെക്കും.

നഗരത്തിലും നഗരപ്രാന്തത്തിലും കിലോമീറ്റർ കണക്കാക്കി ടിക്കറ്റിന് പണം വാങ്ങുന്ന രീതിയല്ല ഇപ്പോൾ ലോകത്ത് നടക്കുന്നത്. മറിച്ച് ഒരു യാത്രക്ക് ഇത്ര ഡോളർ അല്ലെങ്കിൽ ഒരു മണിക്കൂറിന് ഇത്ര ഡോളർ ഒരു ദിവസത്തേക്ക് ഇത്ര എന്നിങ്ങനെ ആണ് ടിക്കറ്റ്. സ്മാർട്ട് കാർഡോ മൊബൈൽ ഫോണോ ഉപയോഗിച്ചോ, ബസ്റ്റോപ്പിൽ വെൻഡിങ് മെഷീൻ സ്ഥാപിച്ചോ ഒക്കെ ടിക്കറ്റ് വിൽക്കുന്നതാണ് പുതിയ രീതി.

സർക്കാർ ബസിനും പ്രൈവറ്റ് ബസിനും രണ്ടുതരം സ്റ്റാറ്റസ് എന്നത് വാസ്തവത്തിൽ ഒരു ന്യായീകരണവുമില്ലാത്ത കാര്യമാണ്. ആളുകൾക്ക് ആവശ്യത്തിന് വാഹനലഭ്യത ഉണ്ടോ എന്നതാണ് പ്രധാന വിഷയം, ആര് കൊടുക്കുന്നു എന്നതല്ല. അതുപോലെ തന്നെ എല്ലാ നഗരത്തിലും രണ്ടു സ്റ്റാന്റുകളും, നഗരത്തിൽ ഓടുന്ന എല്ലാ വാഹനങ്ങളും ആ സ്റ്റാൻഡിൽ എത്തുന്നതും ഒന്നും വാസ്തവത്തിൽ ആവശ്യമുള്ള കാര്യമല്ല. ഇതിലൊക്കെ ഒപ്ടിമൈസേഷന് വലിയ സ്കോപ്പ് ഉണ്ട്.

കെ എസ് ആർ ടി സിക്ക് വേറെയും വലിയ സാധ്യതകൾ ഉണ്ട്. ഉദാഹരണത്തിന് കേരളത്തിലെ വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങൾ പലതും ഇപ്പോൾ നഗരങ്ങളുടെ നടുക്കാണ്. ഇത് പരിസ്ഥിതിക്കും ആരോഗ്യത്തിനും ഒക്കെ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. കേരളത്തിലെ കെ എസ് ആർ ടി സി ഗാരേജുകൾ ആധുനികമായ ഓട്ടോമൊബൈൽ ഗാരേജുകളായി സർക്കാർ വാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങൾക്കും ട്രക്കിനും മോട്ടോർസൈക്കിളിനും വരെ റിപ്പയറും സർവീസും നടത്താൻ പോന്ന വൻ പ്രൊഫഷണൽ സ്ഥാപനങ്ങളായി വളർത്തണം.

ഇത്തരത്തിൽ ആധുനികമാക്കിയ വർക്ക്ഷോപ്പുകളെ ബന്ധിപ്പിച്ച് ഒരു ‘ബ്രെക്ക് ഡൌൺ സർവീസ് 24/7’ ഉണ്ടാക്കുക. യൂറോപ്പിൽ ഓരോ വർഷവും അയ്യായിരം രൂപക്ക് വരിക്കാരായാൽ യൂറോപ്പിൽ എവിടെ വണ്ടി കേടായാലും ഒരു ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ പ്രൊഫഷണലായ മെക്കാനിക്ക് വന്ന് നമ്മുടെ വാഹനം റിപ്പയർ ചെയ്തുതരുന്ന സംവിധാനമുണ്ട്. എളുപ്പത്തിൽ നടപ്പിലാക്കാവുന്ന ഇത്തരം സംവിധാനങ്ങളും കേരളത്തിലുണ്ടാകണം.

കെ എസ് ആർ ടി സി ക്ക് ഒരു കാര്യം കൂടി ചെയ്യാം. കേരളത്തിലിപ്പോൾ പ്രൊഫഷണലായി ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒറ്റ സ്ഥാപനം പോലുമില്ല. എല്ലാം തട്ടിക്കൂട്ട് സ്ഥാപനങ്ങളാണ്. കേരളത്തിലെ റോഡുകൾ കുരുതിക്കളമാകുന്നത് ഇവിടെനിന്നും ലൈസൻസ് നേടിയിറങ്ങുന്ന ഡ്രൈവർമാരാണ്. (ഡ്രൈവിംഗ് പഠിച്ചിറങ്ങുന്നത് എന്ന് ഞാൻ പറഞ്ഞിട്ടില്ല). പകരം ആധുനിക സൗകര്യങ്ങളുള്ള ഡ്രൈവിംഗ് പരിശീലനകേന്ദ്രം തുടങ്ങിയ ശേഷം അഞ്ചു വർഷത്തിനകം മറ്റു സ്‌കൂളുകളെല്ലാം അടച്ചുപൂട്ടണം.

ഇനി ഇതൊക്കെ കെ എസ് ആർ ടി സി പോലെ ഒരു സർക്കാർ വകുപ്പായി, മാറി വരുന്ന ഐ എ എസുകാർ ഭരിച്ചും മന്ത്രിമാർ നിയന്ത്രിച്ചും നടത്താമെന്ന് പ്രതീക്ഷ വേണ്ട. സർക്കാരിന്റെ സംവിധാനങ്ങളും സ്വകാര്യ സംവിധാനങ്ങളും പുറമെ നിന്നുള്ള മൂലധനവും ഒക്കെ ഉപയോഗിച്ച് പ്രൊഫഷണൽ ആയി നടത്തുന്ന നാലോ അഞ്ചോ സ്ഥാപനങ്ങൾ ഉണ്ടാക്കിയാലേ ഇതൊക്കെ നടക്കൂ. പൊതു ഗതാഗതം ലാഭകരമാക്കാൻ വേണ്ട നയങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും അതിനു വേണ്ട ഇൻഫ്രാസ്ട്രക്സ്ചർ ശരിയാക്കി കൊടുക്കുകയും ഒക്കെയാണ് സർക്കാർ ചെയ്യേണ്ടത്. ഇന്തോനേഷ്യയിൽ പോലും പൊതുഗതാഗതത്തിന് റോഡിൽ മുൻഗണന ഉണ്ട്. റോഡിൽ ട്രാഫിക്ക് ജാം വന്നാൽ പെട്ടുപോകുന്നത് സ്വകാര്യ വാഹനങ്ങൾ ആണ്. അങ്ങനെ ഒക്കെയാണ് പൊതു ഗതാഗതത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

ഇതിൽ ഏതെങ്കിലും ഒരു കാര്യം മാത്രം നടപ്പാക്കാൻ ശ്രമിച്ചാൽ മതി ഒരു സമരം നടക്കാനും ബസ് തല്ലിപ്പൊളിക്കാനും എന്നെനിക്ക് ശരിക്കും അറിയാം. പക്ഷെ അതൊക്കെ ചെയ്തുകൊണ്ടിരുന്നാൽ കെ എസ് ആർ ടി സി ഉണ്ടാകില്ല, അവർ പോയാൽ പിന്നെ സ്വകാര്യമേഖലയുടെ മാഫിയകൾ ആയിരിക്കും റൂട്ടും റേറ്റും ഒക്കെ നിയന്ത്രിക്കുന്നത്. അത് വരാതിരിക്കണം എങ്കിൽ കൂടുതൽ ദീർഘദൃഷ്ടിയോടെ പെരുമാറണം, സമൂഹത്തിൽ സമവായം ഉണ്ടാവുകയും വേണം.

വല്ലതും നടക്കുമോ ചേട്ടാ ??

Leave a Comment