പൊതു വിഭാഗം

വരവേൽപ്പും മടക്കയാത്രയും!

കഴിഞ്ഞ ദിവസം ഞാൻ എന്റെ സുഹൃത്ത് BBaishali Goswami യുടെ ഇന്റർവ്യൂ കാണുകയാണ്.

കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും പൊതുഗതാഗതം എത്തിയ 1980 കൾ എങ്ങനെയാണ് നമ്മുടെ നാട്ടിലെ സന്പൂർണ്ണ സാക്ഷരതയെ, പൊതുജനാരോഗ്യത്തെ സഹായിച്ചത്, സ്‌കൂളുകളിൽ ഡ്രോപ്പ് ഔട്ട് കുറച്ചത് എന്നൊക്കെ അതിൽ ചർച്ച ചെയ്യുന്നുണ്ട്.

സംഗതി സത്യമാണല്ലോ. ആദ്യമായിട്ടാണ് അത് ശ്രദ്ധിക്കുന്നത്.

സ്‌കൂളുകളിലും കോളേജുകളിലും പോകാൻ സ്വകാര്യ ബസുകളുടെ ലഭ്യതയും അതിലെ “S T” യും എന്റെ തലമുറയെ മൊത്തമായി സഹായിച്ചിട്ടുണ്ട്.

ടിക്കറ്റിന് കുറച്ചു പണം മാത്രം കൊടുക്കുന്ന സ്‌കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തുന്ന സംസ്കാരം അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങൾക്കെല്ലാവർക്കും സ്വകാര്യ ബസുകളിലെ തൊഴിലാളികളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.

പെരുന്പാവൂരിൽ ഉഡുപ്പി ഹോട്ടലിന് മുൻപിൽ ആളെ കയറ്റാൻ വേണ്ടി വണ്ടി സ്റ്റാർട്ട് ആക്കി നിർത്തി “ഇപ്പോൾ പോകും” എന്ന മട്ടിൽ ഇരപ്പിച്ച് അരമണിക്കൂർ നിർത്തുന്ന “കൂട തോംസൺ” ബസ്.

ആലുവയിൽ നിന്നും തൊടുപുഴക്കു പോകുന്പോൾ ഒരു നിമിഷം പോലും വൈകാതെ വരികയും പോവുകയും ചെയ്യുന്ന പ്രകാശ് ബസ്.

കോതമംഗലത്തു നിന്നും വിട്ടാൽ നിലം തൊടാതെ പെരുന്പാവൂർ, ആലുവ, പാനായിക്കുളം വഴി പറവൂർ പോകുന്ന മഹാറാണി ബസ്.

ഇതിന്റെയൊക്കെ ജീവനക്കാരെല്ലാം ഇന്നും പ്രിയപ്പെട്ടവരാണ്.

ഇന്നിപ്പോൾ കേരളത്തിലെ മധ്യവർഗം ഏതാണ്ട് ബസ് യാത്രക്ക് പുറത്താണ്.

അതുകൊണ്ട് തന്നെ കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം തകർച്ചയിൽ ആണെന്ന് ബസ് “മുതലാളിമാർ” അല്ലാത്ത ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ ഏകദേശം മുപ്പതിനായിരം സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്നു.

2022 ആയപ്പോൾ അത് ഏഴായിരത്തി മുന്നൂറായി.

കോവിഡ് സ്വകാര്യ ബസ് സർവീസുകളുടെ നടുവൊടിച്ചു എന്നത് സത്യമാണ്. പക്ഷെ കോവിഡിന് മുൻപ് തന്നെ ഈ വ്യവസായം ക്ഷീണത്തിലായിരുന്നു. 2018 ആയപ്പോൾ തന്നെ ബസുകളുടെ എണ്ണം പന്തീരായിരത്തിന് അടുത്തെത്തിയിരുന്നു. കോവിഡ് അത് പിന്നെയും പകുതിയോളമാക്കി.

ഈ കണക്കിന് പോയാൽ 2030 ആകുന്പോൾ കേരളത്തിൽ സ്വകാര്യ ബസ് എന്നൊരു സംവിധാനം ഉണ്ടാകില്ല.

അതിലെന്താണ് കുഴപ്പം എന്നാണോ?

ഒന്നാമത്തെ കാര്യം കാറിനെയോ മറ്റു സ്വകാര്യ വാഹനങ്ങളേയോ അപേക്ഷിച്ച് ബസ് യാത്രക്ക് ആളോഹരി വളരെ കുറച്ച് ഇന്ധനം മതി എന്നതാണ്. ഇതിന് വിദേശ ഊർജ്ജ സുരക്ഷ, വിദേശനാണ്യ ലഭ്യത, കാർബൺ ഫുട് പ്രിന്റ് എന്നിങ്ങനെ വിവിധ മാനങ്ങൾ ഉണ്ട്.

രണ്ടാമത് റോഡിൽ ബസുകൾ കൂടുതലാകുന്പോൾ സ്വകാര്യ വാഹനങ്ങൾ കുറയുന്നു, അത് റോഡിലെ തിരക്ക് കുറക്കുന്നു. അങ്ങനെ എല്ലാവരുടെയും യാത്ര കൂടുതൽ സുഗമമാക്കുന്നതോടൊപ്പം വായു മലിനീകരണവും കുറക്കുന്നു.

ബസുകൾ പോലുള്ള പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്പോൾ അപകട സാധ്യത താരതമ്യേന കുറവാണ്. കേരളത്തിൽ റോഡപകടത്തിൽ ഒരു വർഷം മരണപ്പെടുന്ന നാലായിരം പേരിൽ പകുതിയും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.

ഇതുകൊണ്ടാണ് ലോകത്തിൽ വികസിത രാജ്യങ്ങളിൽ പൊതുഗതാഗതത്തിന്റെ സ്വീകാര്യത കൂടുന്നത്. ഫ്ലിക്സ് ബസ് പോലുള്ള കന്പനികൾ വേഗത്തിൽ വളരുന്നത്.

അതുകൊണ്ടാണ് യൂറോപ്പിലെ നഗരങ്ങൾ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സൗജന്യമാക്കാൻ ശ്രമം നടത്തുന്നത്.

ജനീവ വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും അടുത്ത ഒന്നര മണിക്കൂർ ജനീവയിലെ പൊതുഗതാഗതം സൗജന്യമാണ്.

ജനീവയിൽ ഹോട്ടലിൽ താമസിക്കുന്ന എല്ലാവർക്കും ജനീവയിലെ പൊതുഗതാഗതം സൗജന്യമാണ്.

കഴിഞ്ഞ വർഷം മൂന്ന് മാസത്തേക്ക് ബോണിൽ രാജ്യത്തെ മുഴുവൻ പൊതുഗതാഗതവും ഒരു മാസത്തിൽ ഒന്പത് യൂറോക്ക് സഞ്ചരിക്കാനുള്ള പാസ് വന്ന കാര്യം ഞാൻ എഴുതിയിരുന്നു. ഇനി അത് സ്ഥിരമാവുകയാണ്, 49 യൂറോ മതി ജർമ്മനിയിൽ എവിടെയും ട്രെയിനിലോ, ട്രാമിലോ, ബസിലോ ബോട്ടിലോ യാത്ര ചെയ്യാൻ (ഹൈ സ്പീഡ് ട്രെയിൻ ഒഴികെ).

ഇങ്ങനെ പൊതുഗതാഗതത്തിന്റെ പ്രസക്തി കൂടുന്ന കാലത്താണ് നമ്മുടെ പൊതുഗതാഗതം മരണാസന്നമാകുന്നത്.

കഷ്ടം എന്തെന്നാൽ കേരളത്തിലെ സ്വകര്യ ബസ് സംവിധാനം തന്നെ ചാവുന്നതല്ല. നമ്മൾ കൊല്ലുന്നത് കൂടിയാണ്.

അനാവശ്യമായ നിയന്ത്രണങ്ങളാണ് ഇവർക്ക്.

ഏതൊക്കെ റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിക്കാം, എത്ര ദൂരത്തിൽ ഉള്ള റൂട്ടിൽ ഓടിക്കാം, ടിക്കറ്റ് ചാർജിന്റെ കാര്യത്തിൽ, ഏതൊക്കെ സമയത്ത് വണ്ടി ഓടിക്കാം, ഏതൊക്കെ ട്രിപ്പ് ഓടിക്കണം എന്നതിനെല്ലാം നിയന്ത്രണം.

ലോകത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ – സർക്കാർ സബ്‌സിഡി ഇല്ലാതെ പ്രവർത്തിക്കുന്നതിൽ ഏറ്റവും കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ പൊതുഗതാഗതം ആയിരുന്നു കേരളത്തിലെ സ്വകാര്യ ബസുകൾ.

സ്വകാര്യ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നത് അതിന്റെ പ്രവർത്തനത്തിൽ സർക്കാർ കൂച്ചുവിലങ്ങ് ഇടാതിരിക്കുന്പോൾ ആണ്.

മാറിയ സാഹചര്യത്തിൽ കൂടുതൽ നല്ല വാഹനങ്ങൾ ഉപയോഗിച്ച് കൂടുതൽ ഫ്ലെക്സിബിൾ ആയ ടിക്കറ്റ് റേറ്റിങ്ങും റൂട്ട് പ്ലാനിങ്ങും നടത്താനുള്ള സ്വാതന്ത്ര്യം കൊടുത്താൽ ഇനിയും സ്വകാര്യ ബസ് സംവിധാനങ്ങൾക്ക് കേരളത്തിൽ വലിയ ഭാവി ഉണ്ട്.

അതിനെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കരുത്…

മുരളി തുമ്മാരുകുടി

May be an image of tram

Leave a Comment