പൊതു വിഭാഗം

വരവേൽക്കുന്ന ചുവപ്പുനാടകൾ..!

ആന്തൂരിൽ പുതിയതായി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിനാൽ അതിൻറെ ഉടമ ആത്മഹത്യ ചെയ്ത സംഭവം ‘ഒറ്റപ്പെട്ട’താണെന്ന് മന്ത്രി. നാലുപേരെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.
 
സർക്കാർ ഉദ്യോഗസ്ഥരാൽ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കപ്പെടുന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നതിന് തർക്കമില്ല. എന്നാൽ ഏതെങ്കിലും ആവശ്യത്തിനായി കേരളത്തിലെ സർക്കാർ സംവിധാനത്തിൽ എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നത് ഒരു ദിവസത്തിൽ ആയിരക്കണക്കിന് തവണ സംഭവിക്കുന്ന കാര്യമാണ്. ഏതെങ്കിലും കാലത്ത് ഏതെങ്കിലും തരത്തിൽ ഒരു സർക്കാർ സംവിധാനത്താൽ ബുദ്ധിമുട്ടിക്കപ്പെടാത്ത ആരെങ്കിലും കേരളത്തിലുണ്ടോ? അവരൊന്നും ആത്മഹത്യ ചെയ്തില്ലെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഒറ്റപ്പെട്ടത് തന്നെയാണ്. അതുകൊണ്ടു തന്നെ നാല് പേരെ സസ്‌പെൻഡ് ചെയ്ത് തീർക്കാവുന്നതോ, തീർക്കേണ്ടതോ ആയ കേസല്ല ഇത്.
 
ഇതിന്റെ അർഥം സർക്കാർ സംവിധാനത്തിൽ എല്ലാവരും കുഴപ്പക്കാരോ ആളുകളെ ബുദ്ധിമുട്ടിക്കുന്നവരോ ആണെന്നല്ല. നമ്മുടെ ഇപ്പോഴത്തെ നിയമങ്ങൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കാനുള്ള വിവേചനാധികാരം സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഈ സംഭവത്തിൽ നിന്നും എന്തെങ്കിലും പഠിക്കാൻ നമ്മൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് നിയമങ്ങൾ കൂടുതൽ കൃത്യത ഉള്ളതാക്കുകയും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കാൻ പോന്ന വിവേചനാധികാരങ്ങൾ എടുത്തു കളയുകയും ആണ്.
 
ഏത് നാട്ടിൽ എന്ത് ബിസിനസ്സ് തുടങ്ങിയാലും അത് ആ രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. തർക്കം തുടങ്ങുന്നത് ‘ഏതൊക്കെ നിയമങ്ങളാണ് അനുസരിക്കേണ്ടത്’ എന്ന അടിസ്ഥാനമായ ചോദ്യത്തിൽ നിന്നാണ്. ഇതിന് പോലും ശരിയായ ഉത്തരം നൽകാൻ ആർക്കും സാധിക്കുന്നില്ല.
 
വെങ്ങോലയിലെ പ്രധാന വ്യവസായം പ്ലൈവുഡ് ആണ്. വെങ്ങോലയിലെ പ്ലൈവുഡ് കന്പനികളെ പറ്റി സുപ്രീം കോടതി നിയമിച്ച കമ്മീഷൻ ഒരു പഠനം നടത്തിയിട്ടുണ്ട്. ഒരു പ്ലൈവുഡ് കന്പനി നടത്താൻ എത്ര അനുമതികൾ വേണം, അതെല്ലാം കന്പനികൾക്ക് ഉണ്ടായിരുന്നോ എന്നെല്ലാം അതിൽ വിശദീകരിച്ചിട്ടുണ്ട്. വായിച്ചാൽ വിഷമിച്ചു പോകും.
 
ഒരു പ്ലൈവുഡ് കന്പനി നടത്താൻ എത്ര അനുമതികൾ വേണം?
 
1. പഞ്ചായത്തിന്റെ
2. വ്യവസായ വകുപ്പിന്റെ
3. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ
4. തൊഴിൽ വകുപ്പിന്റെ
5. വനം വകുപ്പിന്റെ
6. ഇലക്ട്രിസിറ്റി ബോർഡിന്റെ
7. രാസ വസ്തുക്കൾ ഉണ്ടെങ്കിൽ അതിന് വേറെ
8. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ
 
എന്നിങ്ങനെ നീണ്ടു നീണ്ടു പോകും ഈ ലിസ്റ്റ്. ഒരു പാറമട നടത്താൻ പതിനഞ്ച് ലൈസൻസുകൾ വേണമെന്ന് വായിച്ചിട്ടുണ്ട്. ഇതിൽ പലതും ഒരു വർഷത്തേക്കുള്ള അനുമതി ആയിരിക്കും. അതോരോന്നും പുതുക്കി കിട്ടാൻ മാസങ്ങൾ പിന്നെയും എടുക്കും. ഇതുകൊണ്ട് ഏത് സമയത്തും കേരളത്തിലെ ഏത് പ്രസ്ഥാനത്തിൽ ചെന്നാലും ഏതെങ്കിലും ‘അനുമതി’ ഇല്ലാതെയും ഉള്ള അനുമതികളുടെ സമയം കഴിഞ്ഞും ആയിരിക്കും അത് പ്രവർത്തിക്കുന്നത്.
 
ഈ സാഹചര്യം ബിസിനസ്സ് തുടങ്ങുന്നവർക്ക് ഒഴിച്ച് മറ്റെല്ലാവർക്കും ഗുണകരമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് അനുമതികൾ നീട്ടിയും ഇല്ലാത്ത കാര്യം പറഞ്ഞു പേടിപ്പിച്ചും കൈക്കൂലി മേടിക്കാം. എപ്പോഴും ഉദ്യോഗസ്ഥരെ കൊണ്ട് പറഞ്ഞ് കാര്യങ്ങൾ ചെയ്യിക്കേണ്ടിവരുന്നതിനാൽ രാഷ്ട്രീയക്കാരോട് ബിസിനസ്സുകാർ നയത്തിലേ പെരുമാറൂ. രാഷ്ട്രീയക്കാർക്ക് ആവശ്യമുള്ളപ്പോൾ പിരിവു നടത്താം, അത്യാഗ്രഹം ഉള്ളവരാണെങ്കിൽ അതിലപ്പുറവും വാങ്ങാം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഒരപകടം ഉണ്ടായാൽ ‘അനുമതി ഇല്ലാതെ പ്രവർത്തിച്ചതാണെന്ന്’ പറഞ്ഞ് പ്രസ്ഥാനം ഉടൻ പൂട്ടിക്കെട്ടാം (ഒരാഴ്ച കഴിഞ്ഞ് ആളുകളുടെ ഒച്ചപപ്പാടെല്ലാം കഴിയുന്പോൾ വീണ്ടും തുറക്കാമല്ലോ).
 
ഇതിന്റെ പരിണത ഫലം നാട് നന്നാവുന്നതോ നിയമങ്ങൾ കൂടുതൽ അനുസരിക്കപ്പെടുന്നതോ അല്ല. മറിച്ച് നിയമം അനുസരിച്ചു ബിസിനസ്സ് നടത്താൻ കഴിവുള്ളവർ, നിയമം അറിഞ്ഞു ബിസിനസ്സ് നടത്താൻ താല്പര്യമുളളവർ, ഇവരൊന്നും ഇവിടെ ഒരു ബിസിനസ്സിനും ഇറങ്ങി പുറപ്പെടില്ല എന്നതാണ്. ഇത് കഷ്ടമാണ്. സ്‌കൂൾ തൊട്ട് ബസ് സർവീസ് വരെ, മാർജിൻ ഫ്രീ തൊട്ട് തട്ടുകട വരെ, വിമാനത്താവളം തൊട്ട് ഹൗസ്‌ബോട്ട് വരെ വലിയ പ്രസ്ഥാനങ്ങളാക്കി നടത്തി വിജയിപ്പിച്ചെടുത്ത പാരന്പര്യമുള്ള ആളുകളാണ് മലയാളികൾ. പുറത്തു നിന്ന് വരുന്നതും മണ്ണിലും സ്വർണ്ണത്തിലും കുഴിച്ചിടുന്നതും ആയി മൂലധനവും ഏറെയുണ്ട്. അഭ്യസ്തവിദ്യരായ ആളുകളും ധാരാളം. അങ്ങനെ ലക്ഷക്കണക്കിന് തൊഴിൽ സംരംഭത്തിന് സാധ്യതയുള്ള സ്ഥലമായ കേരളത്തെ ഒരു മിഡിൽ ഇൻകം രാജ്യമാക്കി ഉയർത്താനുള്ള എല്ലാ ചേരുവയും ഇവിടെയുണ്ട്. പക്ഷെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് ബിസിനസ്സ് ചെയ്യാൻ വരുന്നവരെ ഏതൊക്കെ തരത്തിൽ ബുദ്ധിമുട്ടിക്കാം എന്ന് ഗവേഷണം ചെയ്യുന്ന ഔദ്യോഗിക സംവിധാനങ്ങൾ ഉള്ളപ്പോൾ ഇത്തരം നിയമങ്ങളുടെ നൂലാമാലകളെ തരികിട കൊണ്ട് നേരിടുന്നവർ, വേണമെങ്കിൽ നിയമത്തിന് പുറത്തു കാര്യങ്ങൾ ചെയ്യാൻ മടിയില്ലാത്തവർ, ഉന്നതങ്ങളിൽ പിടിപാടുള്ളവർ ഇവർക്കൊക്കെ മാത്രമേ സ്വന്തം പണം ഇറക്കി കേരളത്തിൽ ബിസിനസ്സ് ചെയ്യാൻ ധൈര്യമുണ്ടാകൂ. അല്ലാത്തവർ ആ പണിക്കിറങ്ങിയാൽ പണി പാളും, കാശ് ആദ്യമേ പോകും, ചിലപ്പോൾ ജീവനും.
 
‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്’ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുക എന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ പ്രഖ്യാപിത നയം. ബിസിനസ്സ് തുടങ്ങാൻ സംരംഭകർക്കായി ‘സിംഗിൾ വിൻഡോ ക്ളിയറൻസ്’ നടപ്പാക്കും എന്ന് കേരളത്തിലെ എത്രയോ നയപ്രഖ്യാപനം നമ്മൾ കേട്ടിരിക്കുന്നു. എന്നാലും ഏറ്റവും നിസ്സാരമായ ഒരു പ്രസ്ഥാനമെങ്കിലും നടത്താനുള്ള സഹായം സർക്കാർ സംവിധാനങ്ങൾ മുൻകൈ എടുത്തു ചെയ്യാറുണ്ടോ?
 
ഒരു ചെറിയ ഉദാഹരണം പറയാം. കേരളത്തിൽ ലക്ഷക്കണക്കിന് വീടുകളും ഫ്ളാറ്റുകളും വെറുതെ കിടക്കുകയാണ്. അതേ സമയം ടൂറിസ്റ്റുകൾക്ക് കേരളത്തിൽ വേണ്ടത്ര ചെലവ് കുറഞ്ഞ താമസ സ്ഥലങ്ങൾ ലഭ്യമല്ല താനും. വീടുകൾ ഹോം സ്റ്റേ ആക്കാനുള്ള നിയമങ്ങൾ എളുപ്പമാക്കിയാൽ ആളുകൾക്ക് വരുമാനമാകും, കൂടുതൽ ടൂറിസ്റ്റുകൾ വരും, അതോടനുബന്ധിച്ച് വേറെയും അനവധി സാന്പത്തിക അവസരങ്ങളുണ്ടാകും. ജനീവയിൽ ഹോംസ്റ്റേ പോലുള്ള എയർ ബി ആൻഡ് ബി തുടങ്ങണം എങ്കിൽ ഒരു ദിവസത്തെ പണിയേ ഉള്ളൂ. എനിക്ക് ഒരിക്കൽ ഈ കാര്യത്തിൽ താല്പര്യമുണ്ടായപ്പോൾ അല്പം ഗവേഷണം നടത്തി കണ്ടെത്തിയതാണ്. പക്ഷെ കേരളത്തിൽ ഒരു വീട് നിയമപരമായി ഹോം സ്റ്റേ ആക്കണമെങ്കിലുള്ള പേപ്പർ വർക്ക് നമ്മെ അന്പരപ്പിക്കും. പഞ്ചായത്ത് മുതൽ പോലീസ് വരെ മാസങ്ങളെടുക്കും മിനിമം പേപ്പർ വർക്ക് സംഘടിപ്പിക്കാൻ. ഇതിനിടയിൽ പല തരത്തിലുള്ള ആളുകളെ നമ്മൾ കാണണം, കൈകാര്യം ചെയ്യണം. സത്യത്തിൽ ഒരു ഹോം സ്റ്റേ ഉണ്ടാക്കാൻ ഏതൊക്കെ നിയമങ്ങൾ അനുസരിക്കണമെന്ന് പോലും ആർക്കും അറിയില്ല. കേരളത്തിൽ എല്ലാ നിയമങ്ങളും പൂർണ്ണമായി പാലിച്ച ഏതെങ്കിലും ഒരു ഹോംസ്റ്റേ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിയമങ്ങളുടെ ആധിക്യം കൊണ്ടും സർക്കാർ സംവിധാനവുമായി നേരിടാനുള്ള പേടി കൊണ്ടും ബഹുപൂരിപക്ഷം ആളുകളും ഹോം സ്റ്റേ ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കാറു കൂടിയില്ല. ഒരു ദിവസം കൊണ്ട് അനുമതി കിട്ടും എന്ന് വന്നാൽ ഒരു വർഷത്തിനകം ഒരു ലക്ഷം ഹോം സ്റ്റേ കേരളത്തിലുണ്ടാകും, ടൂറിസ്റ്റുകളുടെ എണ്ണം പത്തിരട്ടിയാകും, നമ്മുടെ സന്പദ് വ്യവസ്ഥയെ അത് മേലോട്ട് കുതിപ്പിക്കും.
 
ഇതിനൊരു പരിഹാരമായി പ്രസ്ഥാനങ്ങൾ കൊണ്ടുവരിക എന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാക്കണം. സംസ്ഥാന സർക്കാരിൽ നിന്നും നൽകുന്ന പണമാണ് പഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും വലിയ വരുമാന സ്രോതസ്സ്. ഒരു പഞ്ചായത്തിൽ പുതിയ പ്രസ്ഥാനങ്ങൾ വരുന്പോളാണ് ആ പഞ്ചായത്തിന് കൂടുതൽ വരുമാനമുണ്ടാകുന്നത് എന്നുള്ള കോമൺ സെൻസു കൊണ്ടൊന്നും പഞ്ചായത്തുകൾ ബിസിനസ്സുകാരെ സഹായിക്കുന്നില്ല എന്ന് അടുത്ത കാലത്തെ അനുഭവങ്ങളിൽ നിന്നും അറിയാമല്ലോ. പക്ഷെ സംസ്ഥാന സർക്കാരിൽ നിന്ന് കിട്ടുന്ന വിഹിതം തദ്ദേശ സ്ഥാപനങ്ങളിൽ പുതിയതായി വരുന്ന മൂല ധന നിക്ഷേപത്തിന് ആനുപാതികമാക്കണം. വരുമാനമില്ലാത്ത പഞ്ചായത്തുകളിലെ സ്റ്റാഫിനെ വീട്ടിൽ പറഞ്ഞു വിടണം. അപ്പോൾ എന്തെങ്കിലും പ്രസ്ഥാനം നടത്താൻ വരുന്നവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഈ സാറമ്മാർ ഒക്കെ, “സാർ, ഞങ്ങളുടെ പഞ്ചായത്തിൽ എന്തെങ്കിലും ഒരു പുതിയ സ്ഥാപനം തുടങ്ങൂ” എന്നും പറഞ്ഞു നാട്ടുകാരുടെ പുറകേ വരും.
 
അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം..!
 
മുരളി തുമ്മാരുകുടി
ജനീവ, ജൂൺ 20
 

Leave a Comment