ഔദ്യോഗികമായി ഇന്നാണ് പിറന്നാൾ, നാളനുസരിച്ചുള്ള പിറന്നാളും സത്യത്തിൽ ജനിച്ച ദിവസവുമായയി രണ്ടെണ്ണം കൂടി വരാനുണ്ട്. സത്യമല്ലാത്തതിനാൽ ആഘോഷമില്ല, ഔദ്യോഗിക സംവിധാനങ്ങൾ ഹാപ്പി ബർത്ത് ഡേ സന്ദേശം അയക്കും, വാങ്ങി കുട്ടയിൽ ഇടും. നിങ്ങൾ വിഷ് ചെയ്യാൻ തിരക്ക് പിടിക്കേണ്ട.
അൻപത്തി നാല് വയസ്സായി. സർക്കാർ സർവ്വീസിൽ ആയിരുന്നെങ്കിൽ റിട്ടയർമെന്റ്
പ്ലാനുകൾ ആലോചിച്ചു തുടങ്ങിയേനെ. തൽക്കാലം അതൊന്നും എൻറെ മനസ്സിൽ ഇല്ല.
വയസ്സാകുന്തോറും ഒരു പ്രശ്നം എന്നെ വിഷമിപ്പിക്കുന്നുണ്ട്. തലമുടിയേക്കാൾ വേഗത്തിൽ മീശ വളരുന്നതിനാൽ മുടിയും മീശയും ഡൈ ചെയ്താൽ പത്തു ദിവസത്തിനകം മീശ തനി സ്വഭാവം കാണിക്കുന്നു. വാസ്തവത്തിൽ തലമുടിയേക്കാൾ പതിനഞ്ചു വയസ്സ് പ്രായക്കുറവുള്ള ആളാണ് മീശ, എന്നിട്ടും ഈ വെളുക്കുന്ന കാര്യത്തിൽ അവർ ഒപ്പത്തിനൊപ്പം മുന്നേറുന്നു. അതിനെന്തായിരിക്കും കാരണം? അവർക്ക് പുരികത്തിലെ രോമത്തിനെ കണ്ടു പഠിച്ചു കൂടെ..?
ബർത്ത് ഡേ ആയിട്ട് വിമാനത്തിലാണ്. ഫസ്റ്റ് ക്ളാസ്സിൽ സഞ്ചരിക്കുന്നവർക്കും സി ഐ പി ആയിട്ടുള്ളവർക്കും വിമാനത്തിൽ ബർത്ത് ഡേ വന്നാൽ ഷാംപൈൻ പൊട്ടിക്കുമെന്നും എയർ ഹോസ്റ്റസിന്റെ കയ്യിൽ നിന്നും ബിഗ് ഹഗ്ഗും ഉമ്മയും കിട്ടുമെന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ…
എണ്ണിയെണ്ണി കുറയുന്നിതായുസ്സും
മണ്ടി മണ്ടി കരേറുന്നു മോഹവും
എന്നല്ലേ പൂന്താനവും പറഞ്ഞത്..
മുരളി തുമ്മാരുകുടി
Leave a Comment