പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത് ശംഖുമുഖത്താണ്. ക്ഷേത്രത്തിൽ നിന്നും ആറാട്ട് ഘോഷയാത്ര പുറപ്പെടുമ്പോൾ ഊരിപ്പിടിച്ച വാളുമായി രാജാവ് മുന്നിൽ നടക്കുന്നത് കാലാകാലമായുള്ള ആചാരമായിരുന്നു. പിന്നിൽ പരിവാരങ്ങളും.
കാലം മാറി, ഇപ്പോൾ രാജാവുമില്ല, ആറാട്ടുവഴിയിൽ വിമാനത്താവളവും വന്നു. എന്നാലും വർഷത്തിലൊരിക്കൽ ഊരിപ്പിടിച്ച വാളുമായി ഒരാൾ മുന്നിൽ നടക്കുന്ന ആറാട്ടു ഘോഷയാത്രയുണ്ട്. അതിന് ഭംഗം വരുത്താതെ വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും. ഇതാണ് ആചാരത്തിന്റെ രീതിയും ശക്തിയും. വേണമെങ്കിൽ വാളിന് പകരം തോക്കുപയോഗിക്കാം, നടന്നു പോകുന്നതിന് പകരം കാറിൽ പോകാം. ആചാരങ്ങൾ ഒരിക്കൽ തുടങ്ങിയാൽ പിന്നെ മാറ്റാൻ ബുദ്ധിമുട്ടാണ്.
ആചാരങ്ങൾ രാജഭരണത്തിൽ മാത്രമല്ല ഉള്ളത്. ജനാധിപത്യത്തിലുമുണ്ട്. വർഷാവർഷം ഡൽഹിയിൽ ബജറ്റവതരണത്തിന് മുന്നോടിയായി നാം കാണുന്ന ഒരു ചിത്രമുണ്ട്. ധനകാര്യമന്ത്രി ഒരു പെട്ടിയും പിടിച്ച് നിൽക്കുന്നു. ചുറ്റും പരിവാരങ്ങളും. പെട്ടിക്കുള്ളിൽ ബജറ്റാണെന്നാണ് വെയ്പ്പ്. എന്നാൽ അത് നമുക്ക് കാണാൻ പറ്റില്ല. ആ ചിത്രത്തിന് പ്രത്യേകിച്ച് ഒരു പ്രാധാന്യവുമില്ലെങ്കിലും എല്ലാ വർഷവും ആചാരം പോലെ അത് നിർബന്ധമാണ്.
ഈ പെട്ടി-ഫോട്ടോ ആചാരം നമ്മുടെ സ്വന്തമൊന്നുമല്ല കേട്ടോ. ബ്രിട്ടനിലെ ധനകാര്യമന്ത്രിയാണ് ഈ ആചാരം തുടങ്ങിവെച്ചത്. ബ്രിട്ടനല്ലേ, പഴയ ജനാധിപത്യമല്ലേ, അതുകൊണ്ട് പെട്ടിക്കു പോലും നല്ല പഴക്കമുണ്ട്. നൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു ചുവന്ന പെട്ടിയുടെ ചിത്രം കണ്ടുകണ്ട് ബോറടിച്ചു.
സത്യത്തിൽ ഈ ബജറ്റ് തന്നെ ഒരു ആചാരമാണ്. സർക്കാരിന്റെ വരവുചെലവ് കണക്കുകളെയാണ് ബജറ്റ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. തുകൽ ബാഗ് എന്നർത്ഥമുള്ള bougette എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ഇംഗ്ലീഷിൽ ബജറ്റ് ഉണ്ടാകുന്നത്.
ബജറ്റ് പരിപാടി ഒരു പരിധി വരെ ജനാധിപത്യത്തിന്റെ സൃഷ്ടിയാണെന്ന് പറയാം. പണ്ട് രാജാക്കന്മാർ ഭരിച്ചിരുന്ന കാലത്ത് വരവും ചെലവും ആരോടും ചോദിക്കാതെയും പറയാതെയും അവരുടെ ഇഷ്ടം പോലെയങ്ങു നടത്തിയാൽ മതി. വിദ്യാഭ്യാസത്തിനും ആരോഗ്യരംഗത്തും മുടക്കുന്നതിൽ കൂടുതൽ പണം വേണമെങ്കിൽ കൊട്ടാരത്തിലെ കുതിരലായത്തിനായി ചെലവാക്കാം. ജനം പട്ടിണി കിടക്കുമ്പോൾ കൊട്ടാരം പണിയാം. നികുതി തോന്നിയതു പോലെ കൂട്ടി ഇഷ്ടമുള്ളപ്പോൾ പിരിക്കാം. തരാത്തവരെ മുക്കാലിയിൽ കെട്ടിയിട്ട് അടിക്കുകയോ, പുളി തീറ്റിക്കുകയോ, തല വെട്ടിക്കളയുകയോ ചെയ്യാം.
രാജാക്കന്മാരുടെ ഈ രീതി സഹിക്കാനാവാതെ ഇംഗ്ലണ്ടിലെ ജന സഭയാണ് ബജറ്റ് എന്ന പ്രസ്ഥാനം ഉണ്ടാക്കിയത്. എന്നിട്ടും വലിയ ഗുണമൊന്നും ഉണ്ടായില്ല. പിന്നീട് 1720 -ൽ സൗത്ത് സീ കമ്പനി പൊളിഞ്ഞ് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായി അനവധി ആളുകളുടെ കാശ് പോയി ധനകാര്യമന്ത്രിയെ പിടിച്ചു ജയിലിട്ടപ്പോൾ മുതലാണ് സർക്കാരിന്റെ വരവും ചിലവും നാട്ടുകാരെ അറിയിച്ചു ചെയ്യുന്ന ബജറ്റിനെ എല്ലാവരും കാര്യമായി എടുത്തു തുടങ്ങിയത്. പിന്നെ ലോകത്ത് എല്ലായിടത്തും ഇത് പതിവായി. ജനാധിപത്യരാജ്യങ്ങളിൽ സർക്കാരിന്റെ വരവും ചിലവും നാട്ടുകാർ അറിയുന്നത് സാധാരണമാണെങ്കിലും സർക്കാരിന്റെ വരവുചെലവു കണക്കുകൾ പൊതുജനങ്ങളെ അറിയിക്കാത്ത രാജ്യങ്ങൾ
ഇപ്പോഴുമുണ്ട്.
ജനാധിപത്യ രാജ്യങ്ങൾ ബജറ്റ് എന്നത് വാസ്തവത്തിൽ വരവിന്റെയും ചെലവിന്റെയും അന്തിമ കണക്കല്ല. എത്ര വരവ് പ്രതീക്ഷിക്കുന്നു, എങ്ങനെ ചെലവ് ചെയ്യാൻ പ്ലാൻ ചെയ്യുന്നു എന്നതിന്റെ ഒരു കണക്കാണ്. ഇത് ഭരണാധികാരി (എക്സിക്യൂട്ടീവ്) പ്രതിനിധി സഭയിൽ (ലെജിസ്ലേറ്റീവ്) അവതരിപ്പിക്കുന്നു. ബജറ്റിലെ നിർദേശങ്ങൾ കൊണ്ട് ചിലർക്ക് ലാഭവും ചിലർക്ക് നഷ്ടവും ഉണ്ടാകും എന്നതിനാൽ കുറച്ചു പേർക്ക് മാത്രം ബജറ്റ് നിർദേശങ്ങൾ മുൻകൂർ കിട്ടുന്നത് ശരിയല്ല. ഇവിടെ നിന്നാണ് ബജറ്റിന്റെ രഹസ്യ സ്വഭാവത്തിന്റെ തുടക്കം. ഉദാഹരണത്തിന് ബജറ്റിൽ ദോശമാവിന് ടാക്സ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു എന്ന് കരുതുക. ദോശ തിന്നുന്നവർക്കും ദോശ മാവ് വിൽക്കുന്നവർക്കും, ദോശമാവ് അരക്കുന്ന മെഷീൻ ഉണ്ടാക്കുന്നവർക്കും, ആട്ടുകല്ല് കൊത്തുന്നവർക്കും എല്ലാം ഇക്കാര്യത്തിൽ വ്യത്യസ്ത താല്പര്യമുണ്ട്. ഇതേ താല്പര്യം ഗോതമ്പിന്റെ കാര്യത്തിൽ ചപ്പാത്തി തിന്നുവർക്കും ചപ്പാത്തി മെഷീൻ ഉണ്ടാക്കുന്നവർക്കും ഗോതമ്പു കൃഷിക്കാർക്കും ഒക്കെയുണ്ട്. എന്നുവെച്ച് ധനകാര്യമന്ത്രി ബജറ്റവതരിപ്പിച്ച് തീരുന്നതിനു മുൻപ് അമ്പിസ്വാമിയുടെ കടയിൽ ദോശക്ക് വില കൂടുകയൊന്നുമില്ല. കാരണം ബജറ്റ് നിർദേശങ്ങളിൽ ചർച്ച ചെയ്യുന്നതും തീരുമാനം എടുക്കുന്നതും പ്രതിനിധി സഭയാണ്. അവർ പറയുന്ന ചില മാറ്റങ്ങളൊക്കെ ഉൾപ്പെടുത്തിയിട്ടാണ് അവസാന തീരുമാനമാകുന്നത്, അതിനു സമയം എടുക്കും. അല്ലാതെ ബജറ്റ് സഭയിൽ അവതരിപ്പിക്കുന്ന നിമിഷത്തിൽ തന്നെ അത് നിയമമാകുകയില്ല. അതുകൊണ്ട് ഈ ബജറ്റവതരണത്തെ ചുറ്റിപ്പറ്റിയുള്ള ഡ്രാമയിലും വിവാദത്തിലും വലിയ കാര്യം ഒന്നുമില്ല.
ഈ ബജറ്റൊക്കെ ഇട്ടുവരുന്ന പെട്ടി പോലെ തന്നെ പഴഞ്ചനാണ് ബജറ്റവതരണം എന്ന ആചാരവും. ലോകത്തെ ഏറ്റവും വലിയ ബജറ്റ് അമേരിക്കയുടേതാണ്. മൂന്നു ട്രില്യൺ ഡോളർ വരും അത്. അവിടെ നിന്നും നിങ്ങൾ എന്നെങ്കിലും ഒരു പെട്ടിയുടെ ഫോട്ടോ കണ്ടിട്ടുണ്ടോ? അമേരിക്കയിലെ ധനകാര്യമന്ത്രി രണ്ടുമണിക്കൂർ നിർത്താതെ പ്രസംഗം
നടത്തുന്നതോ വെള്ളം കുടിക്കുന്നതോ കണ്ടിട്ടുണ്ടോ? .
അമേരിക്കയിൽ പ്രസിഡന്റാണ് സാധാരണ ബജറ്റ് തയ്യാറാക്കുന്നത്. അവിടുത്തെ ബജറ്റ് നിർദേശങ്ങൾ മുഴുവൻ വായിച്ചു തീർക്കാൻ പോയാൽ രണ്ടു ദിവസം എടുക്കും. അതുകൊണ്ട് സാധനം റെഡിയായാൽ ജനുവരിക്കും ഫെബ്രുവരിക്കും ഇടയിൽ കോൺഗ്രസ്സിന് അയച്ചുകൊടുത്ത് അവർ അതിന്മേൽ ചർച്ച നടത്തണം എന്നാണ് ചട്ടം. പ്രസിഡണ്ട് എങ്ങാനും ബജറ്റ് അയച്ചു കൊടുത്തില്ലെങ്കിൽ കോൺഗ്രസും സെനറ്റും സ്വന്തമായി ബജറ്റ് ഉണ്ടാക്കും. കോൺഗ്രസിന് ബജറ്റ് അയച്ചു കൊടുക്കുന്ന സമയത്ത് തന്നെ അത് പ്രസിഡന്റിന്റെ വെബ് സൈറ്റിൽ ഇടുകയും ചെയ്യും. (https://www.whitehouse.gov/omb)
സത്യം പറഞ്ഞാൽ അതിന്റെ ആവശ്യമേ ഉള്ളൂ. ഓരോ സംഭവം ഉണ്ടാകുമ്പോഴും അതിൽ നിന്നും എന്ത് പഠിക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഇപ്പോൾ രണ്ടാമത്തെ തവണയാണ് ബജറ്റ് അവതരണം തുടരെ വിവാദമാകുന്നത്. അതിന്റെ ആവശ്യമുണ്ടോ? രഹസ്യമായിരിക്കണം, നിയമസഭയിൽ ആദ്യം എത്തണം, എല്ലാവർക്കും ഒരുമിച്ചു കിട്ടണം എന്നൊക്കെയല്ലേ ഉള്ളൂ. ഇന്റർനെറ്റിന്റെയും കമ്പ്യൂട്ടറിന്റെയും കാലമാണ്. എല്ലാ എം എൽ എ മാർക്കും ടാബ്‌ലറ്റ് ഒക്കെ കൊടുത്തിട്ടുള്ള നാടുമാണ്. ബജറ്റവതരിപ്പിച്ച് ഒരു മണിക്കൂർ സംസാരിക്കുന്നതിന് പകരം ബജറ്റ് എല്ലാ എം എൽ എ മാർക്കും അയച്ചു കൊടുക്കുക. പേപ്പർ ലാഭിക്കാം, സമയം ലാഭിക്കാം. എം എൽ എ മാർക്ക് അയച്ചിട്ട് ഒരു മിനിറ്റ് കഴിഞ്ഞു വെബ് സൈറ്റിൽ ഇടുക, അപ്പോൾ ചാനലുകാർക്കും സാധനം കിട്ടും. പിന്നെ സൗകര്യം പോലെ നിയമസഭയിൽ വിശദമായി ചർച്ച ചെയ്ത് ഭേദഗതി നടത്തി അംഗീകരിക്കുക. അപ്പോൾ പിന്നെ ഇതുപോലെ ബജറ്റ് ചോർന്നു എന്ന കുഴപ്പം ഉണ്ടാകില്ലല്ലോ.
പിന്നെ ബാക്കിയുള്ളത് ഫോട്ടോ എടുക്കലും ആചാരവുമാണ്. ഇ-മെയിലിൽ എല്ലാ എം എൽ എ മാർക്കും ബജറ്റ് അയക്കുന്നതിന്റെ ഒരു സെൽഫി എടുത്തു പോസ്റ്റുക. അപ്പോൾ ന്യൂ ജെൻ ആയി. അത് കഴിഞ്ഞു ലഡു വിതരണം ചെയ്യുക, അപ്പോൾ പാരമ്പര്യവും ആയി.
Leave a Comment