പൊതു വിഭാഗം

റോഡിലിറങ്ങുന്ന കൊലയാളികൾ…

ലോക്ക് ഡൌൺ മൂന്നാം ദിവസമാകുന്പോൾ ഏതാണ്ട് തൊണ്ണൂറ്റി അഞ്ചു ശതമാനം ആളുകളും അതിനോട് സഹകരിക്കുന്നുണ്ട്. നല്ല കാര്യം.
 
കുറച്ചു പേർ ഇപ്പോഴും ഇത് പോലീസുമായുള്ള ഒളിച്ചുകളിയായിട്ടാണ് കാണുന്നത്. പോലീസ് വരാൻ സാധ്യതയില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുക, പോലീസിനെ കണ്ടാൽ എന്തെങ്കിലും നുണപറഞ്ഞു രക്ഷപ്പെടുക, തട്ടിക്കയറുക, തല്ലുണ്ടാക്കുക.
 
‘കർത്താവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല’ എന്ന് പ്രയോഗം ഉപയോഗിക്കാൻ ഇതിലും പറ്റിയ അവസരമില്ല. പക്ഷെ ‘ഇവരോട് പൊറുക്കാൻ’ ഒരു സാധ്യതയുമില്ല.
 
കാരണം,
1. പല തലമുറകളിൽ ഒരിക്കൽ മാത്രം സമൂഹം നേരിടുന്ന ഒരു വെല്ലുവിളിയെയാണ് ലോകം ഇന്ന് നേരിടുന്നത്. സർക്കാരും സമൂഹവും ഒന്നിച്ചു നിന്നാൽ ഈ യുദ്ധം ജയിക്കാൻ ചെറിയ സാധ്യതയെങ്കിലും ഉണ്ട്. ആ സാധ്യതയാണ് ഇത്തരം ‘മിടുക്കന്മാർ’ ഇല്ലാതാക്കിക്കളയുന്നത്.
 
2. ഉത്തരവാദിത്തമില്ലാതെ ആളുകൾ (കുറച്ചാളുകൾ ആണെങ്കിൽ പോലും) പ്രവർത്തിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും സമൂഹ വ്യാപനം എന്നുള്ള ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ കടക്കും. ആ സ്റ്റേജിൽ കേരളത്തിൽ എത്ര ആളുകൾ രോഗബാധിതരായി എന്നല്ല, ഇനി എത്ര കോടി ആളുകൾക്ക് രോഗം ഉണ്ടാകും എത്ര ലക്ഷം പേർ മരിക്കും എന്നായിരിക്കും നമ്മൾ ചിന്തിക്കേണ്ടിവരുന്നത്. നമ്മൾ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും മനസ്സിലാക്കി അംഗീകരിച്ചു സഹകരിച്ചില്ലെങ്കിൽ ആ സാഹചര്യത്തിലേക്ക് എത്താൻ ആഴ്ചകൾ മതി.
 
3. കേരളത്തിൽ ആളുകൾ നിരാശയിലും തീരാദുഃഖത്തിലും ആകാൻ ഒരുകോടി കേസുകൾ ഒന്നും വേണ്ട, ഒരു ലക്ഷം മതി. കേരളത്തിൽ ലഭ്യമായ ആരോഗ്യ സംവിധാനങ്ങൾക്ക് (ആശുപത്രി കിടക്കകൾ, വെന്റിലേറ്ററുകൾ, ഐ സി യു) അപ്പുറം രോഗങ്ങളുടെ എണ്ണം കടന്നാൽ പിന്നെ വീട്ടിലും റോഡിലും കിടന്ന് രോഗികൾ വായു വലിക്കുന്ന സമയം ഉണ്ടാകും. അന്ന് നമ്മളെ പരിശോധിക്കാൻ പൊലീസോ പോലീസിനെ വെട്ടിക്കാൻ വിരുതന്മാരോ ഉണ്ടാകില്ല. ഇതൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്തതല്ല. ആളോഹരി കേരളത്തിന്റെ നൂറു മടങ്ങ് ആരോഗ്യ സംവിധാനമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോലും എല്ലവർക്കും വേണ്ട ശരിയായ ചികിത്സ നൽകാൻ അവിടുത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്ന് മനസിലാക്കുക.
 
4. നമ്മുട സർക്കാരിനും പോലീസിനും ധാരാളം പണിയുള്ള കാലമാണ്. വൈറസ് ബാധിതരുടെ എണ്ണം നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നിറുത്തുക എന്ന ഉത്തരവാദിത്തം ഒരു വശത്ത്. ലോക്ക് ഡൌൺ ആയിരിക്കുന്ന കാലത്ത് ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന ജോലി മറുവശത്ത്. വരാനിരിക്കുന്ന സാധ്യമായ ദുരന്തങ്ങൾക്ക് തയ്യാറെടുക്കേണ്ട ഉത്തരവാദിത്തം വേറെ. ഇതിനിടയിൽ നിർദ്ദേശങ്ങൾ അറിയാതെയും മനസ്സിലാക്കാതെയും വഴിയിലിറങ്ങി മിടുക്കു കാണിക്കുന്നവരെ നിയന്ത്രിക്കേണ്ടി വരുന്നത് എത്ര നിർഭാഗ്യകരമാണ്.
 
5. ഞാൻ ഒരിക്കൽ പറഞ്ഞതാണ്, ഒരിക്കൽ കൂടി പറയാം. ഈ ലോക്ക് ഡൌൺ നമ്മുടെ അവസാനത്തെ ചാൻസ് ആണ്. ഇതിനോട് സമൂഹം പൂർണ്ണമായി സഹകരിച്ചാൽ മാത്രമേ വൈറസ് ബാധിതരുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കകത്ത് നിർത്താൻ ഒരു സാധ്യതെയെങ്കിലും ഉള്ളൂ. അപ്പോൾ സഹകരണം സ്വമനസ്സോടെയും കാര്യങ്ങൾ മനസ്സിലാക്കിയും സന്പൂർണ്ണവും ആയിരിക്കണം. സർക്കാർ നിയന്ത്രിച്ചിട്ടില്ലാത്ത കാര്യങ്ങളെല്ലാം ചെയ്യാം എന്നല്ല, നിയന്ത്രിച്ചവ തീർച്ചയായും ചെയ്യില്ല, നിയന്ത്രണമില്ലാത്തവ തന്നെ ആവശ്യമെങ്കിൽ മാത്രം ചെയ്യും എന്നതായിരിക്കണം നമ്മുടെ രീതി.
 
6. ഉദാഹരണത്തിന് അത്യാവശ്യത്തിന് ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ പോകാൻ നമുക്ക് നിയന്ത്രണമില്ല. അപ്പോൾ വേണമെങ്കിൽ ഭഷ്യവസ്തുക്കൾ വാങ്ങാനാണെന്ന പേരിൽ എന്നും പുറത്തിറങ്ങാം. അല്ലെങ്കിൽ പതിവ് പോലെ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള വസ്തുക്കൾ മാത്രം വാങ്ങി ഇടക്കിടക്ക് പുറത്തിറങ്ങാം. ഇത് രണ്ടും തെറ്റാണ്. നമ്മൾ പുറത്തിറങ്ങുന്നത് പരമാവധി കുറക്കുക. പറ്റുന്നവർ ഒരാഴ്ചക്കുള്ള സാധനങ്ങൾ വാങ്ങുക. നമ്മൾ എന്തിന് പോകുന്നു, എത്ര അത്യാവശ്യമായി പോകുന്നു എന്നതൊന്നും വൈറസിനെ ബാധിക്കുന്ന കാര്യമല്ല. മറ്റുള്ളവരുമായി കൂട്ടിമുട്ടുന്ന ഓരോ സ്ഥലവും നമ്മെ വൈറസ് ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു. യാത്രകളും കൂട്ടിമുട്ടലും എത്ര കുറക്കുന്നോ അത്രയും വിജയ സാധ്യത കൂടുന്നു.
 
7. ഇതൊക്കെ പലരും പലവട്ടം പറഞ്ഞതാണ്. എന്നിട്ടും അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നവർ അവരുടെ മാത്രമല്ല നമ്മുടെ സമൂഹത്തിന്റെ മൊത്തം ആരോഗ്യം കുഴപ്പത്തിലാക്കുന്നവരാണ്. അവർ അങ്ങനെ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നാളെ കേരളത്തിൽ പതിനായിരങ്ങൾ ഈ രോഗം കൊണ്ട് മരിച്ചാൽ അവരുടെ രക്തം പുരണ്ടിരിക്കുന്നത് ഇപ്പോൾ പോലീസിന്റെ കണ്ണുവെട്ടിച്ച് വെറുതെ പുറത്തിറങ്ങുന്ന ഈ മഹാന്മാരിലായിരിക്കും. ഇന്നവർ വെറും സാമൂഹ്യ ദ്രോഹികളാണ്, നാളെ അവർ കൊലയാളികളാകും. അത് അവർക്കും സമൂഹത്തിനും മനസ്സിലാവുന്പോഴേക്കും കാര്യങ്ങൾ അവരുടെയും പോലീസിന്റെയും കൈവിട്ടു പോയിരിക്കും. (കേരളത്തിനേക്കാൾ പത്തിരട്ടി ആരോഗ്യ സംവിധാനങ്ങൾ ഉള്ള യൂറോപ്യൻ രാജ്യങ്ങളിൽ മരണങ്ങൾ ആയിരങ്ങളിൽ എത്തി, അപ്പോൾ കേരളത്തിൽ പതിനായിരങ്ങൾ സംഭവിക്കാൻ പാടില്ലാത്തതല്ല).
 
8. മഴ വന്നാലും മന്ത്രി വന്നാലും സമയവും കാലവും നോക്കാതെ ഡ്യൂട്ടിയും ഓവർടൈമും ചെയ്യുന്നവരാണ് നമ്മുടെ പോലീസുകാർ. ഇപ്പോൾ ഈ കൊറോണയുദ്ധത്തിന്റെ മുന്നിലും അവരുണ്ട്. ഇത്തവണ പക്ഷെ അവരുടെ ആരോഗ്യവും ജീവനും പണയപ്പെടുത്തിയാണ് അവർ ഈ ജോലി ചെയ്യുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവരെക്കൊണ്ട് ഈ സാഹചര്യത്തിൽ ലാത്തി കയ്യിലെടുപ്പിക്കുന്നത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പരാജയമാണ്.
 
9. ഓരോ വീട്ടിലും പുറത്തിറങ്ങാൻ പോകുന്ന ആളുകളോട് വീട്ടുകാർ തന്നെ ഇക്കാര്യം പറയണം. ഇല്ലെങ്കിൽ നാട്ടുകാർ പറയണം. അവരെ പോലീസ് പിടിക്കുന്നതോ അടി കൊള്ളുന്നതോ രണ്ടു വർഷം ജയിലിൽ പോകേണ്ടി വന്നേക്കാവുന്നതോ ഒന്നുമല്ല പ്രശ്നം. അവരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം നമ്മുട സമൂഹത്തിൽ ഒരു കൂട്ടക്കുരുതി ഉണ്ടാക്കും എന്നതാണ്.
 
10. ഇനിയിതൊക്കെ പറയാൻ അധികം സമയമില്ല. കൊറോണയുടെ കേന്ദ്രം നമ്മുടെ നേരെ വരികയാണ്. നമ്മുടെ ആരോഗ്യപ്രവർത്തകർ അവരുടെ ജീവൻ പണയംവെച്ച് ആ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അവർക്ക് പിന്തുണ നല്കാൻ മറ്റുള്ളവർ ശ്രമിക്കുന്നു. മരണം ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും മാറി നമ്മുടെ തൊട്ടടുത്തെത്തുന്പോൾ വീടിന് പുറത്ത് പോയിട്ട് വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പോലും ഈ സാമൂഹ്യദ്രോഹികൾ പുറത്തിറങ്ങില്ല. പക്ഷെ, അപ്പോഴേക്കും അവരാൽ പറ്റുന്ന ദ്രോഹം അവർ സമൂഹത്തിന് ചെയ്തിരിക്കും.
 
അതനുവദിക്കരുത്. ഇവരെ വീട്ടിൽ തന്നെ തടയേണ്ടത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തമാണ്. പൊലീസിന് വേറെ പലതരം ഉത്തരവാദിത്തങ്ങളുള്ള സമയമാണ്.
ഈ രംഗത്ത് പ്രവർത്തിക്കുന്ന ഡി ജി പി മുതൽ ഹോം ഗാർഡ് വരെയുള്ള എല്ലാ പോലീസുകാർക്കും എന്റെ അഭിനന്ദനവും നന്ദിയും അറിയിക്കാനുള്ള അവസരമായിക്കൂടി ഞാൻ ഈ ലേഖനത്തെ കാണുന്നു. നിർഭാഗ്യവശാൽ യുദ്ധത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം വരുന്നതേയുള്ളൂ. കാര്യങ്ങൾ ശരിയാവുന്നതിന് മുൻപ് കൂടുതൽ വഷളാകും. അതിനാൽ നിങ്ങൾ സ്വന്തം ആരോഗ്യം (മാനസികാരോഗ്യം ഉൾപ്പടെ) പരമാവധി ശ്രദ്ധിക്കുക. റോഡിൽ ഇറങ്ങി ഷോ കാണിക്കുന്ന ഒരു ചുരുക്കം സാമൂഹ്യ ദ്രോഹികൾ ഒഴിച്ചാൽ, സമൂഹം ഇതിനു മുന്പൊരിക്കലുമില്ലാത്ത രീതിയിൽ നിങ്ങളുടെ പിന്നിലുണ്ട്. ഈ യുദ്ധം നമ്മൾ ജയിച്ചേ തീരൂ.
 
#weshallovercome
 
മുരളി തുമ്മാരുകുടി

Leave a Comment