തിരുവല്ലയിൽ ഭർത്താവിന്റെ മാതാവിനെ ട്രെയിൻ കയറ്റി വിടാൻ വന്ന സ്ത്രീ ട്രെയിനിനും പാളത്തിനും ഇടക്ക് വീണ് മരിച്ച വാർത്ത ഏറെ ദുഃഖിപ്പിക്കുന്നു. യാത്ര ചെയ്യുന്ന ആളുടെ ലഗ്ഗേജ് എടുത്തു വച്ച് സഹായിക്കാൻ കൂടെ ട്രെയിനിൽ കയറിയതാണ്, ട്രെയിൻ നീങ്ങുന്നത് കണ്ടപ്പോൾ ചാടിയിറങ്ങി, അപ്പോഴാണ് പാളത്തിൽ വീണത്. രണ്ടു കാലുകളും അറ്റുപോയി, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതാണ് വാർത്ത.
എത്ര വിഷമിപ്പിക്കുന്ന വാർത്തയാണ്. എത്ര ഭയാനകമായ മരണമാണ്.
ട്രെയിനിലെ സുരക്ഷ എന്ന വിഷയത്തിൽ ഞാൻ പത്തുകൊല്ലം മുൻപ് എഴുതിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിടുന്ന സമയത്ത് ചാടിക്കയറുന്നതിനെയും ചാടിയിറങ്ങുന്നതിനെയും പറ്റി പ്രത്യേകം അതിൽ എഴുതിയിരുന്നു. എന്നാൽ ഇന്ന് കണ്ടത് പോലുള്ള വാർത്തകൾ വീണ്ടും വീണ്ടും വരുന്നു. നിർഭാഗ്യവശാൽ ഇന്നത്തെ വാർത്ത അവസാനത്തെയും ആകില്ല. അതുകൊണ്ടാണ് ഈ വിഷയം ഒരിക്കൽ കൂടി എഴുതുന്നത്. കുറച്ചു പേരെങ്കിലും ശ്രദ്ധിച്ചാൽ, ഒരാളുടെ എങ്കിലും ജീവൻ രക്ഷപ്പെട്ടാൽ അത്രയും ആയി.
ലോകത്തെ രണ്ടു ഡസൻ രാജ്യങ്ങളിലെങ്കിലും ഞാൻ ട്രെയിൻ യാത്ര ചെയ്തിട്ടുണ്ട്. അവിടങ്ങളിലെല്ലാം യാത്ര തുടങ്ങുന്നതിന് മുൻപ് ട്രെയിനിന്റെ വാതിൽ അടയും. ട്രെയിൻ നിന്നാൽ മാത്രമേ വാതിൽ തുറക്കൂ. നമ്മുടെ മെട്രോ ട്രെയിൻ അങ്ങനെ ആണല്ലോ. ദൂരയാത്ര ട്രെയിനുകൾ ഭൂരിഭാഗവും ഇപ്പോഴും അങ്ങനെയല്ല. വാതിലുകൾ എപ്പോൾ വേണമെങ്കിലും തുറക്കാം. അപ്പോൾ യാത്ര തുടങ്ങുന്ന സമയത്ത് ചാടിക്കയറിയോ ചാടി ഇറങ്ങിയോ യാത്ര ചെയ്യുന്നതിനിടക്ക് തുറന്ന വാതിലിലൂടെ പുറത്തേക്ക് വീണോ ഒക്കെ ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു. ഇതെല്ലാം 2010 ലെ ലേഖനത്തിന് വേണ്ടി ഗവേഷണം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ ഓർമ്മയാണ്.
ഇന്നത്തെ അപകടത്തിൻറെ വാർത്ത വന്നപ്പോൾ ഈ വിഷയത്തിൽ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നറിയാൻ ഞാൻ Safety Record Indian Railway ഒന്ന് ഗൂഗിൾ ചെയ്തു. കിട്ടിയ റിസൾട്ട് എന്നെ അന്പരപ്പിച്ചു.
0 passenger deaths! Indian Railways registers best safety record in 166 years
2020 ഫെബ്രുവരി 26 ലെ ബിസിനസ്സ് ഇന്ത്യ വാർത്തയാണ്
Indian Railways in the financial year 2019-2020 has registered the best safety record in 166 years. The record was achieved as no passenger died while travelling by train during the time period from 1 April 2019 to 24 February 2020.
According to the Railway Ministry, this is the first time in Indian Railway’s 166-year-old history that not a single passenger has died while travelling. Railway network was introduced in the country in the year 1853 by the British.
ങേ?, ഞാൻ ഒന്ന് ഞെട്ടി.
പത്തു വർഷത്തിനിടക്ക് ഇത്രമാത്രം നാടകീയമായ മാറ്റമോ?, നല്ല കാര്യമാണല്ലോ.
എന്താണെങ്കിലും ഒന്നുറപ്പിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ “Accidents and Suicides in India” റിപ്പോർട്ട് എടുത്തു നോക്കി.
Railway Accident എന്ന ഗണത്തിൽ 2019 ൽ 27987, 2020 ൽ 13018 ആളുകൾ വീതം മരിച്ചിട്ടുണ്ട്. ലെവൽ ക്രോസ്സിങ്ങിൽ മരിച്ചവർ ആകട്ടെ 2019 ൽ 1788, 2020 ൽ 1014. കൊറോണ കാരണം ട്രെയിൻ സർവ്വീസുകൾ ഏറെ കുറഞ്ഞതിനാലുള്ള കുറവൊഴിച്ചാൽ റെയിൽവേ അപകട മരണങ്ങൾ ഇപ്പോഴും ആയിരക്കണക്കിന് ജീവൻ എടുക്കുന്നു.
ഒന്നുകൂടി ഉറപ്പിക്കാൻ മുംബൈ ലോക്കൽ ട്രയിനിലെ അപകടങ്ങൾ നോക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ളതും അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതും മുംബയിലെ ലോക്കൽ ട്രെയിനുകളിൽ ആണ്. 2017 ൽ 3014, 2018ൽ 2981, 2019 ൽ 2691 ആളുകളാണ് ലോക്കൽ ട്രെയിൻ അപകടത്തിൽ മരിച്ചത്. അതായത് ശരാശരി ഒരു ദിവസം ഏഴ് പേർ. (ഞാൻ ബോംബെയിൽ ജോലി ചെയ്യുന്ന കാലത്ത് ഒരാൾ വൈകീട്ട് വീട്ടിൽ എത്തിയില്ല എന്ന് പോലീസിൽ പരാതി പറഞ്ഞാൽ പോലീസ് ആദ്യം ചെയ്യുന്നത് അന്നത്തെ ലോക്കൽ ട്രെയിൻ അപകടത്തിൽ പെട്ട് മരിച്ചോ അല്ലെങ്കിൽ അപകടം പറ്റിയോ എന്ന് അന്വേഷിക്കാൻ പറയുകയാണ്. ഇതിലൊന്നും ഒരു മാറ്റവും ഇല്ല).
എനിക്ക് വീണ്ടും കൺഫ്യൂഷൻ ആയി. ആയിരക്കണക്കിന് ആളുകൾ മരിച്ചിട്ടും എന്താണ് റെയിൽവേ പിന്നെ ആരും മരിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞത്.
വീണ്ടും ഇന്ത്യൻ റെയിൽവേ സുരക്ഷാ എന്ന് ഗൂഗിൾ ചെയ്തു നോക്കി.
2020 ജൂൺ എട്ടിന് ഇന്ത്യൻ റയിൽവെയുടെ പത്രക്കുറിപ്പ് പ്രസ്സ് ഇൻഫർമേഷൻ ബ്യുറോയുടെ പേജിൽ ഉണ്ട്.
“ഇന്ത്യൻ റെയിൽവേ 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള ഒരു വർഷം സുരക്ഷയിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വച്ചു. ഈ കലണ്ടർ വർഷം 01.04.2019 മുതൽ 08.06.2020 വരെയുള്ള കാലയളവുൾപ്പടെ പരിഗണിക്കുന്പോൾ ഒരു റെയിൽവേ യാത്രികൻ പോലും ട്രെയിൻ അപകടങ്ങളിൽ മരണമടഞ്ഞിട്ടില്ല.”
അപ്പൊ അതാണ് കാര്യം “ഒരു റെയിൽവേ യാത്രികൻ പോലും” ട്രെയിൻ” അപകടങ്ങളിൽ മരണമടഞ്ഞിട്ടില്ല”
അപ്പൊ അതാണ് കാര്യം. ട്രെയിൻ അപകടത്തിൽ മരണം ഉണ്ടായിട്ടില്ല. ട്രെയിനിൽ വച്ചോ ട്രെയിനുമായി ബന്ധപ്പെട്ടോ ഉള്ള മരണത്തിന്റെ കണക്കുകൾ കൂട്ടിയിട്ടുമില്ല.
റെയിൽവേയുടെ കണക്കവിടെ നിൽക്കട്ടെ.
റെയിൽവേയുമായി ബന്ധപ്പെട്ട് ഓരോ വർഷവും പതിനായിരത്തിനു മുകളിൽ ആളുകൾ മരിക്കുന്നുണ്ടെന്ന് വ്യക്തമായല്ലോ. നിങ്ങൾ യാത്ര ചെയ്യുന്ന ആളോ, യാത്രയാക്കാൻ പോകുന്ന ആളോ ആണെങ്കിൽ അടുത്ത വർഷത്തെ കണക്കിൽ അതിലൊന്ന് നിങ്ങളാവാനുള്ള സാധ്യതയും ഉണ്ട്.
അത് കൊണ്ട് ഇനി പറയുന്നത് സൂക്ഷിച്ചു കേൾക്കണം.
1. നിങ്ങൾ സ്റ്റേഷനിൽ എത്തുന്പോൾ ട്രെയിൻ ഓടിത്തുടങ്ങിയിട്ടുണ്ടെങ്കിൽ ഒരുകാരണവശാലും അതിലേക്ക് ഓടിക്കയറാൻ ശ്രമിക്കരുത്. എത്ര അത്യാവശ്യമാണെങ്കിലും അടുത്ത ട്രെയിനിൽ പോകുന്നതും മരണവും തമ്മിലുള്ള വ്യത്യാസമായിരിക്കാം നിങ്ങളെ കാത്തിരിക്കുന്നത്.
2. ഓടിത്തുടങ്ങുന്ന ട്രെയിനിൽ നിന്ന് ഒരിക്കലും ചാടി ഇറങ്ങരുത്. അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതും മരണവും തമ്മിലുള്ള വ്യത്യാസമായിരിക്കാം നിങ്ങളെ കാത്തിരിക്കുന്നത്.
3. ഓടുന്ന ട്രെയിനിന്റെ തുറന്ന വാതിലിന് മുൻപിൽ ഒരിക്കലും നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുത്. മരണത്തിൽ നിന്നും ഒരു സെക്കൻഡ് ദൂരത്തിലാണ് ആ ഇരുപ്പ്.
4. ട്രെയിനിൽ കുട്ടികളെ ഒരു കാരണവശാലും വാതിലിനടുത്തേക്ക് ഒറ്റക്ക് വിടരുത്. മരണക്കളിയാണ്.
5. ട്രെയിനിന്റെ തുറന്ന വാതിലിനടുത്ത് ഉള്ള കോറിഡോറിലോ വാഷ് ബേസിന് അടുത്തോ നിൽക്കരുത്. ട്രെയിൻ ഒന്ന് കുലുങ്ങിയാൽ പുറത്തേക്ക് വീഴാം, മരണം സംഭവിക്കാം.
ഇത്തരത്തിലുള്ള അപകടങ്ങൾ ‘ട്രെയിൻ അപകടങ്ങൾ’ ആയി റെയിൽവേ പരിഗണിക്കുന്നില്ലാത്തതിനാൽ അപകടം സംഭവിച്ചാൽ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസോ നഷ്ടപരിഹാരമോ ലഭിച്ചേക്കില്ല. ഈ വിഷയത്തിൽ അനുഭവസ്ഥരോ അറിവുള്ളവരോ കൂടി അഭിപ്രായം പറഞ്ഞാൽ കൊളളാം.
മുരളി തുമ്മാരുകുടി
Leave a Comment