പൊതു വിഭാഗം

റൂസ്സോയെ കല്ലെറിഞ്ഞ വീട്…

ആളുകൾ രസതന്ത്രത്തിലോ സിവിൽ എഞ്ചിനീയറിങ്ങിലോ പി എച്ച് ഡി എടുത്തു എന്ന് ഇടയ്ക്കിടെ പത്രവാർത്ത  കാണാറുണ്ട്. പി എച്ച് ഡി എന്നാൽ ‘Doctor of philosophy’ ആണ്. അതിന്റെ മുകളിൽ രസവും തന്ത്രവും ഒന്നും കയറ്റിവെക്കേണ്ട കാര്യമില്ല. മറ്റു സ്ഥാപനങ്ങളിൽ പി എച്ച് ഡി കൊടുക്കുന്പോൾ അതിൽ വിഷയം എഴുതാറുണ്ടോ എന്നെനിക്കറിയില്ല. കാൺപൂർ IIT യിൽ PhD from IIT kanpur എന്ന് മാത്രമേ  പറയാറുള്ളൂ. അഞ്ചുവർഷം അവിടെക്കിടന്ന് ചക്രശ്വാസം വലിക്കുമ്പോഴേക്കും എത്ര സിവിൽ ആയിട്ടുള്ള ആളും താത്വികൻ ആയിട്ടുണ്ടാകും. 

ഈ വിധത്തിൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഔദ്യോഗികമായുള്ള ആളാണെങ്കിലും എനിക്ക് തത്വശാസ്ത്രം  പറയുന്നവരെ തീരെ ഇഷ്ടമല്ല. Epistemology എന്ന വാക്ക് സംസാരത്തിൽ പ്രയോഗിക്കുന്നവരെ കണ്ടാൽ ഞാൻ വഴി മാറി നടക്കും. തത്വശാസ്ത്രം പഠിക്കുന്നവർക്കാകട്ടെ അഞ്ചു മിനിറ്റിലൊരിക്കലെങ്കിലും ഈ വാക്ക് ഉപയോഗിച്ചില്ലെങ്കിൽ സംസാരം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. 

ഇതുകൊണ്ടൊക്കെത്തന്നെ ഇത്ര നാളും ജനീവയിൽ ജീവിച്ചിട്ടും ജനീവയിൽ ജനിച്ച ഏറ്റവും പ്രസിദ്ധനായ  ഒരാളെപ്പറ്റി ഒട്ടും അന്വേഷിച്ചിരുന്നില്ല, കാരണം അയാൾ ലോകം കണ്ട ഏറ്റവും വലിയ തത്വചിന്തകരിൽ ഒരാളായിരുന്നു. നമ്മളില്ലേ !

റൂസ്സോയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഈ കൊറോണക്കാലത്ത് ആഴ്ചയിലൊരിക്കൽ മനസികോല്ലാസത്തിനായി സോളോ ഡ്രൈവ് പതിവാക്കിയപ്പോൾ സ്വാഭാവികമായും റൂസ്സോയുടെ പേരും മനസ്സിൽ വന്നു. 

1712 ലാണ് റൂസ്സോ   ജനിച്ചത്. ജനിച്ച് ഒൻപതാം ദിവസം അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അമ്മായിയാണ് പത്തു  വയസുവരെ അദ്ദേഹത്തെ വളർത്തിയത്. പത്തു വയസ്സുള്ളപ്പോൾ അച്ഛൻ ഒരു പോലീസ് കേസിൽ പെട്ടു, അതിൽ നിന്നും രക്ഷപെടാൻ നാടുവിട്ടു, കൂട്ടിന് റൂസ്സോയെ വളർത്തിയിരുന്ന അമ്മായിയേയും കൂട്ടി.  

പിന്നീട് റൂസ്സോ  യുടെ വ്യക്തിജീവിതം കഷ്ടപ്പാടിന്റെയും വെല്ലുവിളികളുടെയുമായിരുന്നു. മഹാന്മാരുടെയും നദികളുടെയും  പിന്നാന്പുറം അന്വേഷിച്ചു  പോകരുത് എന്നൊരു ചൊല്ലുള്ളതിനാൽ ഞാൻ അതിനെപ്പറ്റി ഒന്നും ഇപ്പോൾ പറയുന്നില്ല. താല്പര്യമുള്ളവർക്ക് അദ്ദേഹത്തിന്റെ കുന്പസാരം ( Les Confessions de Jean-Jacques Rousseau)   എന്ന ആത്മകഥ വായിക്കാം. ലോകത്തെ തന്നെ ആദ്യത്തെ ആത്മകഥയായിട്ടാണ് ഇത് അറിയപ്പെടുന്നത്. വയലൻസും സെക്‌സും തത്വശാസ്ത്രവും കുനിഷ്ടും ഉൾപ്പടെയുള്ള മാനുഷിക വികാരങ്ങൾ ഒക്കെ ആവശ്യത്തിൽ കൂടുതലുള്ള ഒരു കഥയാണ്. ഗോസിപ്പിൽ താല്പര്യമുള്ളവർക്കായി നിർദേശിക്കുന്നു. 

സംഭവബഹുലമായ ജീവിതം, പരന്ന വായന, തുടരെയുള്ള യാത്രകൾ,  ബൗദ്ധികമായി ഉയർന്ന നിലവാരത്തിലുള്ളവരുമായുള്ള സൗഹൃദങ്ങൾ എല്ലാം  അദ്ദേഹത്തെ ഒരു മിടുക്കനായ എഴുത്തുകാരനാക്കി മാറ്റി. നോവൽ മുതൽ ലേഖനങ്ങൾ വരെ, സംഗീതം മുതൽ രാഷ്ട്രീയ തത്വശാസ്ത്രം വരെ, വിദ്യാഭ്യാസം മുതൽ ആത്മകഥ വരെ അദ്ദേഹം അനവധി മേഖലകളിൽ കൈവച്ചു, ഓരോന്നിലും അന്നും ഇന്നും വിപ്ലവകരമായ ആശയങ്ങൾ അവതരിപ്പിച്ചു.

സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും ചെയ്ത കൂട്ടത്തിൽ അദ്ദേഹം മതത്തെപ്പറ്റിയും രാഷ്ട്രീയത്തെ പറ്റിയും കുറച്ചു അഭിപ്രായങ്ങൾ പറഞ്ഞു.  സ്വതന്ത്രമായി ചിന്തിക്കുക എന്നത് തന്നെ വളരെ റിസ്‌ക്കുള്ള പരിപാടിയാണ് എല്ലാക്കാലത്തും, അക്കാലത്ത് പ്രത്യേകിച്ചും. മതത്തെ പറ്റി വ്യത്യസ്തമായി ചിന്തിച്ചു എന്നതിന്റെ പേരിൽ പുരോഗമനവാദികൾ ആയ ജനീവക്കാർ ഒരാളെ അയാളുടെ പുസ്തകക്കൂമ്പാരത്തിൽ ഇട്ട് തീ കൊളുത്തിയ കഥ ഞാൻ പറഞ്ഞിരുന്നല്ലോ. അവിടെ നിന്നും അധികം കാലമായിട്ടില്ല റൂസ്സോ പുതിയ ആശയങ്ങളും ആയി വരുമ്പോൾ.

പുതിയ ചിന്തകൾ  എല്ലാ അവകാശങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന ശക്തികളായ മതത്തെയും രാജാക്കന്മാരെയും കുറിച്ചാകുന്പോൾ തല എപ്പോൾ പോയി എന്ന് നോക്കിയാൽ മതി. റൂസ്സോ  ആളാണെങ്കിൽ കാലത്തിനും ഏറെ മുന്നേ നടന്ന ആളും. 

അദ്ദേഹത്തിന്റെ ചില ചിന്തകൾ ഒന്ന് കേട്ട് നോക്കൂ 

വിദ്യാഭ്യാസത്തിന്റെ കേന്ദ്രം കുട്ടികൾ ആയിരിക്കണം (Child centered education എന്നതൊക്കെ പുതിയ വിപ്ലവകരമായ ആശയമായിട്ടാണ്  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നാം ചിന്തിക്കുന്നത്, റൂസ്സോ പണ്ടേ വിട്ട സീൻ ആണ്).

സ്ത്രീകളും പുരുഷന്മാരും തുല്യരാണ് (പതിനേഴാം നൂറ്റാണ്ടിലാണ്, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പോലും ഇത് ദഹിക്കാത്തവർ നമുക്ക് ചുറ്റുമുണ്ട്)

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകണം.

ഇതൊക്കെ പറഞ്ഞപ്പോൾ “ഇയ്യാൾക്ക് ഭ്രാന്താണ്” എന്നെ അന്നത്തെ ചിന്തകർ ഒക്കെ ചിന്തിച്ചുള്ളൂ.  

പക്ഷെ പതുക്കെ അദ്ദേഹം അധികാരത്തെ പറ്റി, വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റി, പൊതുജനാഭിപ്രായത്തെ പറ്റി ഒക്കെ പറഞ്ഞു തുടങ്ങി. അദ്ദേഹത്തിൻ്റെ Discourse on Inequality  The Social Contract എന്നീ പുസ്തകങ്ങൾ ആണ് ഇന്ന് ലോകത്ത് നാം അറിയുന്ന, അനുഭവിക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ ഒക്കെ ആണിക്കല്ല്.

രാജക്കന്മാർക്കും ചക്രവർത്തിമാർക്കും ആളുകളെ ഭരിക്കാൻ ദൈവികമായ യാതൊരു അധികാരവും ഇല്ല. ഭരിക്കപ്പെടുന്നവർ ആണ് ഭരണം എങ്ങനെ എന്ന് തീരുമാനിക്കേണ്ടത് എന്നൊക്കെ അദ്ദേഹം പാരീസിൽ ഇരുന്ന് എഴുതുമ്പോൾ കാലാകാലമായി ദൈവികമായ അവകാശത്തിന്റെ പേരും പറഞ്ഞു സുഖവാസം നടത്തുന്ന ചക്രവർത്തിമാർ യൂറോപ്പിൽ അടക്കി വാഴുന്ന കാലമാണ്.

അവിടെന്നും മെല്ലെ നടന്നാൻ റൂസ്സോ..

വിദ്യാഭ്യാസത്തെ പറ്റിയുള്ള അദ്ദേഹനത്തിന്റെ പ്രസിദ്ധമായ പുസ്തകത്തിൽ ( Emile, or On Education) മതത്തെ പറ്റിയുള്ള ചില ചിന്തകൾ അദ്ദേഹം ഒളിച്ചു കടത്തി. 

കൊച്ചുകുട്ടികളെ മതം പഠിപ്പിക്കുന്നത് അർത്ഥശൂന്യമാണ്. പതിനഞ്ചു വയസായി ബുദ്ധിയൊക്കെ ഉറച്ചു തുടങ്ങുന്പോഴാണ് മതത്തെപ്പറ്റി പറഞ്ഞുകൊടുക്കേണ്ടത്.   

ദൈവം എന്നത് യുക്തിയിലൂടെ കണ്ടെത്താവുന്ന ഒന്നല്ല, അനുഭവത്തിലൂടെ അറിയേണ്ടതാണ്. 

ഏതൊരു മതത്തിലൂടെയും ദൈവത്തെ അറിയാം. ആളുകൾ അവർക്ക് പരിചയിച്ച മതം തന്നെ തുടരുന്നതിൽ ഒരു തെറ്റുമില്ല. 

ഇതൊക്ക അക്കാലത്തെ യൂറോപ്പിൽ  നേരിട്ട് പറഞ്ഞാൽ തലപോകും എന്നറിയാനുള്ള തല അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട്  വിദ്യാഭ്യാസത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ Emile എന്ന  പുസ്തകത്തിലെ വിശ്വാസം പഠിപ്പിക്കുന്ന സവോയിലെ പാതിരി (La Profession de foi du vicaire savoyard) എന്ന ഭാഗത്തിലുള്ള ഒരു പാതിരിയുടെ വാക്കുകളാണ്. 

അന്നും ഇന്നും ഭരണത്തെ പറ്റി പറയുന്നതിലും റിസ്ക്ക് ആണ് മതത്തെ പറ്റി പറയുന്നത്. എല്ലാ മതങ്ങളും ഒരുപോലെ ആണെന്നൊക്കെ പറഞ്ഞാൽ ശരിയായ മതത്തിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് സമ്മതിക്കാനാകുമോ. അവർ പതിവുപോലെ അദ്ദേഹത്തിൻ്റെ പുറകെ കൂടി. 

അന്നും ഇന്നും മതം അന്ധമാക്കുന്നവർക്ക്  എഴുത്തുകാരന്റെ സ്വതന്ത്ര്യമൊന്നും ഒരു വിഷയമല്ല. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം കൂട്ടത്തോടെ ചുട്ടുകളയാൻ പാരീസിലെ ബിഷപ്പ് ഓർഡറിട്ടു. വിശ്വാസികൾ അത് നടപ്പിലാക്കുകയും ചെയ്തു. ഭാഗ്യത്തിന് റൂസ്സോയെ  ആ പുസ്തകക്കൂന്പാരത്തിലിടാനുള്ള അധികാരം അന്ന് ബിഷപ്പിനില്ലായിരുന്നു.

പക്ഷെ മതവും അധികാരവും ഒരുമിച്ചു ചേർന്നപ്പോൾ റൂസ്സോയെ അറസ്റ്റ് ചെയ്യാൻ വാറണ്ട് എത്തി. രാക്ക് രാമാനം അദ്ദേഹം ജനീവയിലേക്ക് രക്ഷപ്പെട്ടു. ജനീവ അന്ന് രാജാവോ പള്ളിയോ ഓ=ഒന്നുമല്ല ഭരിക്കുന്നത്. നഗരത്തിൽ ഉള്ള ആളുകൾ തിരഞ്ഞെടുക്കുന്ന ചില ആളുകളാണ് ഭരണം നടക്കുന്നത്. അതുകൊണ്ടാണ് കാൽവിൻ ഉൾപ്പടെയുള്ളവർ മറ്റെവിടെയും ആളുകൾ എതിർക്കുമ്പോൾ ജനീവയിൽ എത്തുന്നത്. പക്ഷെ അധികാരം നേരിട്ട് ജനങ്ങളിൽ എത്തണം എന്നുള്ള റൂസ്സോയുടെ തത്വശാസ്ത്രം ജനീവക്കാർക്കും ഇഷ്ടപ്പെട്ടില്ല കാരണം  ജനങ്ങളാണ് ഭരിക്കുന്നത് എന്ന മട്ടിൽ കുറെ  കേമന്മാരാണ് സ്ഥിരമായി  അധികാരം കയ്യാളുന്നത്. ജനങ്ങളാണ് പരമാധികാരികൾ എന്ന തത്വം അവർക്കും ഇഷ്ടപ്പെട്ടില്ല. താമസിയാതെ അദ്ദേഹത്തിന് ജനീവയിൽ നിന്നും പോകേണ്ടിവന്നു. ഇന്ന് സ്വിസ് തലസ്ഥാനമായ ബേണിലേക്ക്. 

ബേണിൽ എത്തിയിട്ടും റൂസോയുടെ കഷ്ടകാലം മാറിയില്ല. ഏറെ നാൾ കഴിയാതെ അവിടം വിട്ടുപോകാൻ അദ്ദേഹത്തോട് അവിടുത്തെ അധികാരികൾ  ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ പ്രഷ്യയിലെ ചക്രവർത്തിയായിരുന്ന ഫ്രഡറിക്ക് രണ്ടാമന് (Frederick the Great) അദ്ദേഹം കത്തെഴുതി. 

‘പ്രിയപ്പെട്ട ചക്രവർത്തീ, സുഖമെന്ന് കരുതുന്നു. എനിക്ക് ഒട്ടും സുഖമില്ല. മതത്തെയും രാജാക്കന്മാരെയും  വിമർശിച്ചതിനാൽ എന്നെ നാടുനീളെ ഓടിക്കുകയാണ്. നിങ്ങൾ വലിയ ചക്രവർത്തിയൊക്കെയാണെങ്കിലും ഞാൻ പണ്ട് നിങ്ങളെയും വിമർശിച്ചിട്ടുണ്ട്. ഇനിയും വിമർശിക്കാൻ പരിപാടിയുമുണ്ട്. എങ്കിലും എനിക്ക് ആക്രമണ ഭീഷണിയില്ലാതെ നിങ്ങളുടെ രാജ്യത്ത് എവിടെയെങ്കിലും താമസിക്കാൻ ഒരിടം തന്നാൽ സന്തോഷം.”

ആ ചക്രവർത്തി പേരുപോലെ തന്നെ ശരിക്കും മഹാനായിരുന്നു. റൂസ്സോയുടെ  കുറിപ്പ് കിട്ടിയ ഉടൻ പുള്ളി അദ്ദേഹത്തിന് പ്രവിശ്യയായ ന്യൂൺബെർഗിലെ ഗവർണർക്ക് ഒരു കത്തെഴുതി. 

“ഈ പാവത്താനെ നമ്മൾ സ്വീകരിക്കണം. വിചിത്രമായ കുറെ ആശയങ്ങൾ ഇയാൾക്കുണ്ട്. അതൊക്കെ സത്യമാണെന്ന് പാവം വിചാരിക്കുന്നുമുണ്ട്. അതിനപ്പുറം ഇയാൾ കുഴപ്പക്കാരനല്ല. തൽക്കാലം നൂറ് സ്വർണനാണയങ്ങൾ അയക്കുന്നു അയാൾക്ക് വേണ്ടത് ചെയ്തുകൊടുക്കണം. യുദ്ധമൊക്കെയായതിനാൽ  എനിക്ക് അല്പം ഞെരുക്കമാണ്. അല്ലെങ്കിൽ ഞാൻ അയാൾക്ക് ഒരു ആശ്രമം തന്നെ പണിതു കൊടുത്തേനെ.”

എവിടെ കിട്ടും ഇതുപോലെ ഒരു  ചക്രവർത്തിയെ !

അങ്ങനെയാണ് റൂസോ മോട്ടിയാർ എന്ന ഗ്രാമത്തിലെത്തുന്നത്. ജനീവയിൽ നിന്നും നൂറ്റിനാല്പത് കിലോമീറ്റർ  അകലെ ജൂറാ പർവ്വതത്തിന്റ രണ്ട് ഇടുക്കുകൾക്കിടയിലുള്ള ഒരു കൊച്ചുഗ്രാമമാണ് മോട്ടിയർ. കഴിഞ്ഞയാഴ്ച എന്റെ യാത്ര അങ്ങോട്ടായിരുന്നു. 

ഇലകളുടെ നിറം മാറുന്ന കാലമാണ്. അതുകൊണ്ടുതന്നെ ജൂറാ പർവതനിര പതിവിലും സൗന്ദര്യമുള്ളതാണ്. ഹൈവേയിൽ  നിന്നും മാറി വളഞ്ഞുപുളഞ്ഞു പോകുന്ന വഴിയിലൂടെയാണ് മല കയറുന്നത്. മലയിടുക്കിലേക്ക് ഒരു സമയം ഒരു വാഹനത്തിനു മാത്രം പോകാവുന്ന വഴിയാണുള്ളത്. അതിലൂടെ വീണ്ടും മല കയറണം. അവിടെ ചെറിയൊരു അരുവി. അരുവിയുടെ തീരത്ത് പത്തിരുപത് വീടുകൾ. ഒരു ഹോട്ടലും ചായക്കടയും. അവിടെ ഒറ്റപ്പെട്ട  ഒരു വീട്ടിലാണ് പണ്ട് റൂസോ താമസിച്ചിരുന്നത്. അതിന്റെ ഭിത്തിയിൽ ഒരു ഫലകം വെച്ചിട്ടുണ്ട് എന്നതിനപ്പുറം മറ്റു ചിഹ്നങ്ങളൊന്നുമില്ല. ഒരു പഴയ വീട്. ഇന്ന് അതൊരു റെസ്റ്റോറന്റാണ്. 

കാര്യം ചക്രവർത്തിയുടെ പിന്തുണ ഒക്കെയുണ്ടായിട്ടും റൂസ്സോയ്‌ക്ക് അധിക നാൾ ഇവിടെ താമസിക്കാൻ പറ്റിയില്ല.  റൂസോയ്‌ക്ക് അഭയം കിട്ടിയ കാര്യം അവിടുത്തെ പള്ളിക്കാർ അറിഞ്ഞു. ദൈവദോഷം പറയുന്ന ആൾ അവിടെ ഒളിച്ചുതാമസിക്കുന്ന കാര്യം നാട്ടുകാരും. റൂസ്സോ  നടക്കാൻ പോകുന്പോൾ ആളുകൾ കല്ലെറിയാൻ തുടങ്ങി. ഒരിക്കൽ അവിടെത്തെ പള്ളിയിലെ വികാരി മതനിന്ദകരെ പറ്റി വികാരനിർഭരമായ ഒരു പ്രസംഗം നടത്തി.

 അത് കേട്ട് വിശ്വാസികൾ മൊത്തത്തിൽ ഇളകിവന്ന് റൂസോയുടെ വീടിന് കല്ലെറിഞ്ഞു. അറിഞ്ഞെത്തിയ അധികാരി കണ്ടത് ഒരു പാറമട മുഴുവൻ പുള്ളിയുടെ വീട്ടിൽ എറിഞ്ഞെത്തിച്ചിരിക്കുന്നതാണ് (My God, it’s a quarry). ഉടൻ സ്ഥലം വിടുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന് സുഹൃത്തുക്കൾ ഉപദേശം നൽകി. അങ്ങനെ അദ്ദേഹം ആ സ്ഥലം വിട്ടു. 

റൂസോയുടെ സംഭവബഹുലമായ ജീവിതം വീണ്ടും തുടർന്നു. ജീവിതകഥയിൽ താല്പര്യമുള്ളവർക്ക് അത് വായിക്കാം. 

രാജാക്കന്മാരും പള്ളിക്കാരും ഒക്കെ റൂസ്സോയെ  ഓടിച്ചുവിട്ടിട്ടും അദ്ദേഹത്തിന്റെ ആശയങ്ങൾ ഒരിടത്തും പോയില്ല.  ഫ്രഞ്ച് വിപ്ലവത്തിനും അമേരിക്കൻ വിപ്ലവത്തിനും താത്വിക അടിസ്ഥാനം നൽകിയത് റൂസ്സോയുടെ പുസ്തകങ്ങളും ചിന്തകളുമാണ്. ചിന്തിക്കുന്ന ആളുകളുള്ള ലോകത്തെല്ലാം അധികാരം രാജാക്കന്മാരിൽ നിന്നും ചക്രവർത്തിമാരിൽ നിന്നും ജനങ്ങളിലെത്തി. സ്ത്രീകൾക്ക് വിദ്യാഭ്യാസം കിട്ടി. സ്ത്രീപുരുഷ സമത്വം എന്നത് പ്രയോഗികതയിൽ എത്തിയില്ലെങ്കിലും ശരിയായ ആശയമാണെന്ന് പരിഷ്കൃത ലോകം അംഗീകരിച്ചു. 

എന്നുവെച്ച് ലോകം പൂർണമായിറ്റൊന്നും റൂസ്സോയുടെ ചിന്തകൾക്ക് ഒപ്പമെത്തിയിട്ടില്ല. ദൈവിക അവകാശം പറഞ്ഞു രാജാക്കന്മാരായി വാഴുന്നവർ ഇന്നും ലോകത്തുണ്ട്.  പതിനാലു വയസു കഴിഞ്ഞിട്ടാണ് മതം പഠിപ്പിക്കേണ്ടതെന്ന് നിർബന്ധിച്ചാൽ മൂന്ന് നൂറ്റാണ്ട് കഴിഞ്ഞിട്ടും വീടിനു മുകളിൽ കല്ല് വീഴും. വലിയ രാജ്യങ്ങളല്ല, ജനങ്ങൾ നേരിട്ട് നയങ്ങളുണ്ടാക്കുന്ന ചെറിയ നഗരങ്ങളാണ് ഭരണത്തിന്റെ അടിസ്ഥാനമാകേണ്ടതെന്ന് പറഞ്ഞാൽ ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ നിന്നും ഓടിച്ചുവിടാനുള്ള സാധ്യതയുണ്ട്.

കൊറോണക്കാല യാത്രക്ക് വേണ്ടി റൂസ്സോയെ വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ഈ  തത്വശാസ്ത്രം എന്നാൽ ഒട്ടും വെറുക്കപ്പെടേണ്ട കാര്യമല്ല. വാളും പരിചയുമായി  യുദ്ധം ചെയ്യുന്നവരല്ല ആശയങ്ങളും പേനയുമായി എഴുതാനിരിക്കുന്നവരാണ് പലപ്പോഴും ലോകത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്നത്. അവരെ നെട്ടോട്ടം ഓടിക്കുന്നവരാണ് ലോകത്ത് എല്ലാക്കാലത്തും ഉള്ള അധികാരികൾ. ബഹുഭൂരിപക്ഷം ആളുകളും  അക്കാലത്ത് ഉള്ള ചിന്തകളാണ് ശരി എന്ന വിശ്വാസത്തിൽ പുതിയ ചിന്തകൾ ഉള്ളവർക്ക് നേരെ കല്ലെറിയാൻ റെഡി ആയി നടക്കുന്നവരാണ്. അന്ന് രാത്രി വീട്ടിലിലേക്കാണ് കല്ലെറിഞ്ഞതെങ്കിൽ ഇപ്പോൾ കൂടുതലും ഫേസ്ബുക്ക് പേജിലാണെന്നുള്ള ഒരു മാറ്റം മാത്രമേ ഉള്ളൂ. 

റാഡിക്കൽ ആയുള്ള മാറ്റമല്ല.

മുരളി തുമ്മാരുകുടി 

#വീണ്ടുംയാത്രചെയ്യുന്നകാലം 4

Leave a Comment