പൊതു വിഭാഗം

റിട്ടയർ ചെയ്യാത്ത കാലം

പ്രായം അറുപതിനോടടുക്കുന്നു. സ്‌കൂളിലും കോളേജിലും ഒക്കെയായി എന്റെ കൂടെ പഠിച്ച മിക്കവരും റിട്ടയർ ആയിക്കഴിഞ്ഞു.

ഇനി കേന്ദ്ര സർക്കാർ ജീവനക്കാരായ കുറച്ചു പേരുണ്ട്. അടുത്ത വർഷം അവരും റിട്ടയർ ആകും

യു.എന്നിലെ റിട്ടയർമെന്റ് പ്രായം 65 ആണ്. ഓരോ പത്തു വർഷത്തിലും ഇത് റിവ്യൂ ചെയ്യാറുണ്ട്. 1990 കളിൽ ജോയിൻ ചെയ്തവർക്ക് അറുപത് വയസ്സിൽ റിട്ടയർ ആകാം. 2013 വരെ റിട്ടയർ ആയവർക്ക് 62 ൽ റിട്ടയർ ആകാം. താമസിയാതെ റിട്ടയർമെന്റ് പ്രായം 68 എങ്കിലും ആകും എന്നാണ് കരുതുന്നത്.

കേരളത്തിൽ പൊതുവെ ജോലി ചെയ്യുന്നവർക്ക് റിട്ടയർമെന്റ് പ്രായം കൂട്ടിക്കിട്ടണം എന്നാണ് ആഗ്രഹം. പക്ഷെ പാശ്ചാത്യ രാജ്യങ്ങളിൽ വേഗത്തിൽ റിട്ടയർ ചെയ്യണം എന്നാണ് ആഗ്രഹം. ആരോഗ്യം ഉള്ള കാലത്ത് അടിച്ചു പൊളിച്ചു ജീവിക്കാമല്ലോ. സത്യത്തിൽ ഇപ്പോൾ തന്നെ റിട്ടയർ ചെയ്തു നാട്ടിൽ എത്തണം എന്നാണ് എന്റെയും ആഗ്രഹം.

എന്നാൽ ഇനി വരുന്ന കാലം റിട്ടയർമെന്റ് അത്ര സുഖപ്രദം ആകില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഒരു സമൂഹത്തിൽ കുറച്ചു പേർക്ക് റിട്ടയർ ആയി സുഖമായി ജീവിക്കണം എങ്കിൽ തൊഴിൽ എടുക്കുന്ന വലിയൊരു വിഭാഗം തലമുറ ഉണ്ടാകണം. അവർ പണിയെടുത്താണ് അതിന് മുകളിലുള്ള തലമുറയെ നിലനിർത്തുന്നത്.

പണ്ടൊക്കെ എപ്പോഴും പ്രായമായവരെക്കാൾ വളരെക്കൂടുതൽ ചെറുപ്പക്കാർ ഉണ്ടായിരുന്നു. അപ്പോൾ കുറച്ചു പേർ റിട്ടയർ ചെയ്താലും അവർക്ക് സുഖമായി ജീവിക്കാവുന്ന സോഷ്യൽ സെക്യൂരിറ്റി നല്കാൻ സന്പദ്‌വ്യവസ്ഥക്ക് സാധിച്ചിരുന്നു.

ഇത് മാറുകയാണ്. പ്രായമുള്ളവർ കൂടുതൽ കാലം ജീവിച്ചിരിക്കുന്നു എന്നതാണ് ഒരു വിഷയം. ജപ്പാൻ പോലുള്ള ചില രാജ്യങ്ങളിൽ തൊണ്ണൂറിന് മുകളിൽ ആളുകൾ ജീവിക്കുന്നത് പതിവാകുന്നു. ജനന നിരക്ക് കുറയുന്നതോടെ ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു. ജപ്പാനിൽ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 1.3 ആണ്. ഒരു സമൂഹത്തിലെ ജനസംഖ്യ നില നിൽക്കണമെങ്കിൽ ടി എഫ് ആർ 2.1 എങ്കിലും ആയിരിക്കണം. അതുകൊണ്ടാണ് ജപ്പാനിലെ ജനസംഖ്യ കുറഞ്ഞു വരുന്നത്. ഓരോ വർഷവും ശരാശരി അഞ്ചുലക്ഷം ജനസംഖ്യയാണ് കുറയുന്നത്.

മറ്റു പല വികസിത രാജ്യങ്ങളിലും ഈ പ്രശ്നം ഉണ്ട്. പക്ഷെ അവിടെയൊക്കെ വിദേശത്തുനിന്നു കുടിയേറുന്നവർ വന്ന് ആ വിടവ് നികത്തുന്നു. കുടിയേറുന്നവർ മിക്കവാറും ചെറുപ്പക്കാർ ആയതുകൊണ്ട് തൊഴിൽ എടുക്കാൻ റെഡി ആയിട്ടുള്ളവർ കൂടുന്നു. ആ നാട്ടിലെ അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും സുഖമായി റിട്ടയർ ചെയ്ത് ലോകയാത്രക്ക് പോകാൻ സാധിക്കുന്നു.

ജപ്പാൻകാർക്ക് പക്ഷെ മറ്റു നാടുകളിൽ നിന്നുള്ള കുടിയേറ്റം ഇഷ്ടമല്ല. നിയമങ്ങളും കർശനമാണ്. വികസിത രാജ്യങ്ങളിൽ ഏറ്റവും കുറവ് കുടിയേറ്റക്കാർ ഉള്ളത് ജപ്പാനിൽ ആണ്. അമേരിക്കയിൽ എട്ടിൽ ഒരാൾ കുടിയേറ്റം വഴി വന്നതാണെങ്കിൽ ജപ്പാനിൽ അത് അന്പതിൽ ഒന്നാണ് !

അതുകൊണ്ട് എന്ത് പറ്റി ? എത്ര പ്രായം ആയാലും റിട്ടയർ ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യം ആണ് ഇപ്പോൾ ജപ്പാനിൽ ഉള്ളത്. ജപ്പാനിൽ യാത്ര ചെയ്യുന്പോൾ വിമാനത്താവളത്തിൽ മുതൽ ഹോട്ടലുകളിൽ വരെ എഴുപതിന് മുകളിൽ പ്രായമുള്ളവർ തൊഴിലെടുക്കുന്നത് കാണുന്നത് സാധാരണമാണ്.

ഇതാണ് കേരളത്തിലും വരാൻ പോകുന്നത്. നമ്മുടെ ടി. എഫ്. ആർ. വളരെ നാളുകൾ ആയി 2.1 നു താഴെയാണ്.

കുടിയേറ്റം വഴി തൊഴിൽ പ്രായത്തിൽ ഉള്ള ഇരുപത് ലക്ഷം പേർ കേരളത്തിന് പുറത്താണ്.

പക്ഷെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർ കേരളത്തിൽ എത്തി ആ വിടവ് നികത്തിയതിനാൽ സർക്കാരിൽ 55, സ്വകാര്യത്തിൽ 60, അസംഘടിത തൊഴിൽ എടുക്കുന്നവരിൽ 70 ഒക്കെയായി നമുക്ക് റിട്ടയർ ചെയ്യാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ട്.

കാരണം പുറത്തേക്ക് പോകുന്നവർ നാട്ടിലേക്ക് പണം അയക്കുന്നു. ആ പണം വിദ്യാഭ്യാസത്തിനും വിവാഹത്തിനും സ്ഥലം വാങ്ങിയും വീട് വച്ചും  നമ്മുടെ സന്പദ്‌വ്യവസ്ഥയിൽ കിടന്നു കറങ്ങുന്നു. നാട്ടിൽ തൊഴിൽ എടുക്കാൻ ആളുകളെ കിട്ടാത്തതിനാൽ മറുനാട്ടിൽ നിന്നും ആളുകൾ വന്നു പണിയെടുക്കുന്നു.

ഇത് മാറാൻ പോവുകയാണ്. മറുനാട്ടിൽ നിന്നുള്ള പണം വരവ് കുറഞ്ഞു വരും. കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശപണം വരുന്ന സംസ്ഥാനം എന്ന പദവി വളരെ നാളുകൾക്ക് ശേഷം കേരളത്തിൽ നിന്നും മഹാരാഷ്ട്ര നേടി. സ്വാഭാവികമാണ്.

ഒന്നാമത് ഗൾഫ് നാടുകളിൽ തന്നെ വീട് വാങ്ങാനും പൗരത്വം ഇല്ലെങ്കിലും സ്ഥിരം താമസിക്കാനും ഉള്ള അവസരം ഒരുങ്ങുന്നു.

രണ്ടാമത് പുതിയ തലമുറ ഗൾഫിലേക്ക് പോകാതെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകുന്നു. അവർക്ക് തിരിച്ചു വരാൻ പദ്ധതി ഇല്ലാത്തതിനാൽ നാട്ടിലേക്ക് പണം അയക്കുന്നത് കുറയുന്നു.

നാട്ടിലെ സ്ഥലം വാങ്ങലും കെട്ടിടം പണിയാലും വിവാഹവും വിദ്യാഭ്യാസവും ഒക്കെയായുള്ള ചിലവുകൾ കുറയുന്നു. വിദേശത്തു നിന്നും നാട്ടിലേക്ക് പണം വന്ന കാലത്തു നിന്നും വിദ്യാഭ്യാസത്തിനായി സഹസ്രകോടികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. നാട്ടിൽ ചുറ്റിക്കറങ്ങാൻ പണം ഇല്ലാതെ വരുന്നു. വരും നാളുകളിൽ മറുനാട്ടിൽ നിന്നുള്ള തൊഴിലാളികൾ കേരളത്തിൽ കുറയും എന്ന് ഞാൻ പറഞ്ഞപ്പോൾ പലർക്കും അതിശയം.

കേരളത്തിൽ തൊഴിൽ ചെയ്യാൻ ആൾ ഇല്ലാത്തത് കൊണ്ടല്ല മറുനാട്ടിൽ നിന്നും ആളുകൾ ഇവിടെ വരുന്നത്. കേരളത്തിൽ തൊഴിൽ ചെയ്താൽ പണം കൊടുക്കാൻ ആൾ ഉള്ളത് കൊണ്ടാണ്. കേരളത്തിൽ പണത്തിന്റെ കറക്കം കുറയുന്പോൾ “നിങ്ങളുടെ പണിയൊക്കെ നിങ്ങൾ തന്നെ ചെയ്തോ” എന്നും പറഞ്ഞു മറുനാട്ടുകാർ അവരുടെ നാട്ടിലേക്ക് പോകും

പണിയൊക്കെ ഇവിടെ തന്നെ ഉണ്ടാകും. അപ്പോൾ പിന്നെ നമ്മുടെ നാട്ടിലെ പണിയൊക്കെ നമ്മൾ തന്നെ ചെയ്യേണ്ടി വരും. റിട്ടയർമെന്റ് കിട്ടാക്കനിയാകും.

ഇപ്പോൾ റിട്ടയർ ചെയ്തവർ ചൂലും തൂന്പായും ആയി പുറത്തിറങ്ങേണ്ടി വരും. ഇതാണ് ഇപ്പോൾ നാം തിരഞ്ഞെടുത്തിരിക്കുന്ന വഴിയുടെ അവസാനം. വേറെയും വഴികൾ ഉണ്ട്. പക്ഷെ ആ ചർച്ചകൾക്കൊന്നും നമ്മൾ തയ്യാറല്ല.

മുരളി തുമ്മാരുകുടി

Leave a Comment