പൊതു വിഭാഗം

രാഹുൽ ഗാന്ധിയുടെ പോക്കും വരവും…

എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. അതിമാനുഷനല്ലാത്ത, സൗമ്യനായ, കേട്ടിടത്തോളം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്ന, എല്ലാത്തരം ഇന്ത്യക്കാർക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായമുള്ള, വിട്ടുവീഴ്ചകൾ ചെയ്യുന്ന, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും കഠിനാധ്വാനിയായ ആളാണ്.

ഇതിലൊക്കെ ഉപരി അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്നത് മറ്റൊരു കാരണത്താലാണ്. സ്വന്തം അനുഭവജ്ഞാനത്തെപ്പറ്റിയുള്ള ബോധം കൊണ്ടോ, ഉയർന്ന ജനാധിപത്യ ബോധം കൊണ്ടോ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയാകാൻ മുതിർന്നില്ല.

ഇന്ത്യയിലെ രാഷ്ട്രീയ സംസ്കാരത്തിൽ കോൺഗ്രസ്സിൽ ചുറ്റുമുള്ളവരെല്ലാം അദ്ദേഹത്തെ ജന്മം കൊണ്ടും പേരുകൊണ്ടും മാത്രം നേതാവായി അംഗീകരിക്കുന്ന സാഹചര്യമാണുള്ളത്. യു പി എ ഭരണകാലത്ത്, പ്രത്യേകിച്ച് രണ്ടാം യു പി എ യുടെ കാലത്ത് അദ്ദേഹം ഒന്ന് നിർബന്ധം പിടിച്ചിരുന്നെങ്കിൽ എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ചു പ്രധാനമന്ത്രി ആക്കിയേനെ.

അദ്ദേഹത്തിൻറെ സ്ഥാനത്ത് ഞാനോ ഞാൻ അറിയുന്നവരിൽ ബഹുപൂരിപക്ഷമോ ആയിരുന്നെങ്കിൽ ‘എപ്പോൾ പ്രധാനമന്ത്രി ആയി’ എന്ന് ചോദിച്ചാൽ മതി !. നമ്മുടെ കഴിവിനെപ്പറ്റി നമുക്കൊക്കെ ആവശ്യത്തിൽ കൂടുതൽ മതിപ്പാണ്. നമുക്ക് എന്തെങ്കിലും സ്ഥാനം കിട്ടുന്നതിൽ നമ്മുടെ ‘പ്രിവിലേജുകൾ’ എന്ത് പങ്കുവഹിക്കുന്നു എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല. നമ്മുടെ കഴിവിനെക്കുറിച്ചുള്ള അറിവിന്റത്രയും പ്രധാനമാണ് നമ്മുടെ കഴിവുകുറവിനെപ്പറ്റിയുള്ള അറിവും.

എന്താണെങ്കിലും ‘അയ്യോ അച്ഛാ പോകല്ലേ’ നാടകമൊന്നും കാണിക്കാതെ അദ്ദേഹം കോൺഗ്രസ്സ് പ്രസിഡന്റ് പദം വിട്ടു. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് ഇത് അദ്ദേഹത്തിൻറെ രാഷ്രീയ അസ്തമയം ഒന്നുമല്ല. ഇന്ത്യയിൽ എല്ലായിടത്തും ഇപ്പോഴും കോൺഗ്രസിന് ബ്രാൻഡ് റെകഗ്നീഷൻ ഉണ്ട്, കഴിവുള്ള നേതാക്കളും അനവധി. അവരൊക്കെ അധികാരത്തിന് വേണ്ടി ഗ്രൂപ്പ് കളിച്ചും പരസ്പരം പാരവെച്ചും ഒക്കെയാണ് കോൺഗ്രസ്സ് ഈ സ്ഥിതിയിലായത്. നല്ലൊരു നേതൃത്വം ഉണ്ടാവുകയും, ജനാധിപത്യം അടിത്തട്ടിലേക്ക് ഇറങ്ങിവരികയും, സംഘടനാ മെഷിനറി ഓടിക്കാൻ എണ്ണമേടിക്കാൻ വേണ്ടി കുറച്ചു സംസ്ഥാനങ്ങളിൽ ഭരണം ഉണ്ടാവുകയും ചെയ്താൽ ഇനിയും ഒരു കോൺഗ്രസ്സ് ഭരണം അല്ലെങ്കിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഭരണം തീർച്ചയായും ഉണ്ടാകും.

ജനാധിപത്യ രാഷ്ട്രീയത്തിൽ ഏറ്റവും പ്രധാനമായത് ‘സംഭവങ്ങൾ’ ആണ്. (Events overtake everything). സുഖമായി ഭരിക്കാൻ വേണ്ടി ഒരു രാജ്യവും ഒരു ജനതയും ആർക്കും നിന്ന് കൊടുക്കാറില്ല. എന്തെങ്കിലും ഒക്കെ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. ഭരിക്കുന്നവർ അതെല്ലാം കൈകാര്യം ചെയ്യേണ്ടി വരും. എത്ര ഭൂരിപക്ഷം നേടി ജയിച്ച നേതാവിനും നൂറുകണക്കിന് തീരുമാനങ്ങൾ എടുക്കുന്നതിനാൽ എവിടെയെങ്കിലുമൊക്കെ അടി തെറ്റും. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ഭൂരിപക്ഷം നേടി ഭരണത്തിൽ എത്തുകയും വിപ്ലവകരമായ തീരുമാനങ്ങളെടുത്ത് പുതിയ ഇന്ത്യയുടെ വളർച്ചക്ക് അടിത്തറയിടുകയും ചെയ്ത ആളാണ് രാഹുലിൻറെ പിതാവ്. എന്നിട്ട് പോലും ഭരണത്തുടർച്ച ഉണ്ടായില്ല. കാരണം ഒന്നോ രണ്ടോ സംഭവങ്ങൾ മറ്റുള്ള എല്ലാ വിഷയങ്ങളുടേയും മുകളിൽ എത്തി. പ്രതിപക്ഷം അത് വേണ്ട തരത്തിൽ ഉപയോഗിച്ചു. ബാക്കി ചരിത്രം.
രാഹുൽ ഗാന്ധിയും തൽക്കാലം അത് തന്നെ ചെയ്താൽ മതി. കോൺഗ്രസിന്റെ ഭരണം നല്ല നേതൃത്വത്തിന് വിടുക, ജനാധിപത്യ ബോധത്തിന്റെയും ‘എല്ലാവരുടേയും’ ഇന്ത്യയുടേയും അംബാസഡറായി ഒരു ഉയർന്ന ധാർമ്മിക തലം കരസ്ഥമാക്കി അവിടെ കയറിയിരിക്കുക. ഈ ഭരണത്തിലും തെറ്റായ സംഭവങ്ങളും പിഴവുകളും സംഭവിക്കും. അപ്പോൾ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക, ജനങ്ങളിലേക്ക് ശക്തമായി ഇറങ്ങുക, ജനങ്ങളുടെ ശബ്ദമാകുക… മതി!.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം രാഹുൽജി ഒരു ഭാരത് ദർശൻ നടത്തുമെന്നാണ് എൻറെ പ്രതീക്ഷ. അങ്ങനെ ചെയ്താൽ അദ്ദേഹത്തിൻറെ കൂടെക്കൂടി രാജ്യത്തെ മനസ്സിലാക്കിയാലോ എന്നൊരു ചിന്ത എനിക്കും ഉണ്ട്.

മുരളി തുമ്മാരുകുടി

Leave a Comment