പൊതു വിഭാഗം

രാഷ്ട്രീയം, ആരോഗ്യം, ധനം…

കോതമംഗലത്ത് പഠിക്കുന്ന കാലത്ത് ഞാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മീറ്റിംഗിന് പോകുമായിരുന്നു. പ്രസംഗം കേൾക്കുക തന്നെയാണ് പ്രധാന ഉദ്ദേശം. രാഷ്ട്രീയക്കാരോട് ബഹുമാനം തുടങ്ങിയത് ആ കാലത്താണ്. കുരുമുളകിന്റെ വില മുതൽ ആഗോള മുതലാളിത്തത്തെപ്പറ്റി വരെ അവർ നാട്ടുകാർക്ക് മനസ്സിലാകുന്ന വിധത്തിൽ സംസാരിക്കും. പല രാഷ്രീയക്കാർക്കും വിദ്യാഭ്യാസം കുറവാണെങ്കിൽ പോലും കാര്യങ്ങളെ മനസ്സിലാക്കുന്നതിൽ, അവക്ക് പരിഹാരം കണ്ടു പിടിക്കുന്നതിലൊക്കെ വിദ്യാഭ്യാസം ഉള്ളവരേക്കാൾ എത്രയോ മുന്നിലാണ് അവർ. എന്ത് ചെയ്യണം എന്ന അറിവിന്റെ കുറവ് കൊണ്ടല്ല കാര്യങ്ങൾ നടക്കാത്തത്, ഓരോ പ്രശ്നത്തിലും രാഷ്ട്രീയം കടന്നു വരുന്നതിന്റെ ആധിക്യം കൊണ്ടാണ് എന്നാണ് അന്ന് തൊട്ട് രാഷ്ട്രീയക്കാരെപ്പറ്റി എനിക്കുള്ള വിലയിരുത്തൽ.

സഖാവ് എം വി രാഘവൻ, ശ്രീ ബാലകൃഷ്ണ പിള്ള, ശ്രീ ബെന്നി ബെഹനാൻ എന്നിവരൊക്കെയാണ് അക്കാലത്തെ ഒന്നാം ക്ലാസ്സ് പ്രാസംഗികർ. എന്നാൽ ഇരു പക്ഷെത്തെയും പേരുകേട്ട പല നേതാക്കളും പരമ ബോറൻ പ്രസംഗികരാണ്. സംഘടനാ പാടവമോ രാഷ്ട്രീയം കളിക്കാനുള്ള കഴിവോ ഒക്കെ ആയിരിക്കണം അവരെ നേതൃനിരയിൽ എത്തിച്ചത്.

പിൽക്കാലത്ത് കേരളത്തിൽ സരസമായ പ്രസംഗങ്ങളിലൂടെ പേരെടുത്ത ശ്രീ ഉഴവൂർ വിജയൻ അന്ന് വലിയ നേതാവല്ല. അത് കൊണ്ട് തന്നെ അദ്ദേഹം പ്രസംഗിക്കുന്നത് ഞാൻ നേരിട്ട് കേട്ടിട്ടില്ല. ടി വി പരിപാടികൾ ഒന്നും കാണാത്തതിനാൽ സത്യത്തിൽ അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹത്തെപ്പറ്റി അറിയുന്നതും അന്വേഷിച്ചു പിടിച്ച് കുറേ പ്രസംഗങ്ങൾ കേൾക്കുന്നതും. പ്രസംഗ വിഷയങ്ങൾ കാലികമാണ്, ഭാഷ ലളിതവും. ഗഹനമായ വിഷയമോ വീക്ഷണമോ ഒന്നും സംസാരിച്ചു ഞാൻ കേട്ടില്ല, തമാശ ഉള്ള കാര്യങ്ങൾ മാത്രം ടി വി ക്കാർ കാണിച്ചതു കൊണ്ടും കൂടി ആകാം. കേൾക്കാൻ രസമാണ്, ആൾക്കൂട്ടത്തെ പിടിച്ചു നിർത്താൻ അറിയാം.

എൻ സി പി സംസ്ഥാന പ്രസിഡന്റ് ആയിരുന്നു അദ്ദേഹം, അസുഖം വന്ന് ആശുപത്രിയിൽ കിടന്ന് അകാലത്തിലാണ് മരിച്ചത്. സാമ്പത്തികമായി ഒന്നും തന്നെ സമ്പാദിച്ചില്ല, അത് കൊണ്ട് ആശുപത്രി ബില്ല് വരെ കടം വാങ്ങിയാണ് അടച്ചതത്രേ. സർക്കാർ അടിയന്തിരമായി കുറച്ചു ധനസഹായം വാഗ്ദാനം ചെയ്തു. കുടുംബത്തിന് അത്രയും ആശ്വാസം.

സർക്കാർ അദ്ദേഹത്തിന് ധനസഹായം ചെയ്തത് രാഷ്ട്രീയത്തിൽ ഇല്ലാത്ത കുറച്ചു പേർ ഫേസ് ബുക്കിൽ ചോദ്യം ചെയ്തു കണ്ടു. എന്നാൽ അദ്ദേഹം സ്വന്തം പാർട്ടിക്ക് പുറത്ത് വലിയ എതിരാളികൾ ഇല്ലാത്ത ആളായതിനാൽ അതൊരു വിവാദമായില്ല. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ ചർച്ച അങ്ങ് തീർന്നു. നന്നായി. കുട്ടികൾ പഠിച്ചു നന്നായി വരട്ടെ.

എന്നാൽ മൂന്ന് കാര്യങ്ങളെ പറ്റി കാര്യമായ ചർച്ചക്കുള്ള അവസരം ആയിരുന്നു അത്.

1. സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങനെ നടക്കും എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത് ? ചുരുങ്ങിയത് ഒരു എം എൽ എ എങ്കിലും ആയാലേ കേരളത്തിൽ സത്യസന്ധമായി ജീവിക്കാനുള്ള വരുമാനം രാഷ്ട്രീയക്കാർക്ക് കിട്ടൂ. കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ഒരു എം എൽ എ ആകാനുള്ള അവസരം ഇംഗ്ലണ്ടിൽ ഒരാൾക്ക് എം പി ആകാനുള്ളതിലും കുറവാണ് (കേരളത്തിൽ ശരാശരി 16 0,000 വോട്ടർമാർക്ക് ഒരു എം എൽ എ ആണ് ഉള്ളത്, യു കെ യിൽ ഇതിൽ പകുതി പേർക്ക് ഒരു എം പി ഉണ്ട്, അതായത് അവിടെ എം പി ആവാനുള്ളതിന്റെ പകുതി ചാൻസ് ആണ് ഇവിടെ എം എൽ എ ആകാൻ ഉള്ളത്). അപ്പോൾ പാർലിമെന്ററി രാഷ്ട്രീയത്തിൽ എത്താത്തവർക്കും മിനിമം വരുമാനം ഉണ്ടാക്കാനുള്ള സംവിധാനം പാർട്ടികൾ ഉണ്ടാക്കേണ്ടേ ? ഇതൊന്നും ചെയ്യാതിരുന്നാൽ സ്ഥലം മാറ്റം ശരിയാക്കിയും കേസൊതുക്കിയും ഒക്കെ രാഷ്ട്രീയക്കാർ “ജീവിച്ചു പോയാൽ” അവരെ എങ്ങനെ കുറ്റപ്പെടുത്താൻ പറ്റും ?

2. ആരോഗ്യ സംരക്ഷണ ചിലവുകൾ കൂടി വരികയാണ്. മധ്യവർഗ്ഗത്തിലുള്ള ഒരു കുടുംബത്തെ പട്ടിണിയിൽ എത്തിക്കാൻ ഒരു രോഗമോ അപകടമോ മതി. ആശുപത്രി ചിലവുകൾ എത്ര വരുമെന്ന് ഒരു ഉറപ്പുമില്ല. വിശ്വസിക്കാവുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇനിയും ആയിട്ടില്ല. ഈ അരക്ഷിതാവസ്ഥയിൽ നിന്നാണ് പണം എല്ലാം ചിലവാക്കാതെ “കെട്ടി വക്കാൻ” ഉള്ള ചിന്ത ആളുകൾക്ക് ഉണ്ടാകുന്നത്. എങ്ങനെയാണ് ഒരു അസുഖമോ അപകടമോ ഒരു കുടുംബത്തിന്റെ തന്നെ മൊത്തം സാമ്പത്തിക ഭദ്രത താറുമാറാക്കുന്ന ഈ സ്ഥിതി മാറ്റാൻ പറ്റുന്നത് ?

3. ഭരണത്തിലും പ്രതിപക്ഷത്തും ഉന്നത വ്യക്തി ബന്ധങ്ങൾ ഉള്ളതിനാൽ ശ്രീ ഉഴവൂർ വിജയൻറെ കുടുംബത്തിന് അതിവേഗം സഹായം കിട്ടി. കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും ഇത്തരം ബന്ധങ്ങൾ ഇല്ല. ഒരു ജനാധിപത്യ സംവിധാനത്തിൽ എല്ലാ പൗരന്മാർക്കും തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉള്ളതാണ്. പ്രശസ്തർ അല്ലാത്തവർക്കും ബന്ധങ്ങൾ ഇല്ലാത്തവർക്കും കുടുംബങ്ങളും ബാധ്യതകളും ഉണ്ടാകുമല്ലോ. എങ്ങനെ ആണ് അവർക്കും സഹായം വേഗത്തിൽ എത്തിക്കാൻ പറ്റുന്നത് ?

വല്ലപ്പോഴും ഒക്കെ ചാനൽ ചർച്ചകളിൽ ഇതും വരുമെന്ന പ്രതീക്ഷയോടെ….

Leave a Comment