പൊതു വിഭാഗം

യോനി ഇല്ലാത്ത വാസ്തു

ഐ ഐ ടി ഖരഗ്‌പൂരിൽ വാസ്തുവിനെപ്പറ്റി പഠിപ്പിക്കാൻ പോകുന്നു എന്ന് കേട്ടു. പതിവുപോലെ അനുകൂലവും പ്രതികൂലവുമായ പോസ്റ്റുകളും കമന്റുകളും കണ്ടു. അത് കൊണ്ട് അല്പം വാസ്തു ചിന്ത.

ഞാനിപ്പോൾ എൻജിനീയറും സിവിലും ഒന്നുമല്ലെങ്കിലും സിവിൽ എൻജിനീയറാകാനാണ് പഠനം തുടങ്ങിയത്. കണക്കും കെമിസ്ട്രിയും സർവേയും കഴിഞ്ഞു മൂന്നാം വർഷത്തോടെയാണ് പഠനം സിവിൽ എഞ്ചിനീയറിങ്ങിന്റെ കാതലോട് അടുക്കുന്നത്. ഫൗണ്ടേഷൻ, പൈലിങ്, കോളം, ബീം, സ്ളാബ് എന്നിങ്ങനെ കെട്ടിടത്തിന്റെ അടിസ്ഥാനമെല്ലാം എ ഐ കുരിയാക്കോസ് സാർ പറഞ്ഞു തന്നു. അതോടെ ആദ്യമായി സ്റ്റെതസ്കോപ്പ് കഴുത്തിലിടുന്ന മെഡിക്കൽ സ്റ്റുഡന്റിനെ പോലെ അല്പം ധൈര്യമൊക്കെ വന്നു തുടങ്ങി.

‘ഇതുകൊണ്ട് മാത്രം നാട്ടിൽ വീടൊന്നും വരച്ചു കൊടുക്കാൻ പറ്റില്ല കേട്ടോ.’ എന്റെ സുഹൃത്ത് Binoy പറഞ്ഞു.
‘അതെന്താ?’
ബിനോയ് കോളേജിലെ സിവിൽ വിഭാഗം തലവനായ പ്രൊഫസർ ഏലിയാസ് വർഗീസ് സാറിന്റെ മകനാണ്. ഏലിയാസ് സാർ അന്ന് കോതമംഗലത്ത് മാത്രമല്ല, എറണാകുളം ജില്ലയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന, ഏറെപ്പേർക്ക് വീടുകൾ ഡിസൈൻ ചെയ്തു കൊടുക്കുന്ന ആളാണ്. അപ്പോൾ ബിനോയ് പറയുന്നതിലും കാര്യമുണ്ടാവണം.
‘നാട്ടുകാർക്ക് വാസ്തുവനുസരിച്ചു വേണം കെട്ടിടം പണിയാൻ. ഏതു നീളത്തിലും വീതിയിലും കെട്ടിടം പണിയാമെന്നോ, എങ്ങോട്ട് ദർശനം വെക്കാമെന്നോ, കക്കൂസ് സൗകര്യം പോലെ അഡ്ജസ്റ്റ് ചെയ്യാമെന്നോ പറഞ്ഞാൽ നാട്ടുകാർ സമ്മതിക്കില്ല. എന്തിന് വീട് പണിയാൻ നല്ല മേസ്തിരിമാർ കോൺട്രാക്ട് പോലും എടുക്കില്ല’.
‘ഈ വാസ്തു ഒക്കെ ചുമ്മാ തട്ടിപ്പല്ലേ?’ നാലാം ക്‌ളാസ്സ് മുതൽ യുക്‌തിവാദം പറയുന്ന എന്നോടാ കളി.
‘വാസ്തു തട്ടിപ്പല്ല എന്ന് ഞാൻ പറഞ്ഞോ, നാട്ടുകാർ സമ്മതിക്കില്ല എന്നല്ലേ പറഞ്ഞുള്ളൂ.’

സംഗതി സത്യമാണ്. കേരളത്തിലെ ഒരു കോളേജിലും വാസ്തുവൊന്നും പഠിപ്പിക്കുന്നില്ല. എന്നാൽ കേരളത്തിൽ ആളുകൾക്ക് വീട് ഡിസൈൻ ചെയ്തു കൊടുക്കുന്ന ജോലി ചെയ്യുന്നവർ വാസ്തുവിനെപ്പറ്റി അറിയാതെ അതനുസരിച്ചു മാറ്റങ്ങൾ വരുത്താൻ തയ്യാറായില്ലെങ്കിൽ കട്ടയും പടവും മടങ്ങും.
ശരിയായാലും തെറ്റായാലും നമ്മുടെ തൊഴിലിനെ ബാധിക്കുന്ന ഒരു വിഷയത്തെപ്പറ്റി ഒന്നും അറിയാതെ പുറത്തിറങ്ങുന്നത് റിസ്ക് ആണ്. “If you want to beat your enemy, you must first study them” (Nelson Mandela ?), എന്നൊരു പ്രയോഗം ഉണ്ട്. അങ്ങനെയാണ് വാസ്തുവിനെപ്പറ്റി കൂടുതൽ അറിയണം എന്ന മോഹമുണ്ടായത്. അവസാന വർഷത്തിൽ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഒരു സെമിനാറുണ്ട്. താല്പര്യമുള്ള ഏതു വിഷയവും പഠിച്ചു പ്രസന്റ് ചെയ്യാം. വാസ്തു ആകണം എന്റെ വിഷയമെന്നാണ് മോഹം. കൂട്ടുകാരെയും ഈ വിഷയത്തിന്റെ അടിസ്ഥാനവും പ്രസക്തിയും ഒക്കെ അറിയിക്കാമല്ലോ.
ചെന്നുനിന്നത് ഇടത്തലയിൽ കൊച്ചു വല്യച്ഛന്റെ ലൈബ്രറിയിൽ. അറിയപ്പെടുന്ന ജ്യോൽസ്യനാണ് അദ്ദേഹം. താളിയോല ഗ്രന്ഥം തൊട്ടുള്ള ശേഖരമുള്ള ലൈബ്രറിയുണ്ട്. മഹാ മനുഷ്യാലയ ചന്ദ്രിക തുടങ്ങി തച്ചുശാസ്ത്രം വരെ സിവിൽ എഞ്ചിനീയറിങ്ങിന്റെ അനവധി പുസ്തകങ്ങളുണ്ട്. ഒരാഴ്ച അവിടെ ഇരുന്നു വായിച്ചു. (അന്നൊക്കെ കോളേജിൽ എപ്പോഴും സമരമാണ്, അതുകൊണ്ടു പഠിക്കാൻ സമയം കിട്ടും. Never let school interfere with your education എന്നല്ലേ എം ടി ഒന്നാമൻ പറഞ്ഞിരിക്കുന്നത്).

പഠനം ഒക്കെ കഴിഞ്ഞു, പക്ഷെ ആ വർഷം സെമിനാറിന് ഞാൻ വാസ്തു അല്ല എടുത്തത്. അതിന് ഒരു കാരണമേ ഉള്ളൂ, അത് ശാസ്ത്രം ഒന്നുമല്ല, യോനിയാണ്. അത്ര തന്നെ.
എന്താണീ വാസ്തുവും യോനിയും തമ്മിലുള്ള ബന്ധം?
അല്പം വാസ്തു ശാസ്ത്രം ആകാം. ഒരു ബ്ലോഗിൽ നിന്നും ചൂണ്ടിയതാണ് (http://vaasthusaasthram.blogspot.ch/2007/…/blog-post_16.html)
യോനി അഥവാ ദിശ.
വസ്തുശാസ്ത്രം ദിക്കുകളെ (8) ആയി തിരിച്ചിരിക്കുന്നു. അവ യഥാക്രമം ധ്വജയോനി (ഏകയോനി), ധൂമയോനി, സിംഹം (ത്രിയോനി), കുക്കുരയോനി, വ്ര്‍ഹ്ഷഭയോനി(പഞ്ചയോനി), ഖരയോനി, ഗജയോനി(സപ്തയോനി),വായസയോനി എന്നിവയാണവ. ഇതില്‍ ധ്വജയോനി, സിംഹയോനി, വ്ര്‍ഹ്ഷഭയോനി, ഗജയോനി (ഒന്ന്,മൂന്ന്,അഞ്ച്‌,ഏഴ്‌) എന്നിവ മാത്രമേ ഗൃഹനിര്‍മ്മാണത്തിനായി ഗണിക്കാറുള്ളൂ.കിഴക്ക്‌,തെക്ക്‌,പടിഞ്ഞാറ്‌,വടക്ക്‌ എന്നിവയാണ്‌ ഇവ. മൂലകള്‍ക്ക്‌ അഭിമുഖമായി വരുന്ന ധൂമം,കുക്കുരം,ഖരം,വായസം എന്നീ യോനികള്‍ വര്‍ജ്ജ്യമാണ്‌.

വാസ്തുവിൽ പരമ പ്രധാനമായ ഒരു വിഷയമാണ് വീടിന്റെ ദർശനം, ഒരു മുറിയുടെ കിടപ്പ് ഇതൊക്ക. യോനി എന്ന വാക്കില്ലാതെ വാസ്തുവിനെപ്പറ്റി ക്ലാസ്സ് എടുക്കാൻ പറ്റില്ല. അഥവാ ദിക്ക് എന്നൊക്കെ പറഞ്ഞു ഞാൻ അഡ്ജസ്റ്റ് ചെയ്യാൻ പോയാൽ സാജനും ബിനോയിയും മോഹൻലാലും ഒക്കെ കൂടി എന്നെ പൊളിച്ചടുക്കും. ആകെയുള്ള മുപ്പത്തിയാറിൽ പത്തൊമ്പതും പെൺകുട്ടികളുള്ള ക്ലാസ്സ് ആണ്, അവരുടെ മുന്നിൽ പോയി യോനീശാസ്ത്രം പറയാനുള്ള ചങ്കൂറ്റം ഒന്നും അന്നെനിക്കില്ല.

എന്താണെങ്കിലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. വാസ്തു എല്ലാം പഠിച്ചു. പിൽക്കാലത്ത് എനിക്ക് സ്വന്തം വീട് ഉണ്ടാക്കാൻ നേരത്ത് എഞ്ചിനീയറോട് മൂന്നു കാര്യങ്ങളാണ് പറഞ്ഞത്.

1 . പാടത്തേക്ക് ചെരിഞ്ഞു കിടക്കുന്ന ഭൂമി ആണ്, നിരപ്പാക്കരുത്.

2. പറമ്പിൽ ഒരു പൊട്ടക്കുളം ഉണ്ട്, അത് മൂടിക്കളയരുത്.

3. പറമ്പിലുള്ള ഒരു മരവും വെട്ടരുത്.

അപ്പൊ സാർ വാസ്തു ?
‘അത് ഞാൻ ഏറ്റു’…

‘മോനെ കണക്കൊക്കെ നോക്കിയല്ലേ കെട്ടിടം പണിഞ്ഞത് ?’ അമ്മ ചോദിച്ചു.
‘പിന്നെ ഒരു കണക്കുമില്ലാതെ കെട്ടിടം പണിയാൻ പറ്റുമോ?’ എന്ന് ഞാനും.

പിൽക്കാലത്ത് എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും എന്റെ വീടിന്റെ വാസ്തുവാണ് പ്രശ്നം എന്ന് പറഞ്ഞ ബന്ധുക്കൾ എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നല്ലതും സംഭവിക്കുന്നുണ്ടല്ലോ, അതും വാസ്തു അല്ലേ എന്ന് ഞാനും.

Leave a Comment