പൊതു വിഭാഗം

യു എന്നും മോഡൽ യു എന്നും

എല്ലാ വർഷവും ജൂൺ – ജൂലൈ മാസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നും അനവധി കുട്ടികൾ ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം സന്ദർശിക്കാൻ എത്താറുണ്ട്. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ‘മോഡൽ യു എൻ’ ന്റെ (Model United Nations) ഭാഗമായിട്ടാണ് ആ വരവ്. ഇവരിൽ മലയാളികൾ ഉണ്ടെങ്കിൽ ഞാനവരെ കാണാൻ ശ്രമിക്കാറുണ്ട്. സ്‌കൂൾ – കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ഐക്യരാഷ്ട്ര സഭയെപ്പറ്റി അറിയാൻ ശ്രമിക്കുന്നത് നല്ല കാര്യമാണ്. ആ കാലത്ത് ഐക്യരാഷ്ട്ര സഭ സന്ദർശിക്കാൻ സാധിക്കുന്നത് വളരെ കുറച്ചു പേർക്ക് മാത്രം പറ്റുന്ന കാര്യവും. ഇത്തരം അവസരങ്ങൾ ഉണ്ടെങ്കിൽ, സാമ്പത്തികമായി സാധ്യമെങ്കിൽ, കുട്ടികളെ അതിന് അയക്കണമെന്ന് ഞാൻ മാതാപിതാക്കളോടും പറയാറുണ്ട്.
 
എന്നാൽ അടുത്തിടെയായി ലോകത്തിലെ പല നഗരങ്ങളിൽ നിന്നും മോഡൽ U N ലേക്ക് ‘തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്’, അതിന് ‘ഫീസ്’ ഇത്ര ഡോളർ ആണ് എന്ന വിധത്തിൽ കുട്ടികൾക്ക് കത്തുകൾ കിട്ടുന്നു. ഇത്തരം പരിപാടികൾ U N ആയി ബന്ധപ്പെട്ടതാണോ, ഈ പരിപാടിക്ക് പോകുന്നത് U N ൽ ജോലി കിട്ടാൻ സഹായിക്കുമോ എന്നൊക്കെ ചോദിച്ച് ആളുകൾ എനിക്ക് എഴുതുന്നു. അതിനാൽ കുറച്ച് കാര്യങ്ങൾ പറയാം.
 
1. Model United Nations എന്നത് ഐക്യ രാഷ്ട്ര സഭ നേരിട്ട് നടത്തുന്ന ഒരു പരിപാടി അല്ല. ഐക്യ രാഷ്ട്രസഭ ഉണ്ടാകുന്നതിന് മുൻപ്, ലീഗ് ഓഫ് നേഷൻസ് (League of Nations) ഉണ്ടായ കാലത്ത് തന്നെ അതിന്റെ രീതികൾ പുതിയ തലമുറക്ക് മനസ്സിലാക്കാനായി സ്‌കൂളുകളും കോളേജുകളും ഇത്തരം പരിപാടികൾ നടത്തിയിരുന്നു. അതിൻറെ തുടർച്ചയായാണ് മോഡൽ
U N തുടങ്ങിയതും ഇപ്പോൾ നടത്തപ്പെടുന്നതും. ഇതിന് ആഗോളമായി ഒരു ഏജൻസിയോ മാതൃകയോ ഇല്ല. പല യൂണിവേഴ്സിറ്റികൾ പല തരത്തിൽ ഇതിനെ വികസിപ്പിച്ചിട്ടുണ്ട്.
 
2. ഇന്ത്യയിൽ ഏറെ സ്ഥലങ്ങളിലും, കേരളത്തിൽ തന്നെ പല സ്‌കൂളുകളിലും കോളേജുകളിലും ഇത്തരം പരിപാടികൾ നടത്തുന്നുണ്ട്. സാധാരണയായി ചുറ്റുവട്ടത്തുള്ള സ്‌കൂളുകളെയും കോളജുകളെയും ഇതിൽ ഉൾപ്പെടുത്താറുണ്ട്.
 
3. നടത്തുന്ന സ്ഥാപനങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് ക്ലാസ് റൂമിൽ മുതൽ U N കോൺഫറൻസ് റൂമിന്റെ മാതൃകയിൽ നിർമ്മിച്ച ഹാളുകളിൽ വരെ പരിപാടികൾ നടത്തുന്നു.
 
4. റൂമിന്റെ രീതി എന്താണെങ്കിലും ഏതെങ്കിലും ഒരു U N പ്രസ്ഥാനത്തിന്റെയോ ഉടമ്പടിയുടെയോ (പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശം, സ്ത്രീകളുടെ പ്രശ്നങ്ങൾ, ശൂന്യാകാശത്തെ സംബന്ധിച്ച ഉടമ്പടികൾ, തൊഴിൽ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികൾ) ചർച്ച എന്ന രീതിയിലാണ് മോഡൽ U N നടത്തപ്പെടുന്നത്.
 
5. ഓരോ മോഡൽ U N ലും വരുന്ന കുട്ടികൾക്ക് ഒരു റോൾ കൊടുക്കും. ചർച്ച നിയന്ത്രിക്കുന്നവർ (Administrators), ചർച്ചയിൽ പങ്കെടുക്കുന്നവർ (delegates), വിവിധ രാജ്യത്തിന്റെ പ്രതിനിധികൾ എന്നിങ്ങനെ. ചർച്ചക്ക് വരുന്നതിന് മുൻപ് തന്നെ എന്താണ് വിഷയം എന്നും ഏത് റോളാണ് കുട്ടികൾക്ക് കിട്ടാൻ പോകുന്നതെന്നും പറഞ്ഞിരിക്കും. കാലാവസ്ഥ വ്യതിയാനമാണ് വിഷയമെങ്കിൽ അമേരിക്കയുടെ റോൾ കിട്ടുന്നവർ അമേരിക്കയുടെ ഈ വിഷയത്തിലുള്ള താല്പര്യങ്ങളും നിലപാടുകളും വായിച്ചു മനസ്സിലാക്കി വേണം വരാൻ. ചൈനയുടെ റോൾ കിട്ടുന്നവരും അതുപോലെ. ഒന്നിൽ കൂടുതൽ മോഡൽ U N ൽ പങ്കെടുത്തിട്ടുള്ളവരാണ് അഡ്മിനിസ്‌ട്രേറ്റർ ആയി വരുന്നത്.
 
6. U N ൽ നടക്കുന്ന ചർച്ചകളുടെ രീതികൾ അനുകരിച്ചാണ് മോഡൽ U N മുന്നേറുന്നത്. കേരളത്തിലെ കുട്ടികൾ മാത്രം പങ്കെടുക്കുന്ന മോഡൽ U N ആണെങ്കിൽ ഈ വിഷയത്തിൽ അല്പം അറിവുണ്ടാകും, U N ന്റെ രീതികളെ കൂടുതൽ മനസ്സിലാക്കും എന്നതൊക്കെയാണ് പ്രധാന ഗുണം. വിവിധ സംസ്ഥാനങ്ങളോ രാജ്യങ്ങളോ പങ്കെടുക്കുന്ന ചർച്ചകൾ ആണെങ്കിൽ അതിന് കൂടുതൽ ഗുണം കിട്ടും, കാരണം വിവിധ നാടുകളിൽ ഉള്ളവരെ, അവരുടെ രീതികളെ, ഭാഷകളെ, രാഷ്ട്രീയത്തെ ഒക്കെ കൂടുതൽ അറിയാൻ സാധിക്കുമല്ലോ.
 
7. എത്ര രാജ്യങ്ങളിൽ നിന്നും ആളുകൾ പങ്കെടുക്കുന്നുണ്ടോ അത്രമാത്രം ഗുണകരമാണ് ഇതിൽ പങ്കെടുക്കുന്നത്. അതുപോലെ തന്നെ ജനീവയിലോ ന്യൂയോർക്കിലോ U N സന്ദർശിക്കാൻ അവസരം കിട്ടിയാൽ അത് ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാക്കും.
 
8. ഇത്തരം പരിപാടികൾ U N നേരിട്ട് നടത്തുന്ന ഒന്നല്ല, U N ൽ നിന്നും ഒരു സർട്ടിഫിക്കറ്റും ഇത്തരം പരിപാടികൾക്ക് കൊടുക്കാറില്ല.
 
9. ജനീവയിൽ U N സന്ദർശിക്കാൻ മോഡൽ U N ന്റെ ഭാഗമാകേണ്ട കാര്യമില്ല. എല്ലാ ദിവസവും പലപ്രാവശ്യം പല ഭാഷകളിൽ U N ടൂറുകൾ ഉണ്ട്. ഏതാണ്ട് ആയിരം രൂപയാണ് ഇതിന്റെ ഫീസ്. മോഡൽ U N ന്റെ ഭാഗമായി വരുന്നവരും ഈ ടൂർ തന്നെയാണ് എടുക്കുന്നത്.
 
10. U N ജോലിക്ക് അപേക്ഷിക്കുമ്പോൾ മോഡൽ U N ൽ പങ്കെടുത്തു എന്നതിന് പ്രത്യേകിച്ച് ഒരു സ്കോറും കൊടുക്കാറില്ല.
 
11. കുട്ടികൾ ഏറ്റവും മനസ്സിലാക്കേണ്ട കാര്യം മോഡൽ U N ൽ നിങ്ങൾ ചെയ്യുന്ന റോൾ (ഡെലിഗേറ്റ്) അല്ല, U N ൽ ജോലി എടുക്കുന്നവർ ചെയ്യുന്നത്. യഥാർത്ഥ U N ൽ ഡെലിഗേറ്റ് ആയി വരുന്നവർ ഓരോ അംഗ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. ഓരോ രാജ്യത്തെയും വിദേശകാര്യ വകുപ്പിലോ, മറ്റു മന്ത്രാലയങ്ങളിലോ ഉള്ളവരും, രാഷ്ട്രീയ നേതാക്കളും ഒക്കെയാണ് U N ൽ ഡെലിഗേറ്റ് ആയി വരുന്നത്. ഇത്തരം ചർച്ചകൾക്ക് അവസരം ഉണ്ടാക്കുക, സാങ്കേതിക വിഷയങ്ങളിൽ അടിസ്ഥാനമായ വസ്തുതകളും റിപ്പോർട്ടുകളും മുന്നോട്ടുവെക്കുക, നടത്തിപ്പിന്റെ സാങ്കേതിക വശങ്ങൾ സെഷൻ അധ്യക്ഷന്മാർക്ക് പറഞ്ഞുകൊടുക്കുക, വിവിധ ഭാഷകൾ പരസ്പരം തർജ്ജമപ്പെടുത്തുക, മറ്റു തരത്തിലുള്ള ലോജിസ്റ്റിക്സ് (യാത്ര, ഭക്ഷണം, സുരക്ഷ) ശരിയാക്കുക ഇതൊക്കെയാണ് ഞങ്ങൾ U N ജോലിക്കാർ ചെയ്യുന്നത്. മോഡൽ U N ലെ ചൂടേറിയ രസകരമായ ചർച്ചകൾ കണ്ടിട്ട് അത്തരം കാര്യങ്ങൾ ചെയ്യാനായി U N ൽ ജോലിക്ക് വന്നാൽ നിരാശയാകും ഫലം.
 
12. U N ന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്തും മറ്റു പരിശീലനം വാഗ്ദാനം ചെയ്തും ഏറെ തട്ടിപ്പുകൾ ഇന്റർനെറ്റ് ലോകത്ത് നടക്കുന്നുണ്ട്. U N എന്ന് പേരിനോട് ചേർത്ത് എന്തെങ്കിലും വെബ്‌സെറ്റ് രെജിസ്റ്റർ ചെയ്യാൻ വളരെ എളുപ്പമാണ്. അതുകൊണ്ട് U N ൽ നിന്നും കോൺഫറൻസിനോ മറ്റോ ക്ഷണം വന്നാൽ സത്യാവസ്ഥ അന്വേഷിച്ച ശേഷം വേണം പോകാനും പണം നൽകാനും.
 
ആദ്യമേ പറഞ്ഞത് പോലെ മോഡൽ U N ൽ പങ്കെടുക്കുന്നത് വളരെ നല്ലതാണെന്നാണ് എൻറെ അഭിപ്രായം. അതിന് കൂടുതൽ പണം മുടക്കുന്നതിന് മുൻപ്, അത് എന്താണ് അല്ലെങ്കിൽ എന്തല്ല എന്ന് അറിഞ്ഞിരിക്കുക കൂടി വേണം.
 
മുരളി തുമ്മാരുകുടി

Leave a Comment