യുദ്ധത്തെപ്പറ്റി ആദ്യമായി കേട്ടത് അച്ഛന്റെയടുത്തു നിന്നാണ്.
മഹാഭാരതയുദ്ധം അച്ഛൻ വർണ്ണിക്കുമ്പോൾ അതെന്റെ മനസ്സിന്റെ കണ്ണാടിയിൽ തെളിയും. വീടിന്റെ പടിഞ്ഞാറെ പാടം പോലെ അന്തമില്ലാതെ കിടക്കുന്ന കുരുക്ഷേത്രത്തിൽ രഥങ്ങൾ പായുന്നതും, ഗദകൾ ഏറ്റുമുട്ടുന്നതും, ആഗ്നേയാസ്ത്രവും പാശുപതവുമൊക്കെ ചീറിപ്പായുന്നതും ഇന്നും എന്റെ മനക്കണ്ണിൽ
ഉണ്ട്. അശ്വത്ഥാമാവിന്റെ രാത്രിയുദ്ധം മുതൽ ഗാന്ധാരീവിലാപം വരെയുള്ള യുദ്ധത്തിന്റെ ഭീകരത മനസ്സിലാകുന്ന കഥകൾ അച്ഛൻ പറഞ്ഞില്ല. കുട്ടിയെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയായിരിക്കും. അതിനാൽ ധർമ്മയുദ്ധം അത്ര മോശമല്ല എന്ന ചിന്തയായിരുന്നു മനസ്സിൽ ബാക്കി. പക്ഷെ യുദ്ധത്തിൽ ഇരു ഭാഗത്തും വൻ നാശനഷ്ടങ്ങൾ ഉണ്ടായെന്നും പോരാളികളിൽ വളരെ കുറച്ചു പേർ (ഇരുപതിൽ താഴെ) മാത്രമാണ് ബാക്കി ആയതെന്നും പുരാണത്തിൽ പറയുന്നു.
“കൊല്ലാതെ കൊള്ളാഞ്ഞതെന്തെവൻ തന്നെ നീ
കൊല്ലിക്കയത്രെ തന്നെ നിനക്ക് രാസമെടോ”
എന്നൊക്കെ ഗാന്ധാരി കൃഷ്ണനോട് ചങ്കു പൊട്ടി പറയുന്നതൊന്നും സാധാരണഗതിയിൽ നമ്മുടെ മനസ്സിൽ നിൽക്കാറില്ല. വീരമൃത്യുവിന്റെ പുകഴ്ത്തൽ ആണ് യുദ്ധത്തിന്റെ ബാക്കിപത്രം ആയി ഏതു രാജ്യത്തിന്റെയും മനസ്സിൽ കിടക്കുന്നത്.
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിലാണ് എന്റെ ഓർമ്മയിലെ ആദ്യത്തെ യുദ്ധം ഉണ്ടാകുന്നത്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ. മാളികയിലെ കേരളൻചേട്ടനാണ് (എസ് കെ എന്ന് വിളിപ്പേര്, അന്നും ഇന്നും എന്റെ ഒരു ഹീറോ ആണ്) യുദ്ധത്തെപ്പറ്റി പറഞ്ഞുതന്നത്. അന്നെനിക്ക് ഏഴുവയസ്സാണ്, ചേട്ടന് പത്തും. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും അതിർത്തിയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു. അന്ന് ടി വി ഒന്നുമില്ല. റേഡിയോയിൽ ശങ്കരനാരായണൻ പറയുന്ന വാർത്തകളേയുള്ളു വിവരങ്ങളറിയാൻ, അതും രണ്ടോ മൂന്നോ മിനിറ്റ്. കേരളൻചേട്ടന് യുദ്ധകാര്യത്തിൽ നല്ല താല്പര്യമുണ്ട്. രാവിലെ തുമ്മാരുകുടിയിൽ പത്രം വരാൻ ഒൻപത് മണിയാകും, എട്ടു മണിക്ക് ഞങ്ങൾക്ക് സ്കൂളിൽ പോകണം, അപ്പോൾ തലേദിവസത്തെ യുദ്ധ വാർത്ത അറിയാൻ പറ്റില്ല. അതുകൊണ്ടുതന്നെ അതിരാവിലെ അഞ്ചുമണിക്ക് ഞങ്ങൾ രണ്ടുപേരും വെങ്ങോലക്കവലയിൽ പോകും. അവിടെ പത്രക്കെട്ടുകൾ ഇടുന്ന ഉടനെ അതിൽനിന്നും ഞങ്ങളുടെ മനോരമയും മാതൃഭൂമിയും സംഘടിപ്പിച്ച് ചൂണ്ടമല കയറിവരുന്ന സമയത്ത് ചേട്ടൻ അതു വായിച്ച് യുദ്ധ വിശേഷങ്ങൾ പറയും. നാറ്റ് വിമാനത്തെപ്പറ്റിയും മുക്തിബാഹിനിയെപ്പറ്റിയും റഷ്യ നമ്മുടെ സുഹൃത്താണെന്നും അമേരിക്ക പാരയാണെന്നും ഒക്കെ പറഞ്ഞുതരും. ഓരോ യുദ്ധമുന്നേറ്റവും വർണ്ണിക്കുമ്പോൾ എന്റെ ദേശസ്നേഹം ഉണരുകയും അതിരുകടക്കുകയും ചെയ്തതിനാൽ വരുന്ന വഴിയിലെ കാടെല്ലാം, അവയൊക്കെ ശത്രുസൈന്യമാണെന്ന സങ്കൽപ്പത്തിൽ, ഞാൻ വടിയെടുത്ത് അടിച്ചുപരത്തും.
യുദ്ധത്തിന്റെ ദുരിതങ്ങളെപ്പറ്റി ചേട്ടനും പറഞ്ഞില്ല. മനഃപൂർവമായിരിക്കില്ല. അന്നത്തെയെന്നല്ല, സ്വതന്ത്ര ഇന്ത്യയിലെ ഒരു യുദ്ധത്തിലും കേരളത്തിന് നേരിട്ട് ദുരന്താനുഭവങ്ങൾ ഒന്നുമില്ലല്ലോ. കുറച്ച് മലയാളി സൈനികർ മരിക്കും. അവരുടെ കുടുംബങ്ങൾക്ക് അതൊരു തീരാദുഃഖമായിരിക്കും, സമൂഹത്തിന് വീരാരാധനക്കുള്ള അവസരവും. എന്നാൽ പിൽക്കാലത്ത് ബംഗ്ളാദേശ് യുദ്ധത്തെ പറ്റി ഇന്ത്യയിലും പാകിസ്താനിലും ബംഗ്ളാദേശിലും ഇംഗ്ലീഷിൽ എഴുതിയതെല്ലാം ഞാൻ വായിച്ചു. യുദ്ധം തുടങ്ങിയത് ഡിസംബറിൽ ആണല്ലോ, എന്നാൽ മാർച്ച് മുതൽ ബംഗ്ലാദേശിലെ ജനങ്ങൾ ദുരിതത്തിൽ ആയിരുന്നു. ദശ ലക്ഷക്കണക്കിന് ആളുകൾ അവിടെ നിന്ന് ഓടി ഇന്ത്യയിൽ അഭയം പ്രാപിച്ചു. യുദ്ധത്തിൽ നേരിട്ടും, യുദ്ധത്തിൽനിന്ന് പലായനം ചെയ്തും, കോളറയും മറ്റസുഖങ്ങളും ബാധിച്ചും പതിനായിരങ്ങളാണ് മരിച്ചത്. ബലാൽസംഗം ചെയ്യപ്പെട്ട ബംഗ്ലാദേശി സ്ത്രീകളുടെ എണ്ണം ലക്ഷങ്ങളിൽ വരും. ബംഗ്ലാദേശ് എന്ന രാജ്യം ഉണ്ടാകുമെന്നുറപ്പായപ്പോൾ ധാക്കയിലെ ബുദ്ധിജീവികളെ എല്ലാം വളഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്തു. നമുക്ക് ആ യുദ്ധത്തിന്റെ ഓർമ്മകൾ വീര സ്മരണകൾ ആണെങ്കിലും യുദ്ധം എന്നാൽ ദുരിതമാണെന്ന് ബംഗ്ലാദേശുകാർക്ക് അറിയാം.
യുദ്ധങ്ങൾ പിന്നെയും അനവധി നടന്നു. ആ വിഷയത്തിൽ താല്പര്യമുള്ളതിനാലും കേരളൻ ചേട്ടന്റെ ഗുരുത്വം ഉളളതിനാലും എഴുപത്തിമൂന്നിലെ അറബ്-ഇസ്രായേൽ യുദ്ധം മുതൽ കുവൈറ്റിലെ യുദ്ധം വരെ എല്ലാം സസൂഷ്മം ശ്രദ്ധിച്ചു. രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് എഴുതിയ “Tora Tora Tora”യും “Battle of Britain” ഉം “A bridge too far” ഉം ഒക്കെ വായിച്ചു, സിനിമകൾ കണ്ടു. എല്ലാം നമ്മെ ത്രസിപ്പിക്കുന്ന കഥകളാണ്. വായിച്ചിട്ടില്ലാത്തവർ വായിക്കണം കേട്ടോ. പക്ഷെ അവയിൽ ഒക്കെ സ്ട്രാറ്റജിയും ടാക്ടിക്സും ഒക്കെ ആണ് മുന്നിൽ നിൽക്കുന്നത്, മനുഷ്യന്റെ ദുരന്തം അല്ല.
രണ്ടായിരത്തിമൂന്നിൽ ഐക്യരാഷ്ട്രസഭയിൽ ചേർന്നതിനുശേഷമാണ് യുദ്ധം നടന്ന സ്ഥലങ്ങൾ നേരിട്ടുകാണുന്നത്. ഇറാഖ് മുതൽ സിറിയ വരെ, പലസ്തീൻ മുതൽ കോംഗോ വരെ. യുദ്ധത്തിൽ തകർന്ന നഗരങ്ങൾ, നശിച്ച പ്രകൃതി, തളർന്ന മനുഷ്യർ. യുദ്ധം ഏതു കാലത്തോ ദേശത്തോ ഏത് കാരണം കൊണ്ടുണ്ടായതാണെങ്കിലും യുദ്ധത്തിനെല്ലാം ഒറ്റ മുഖമാണ്. പ്രതീക്ഷകൾ നഷ്ടപ്പെട്ട നിസ്സഹായനായ മനുഷ്യന്റെ !
യുദ്ധത്തിൽ പങ്കെടുക്കുന്ന പട്ടാളക്കാരുടെയും ബോംബിംഗിലോ അല്ലാതെയോ യുദ്ധത്തിനു നടുവിൽ പെടുന്ന സിവിലിയൻമാരുടെയോ മരണവും ദുരിതവും ഒക്കെയാണ് നാം സിനിമയിൽ ഒക്കെ കാണുന്നത്. പക്ഷെ ചരിത്രത്തിനും കാമറക്കും പുറത്താണ് കൂടുതൽ ദുരിതവും. യുദ്ധം തുടങ്ങിയാൽ സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും യുദ്ധത്തിലേക്ക് തിരിയും. അതിന് വേണ്ടി രാജ്യത്തെ വിഭവങ്ങൾ എല്ലാം ഉപയോഗിക്കും. കൃഷിപ്പണി ചെയ്തവരെ നിർബന്ധമായി യുദ്ധത്തിന് വിടും. വിത്തും വളവും കിട്ടാതാകും. ഭക്ഷണത്തിന് ക്ഷാമം വരുന്നതോടെ ആളുകളുടെ രോഗപ്രതിരോധശേഷി കുറയുന്നു. (ലൈബീരിയയിലെ ഉപരോധകാലത്ത് മാവിന്റെ ഇല പറിച്ചുതിന്നു ജീവിച്ചവരെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്). ആശുപത്രികളിൽ മരുന്നും വൈദ്യുതിയും മറ്റു സൗകര്യങ്ങളും ഉണ്ടാകില്ല. ഡോക്ടർമാർ പലപ്പോഴും നാട് വിടും. അപ്പോൾ ഒരു ചെറിയ വയറിളക്കം പോലും ആളുകളെ കൊല്ലും. യുദ്ധം നീണ്ടുനിൽക്കുന്നതോടെ രാജ്യത്തെ അഭ്യസ്തവിദ്യരെല്ലാം നാടുവിടാൻ ശ്രമിക്കും. സിറിയയിലും മറ്റും ധാരാളം അധ്യാപകരും മറ്റു ജോലിക്കാരും ഒക്കെ ഇങ്ങനെ നാടുകടന്നു. അപ്പോൾ പുതിയ തലമുറയെ പരിശീലിപ്പിക്കാൻ ആരും ഉണ്ടാകില്ല. ഒരു തലമുറ മുഴുവൻ യുദ്ധം ചെയ്തതിനാൽ കൃഷിയും വീടുണ്ടാക്കുന്ന പണിയും ഒക്കെ മറന്നു പോയ നാടുകൾ ഞാൻ കണ്ടിട്ടുണ്ട്. തലമുറകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത സൗകര്യങ്ങളും സമൂഹബന്ധങ്ങളും യുദ്ധം താറുമാറാക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന യുദ്ധം ശരാശരി ഒരു രാജ്യത്തെ പത്തു വർഷം പിന്നോട്ടടിക്കും. പോരാത്തതിന് അടുത്ത യുദ്ധത്തിന്റെ വിത്തിട്ടിട്ടാണ് ഓരോ യുദ്ധത്തിന്റെ ശവശരീരവും മറവുചെയ്യപ്പെടുന്നത്.
മലയാളികൾ യുദ്ധം നേരിട്ടുകണ്ടിട്ട് നൂറ്റാണ്ടുകളായി. ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് അവസാനം കേരളഭൂമിയിൽ യുദ്ധസമാനമായ സാഹചര്യമുണ്ടാകുന്നത്. അത് കൊണ്ട് നമ്മൾ യുദ്ധം എന്താണെന്ന് കണ്ടിട്ടില്ല. കണ്ണൂരിൽ പൊട്ടുന്ന ഏറു പടക്കത്തെ ആണ് നമ്മൾ ബോംബായി കൂട്ടിയിരിക്കുന്നത്. ഹർത്താലിനുണ്ടാകുന്ന അടിപിടിയുടെ “ഇമ്മിണി വല്യ ഒന്നായിട്ടാണ്” നാം യുദ്ധത്തെ സങ്കൽപ്പിക്കുന്നത്. അതുകൊണ്ടാണ് പാകിസ്ഥാനും ചൈനയുമൊക്കെയായി സംഘർഷത്തിന്റെ വാർത്തകൾ വരുമ്പോൾ നമുക്ക് ക്രിക്കറ്റ് മത്സരം വരുന്നതുപോലെയുള്ള ഉത്സാഹം തോന്നുന്നത്. യുദ്ധം കണ്ടിട്ടുള്ള നാടുകളിൽ അത് യുദ്ധത്തിൽ ജയിച്ച ബ്രിട്ടനായാലും തോറ്റ ജർമ്മനി ആയാലും യുദ്ധത്തെപ്പറ്റിയുള്ള ചിന്ത കൂടുതൽ തണുപ്പനാണ്. അത് കൊണ്ടാണ് അവിടെ യുദ്ധത്തിനെതിരെ സമൂഹത്തിൽ കൂടുതൽ എതിർപ്പുണ്ടാകുന്നതുമാണ്. യുദ്ധത്തെ പറ്റി ആവേശം കൊള്ളുന്നവർ ഐക്യ രാഷ്ട്ര സഭയുടെ സമാധാന സേനയിൽ ജോലി ചെയ്ത ഏതെങ്കിലും പട്ടാളക്കാർ ഉണ്ടെങ്കിൽ അവരോട് ഒന്ന് സംസാരിച്ചാൽ മതി.
ക്രിസ്റ്റഫർ നോളന്റെ ഡൺകിർക്ക് എന്ന സിനിമ കണ്ടതാണ് ഈ പോസ്റ്റിന് പ്രചോദനം.
രണ്ടാം ലോകമഹായുദ്ധത്തിലെ സുപ്രധാനവും ആവേശകരവുമായ ഒരു അധ്യായമാണ് ഡൺകിർക്ക്. ജർമ്മൻ പടയോട്ടത്തിൽ പിടിച്ചുനിൽക്കാനാകാതെ പിൻവാങ്ങുന്ന ബ്രിട്ടീഷ് പട്ടാളം (ബെൽജിയം, ഡച്ച് ഒക്കെയുണ്ട്. ബ്രിട്ടീഷ് പട്ടാളത്തിന്റെ കൂടെ ഇന്ത്യൻ പട്ടാളവുമുണ്ട്). ബ്രിട്ടന്റെ തീരത്തുനിന്നും ഏതാണ്ട് നൂറുകിലോമീറ്റർ ഇക്കരെയാണ് ഫ്രഞ്ച് തീരത്തെ ഡൺകിർക്ക്. നാലുലക്ഷത്തോളം സൈനികരാണ് ഡൺകിർക്കിൽ ജർമ്മൻ സൈന്യത്തിനും കടലിനുമിടയിൽ കുടുങ്ങിയത്. ജർമ്മൻ കരസേനയെ ഫ്രഞ്ച് സൈന്യം തടഞ്ഞുനിർത്തിയിരിക്കുകയാണ്. കൂടിയാൽ ഒരാഴ്ചയേ ഫ്രഞ്ച് സൈന്യത്തിന് പിടിച്ചു നിൽക്കാൻ പറ്റൂ , അതിനകം ബ്രിട്ടീഷ് സൈന്യത്തെ കടൽ കടത്തണം. അതിനായി ബ്രിട്ടനിൽ നിന്നയക്കുന്ന വലിയ കപ്പലുകളെല്ലാം ജർമ്മനിയുടെ വിമാനങ്ങൾ ബോംബ് വെച്ചുതകർക്കുന്നു. ഇതിനെ ബ്രിട്ടന്റെ എയർഫോഴ്സ് നേരിടുന്നു. ഈ യുദ്ധത്തിന്റെ ഭയാനകതയാണ് സിനിമ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്.
ഡൺകിർക്കിലെ ഏറ്റവും ആവേശകരമായ ചരിത്രം പക്ഷെ പട്ടാളക്കാരുടേതല്ല. വലിയ കപ്പലുകൾ ആക്രമണത്തിന് വിധേയമായതിനാലും പിൽക്കാലയുദ്ധത്തിന് അത് ആവശ്യമായതിനാലും വലിയ കപ്പലുകൾ ഉപയോഗിച്ച് ആളുകളെ രക്ഷപെടുത്തുന്നത് ബ്രിട്ടൻ നിർത്തിവെക്കുന്നു. ഇത് പട്ടാളക്കാരെ നിരാശനാക്കുന്നു. പക്ഷെ, ബ്രിട്ടനിലെ സാധാരണക്കാരായ ബോട്ടുടമകളോട് ഡൺകിർക്കിൽ എത്തി സൈനികരെ രക്ഷിക്കാൻ ചർച്ചിൽ ആഹ്വനം ചെയ്തു. ‘അതൊന്നും നടക്കുന്ന കാര്യമല്ല’ എന്നാണ് സൈന്യം വിചാരിച്ചത്. പക്ഷെ, അവരെ അതിശയപ്പെടുത്തി ആയിരക്കണക്കിന് സാധാരണക്കാർ, മുക്കുവർ, ഫെറി നടത്തുന്നവർ, സ്വന്തം ബോട്ടുള്ളവർ, ഇവരെല്ലാം കൂട്ടമായി ഫ്രഞ്ച് തീരത്തേക്ക് കുതിക്കുകയാണുണ്ടായത്. മുപ്പതിനായിരം സൈനികരെ രക്ഷപെടുത്താമെന്ന് സൈന്യം കണക്കുകൂട്ടിയ സ്ഥാനത്ത് ഒഴുകിയെത്തിയ മൂന്നുലക്ഷത്തി മുപ്പതിനായിരം പേരെയാണ് രക്ഷപെടുത്തി ചെറുവള്ളത്തിലും ബോട്ടിലുമായി ബ്രിട്ടിഷുകാർ കരയിലെത്തിച്ചത്. തോറ്റോടി മനസ്സുമടുത്ത് ഫ്രാൻസിൽ എത്തിയവരെ യുദ്ധജേതാക്കളെ പോലെയാണ് കടൽത്തീരം മുതൽ അവരുടെ ഗ്രാമങ്ങളിൽ വരെ ജനം എതിരേറ്റത്. തിരിച്ചുവന്ന സൈനികരെ അഭിസംബോധന ചെയ്ത് ചർച്ചിൽ നടത്തിയ പ്രസംഗം ഇന്നും ലോകത്തെ ചരിത്രം മാറ്റിയെഴുതിയ പത്തു പ്രസംഗങ്ങളിൽ ഒന്നാണ്.
“Even though large tracts of Europe and many old and famous States have fallen or may fall into the grip of the Gestapo and all the odious apparatus of Nazi rule, we shall not flag or fail.
We shall go on to the end, we shall fight in France,
we shall fight on the seas and oceans,
we shall fight with growing confidence and growing strength in the air, we shall defend our Island, whatever the cost may be,
we shall fight on the beaches,
we shall fight on the landing grounds,
we shall fight in the fields and in the streets,
we shall fight in the hills;
we shall never surrender”
അവസരത്തിനൊത്തുയർന്ന ശരാശരി നാട്ടുകാരുടെ കഥയാണ് ഡൺകിർക്കിൽ എന്നെ എപ്പോഴും ആവേശഭരിതനാക്കുന്നത്. പക്ഷെ ഒരു മിനിറ്റിൽ താഴെയുള്ള ഒരു സീനിൽ നോളൻ ഇത് ഒതുക്കിക്കളഞ്ഞു. അല്ലെങ്കിൽത്തന്നെ നോളന്റെ സിനിമകളൊന്നും അതിലെ ശാസ്ത്രത്തിന്റെയോ ചരിത്രത്തിന്റെയോ കൃത്യതക്ക് വേണ്ടിയല്ലല്ലോ കാണേണ്ടത്. കാശുമുടക്കി ഉണ്ടാക്കിയതായിരിക്കും, കണ്ടാൽ അടിപൊളിയായിരിക്കും. ഒരു വിഷ്വൽ ട്രീറ്റ്. അത്ര തന്നെ ഇതും..
ഒരുപദേശം: D Box -ൽ പോയിരുന്ന് ഡൺകിർക്ക് കാണരുത്, നടു ഉളുക്കും.
Leave a Comment