പൊതു വിഭാഗം

യാമാസുക്രോയിലെ ജോസ് പ്രകാശ്…

2017 ഡിസംബറിൽ ഞാൻ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ഒരു ഗവേർണിംഗ് മീറ്റിംഗിൽ പങ്കെടുക്കാനായി നൈറോബിയിലെത്തി. ലോകത്തെന്പാടുനിന്നും നൂറിലേറെ മന്ത്രിമാർ, മൂന്നോ നാലോ രാഷ്ട്രത്തലവന്മാർ, ആയിരക്കണക്കിന് ഉദ്യോഗസ്‌ഥർ, സിവിൽ സൊസൈറ്റി അംഗങ്ങൾ ഇവരൊക്കെ പങ്കെടുക്കുന്ന മീറ്റിംഗാണ്.
 
അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് ഇക്കാലത്ത് ഒരു പ്രത്യേക രീതിയുണ്ട്. സമ്മേളനത്തിന് വരുന്ന എല്ലാ ആളുകളും പങ്കെടുക്കുന്ന പ്ലീനറി സെഷൻ ആദ്യം. അതിന് ശേഷം പല ചെറിയ ചെറിയ കോൺഫറൻസ് റൂമുകളിൽ സമാന്തര സെഷനുകൾ. ഈ സമാന്തര സെഷനുകൾ സംഘടിപ്പിക്കുന്ന ജോലിയാണ് പലപ്പോഴും ഞങ്ങൾക്ക് ഉള്ളത്.
 
ഓരോ സമ്മേളനം നടക്കുന്നതിനും ഒരു വർഷം മുൻപേ ഇത്തരം സമാന്തര സെഷനുകൾക്കുള്ള തയ്യാറെടുപ്പ് തുടങ്ങും. ഓരോ സമാന്തര സമ്മേളനവും ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയാണ്. അഞ്ചു പേരെങ്കിലും സംസാരിക്കാൻ ഉണ്ടാകും. ഒന്നോ രണ്ടോ മന്ത്രിമാർ ഉറപ്പായും കാണും, ഉന്നത ഉദ്യോഗസ്‌ഥർ വേറെയും. സിവിൽ സൊസൈറ്റിയിൽ നിന്നും ആളുകൾ ഉണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവരെയൊക്കെ നെയ്‌റോബിയിൽ എത്തിക്കണം, ഹോട്ടൽ അറേഞ്ച് ചെയ്യണം, രാഷ്ട്രത്തലവന്മാർ ഉള്ള മീറ്റിംഗ് ആയതിനാൽ സെക്യൂരിറ്റി കർശനമായിരിക്കും. പ്രസംഗിക്കാൻ ഉള്ളവരെ മീറ്റിംഗ് റൂമിൽ എത്തിക്കുക എന്നത് തന്നെ ഭാരിച്ച ചടങ്ങാണ്. അവിടെ ഓഡിയോ വിഷ്വൽ മുതൽ ട്രാൻസ്‌ലേഷൻ വരെ ഉണ്ടെന്ന് ഉറപ്പു വരുത്തണം.കുറഞ്ഞത് പത്തു പേരെങ്കിലും ശ്രമിച്ചാലേ ഒരു സെഷൻ നന്നായി കൊണ്ട് പോകാൻ പറ്റൂ.
 
ഇനിയാണ് യഥാർത്ഥ വെല്ലുവിളി. വലിയ മീറ്റിംഗിന്റെ സമയത്ത് അഞ്ചു മുതൽ പത്തുവരെ സമാന്തര സെഷനുകൾ ഉണ്ടായിരിക്കും. ഇവ പല സ്ഥലത്തായിരിക്കും. ജപ്പാനിൽ ഒരിക്കൽ ഞാൻ പോയപ്പോൾ മീറ്റിംഗുകൾ നഗരത്തിന്റെ തന്നെ പല ഭാഗത്തായിരുന്നു. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ബസിലെത്താൻ അരമണിക്കൂർ എടുക്കും. മീറ്റിംഗിന് തുടക്കത്തിൽ മൂവ്വായിരം ആളുകൾ ഉണ്ടായിരിക്കും, ഇവരിൽ ഭൂരിഭാഗവും പരസ്പരം ബന്ധങ്ങളുണ്ടാക്കാനുള്ള അവസരമായിട്ടാണ് വലിയ മീറ്റിംഗുകളെ കാണുന്നത്. അപ്പോൾ ഭൂരിഭാഗം പേരും സമാന്തര സെഷനുകൾക്കൊന്നും വരില്ല. അവസാനം പത്തു സംഘാടകരും അഞ്ചു പ്രസംഗികരുമുള്ള മീറ്റിംഗിൽ വിരലിലെണ്ണാൻ മാത്രമേ കേൾവിക്കാർ ഉണ്ടാകാറുള്ളൂ. ഒരിക്കൽ ഇത്തരം ഒരു ലോക സമ്മേളനത്തിൽ രണ്ടു രാഷ്ട്രത്തലവന്മാരും മൂന്നു മന്ത്രിമാരും ഉണ്ടായിരുന്ന സെഷനിൽ മൊത്തം അഞ്ചു കാണികളേ ഉണ്ടായിരുന്നൂ എന്ന് കണ്ട് പാവം തോന്നി ഞാൻ അവിടെ കയറിയിരിന്നിട്ടുണ്ട്. അവരുടെ രാജ്യത്താണെങ്കിൽ നേരിൽ കാണാൻ പോലും കിട്ടാത്ത ആളുകളാണെന്നോർക്കണം.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ഞാൻ നെയ്‌റോബിയിൽ നടക്കുന്പോൾ ഒരു കോൺഫറൻസ് റൂമിൽ റൂം കവിഞ്ഞ് പുറത്തേക്ക് ആളുകൾ തിങ്ങിനിൽക്കുന്നു. എനിക്ക് അതിശയം തോന്നി.
 
“ആരാണിവിടെ സംസാരിക്കുന്നത് ?” ഞാൻ പുറത്തു നിന്ന ഒരു കെനിയൻ സഹപ്രവർത്തകയോട് ചോദിച്ചു.
“നീ അറിയും, ദിയ മിർസ ആണ്”
“ദിയ മിർസ?” ഞാൻ കണ്ണുമിഴിച്ചു.
“ബോളിവുഡ് നടിയാണ്. യു എന്നിന്റെ ഗുഡ്‌വിൽ അംബാസ്സഡറും”
ഹിന്ദി സിനിമകൾ കാണുന്ന ഒരാളല്ല ഞാൻ, അതുകൊണ്ടാണ് ഞാൻ അവരെ അറിയാതിരുന്നത്. ഞാൻ ആ സെഷനിൽ പോയി. വളരെ നല്ല ഒരു സ്പീച് അവർ നടത്തി, ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു.
 
ആഫ്രിക്കയിൽ സഞ്ചരിക്കുന്പോൾ ഹിന്ദി സിനിമയിലെ നടന്മാരും നടിമാരും അവിടെ എത്രമാത്രം പോപ്പുലർ ആണെന്ന് കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്. ഈജിപ്ത് മുതൽ നൈജീരിയ വരെ ഉഗാണ്ട മുതൽ മൊറോക്കോ വരെ എവിടെയും ഹിന്ദി സിനിമ എത്തുന്നുണ്ട്, അമിതാബ് ബച്ചനെ അറിയാത്ത ഒരാളെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഞാൻ കണ്ടിട്ടില്ല.
പക്ഷെ അതിഗംഭീരമായ, ബൗദ്ധികം എന്നൊക്കെ നമുക്കഭിപ്രായമുള്ള മലയാള സിനിമയെപ്പറ്റി അവിടെയാരും കേട്ടിട്ടില്ല. ലോകമറിയാവുന്ന മഹാ നടൻ, ലോക പ്രശസ്ത സംവിധായകൻ എന്നൊക്കെ നാം പൊക്കിപ്പറയുന്പോൾ, പറയുന്നവർ അറിയുന്ന ലോകം എവിടെയാണെന്ന് ഞാൻ ചിലപ്പോൾ ചിന്തിച്ചിരുന്നു…
 
പക്ഷേ 2013 ൽ ആ ചിന്ത മാറി.
പശ്ചിമാഫ്രിക്കയിലെ ഐവറി കോസ്റ്റ് എന്ന രാജ്യത്ത് ആഭ്യന്തരയുദ്ധം കഴിഞ്ഞതിന് ശേഷം പുനർ നിർമ്മാണത്തിനുള്ള പാരിസ്ഥിതിക പഠനം നടത്താനെത്തിയതായിരുന്നു ഞാൻ. 1960 ൽ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അതിവേഗം വളർച്ചയാർജ്ജിച്ച ഒരു രാജ്യമാണ് ഐവറി കോസ്റ്റ്. എങ്ങനെയാണ് പുതിയതായി സ്വതന്ത്രമായ രാജ്യങ്ങൾക്ക് സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് പുരോഗതി നേടാൻ പറ്റുന്നത് എന്നതിന് ഉദാഹരണമായി ലോകം ചൂണ്ടിക്കാണിച്ചിരുന്നത് ഐവറി കോസ്റ്റിനെ ആയിരുന്നു.
 
ഇക്കാലത്തൊക്കെ ഐവറി കോസ്റ്റിലെ പ്രസിഡന്റായിരുന്നത് ഫെലിക്സ് ബോണി ആയിരുന്നു. ഇരുപത് വർഷം പ്രസിഡന്റായിരിക്കുകയും, രാജ്യം അതിവേഗതയിൽ വികസിക്കുകയും, ലോകത്തിന്റെ ശ്രദ്ധ ആർജിക്കുകയും ചെയ്തപ്പോൾ സാധാരണ നേതാക്കൾക്ക് ഉണ്ടാകുന്ന ഒരു മാറ്റം അദ്ദേഹത്തിനും സംഭവിച്ചു. താൻ ഒരു സംഭവമാണെന്ന് അദ്ദേഹത്തിന് തോന്നി.
 
അതുകൊണ്ടു തന്നെ രാജ്യത്തിൻറെ തലസ്ഥാനം അബിജാൻ എന്ന തീരദേശ നഗരത്തിൽ നിന്നും സ്വന്തം ഗ്രാമമായ യാമാസുക്രോയിലേക്ക് മാറ്റാം എന്നദ്ദേഹം തീരുമാനിച്ചു. തിരുവായ്‌ക്ക് എതിർവാ ഇല്ലല്ലോ.
 
ആധുനികമായ ഒരു തലസ്ഥാനം അദ്ദേഹം യാമാസുക്രോയിൽ നിർമ്മിച്ചു. പാർലിമെന്റ് മന്ദിരം, പ്രസിഡന്റിന്റെ കൊട്ടാരം, പഞ്ച നക്ഷത്ര ഹോട്ടലുകൾ, ഗോൾഫ് കോഴ്‌സുകൾ, വിമാനത്താവളം എല്ലാം.
 
സാധാരണ വിമാനത്താവളം അല്ല, അന്ന് ലോകത്തുള്ളതിൽ ഏറ്റവും ആധുനികമായ കോൺകോർഡ് എന്ന വിമാനത്തിന് പോലും ഇറങ്ങാൻ സൗകര്യമുള്ള വിമാനത്താവളം. സാധാരണ ലണ്ടനിലും ഫ്രാൻസിലും ന്യൂ യോർക്കിലും മാത്രമേ ശബ്ദത്തേക്കാൾ വേഗത്തിൽ പോകുന്ന ഈ വിമാനം പോകാറുള്ളൂ. പക്ഷെ “എന്റെ ഭരണത്തിൽ ഐവറി കോസ്റ്റ് അതിവേഗത്തിൽ പുരോഗമിക്കുകയാണല്ലോ, അപ്പോൾ നാളെ ആഫ്രിക്കയിലേക്കും കോൺകോർഡ് വരും, അന്ന് വിമാനത്താവളം ഇല്ലാത്ത ബുദ്ധിമുട്ട് വേണ്ടല്ലോ.” ദൂരക്കാഴ്ചയാണല്ലോ നേതാക്കൾക്ക് വേണ്ട പ്രത്യേക ഗുണം. അങ്ങനെ യാമാസുക്രോയിൽ കോൺകോർഡ് വീമാനത്താവളം ഉണ്ടായി.
 
തന്റെ ഗ്രാമത്തിൽ ഒരു നല്ല പള്ളി വേണം എന്നും അദ്ദേഹത്തിന് തോന്നി, ന്യായമായ ആഗ്രഹമല്ലേ. “എന്റെ” ഗ്രാമം ആണല്ലോ. എന്റെ ഭരണമികവിന് ചേർന്നത് തന്നെയാകണമല്ലോ പള്ളിയും. ലോകത്തെ ഏറ്റവും വലിയ പള്ളികൾ എവിടെയാണെന്നൊക്കെ അദ്ദേഹം ഗവേഷണം നടത്തി.
 
വത്തിക്കാനിലെ സൈന്റ്റ് പീറ്റേഴ്‌സ് ബസ്ലിക്കയാണ് ലോകത്തിൽ അക്കാലത്ത് ഏറ്റവും വലുതും പേരുകേട്ടതുമായ പള്ളി. മാർപാപ്പ സ്ഥിരം കുർബ്ബാന നടത്തുന്ന പള്ളിയാണ്. അഴകിയ രാവണനിൽ കൊച്ചിൻ ഹനീഫ പറയുന്നത് പോലെ അതിലും ഒരല്പം കൂടി വലുപ്പമുള്ള ഒരു പള്ളി, അതേ മാതൃകയിൽ ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. പള്ളിയിൽ കുർബ്ബാനയ്ക്ക് മാർപ്പാപ്പ വരുമല്ലോ, അദ്ദേഹത്തിന് താമസിക്കാൻ മാത്രമായി ഒരു വില്ല വേറെ.
പള്ളി ഉണ്ടായി. മാർപ്പാപ്പ വന്നു.
 
പക്ഷെ കഷ്ടകാലത്തിന് ഐവറി കോസ്റ്റിന്റെ സാന്പത്തിക നില പതുക്കെപ്പതുക്കെ താഴേക്ക് പോന്നു. കൊക്കോയും കാപ്പിയും ആയിരുന്നു രാജ്യത്തെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ. അതിന്റെ അന്താരാഷ്ട്ര വിലയിടിഞ്ഞു. രാജ്യത്ത് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടായി, ആർമിയിൽ തന്നെ ലഹള ഉണ്ടായി. ഐവറി കോസ്റ്റിന്റെ രക്ഷകനും ആഫ്രിക്കയുടെ മാതൃകയും ആണെന്ന് ലോകം പ്രകീർത്തിച്ച പ്രസിഡന്റിനെതിരെ നാട്ടിലെ ജനങ്ങളാകെ തിരിഞ്ഞു. ഈ സമരങ്ങളുടെയും അധികാരപോരാട്ടങ്ങളുടെയും ഇടക്ക് അദ്ദേഹം മരിച്ചു.
 
രാജ്യത്ത് പിന്നീട് സമാധാനം ഉണ്ടാകാൻ ഇരുപത് വർഷത്തോളം എടുത്തു. അപ്പോഴേക്കും സാന്പത്തിക സ്ഥിതി മോശമായി, രാജ്യം തെക്കും വടക്കുമായി രണ്ടായി, സർക്കാരും വിമതരും ഭരണം നടത്തി, സുരക്ഷ വലിയ പ്രശ്നമായി. യാമാസുക്രോയിൽ നിന്നും സർക്കാർ അബി ജാനിലേക്ക് ഭരണം തിരിച്ചെത്തി.
2006 മുതൽ ഞാൻ അബിജാനിൽ പോകാറുണ്ട്. രാജ്യത്തിൻറെ വടക്ക് ഇങ്ങനെ ഒരു തലസ്ഥാനം ഉണ്ടെന്നും അവിടെ ലോകത്തെ ഏറ്റവും വലിയ പള്ളിയുണ്ടെന്നും പറഞ്ഞു കേട്ടിട്ടുമുണ്ട്. പക്ഷെ വടക്കോട്ട് പോകുന്തോറും സുരക്ഷ കുറവായതിനാൽ ആ യാത്ര നടന്നില്ല.
 
രാജ്യത്തെ പഠനങ്ങളുടെ ഭാഗമായി ഒരിക്കൽ അബിജാനിൽ നിന്നും വടക്കോട്ട് പോകേണ്ടി വന്നു. അതിനുള്ള പെർമിറ്റുകൾ ലഭിച്ചു. കൂട്ടത്തിൽ ഒരു നിർദ്ദേശവും, “എന്ത് വന്നാലും കൊട്ടാരത്തിന്റെ അടുത്തേക്ക് പോകരുത്.”
 
“അതെന്താ ഞാൻ കൊട്ടാരത്തിൽ പോയാൽ” (വേണ്ടെന്നു പറഞ്ഞിട്ടും അല്ലിക്ക് ആഭരണം വാങ്ങാൻ ഞാൻ പോയിട്ടുണ്ടല്ലോ).
“പോണമെങ്കിൽ പൊക്കോ, പിന്നെ വന്നില്ലെങ്കിലും പരാതി പറയരുത്.”
എനിക്കല്പം ആകാംഷയായി.
“പറയൂ, എന്താണ് കൊട്ടാരത്തിലെ രഹസ്യം?”
“കൊട്ടാരത്തിൽ രഹസ്യമൊന്നുമില്ല. ആ കൊട്ടാരത്തിനടുത്ത് പ്രസിഡന്റ് ഒരു തടാകം ഉണ്ടാക്കിയിരുന്നു. അവിടെ കുറെ മുതലകളെ കൊണ്ടുവന്നിടുകയും ചെയ്‌തു, ഓരോ ദിവസവും മുതലകൾക്ക് പ്രത്യേക ആഹാരം കൊടുക്കാൻ മാത്രമായി ഒരാളെ അവിടെ ജോലിക്ക് വച്ചു. ഓരോ മുതലക്കും ഓരോ പേരുണ്ടായിരുന്നു, കാപ്റ്റൻ, കമാണ്ടർ എന്നിങ്ങനെ മിലിട്ടറി പേരുകൾ”
“ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ” എന്ന് ഞാൻ മനസ്സിലോർത്തു. പെട്ടെന്ന് തന്നെ കത്തി. നമ്മുടെ ജോസ് പ്രകാശ്!
 
“മുതലയ്ക്ക് വിശിഷ്ടാഹാരവുമായി എത്തുന്ന മുതലാളി, എടാ ജോണി, നീ മാത്രം കഴിച്ചാൽ മതിയോ” എന്നൊക്കെ ചോദിച്ച് മുതലയെ വിരട്ടുന്ന മുതലാളി !!
മലയാള സിനിമയുടെ സ്വാധീനം അന്ന് ഞാൻ അറിഞ്ഞു. അതിന് ശേഷം ഒരിക്കലും ഞാൻ മലയാള സിനിമയെ കുറച്ചു കണ്ടിട്ടില്ല.
“പക്ഷെ മുതല കുളത്തിലല്ലേ ബോസ്, കൊട്ടാരത്തിൽ മുതലെക്കെന്തു കാര്യം?”
മുതല കുളത്തിലൊക്കെ ആയിരുന്നു പണ്ട്. പ്രസിഡന്റ് മരിച്ചു കഴിഞ്ഞപ്പോൾ മുതലയ്ക്ക് വിശിഷ്ടാഹാരങ്ങൾ കൊടുക്കാൻ ആരുമില്ലാതായി. പണ്ട് തൊട്ടു തന്നെ മുതലയെ നോക്കി വളർത്തിയ ഒരാൾ ഉണ്ടായിരുന്നു (ഡിക്കോ ടോക്കെ), ഓരോ മുതലയേയും അയാൾക്ക് പ്രത്യേകം അറിയാമായിരുന്നു, അയാൾ പേരെടുത്തു വിളിച്ചാൽ ആ പേരുകാർ മുന്നോട്ടു വരും. പ്രസിഡന്റ് മരിച്ചിട്ടും അദ്ദേഹം മുതലകൾക്ക് ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു. യാമാസുക്രോയിൽ ബസലിക്ക കാണാൻ വരുന്ന ടൂറിസ്റ്റുകൾക്ക് മുതലയുടെ കൂടെ ഫോട്ടോ എടുക്കാൻ സൗകര്യം ചെയ്തു കൊടുക്കും. അതിന് കിട്ടുന്ന പണം കൊണ്ട് പുള്ളിക്കാരൻ മുതലകൾക്ക് കോഴിയെ വാങ്ങിക്കൊടുക്കും.
ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞു വന്നു, മുതലകളുടെ എണ്ണം കൂടിയും.
 
ഒരിക്കൽ മുതലകളുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യാൻ പോയ ഡിക്കോയെ ക്യാപ്റ്റൻ മുതല വലിച്ചു വെള്ളത്തിലിട്ടു. പിന്നെ ഡിക്കോയെ ആരും കണ്ടിട്ടില്ല. അസ്ഥിപോലും ആർക്കും കിട്ടിയതുമില്ല.
 
ഇന്നിപ്പോൾ ആ മുതലകൾ അനാഥരാണ്. എത്ര മുതലകൾ ഉണ്ടെന്നോ അവർ എവിടെയൊക്കെ പോയി എന്നോ ആർക്കും അറിയില്ല. യാമാസുക്രോയിലെ ആളുകളെ പേടിപ്പിച്ചുകൊണ്ട് അവർ അവിടെയെവിടെയൊക്കെയോ ഉണ്ട്.
 
ബസലിക്ക കണ്ടതല്ലാതെ കൊട്ടാരം കാണാൻ ഞാൻ പോയില്ല. അതുകൊണ്ട് മുതലയുടെ ഫോട്ടോ ഇല്ല. തൽക്കാലം ഈ ഫോട്ടോ വെച്ച് അഡ്ജസ്റ്റ് ചെയ്യണം പ്ലീസ്…
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി
Image may contain: one or more people, people standing, sky and outdoor

Leave a Comment