പൊതു വിഭാഗം

യക്ഷിയുടെ ചുണ്ണാമ്പു ചോദ്യം…

കെ എസ് ഈ ബിയും കെ എസ് ആർ ടി സിയും വന്നതോടെ കേരളത്തിലെ യക്ഷികളുടെ കഷ്ടകാലം ആരംഭിച്ചു എന്ന് പറയാം. പണ്ട് വൈദ്യുതിയും വാഹനവും ഇല്ലാതിരുന്ന കാലത്ത് കള്ളിയങ്കാട്ട് മുതൽ കാലടി വരെ വഴിയാത്രക്കാരായ പുരുഷന്മാരെ വരുതിയിലാക്കി രക്തം കുടിക്കുന്ന യക്ഷിമാർ കേരളത്തിൽ എങ്ങും ഉണ്ടായിരുന്നു.

അതിസുന്ദരിയായ സ്ത്രീയായി വൈകുന്നേരം വഴിയരുകിൽ നിന്ന് ‘മുറുക്കാൻ അല്പം ചുണ്ണാമ്പ് എടുക്കാൻ ഉണ്ടാകുമോ’ എന്ന് ചോദിച്ചാണ് യക്ഷിമാർ ഇരകളെ വലയിലാക്കുന്നത്. ആ ചോദ്യത്തിൽ തുടങ്ങുന്ന സംസാരം മാളിക മുകളിലെ മെത്തയിൽ എത്തും, പിറ്റേന്ന് രാവിലെ കരിമ്പനയുടെ താഴെ ഇരയുടെ പല്ലും നഖവും മുടിയും മാത്രമാണ് ബാക്കിയുണ്ടാവുക. എന്റെ തലമുറയിലെ ആളുകൾക്കൊക്കെ ഈ കഥയൊക്കെ അറിയാം, പുതിയ തലമുറയിലെ വായനക്കാർ ഉള്ളതിനാലാണ് അല്പം നീട്ടി പറഞ്ഞത്.

ഞാൻ തുമ്മാരുകുടി കഥകൾ എഴുതി തുടങ്ങിയ കാലത്ത് ‘Clickbait’ എന്ന വാക്ക് പ്രയോഗത്തിൽ വന്നിട്ടില്ല. പക്ഷെ എന്റെ കഥയുടെ തലക്കെട്ടുകൾ, ‘സോണയിൽ ഒരു രാത്രി’ മുതൽ ‘രാജാക്കന്മാർ എങ്ങനെ കാര്യം സാധിച്ചു’ ഒക്കെ വായനക്കാരെ ലിങ്ക് തുറന്ന് കഥ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. തുമ്മാരുകുടി കഥകൾക്ക് മനോഹരമായ അവതാരിക എഴുതിയ ചെമ്മനം ചാക്കോ സാർ ‘യക്ഷിയുടെ ചുണ്ണാമ്പ് ചോദ്യം പോലെ’ വായനക്കാരെ കുരുക്കുന്നതാണ് മുരളിയുടെ കഥയുടെ തലക്കെട്ടുകൾ എന്ന് പറഞ്ഞിരുന്നു. ഈ ക്ലിക്ക് ബൈറ്റിനേക്കാൾ എത്രയോ ഒറിജിനൽ ആയ പ്രയോഗം ആണിത്.

ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ ക്ലിക്ക് ബൈറ്റ് ഇപ്പോൾ സർവ്വസാധാരണം ആയിരിക്കുന്നു. ഉള്ളടക്കവും ആയി ഒരു ബന്ധവും ഇല്ലാത്ത തലക്കെട്ടുകൾ ആണ്, അതിൽ കൊത്തി അകത്തെത്തിയാൽ സമയം പോകുന്നത് മാത്രം മിച്ചം. ഇത് പതുക്കെ ‘പ്രമുഖ’ മാധ്യമങ്ങളും ഏറ്റെടുത്തു. ഹിന്ദുസ്ഥാൻ ടൈംസ് ആണിതിൽ മുന്നിൽ, പത്തു പ്രാവശ്യമെങ്കിലും അതിൽ പെട്ടതിൽ പിന്നെ ഞാൻ ഹിന്ദുസ്ഥാൻ ടൈംസ് എന്ന് കണ്ടാൽ പിന്നെ ഒരു ലിങ്കും തുറക്കാതായി. പണ്ട് ഓൺലൈൻ മാധ്യമങ്ങളെ കളിയാക്കിക്കൊണ്ടിരുന്ന കേരളത്തിലെ മുൻ നിര മാധ്യമങ്ങളും അടുത്തയിടയായി ഈ ചുണ്ണാമ്പു പരിപാടി തുടങ്ങിയിട്ടുണ്ട്.
പക്ഷെ ബി ബി സി പോലെ തലമുറകളായി വിശ്വാസ്യതയുള്ള സ്ഥാപനങ്ങളും ഈ ഓൺലൈൻ ലോകത്ത് പിടിച്ചു നിൽക്കാൻ ചുണ്ണാമ്പു കച്ചവടം തുടങ്ങിയിരിക്കുന്നത് കാണുമ്പോൾ ഇനിയുള്ള ലോകത്ത് ആരാണ് മാധ്യമ ട്രെൻഡുകൾ നിയന്ത്രിക്കുന്നത് എന്ന് വ്യക്തമാകുന്നു.

‘ദുരന്ത സമയത്ത് എന്ത് ചെയ്യരുത്’ എന്ന അടിപൊളി തലക്കെട്ട് കണ്ടു വായിച്ചു തുടങ്ങി. ഈ വിഷയത്തെപ്പറ്റി അക്കാഡമിക്ക് ആയ അറിവ് മാത്രമുള്ള ചിലരുടെ അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. ഇത് വായിച്ചു നോക്കിയാൽ ദുരന്തം കഴിഞ്ഞാൽ പല്ലും നഖവും പോലും ബാക്കി കിട്ടില്ല.
http://www.bbc.com/…/…/20170711-what-not-to-do-in-a-disaster

Leave a Comment