കൊല്ലത്തിനടുത്ത് അഷ്ടമുടി കായലും കല്ലടയാറും യോജിക്കുന്ന പ്രദേശത്താണ് മൺറോ തുരുത്തിലെ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ റെസിഡന്റ് ആയിരുന്ന കേണൽ മൺറോയുടെ പേരിൽ നിന്നാണ് മൺറോ തുരുത്ത് എന്ന് പേര് വന്നത്. ഒരു കാലത്ത് തെങ്ങു കൃഷിക്കും തെങ്ങിനോട് അനുബന്ധിച്ച വ്യവസായങ്ങൾക്കും (കയർ, കൊപ്ര) പേരുകേട്ട പ്രദേശമായിരുന്നു. കോട്ടയത്തെ സി എം എസ് കോളേജ് നടത്താനുള്ള വരുമാനത്തിനായി തുരുത്തിലെ പതിനായിരം തെങ്ങുകൾ പതിച്ചു കൊടുത്തിരുന്നതായി രേഖകളുണ്ടെന്ന് പറയുന്നു.
മുൻ രാജ്യസഭാ എം പി ആയിരുന്ന സഖാവ് ബാലഗോപാൽ ആണ് എന്നോട് അവിടുത്തെ രൂക്ഷമായ ഒരു പരിസ്ഥിതി പ്രശ്നം പറഞ്ഞത്. നാലഞ്ച് വർഷമായി അദ്ദേഹം ഈ വിഷയത്തിൽ പുറത്തുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നു. ആ കൂട്ടത്തിലാണ് എന്നോടും ഈ വിഷയം ചർച്ച ചെയ്തത്.
വീടുകളിൽ വെള്ളം കയറുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്നം, ആദ്യമൊക്കെ ബണ്ടുകെട്ടിയും വെള്ളം കോരിക്കളഞ്ഞും കുറച്ചൊക്കെ സഹിച്ചും ആളുകൾ വീടുകളിൽ ജീവിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം അനുദിനം വഷളായതോടെ ആളുകൾക്ക് മാറിപ്പോകേണ്ടി വരുന്നു. രണ്ടാമത് ദ്വീപിലുള്ള തെങ്ങുകളുടെ ആരോഗ്യവും കായ്‌ഫലവും വളരെ കുറഞ്ഞ് തെങ്ങുകൃഷി ലാഭകരമല്ലാതാകുന്നു. ഇത് രണ്ടും കൂടി ആളുകൾക്ക് മൺറോ തുരുത്തിൽ ജീവിക്കാനുള്ള താല്പര്യവും സാധ്യതയും കുറഞ്ഞ് ആളുകൾ സ്ഥലം വിടുന്നു. പരിസരത്തുള്ള പഞ്ചായത്തുകളിൽ കഴിഞ്ഞ മുപ്പത് വർഷത്തിൽ ജനസംഖ്യ അൻപത് ശതമാനത്തോളം കൂടിയപ്പോൾ മൺറോ തുരുത്തിലെ ജനസംഖ്യ 1991 ൽ പന്ത്രണ്ടായിരം ആയിരുന്നത് ഇപ്പോൾ പതിനായിരത്തിന് താഴെ ആയി.
ഈ പ്രശ്നങ്ങൾക്ക് കാരണം എന്താണെന്ന് അവിടുത്തെ ആളുകൾക്ക് ചില ധാരണകളുണ്ട്. കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ തെന്മല ഡാം ശുദ്ധജലത്തിന്റെയും സെഡിമെന്റിന്റെയും വരവ് കുറച്ചത്, സുനാമി ഉണ്ടാക്കിയ പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം എല്ലാം അതിൽപ്പെടും. കൊല്ലത്തെ ടി കെ എം എഞ്ചിനീയറിങ്ങ് കോളേജും തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസും പഠനങ്ങൾ നടത്തുന്നുണ്ട്. ശ്രീ ബാലഗോപാൽ ഈ വിഷയം പാർലിമെന്റിൽ ഉന്നയിച്ചതിനെ തുടർന്ന് കേന്ദ്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർ ഇവിടെ എത്തിയിരുന്നു. കൃഷിവകുപ്പുൾപ്പെടെ കേരളത്തിലെ വിവിധ വകുപ്പുകൾ സ്ഥിരമായി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്, നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. എന്നാലും അവിടുത്തെ ഭൂമിയുടെ – പരിസ്ഥിതിയുടെ – ജനങ്ങളുടെ ഭാവി എന്താകും എന്നതിന് ഇപ്പോഴും വ്യക്തതയില്ല.
ഈ സാഹചര്യത്തിലാണ് ഞാൻ മൺറോ തുരുത്തിലേക്ക് പോകുന്നത്. ശ്രീ ബാലഗോപാലും ചിന്ത ജെറോമും കൂടെയുണ്ടായിരുന്നു. മൺറോ തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ചെറുപ്പക്കാരനായ ബിനു കരുണാകരൻ ആണ്. ഫെറി ഇറങ്ങുന്നിടത്തു നിന്നുതന്നെ അദ്ദേഹം കൂടെയുണ്ടായിരുന്നു. ദ്വീപിലെ വെള്ളം കയറുന്ന പുതിയ വീടുകൾ, ആളുകൾ ഉപേക്ഷിച്ചു പോയ പഴയ വീടുകൾ, തരിശായി കിടക്കുന്ന കൃഷിഭൂമി, തീരെ ശുഷ്കമായ വിളകളോടെ നിൽക്കുന്ന തെങ്ങുകൾ എല്ലാം അദ്ദേഹം ഞങ്ങളെ കാണിച്ചു തന്നു. ഇതിനിടയിൽ കൂടി ആളുകളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾ, പുതിയതായി കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം മൂന്നു മണിക്കൂർ സമയം കൊണ്ട് അദ്ദേഹം വിശദീകരിച്ചു തന്നു.
താഴ്ന്ന് പോയിക്കൊണ്ടിരുന്ന ഒരു വീട് പുനർനിർമ്മിച്ചതിന്റെ താക്കോൽ ദാനം നിർവഹിക്കുക എന്നതായിരുന്നു ഔദ്യോഗികമായ ചടങ്ങ്. ആർകിടെക്ട് അസോസിയേഷൻ ആണ് മൺറോ തുരുത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച പുതിയ രീതിയിലുള്ള വീട് ഡിസൈൻ ചെയ്തത്. ഫൗണ്ടേഷൻ നന്നായി ഉയർത്തി, ഇഷ്ടികയുടെ മൂന്നിലൊന്നു മാത്രം ഭാരമുള്ള കട്ടകൾ കൊണ്ടാണ് കെട്ടിടം നിർമ്മിച്ചത്. മറ്റുള്ള നിർമ്മാണ വസ്തുക്കൾ എല്ലാം തന്നെ ഭാരം കുറഞ്ഞതാണ്. സ്വന്തം ഭാരം കൊണ്ട് വീടുകൾ താഴേക്ക് പോകുന്നത് കുറയുമല്ലോ.
വീട് കൈമാറിയതിനു ശേഷം ചെറിയൊരു യോഗമുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും കുറിച്ച് ആഗോള സമ്മേളനങ്ങളിലും അക്കാദമിക് വേദികളിലും ഒക്കെയാണ് സാധാരണയായി സംസാരിക്കാൻ അവസരം കിട്ടാറുള്ളത്. പരിസ്ഥിതി നാശത്തിന്റെയും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കാവുന്ന പ്രശ്നങ്ങളുടെയും ഭവിഷ്യത്ത് നേരിൽ അനുഭവിക്കുന്നവരോട് സംസാരിക്കുന്നത് ആദ്യത്തെ അനുഭവം ആയിരുന്നു.
മൺറോ തുരുത്തിലെ പ്രശ്നങ്ങൾ ഏറെ സങ്കീർണ്ണമാണ്, അത് പരിസ്ഥിതി പ്രശ്നം ആയാലും സാമൂഹ്യപ്രശ്നങ്ങളായാലും. മൂന്നു നാലുമണിക്കൂർ നേരത്തെ സന്ദർശനം കൊണ്ട് മുഴുവൻ കാര്യങ്ങൾ മനസ്സിലാക്കാനോ പരിഹാരം നിർദ്ദേശിക്കാനോ സാധ്യമല്ല. എന്നാലും ഇത്തരം കാര്യങ്ങൾ മറ്റിടങ്ങളിൽ കൈകാര്യം ചെയ്തിട്ടുള്ള പരിചയത്താൽ ചില നിർദ്ദേശങ്ങൾ പറയാം.
1. മൺറോ തുരുത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കാലാവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടായതാണോ അല്ലയോ എന്ന് ആളുകൾ ചർച്ച ചെയ്യുന്നുണ്ട്, ചർച്ച ചെയ്യേണ്ടതുമാണ്. വീടിനുള്ളിൽ വെള്ളം കയറുന്നവർക്ക് ഈ ചർച്ച കൊണ്ട് പ്രയോജനം ഒന്നുമില്ല. പ്രശ്നത്തിനുള്ള പ്രായോഗിക പരിഹാരങ്ങളാണ് അവർക്ക് പ്രധാനം.
2. മൺറോ തുരുത്തിലെ പ്രശ്നങ്ങൾ കാലാവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടായതാണെങ്കിലും അല്ലെങ്കിലും കാലാവസ്ഥ വ്യതിയാനത്തെ ലോകം നേരിടുന്ന തരത്തിൽ ചില രീതികൾ നമുക്ക് ഉപയോഗിക്കാം. ആദ്യമായി മാറുന്ന കാലാവസ്ഥക്കനുസരിച്ചു ജീവിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക (adaptation), അതേ സമയം തന്നെ കാലാവസ്ഥ വ്യതിയാനം കുറക്കാനുള്ള (mitigation) ശ്രമങ്ങൾ നടത്തുക. ഈ തത്വമാണ് മൺറോ തുരുത്തിൽ ഉപയോഗിക്കേണ്ടത്. എങ്ങനെയാണ് ഇപ്പോൾ കാണുന്ന മാറ്റങ്ങളുടെ കാലത്ത് മൺറോ തുരുത്തിൽ ആളുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നത് ഒരു വിഷയം. എന്താണ് അവിടെ സംഭവിക്കുന്നത്, അതെങ്ങനെ കുറക്കാം എന്നുള്ള പഠനങ്ങളും പ്രശ്നപരിഹാരവും മറ്റൊന്ന്.
3. ഉയർന്ന കാലുകളിലുള്ള വീടുകളുണ്ടാക്കുക (house on stilts), ഭാരം കുറഞ്ഞ നിർമ്മാണ വസ്തുക്കൾ കൊണ്ട് വീടുണ്ടാക്കുക, തെങ്ങിനെ കേന്ദ്രീകരിച്ചുള്ള വ്യവസായത്തിൽ നിന്നും മൽസ്യകൃഷിയും ടൂറിസവും ഉൾപ്പടെയുള്ള പുതിയ സാധ്യതകളിലേക്ക് ജീവിത വൃത്തികൾ മാറ്റുക, കൂടുതൽ ചെളി കുത്തിയിട്ടും അരികുകളിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിച്ചും ഉള്ള സ്ഥലം സംരക്ഷിക്കുക, മഴവെള്ളം ശേഖരിച്ചും ഉപ്പു വെള്ളം ശുദ്ധീകരിക്കാനുള്ള സോളാർ അധിഷ്ഠിതമായ പുതിയ പ്ലാന്റുകൾ സ്ഥാപിച്ചും കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്നിങ്ങനെ അനവധി കാര്യങ്ങൾ ഇപ്പോഴേ ചെയ്തു തുടങ്ങാം (ഇതിൽ പലതും ചെറിയ തോതിൽ നടക്കുന്നുണ്ട്, ഇവ പ്രമോട്ട് ചെയ്യണം, സംയോജിപ്പിക്കണം).
4. കല്ലടയാറിൽ ഉണ്ടാക്കിയ അണക്കെട്ടുകൾ ശുദ്ധജലത്തിന്റെ ഒഴുക്ക് കുറച്ചതും വേനൽക്കാലത്ത് തീരെ ഇല്ലതാക്കിയതും, ഉപ്പുവെള്ളം കയറിവരുന്നതിനും അതിനോടൊപ്പം പഴയതരത്തിലുള്ള കൃഷി സാധ്യമാകാതെ വരുന്നതിനും കാരണമാകുന്നു എന്നത് വ്യക്തമാണ്. അണ കെട്ടിക്കഴിഞ്ഞാൽ അണയുടെ താഴേക്ക് ഒട്ടും നീരൊഴുക്ക് അനുവദിക്കാതിരുന്നാൾ അവിടെ എന്തെല്ലാം പരിസ്ഥിതി മാറ്റങ്ങളുണ്ടാകും എന്ന് പഠിക്കാതെയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ആളുകൾ അണകെട്ടിയിരുന്നത്. കേരളത്തിലെ അണക്കെട്ടുകളും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. ഇങ്ങനെ ഉണ്ടാക്കിയ അനവധി അണകളിൽ നിന്നും അതുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. അണയുടെ താഴേക്ക് എല്ലാ കാലത്തും കുറെ വെള്ളം ‘ബേസ് ഫ്ലോ’ അഥവാ ‘എൻവിറോണ്മെന്റല് ഫ്ലോ’ ആക്കി ഒഴുക്കി വിടുന്നതാണ് പുതിയ രീതി. കല്ലട ഇറിഗേഷൻ പ്രോജക്റ്റ് ഉൾപ്പടെ കേരളത്തിലെ എല്ലാ അണക്കെട്ടുകളിലും ഇത്തരം ബേസ് ഫ്ലോ അനാലിസിസ് നടത്തണം. പരിസ്ഥിതിക്ക് ആവശ്യമായ ഒഴുക്ക് വീണ്ടെടുക്കണം. ഇതിൽ ഒന്നാമതായി തന്നെ കല്ലട ആറിലെ ഒഴുക്ക് പുനഃസ്ഥാപിക്കാവുന്നതാണ്. മൊത്തം കേരളത്തിന് ഒരു മാതൃകയാവും ഇത്. ഇതിന്റെ ഗുണഫലങ്ങൾ മൺറോ തുരുത്തിനോ തെങ്ങ് കൃഷിക്കോ മാത്രം ആവുകയില്ല.
5. കാലാവസ്ഥ വ്യതിയാനം ഇപ്പോൾ മൺറോ തുരുത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഭാവിയിൽ അതുണ്ടാവാൻ പോവുകയാണ്. സമുദ്രനിരപ്പ് ഉയരുന്നതോടെ വേലിയേറ്റം ഇതിലും കൂടുതൽ വെള്ളം തുരുത്തിലേക്ക് തള്ളിക്കയറ്റും. ഇപ്പോൾ സുരക്ഷിതമായ വീടുകൾപോലും അപ്പോൾ വെള്ളക്കെട്ടിലാകും. ഇതിനുള്ള തയ്യാറെടുപ്പുകൾ, പുതിയ വീടുകളും റോഡും നിർമ്മിക്കുന്ന കാര്യത്തിൽ ഉൾപ്പടെ, ഇപ്പോഴേ വേണം. ഇപ്പോൾ ഉള്ള റോഡുകളും റെയിൽവേ സ്റ്റേഷനും മാറുന്ന കാലാവസ്ഥയിൽ വെള്ളക്കെട്ടിൽ ആകുമോ എന്ന പഠനം ഇപ്പോൾ തന്നെ നടത്തി വേണ്ടത്ര നടപടികൾ എടുക്കണം. ഏറ്റവും പ്രധാനം കാലാവസ്ഥ വ്യതിയാനം മൺറോ തുരുത്തിനെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നതാണ്. ഇന്ന് നമ്മൾ മൺറോ തുരുത്തിൽ കാണുന്ന കാഴ്ചകൾ കാലാവസ്ഥ വ്യതിയാനം കേരളത്തിലെ എല്ലാ ദ്വീപുകളിലും തീരപ്രദേശത്തും തീരദേശ നഗരങ്ങളിലും കൊണ്ടുവരാൻ പോവുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ കാലാവസ്ഥ ഭീഷണി നേരിടാൻ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിൽ ഉള്ളവർ മൺറോ തുരത്തു വന്നു കാണണം, അവിടെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കണം, അവക്കെതിരെ ജനങ്ങളും ജനപ്രതിനിധികളും എന്ത് ചെയ്യുന്നു എന്ന് അറിഞ്ഞുവെക്കണം. ‘ഇന്ന് ഞാൻ നാളെ നീ’ എന്നാണ് മൺറോ തുരുത്ത് കേരളത്തിലെ മറ്റ് പല പ്രദേശങ്ങളോടും പറയുന്നത്.
6. മൺറോ തുരുത്ത് പോലെ പ്രശ്നങ്ങളുള്ള പ്രദേശങ്ങൾ ലോകത്ത് വേറെയും ഉണ്ട്. ഇൻഡോനേഷ്യയിലെ സെമരാങ്ങ് എന്ന പ്രദേശത്ത് ഏതാണ്ട് മൺറോ തുരുത്തിന് സമാനമായ സാഹചര്യമാണ്. മൺറോ തുരത്തിന്റെ മുപ്പതിരട്ടി വലുപ്പവും നൂറ്റി അൻപത് ഇരട്ടി ജനസംഖ്യയും സെമറാങ്ങിന് ഉണ്ട്. ഒരു വർഷം ആറു മുതൽ പത്തൊന്പത് വരെ സെന്റിമീറ്റർ ആണ് അവിടെ ഭൂമി താഴുന്നത്. അതുകൊണ്ടു തന്നെ ആളുകളുടെ വീടും റോഡും പാലവും ഓരോ പത്തു വർഷത്തിലും ഉയർത്തിക്കൊണ്ടു വരേണ്ട സാഹചര്യമാണ് ഉള്ളത്. എന്തൊക്കെ പഠനങ്ങളാണ് ഇൻഡോനേഷ്യ സെമറാങ്ങിൽ നടത്തുന്നത്, എങ്ങനെയാണ് അവിടുത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അവിടുത്തെ പുതിയണ് ഇൻഫ്രാസ്‌ട്രക്ച്ചർ പ്ലാൻ ചെയ്യുന്നതും പഴയത് സുരക്ഷിതമാക്കുന്നതും, ആളുകൾ എങ്ങനെയാണ് ഈ വിഷയത്തെ നേരിടുന്നത്, ഇതൊക്കെ ഇന്ന് മൺറോ തുരുത്തിനും നാളെ മറ്റു ഭാഗങ്ങൾക്കും ബാധകമാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന് കേരളത്തിലെ പോലെ തന്നെ ഇന്തോനേഷ്യയിലും പ്രോജക്ടുകൾ ഉണ്ട്. അതിൻറെ ഭാഗമായി കേരളത്തിൽ ഈ വിഷയത്തിൽ ഇടപെടുന്നവരെ സെമറാങ്ങിലെ ശാസ്ത്രജ്ഞന്മാരുമായും ജനപ്രതിനിധികളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തുന്നതാണ്.
7. സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി 2017 ൽ ‘Designing Resilience in Asia’ എന്നൊരു മത്സരം നടത്തിയിരുന്നു. ലോകത്തെന്പാടുമുള്ള എൻജീനീയറിങ്ങ്/പ്ലാനിങ്ങ് വിദ്യാർത്ഥികളോട് സെമറാങ്ങിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചതിന് ശേഷം എങ്ങനെയാണ് ആ നഗരത്തെ നാളേക്ക് വേണ്ടി പ്ലാൻ ചെയ്യേണ്ടത് എന്നതായിരുന്നു അവർക്ക് നൽകിയ ചോദ്യം. ഒരു വർഷം കൊണ്ടാണ് വിദ്യാർഥികൾ അവരുടെ പ്ലാനുകൾ അവതരിപ്പിച്ചത്. ഈ മത്സരത്തിലെ ഒരു വിധികർത്താവായിരുന്നു ഞാൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ബാധിക്കുന്ന പ്രധാന പ്രശ്നമായ കാലാവസ്ഥാ വ്യതിയാനം പോലൊരു പ്രശ്നത്തെ പുതിയ തലമുറ നേരിടുന്നത് കാണുന്നത് തന്നെ സന്തോഷമുള്ള കാര്യമായിരുന്നു. മൺറോ തുരുത്തിന്റെ ഭാവിക്കായും നമുക്ക് ഇത്തരത്തിലൊരു ആൾ ഇന്ത്യ ഹാക്കത്തോൺ നടത്തുന്നത് നന്നായിരിക്കും. ഏറെ വിദ്യാർത്ഥികളെ അങ്ങോട്ട് ആകർഷിക്കാം, പുതിയ എന്തെങ്കിലും ആശയങ്ങൾ ഉണ്ടാകാം, നമ്മുടെ പുതിയ തലമുറ എഞ്ചിനീയർമാർക്ക് കാലാവസ്ഥ വ്യതിയാനം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിചയം കിട്ടും എന്നിങ്ങനെ പല ഗുണങ്ങളുണ്ട്.
വൈകീട്ട് സൂര്യൻ അസ്തമിക്കുന്ന സമയത്താണ് അവിടെ നിന്നും മടങ്ങിയത്. നമ്മുടെ നാട് എത്ര മനോഹരമാണെന്ന് ഇത്തരത്തിലുള്ള ഓരോ സന്ദർശനവും എന്നെ ഓർമ്മിപ്പിക്കുന്നു. മൺറോ തുരുത്തിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇപ്പോൾ നമുക്ക് ലഭ്യമായ ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ചും ലോകത്തെ മറ്റു മാതൃകകൾ സ്വീകരിച്ചും ശരിയാക്കാവുന്നതേ ഉള്ളൂ എന്നെനിക്ക് ഉറപ്പാണ്. ടൂറിസമായും, പുതിയ കൃഷി രീതികളായും ഇപ്പോഴത്തേതിലും നല്ലൊരു സാന്പത്തിക സ്ഥിതി ആ പ്രദേശത്തിന് ഉണ്ടാക്കാൻ പറ്റും. സഖാവ് ബാലഗോപാലിനെപ്പോലെയും ബിനുവിനെ പോലെയും ഉള്ള പൊതുപ്രവർത്തകർ ഈ വിഷയം പ്രാദേശികമായും ദേശീയമായും അവതരിപ്പിച്ചും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തികൾ പ്രാദേശികമായി ചെയ്തും നാട്ടുകാർക്ക് ആത്മവിശ്വാസം പകരുന്നുണ്ട് എന്നതും നല്ല കാര്യമാണ്. മുൻപ് പറഞ്ഞത് പോലെ മൺറോ തുരുത്തിലെ പ്രശ്നങ്ങൾ കേരളത്തിലെ മറ്റുഭാഗങ്ങളിലും വലിയ താമസമില്ലാതെ ഉണ്ടാകും, അതിനാൽ അവിടെ എന്ത് നടക്കുന്നു എന്നത് കേരളത്തിലെ പൊതു സമൂഹം ശ്രദ്ധിക്കേണ്ടതുമാണ്.
ഈ പ്രോഗ്രാം ഭംഗിയായി നടത്തിയ സഖാവ് ബാലഗോപാലിനും, ചിന്തക്കും, ബിനുവിനും നന്ദി!
മുരളി തുമ്മാരുകുടി
ജനീവ, ആഗസ്ത് 17
Leave a Comment