പൊതു വിഭാഗം

മൂന്നേ ഇരുപത്തി നാലിന്റെ സ്ത്രീ സമരം…

ഞങ്ങളുടെ തൊട്ട അയൽരാജ്യമായ ഫ്രാൻസിൽ ആഴ്ചയിൽ ഒരിക്കലും, അല്പം ദൂരത്തുള്ള ഇറ്റലിയിൽ വല്ലപ്പോഴും സമരങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ജനീവയിൽ ഞാൻ എത്തിയതിനുശേഷം അപൂർവ്വമായിട്ടാണ് സമരങ്ങൾ കണ്ടിട്ടുള്ളത്.
 
ആ പതിവിന് വിപരീതമായി, സ്ത്രീ സമത്വത്തിനുവേണ്ടി സ്വിറ്റ്‌സർലൻഡിൽ എല്ലായിടത്തുമുള്ള സ്ത്രീകൾ ഇന്ന് തെരുവിൽ ഇറങ്ങുകയാണ്. ശന്പളത്തിലെ അസമത്വം, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, ഭരണതലത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ്‌, കുട്ടികൾ ഉണ്ടാകുന്പോൾ അച്ഛന്മാർക്ക് വേണ്ടത്ര അവധി ലഭിക്കാത്തത് (അതുവഴി ഉത്തരവാദിത്തം സ്ത്രീകളുടേതു മാത്രമാകുന്നത്), ചെറിയ കുട്ടികളെ നോക്കാനേൽപ്പിച്ച് സ്ത്രീകൾക്ക് ജോലിക്ക് പോകാൻ വേണ്ടത്ര ഡേ കെയർ ഇല്ലാത്തത് എന്നിങ്ങനെ സ്ത്രീകളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളേയും സമൂഹത്തിന് മുൻപിൽ കൊണ്ടുവരിക എന്നതാണ് ഈ സമരം സംഘടിപ്പിക്കുന്നവരുടെ ലക്ഷ്യം.
 
സമരം എന്നാൽ ട്രെയിൻ തടയലോ, ബേക്കറിയിൽ കയറി പഫ്‌സ് അടിച്ചു മാറ്റലോ, സമരത്തിൽ പങ്കെടുക്കാത്തവരെ പിക്കറ്റിങ്ങോ, സ്ഥാപനങ്ങൾ സ്തംഭിപ്പിക്കലോ അല്ല. ചർച്ചകൾ, സംഗീതം, ബോധവൽക്കരണം, നഗരത്തിലൂടെയുള്ള മാർച്ച്, ജനീവയിലെ പ്രധാന പാർക്കിൽ സമാപന സമ്മേളനം ഇവയൊക്കെയാണ് പ്രധാന പരിപാടികൾ. എല്ലാം മാസങ്ങൾക്ക് മുന്നേ പ്ലാൻ ചെയ്ത് സമരത്തിൽ പങ്കെടുക്കുന്നവർക്കും അല്ലാത്തവർക്കും വേണ്ട നിർദ്ദേശങ്ങളും വിവരങ്ങളും നേരത്തെ കൊടുത്തു.
 
ഇതിന് മുൻപ് 1991 ലാണ് സ്വിറ്റ്‌സർലൻഡിലെ സ്ത്രീകൾ തുല്യതക്ക് വേണ്ടി തെരുവിലിറങ്ങിയത്. കാര്യങ്ങൾ അന്നത്തേതിൽ നിന്നും ഏറെ മാറി. സ്വിറ്റ്സർലണ്ടിന് വനിതാ പ്രസിഡന്റുമാർ ഉണ്ടായി. മന്ത്രിമാരിൽ ഏഴിൽ മൂന്നും സ്ത്രീകളാണ്, എം പി മാർ മൂന്നിലൊന്നും. സ്വിറ്റ്‌സർലൻഡിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയത് 1971 ലാണെന്നും ആദ്യത്തെ മന്ത്രി ഉണ്ടായത് 1984 ലാണെന്നും ഓർക്കുന്പോഴാണ് എത്ര വേഗത്തിലാണ് ഈ രാജ്യത്ത് സ്ത്രീകളുടെ പ്രാതിനിധ്യം കൂടിവരുന്നത് എന്ന് മനസ്സിലാവുന്നത്.
 
ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ലിംഗസമത്വമുള്ള രാജ്യമാണ് സ്വിറ്റ്‌സർലൻഡ്. ഇവിടെ പോലും പുരുഷന്മാർക്ക് കിട്ടുന്നതിനേക്കാൾ ഇരുപത് ശതമാനം കുറവാണ് സ്ത്രീകളുടെ ശരാശരി വേതനം എന്നാണ് കണക്കുകൾ പറയുന്നത് (Gender Pay Gap). അതുകൊണ്ടു തന്നെ 9 to 5 ജോലിയുള്ള തൊഴിലിടങ്ങളിൽ വൈകീട്ട് മൂന്നേ ഇരുപത്തി നാല് മുതൽ സ്ത്രീകൾ ഫ്രീ ആയി തൊഴിൽ എടുക്കുകയാണെന്നതാണ് സത്യം.
ഈ വിഷയം ആളുകളുടെ ശ്രദ്ധയിൽ പെടുത്താൻ ഇന്ന് വൈകീട്ട് മൂന്നേ ഇരുപത്തിനാലിന് സ്വിറ്റ്‌സർലണ്ടിലെ തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകൾ കൂട്ടമായി ഇറങ്ങിപ്പോകും. അതാണ് സമരത്തിന്റെ പ്രത്യക്ഷമായ രൂപം.
 
നാട്ടിലെ ജാഥകളുടെ മുന്നിലോക്കെ ബാനറും പിടിച്ചു സ്ത്രീകളെ കാണാറുണ്ട്. ജ്യോതി ഉണ്ടാക്കാനും മതിൽ കെട്ടാനും അവരെ ഉപയോഗിക്കാറുണ്ട്. എന്നാൽ സ്ത്രീകൾക്ക് യഥാർത്ഥത്തിൽ പ്രധാനമായ വിഷയങ്ങളായ – യാത്രക്കിടയിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ ലഭ്യമാക്കുന്നതിന്, തൊഴിലിടത്തിലും പൊതു സ്ഥലത്തും ലൈംഗിക കടന്നു കയറ്റം ഒഴിവാക്കുന്നതിന്, സിനിമാഭിനയം തൊട്ട് റോഡുപണി വരെയുള്ള തൊഴിലിടങ്ങളിലെ ശന്പളത്തിലെ അസമത്വം ഒഴിവാക്കാൻ, സ്ത്രീകൾക്ക് ജോലിക്ക് പോകാൻ സൗകര്യത്തിന് കൂടുതൽ ഡേകെയറും മറ്റു സംവിധാനങ്ങളും ഉണ്ടാക്കാൻ, അസംബ്ലിയിലും പാർലമെന്റിലും മന്ത്രിസഭയിലും മതിയായ പ്രതിനിധ്യത്തിന് ഒക്കെ വേണ്ടി ഒരിക്കൽ സ്ത്രീകളുടേതു മാത്രമായി ഒരു സമരം ഉണ്ടാകണം.
 
അൻപത് ശതമാനത്തിലധികം സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ 2019 ൽ നടന്ന തിരഞ്ഞെടുപ്പിലും അഞ്ചു ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം എന്നത് എല്ലാവരേയും ചിന്തിപ്പിക്കേണ്ടതാണ്. നൂറ്റാണ്ടുകളായി കൈയാളിയിരുന്ന അവകാശങ്ങൾ ലോകത്തൊരിടത്തും ആരും വെറുതെ വിട്ടുകൊടുക്കാറില്ല.
 
വോട്ടവകാശം ഉൾപ്പടെ സ്വാഭാവികമായ മനുഷ്യാവകാശങ്ങൾ പോലും വികസിതരാജ്യങ്ങളിൽ പോലും സമരം ചെയ്തു തന്നെയാണ് സ്ത്രീകൾ സന്പാദിച്ചത്. കേരളത്തിലും സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ സമരം ചെയ്തേ പറ്റൂ. പുരുഷ നേതാക്കൾ പറയുന്പോൾ ബാനർ പിടിക്കലും മതിൽ കെട്ടലും ചെയ്യുന്നത് മാറ്റി സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ സ്വയം തെരുവിലിറങ്ങുന്ന കാലത്ത് നമ്മുടെ നാടും മാറും.
 
മുരളി തുമ്മാരുകുടി

Leave a Comment