പൊതു വിഭാഗം

മൂന്നാമത്തെ പരീക്ഷ

ഓൾ ഇന്ത്യാ സിവിൽ സർവീസിന്റെ റിസൾട്ട് വന്നല്ലോ. വിജയികൾക്ക് അഭിനന്ദനങ്ങൾ! വിജയിക്കാത്തവർക്ക് ഇനിയും സമയവും അവസരവുമുണ്ട്.

ഇന്ത്യ പോലെ വലിയ വൈവിധ്യമാർന്ന ഒരു ദേശത്തെ ഭരിക്കാനായി ബ്രിട്ടിഷുകാർ ഉണ്ടാക്കിവെച്ച ഒരു സംവിധാനമാണ് ഇന്ത്യൻ സിവിൽ സർവീസ് (originally Imperial Civil Service). ആദ്യകാലത്ത് അതിൽ ബ്രിട്ടിഷുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യക്കാരെ അതിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞവരോട്, ഇന്ത്യക്കാരൊക്കെ ശുദ്ധമടിയന്മാരും ആവശ്യത്തിന് ബുദ്ധിയില്ലാത്തവരുമാണെന്നും, ഇവർക്കൊന്നും ഈ രാജ്യം ഭരിക്കാനുള്ള കഴിവ് അടുത്ത നൂറുവർഷത്തിൽ പോലും ഉണ്ടാകില്ല എന്നുമൊക്കെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ബ്രിട്ടിഷുകാർ പറഞ്ഞിരുന്നത്. ഏതായാലും ആയിരത്തി തൊള്ളായിരത്തി ഇരുപതുകളോടെ ‘ഇന്ത്യനൈസേഷൻ’ എന്ന പദ്ധതി ബ്രിട്ടീഷ് ആർമി ഓഫീസർമാരുടെ കാര്യത്തിലും സിവിൽ സർവീസിലും ഒക്കെ വന്നു. അങ്ങനെയാണ് ഇന്ത്യക്കാർ ഇന്ത്യൻ സിവിൽ സർവീസിൽ എത്തിയത്. (ഗൾഫിലൊക്കെ ഇപ്പോൾ ഒമാനൈസേഷനും ഖത്തറൈസേഷനും വരുന്ന കാലമാണ്. ഉയർന്ന ജോലികൾ ചെയ്യാനുള്ള ആ നാട്ടുകാരുടെ കഴിവിനെപ്പറ്റി പണ്ട് ബ്രിട്ടിഷുകാർ പറഞ്ഞ അതേ വാചകങ്ങൾ ഇന്ത്യക്കാർ ഉൾപ്പടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇനി അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഇതൊന്ന് ഓർമ്മിപ്പിക്കണം.)

ഒരുകാലത്ത് ലോകത്ത് പലയിടത്തും ഇത്തരം സിവിൽ സർവീസുകൾ ഉണ്ടായിരുന്നു. ആയിരത്തി മുന്നൂറു വർഷം മുൻപ് ചൈനയിൽ ആണ് കേന്ദ്രീകൃതമായി കഴിവിനനുസരിച്ച് ഉന്നത ഉദ്യോഗസ്ഥരെ മത്സര പരീക്ഷയിലൂടെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന സംവിധാനം തുടങ്ങിയത്. പിന്നീട് അത് പലയിടത്തും ആയി. പക്ഷെ ഇപ്പോൾ മിക്കവാറും വികസിത രാജ്യങ്ങളിൽ അങ്ങനെ ഒരു സംവിധാനം ഇല്ല. പകരം ഓരോ വകുപ്പും അവർക്ക് വേണ്ടവരെ തിരഞ്ഞെടുക്കുകയാണ്. പോരാത്തതിന് ഓരോ സംസ്ഥാനവും എന്തിന് നഗരങ്ങൾ വരെ അവർക്ക് വേണ്ട ഉദ്യോഗസ്ഥരെ എല്ലാ ലെവലിലും നേരിട്ട് തിരഞ്ഞെടുക്കുകയാണ്. അല്ലാതെ താഴെ നിലയിൽ തുടങ്ങി മുകളിലേക്ക് പോകുന്ന നമ്മുടെ പോലെ ഉള്ള പ്രസ്ഥാനം അല്ല. ഇതിനൊരു അപവാദമുള്ളത് ഫ്രാൻസിൽ ആണ്. ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തിയഞ്ച് മുതൽ വളരെ ആസൂത്രിതവും കേന്ദ്രീകൃതവുമായ ഒരു സിവിൽ സർവീസ് സിസ്റ്റമുണ്ട്. Ecole nationale d’administration (https://www.ena.fr/) എന്ന പ്രസ്ഥാനം അറിയാത്തവർ ഫ്രാൻസിലോ ഫ്രാൻസിന്റെ കോളനികളിലോ ഫ്രാൻസിനെപ്പറ്റി ശരിക്കറിയാവുന്നവരിലോ ഇല്ല. കാരണം ഈ സ്‌കൂളിൽ പഠിച്ചിറങ്ങുന്നവരാണ് ഫ്രാൻസിന്റെ ഭരണം നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ഉൾപ്പെടെ അനവധി പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, മിക്കവാറും മന്ത്രിസഭയിലെ പകുതിയോളം മന്ത്രിമാർ, വൻ വ്യവസായങ്ങളുടെ തലവന്മാർ തുടങ്ങിയവരെല്ലാം ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. പോരാത്തതിന് ഫ്രാൻസിലെ ഉയർന്ന ഉദ്യോഗങ്ങളിൽ ഇരിക്കുന്നവർ മുഴുവൻ ഇവിടെ നിന്നാണ്.
വർഷത്തിൽ വെറും നൂറുപേരിൽ താഴെയാണ് ഈ സ്ഥാപനത്തിൽ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. കർശനമായ പരീക്ഷകളാണ്. ആദ്യം തന്നെ ഒരു യോഗ്യതാ പരീക്ഷയുണ്ട്. അതുതന്നെ കഠിനമാണ്. അത് പാസ്സാകുന്നവർക്ക് മാത്രമേ ഫൈനൽ പരീക്ഷയെഴുതാനാകൂ. നമ്മുടെ പ്രിലിംസും മെയിനും പോലെ തോന്നാമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. യോഗ്യതാപരീക്ഷയിൽ പാസാകുന്ന മുഴുവൻ പേരെയും സർക്കാർ ചെലവിൽ സ്റ്റൈപ്പന്റും കൊടുത്ത് പരീക്ഷക്ക് പരിശീലനം നൽകുകയാണ്. ഒരു വർഷമാണ് ഈ പരിശീലനം. അതിന്റെ അവസാനത്തിലാണ് ഏറെ കഠിനമായ പ്രധാന പരീക്ഷ. അതിനുശേഷം ഇന്റർവ്യൂ. (ഈ ഇന്റർവ്യൂവിന് ഒരു പ്രത്യേകത കൂടിയുണ്ട്. പൊതുജനങ്ങളിൽ ആർക്കു വേണമെങ്കിലും പോയിരുന്ന് ഈ ഇന്റർവ്യൂ കാണാം). അതിലും പാസാകുന്നവർക്ക് പിന്നീട് രണ്ടുവർഷം പരിശീലനം. അതിനും ശേഷമാണ് റാങ്കിങ് വരുന്നത്. റാങ്ക് അനുസരിച്ച് വിവിധ ഗവണ്മെന്റ് വകുപ്പുകളിൽ ജോലി.

ഈ സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടാൻ മൂന്ന് അവസരങ്ങൾ ഉണ്ട്. ഒന്നാമത് നമ്മുടെ പോലെ തന്നെ ഡിഗ്രി കഴിഞ്ഞാൽ ഉടൻ അപേക്ഷിക്കുന്നത്. രണ്ടാമത്തേത് സർക്കാർ ജോലിക്കാർക്ക് വേണ്ടി മാത്രം ഉള്ളതാണ്. നാല് വർഷം സർക്കാരിൽ ജോലി ചെയ്തവർക്ക് അപേക്ഷിക്കാം. ഇത് നമ്മുടെ രാജ്യത്തും ഉണ്ട്, കുറച്ചു നാൾ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ഐ എ എസ് കൺഫെർ ചെയ്യുന്ന പരിപാടി ഒക്കെ ഉണ്ട്, പക്ഷെ നേരിട്ട് പരീക്ഷ എഴുത്തുകയല്ലല്ലോ, അത് കൊണ്ട് അത്ര സുതാര്യവും അല്ല.

പക്ഷെ നമ്മൾ ശ്രദ്ധിക്കേണ്ട അതി പ്രധാനമായ ഒരു അവസരം കൂടി ഫ്രാൻസിൽ ഉണ്ട്. മൂന്നാമത്തെ പരീക്ഷ എന്നാണ് ഇതിന് പറയുന്നത് (മൂന്നാമത്തെ കവാടം എന്നാണ് ഒറിജിനൽ പ്രയോഗം). പ്രൈവറ്റ് സെക്ടറിലും പ്രാദേശിക സഭകളിലും (വില്ലേജ് കൗൺസിൽ, നമ്മുടെ പഞ്ചായത്ത് മെമ്പർ പോലെ മെമ്പർ, മേയർ എന്നിങ്ങനെ) മറ്റു അസോസിയേഷനുകളിലും എട്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ആളുകൾക്കുള്ള ഒരവസരമാണിത്. മൊത്തം സിവിൽ സർവീസിന്റെ പതിനഞ്ചു ശതമാനം ഇങ്ങനെ തൊഴിൽ പരിചയമുള്ളവർക്കായി മാറ്റിവെച്ചിരിക്കുന്നു. എന്നാൽ ഇവരും യോഗ്യതാപരീക്ഷ എഴുതണം, അത് പാസ്സായാൽ സർക്കാരിന്റെ ഒരുവർഷത്തെ കോച്ചിങിനും ചേരണം. പ്രധാന പരീക്ഷ പാസ്സാവണം, പിന്നെ രണ്ടുവർഷം പരിശീലനവും നേടണം. എന്നാൽ പരിശീലനം കഴിയുമ്പോൾ അവരുടെ പരിചയത്തിനനുസരിച്ച് ഉയർന്ന ജോലികളാണ് അക്കാദമിയിൽ നിന്നും പുറത്തുവരുമ്പോൾ അവർക്ക് ലഭിക്കുന്നത്.

ഇന്ത്യയിലെ സിവിൽ സർവീസ് എന്നെങ്കിലും ഒക്കെ പുനരാവിഷ്കരിക്കേണ്ടതാണ്. അതിനെ പറ്റിയുള്ള ചർച്ചകളും ഇടക്ക് കേൾക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ഉറപ്പായും പത്തും ഇരുപതും വർഷം സർക്കാരിന് പുറത്ത്, ഇന്ത്യക്ക് അകത്തും പുറത്തും, പ്രവൃത്തി പരിചയമുള്ളവർക്ക് (പ്രൈവറ്റ് സെക്ടർ, എൻ ജി ഓ, രാഷ്ട്രീയസ്ഥാനങ്ങൾ) സിവിൽ സർവീസിൽ എത്താൻ അവസരം നൽകുന്ന സുതാര്യമായ ഒരു പരീക്ഷ കൂടി വേണം. സ്വകാര്യമേഖലയിൽ നിന്നും വിദേശത്തു നിന്നും ഒക്കെ ഉള്ള ആശയങ്ങളും രീതികളും സിവിൽ സർവീസിന്റെ അകത്തെത്തിയാൽ നമ്മൾ ഇപ്പോൾ കാണുന്ന സർവീസിന്റെ രീതി തന്നെ മാറും, രാജ്യത്തിന്റെ വികസനത്തിന്റെ വേഗവും.

ആഗ്രഹിക്കുക. അതിന് ടാക്സ് ഒന്നുമില്ലല്ലോ!

Leave a Comment