മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങളെയും അതിൻറെ ചിലവിനെയും പറ്റിയുള്ള വാർത്തകൾ കാണുമ്പോൾ എനിക്കല്പം വിഷമം തോന്നുന്നുണ്ട്.
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പല തരത്തിലുള്ള സുരക്ഷാ ഭീഷണികളുണ്ട്. അത് വൈരാഗ്യം കൊണ്ട് ശത്രുക്കൾ അപായപ്പെടുത്താൻ ശ്രമിക്കുന്നതോ ആരാധന മൂത്ത അനുയായികളുടെ തള്ളിക്കയറ്റം മൂലം ഉണ്ടാകുന്നതോ ആകാം. പ്രധാനമന്ത്രി മുതൽ ക്രിക്കറ്റ് താരങ്ങൾക്ക് വരെ സുരക്ഷാ സംവിധാനം ഒരുക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.
എങ്ങനെയാണ് ഓരോരുരുത്തർക്കും സുരക്ഷ ഒരുക്കേണ്ടത് എന്നത് സുരക്ഷാ രംഗത്തെ പ്രൊഫഷണലുകൾ തീരുമാനിക്കേണ്ട കാര്യമാണ്. ഐക്യരാഷ്ട്ര സഭയുടെ ജോലിക്കാരനായി ലോകത്തെവിടെയും യാത്ര ചെയ്യുമ്പോൾ എനിക്ക് കിട്ടുന്ന സുരക്ഷ വളരെ വ്യത്യസ്തമാണ്. അഫ്‌ഗാനിസ്ഥാനിൽ യു എൻ പേര് വെക്കാത്ത, എന്നാൽ ബോംബിങ്ങിൽ തകരാത്ത, ബുള്ളറ്റ് തുളച്ചു കയറാത്ത ഗ്ലാസ്സ് ഉള്ള ടൊയോട്ടയുടെ പ്രത്യേകം നിർമ്മിച്ച ലാൻഡ് ക്രൂയിസറിലാണ് യാത്ര. കാരണം റോഡ് സൈഡ് ബോംബുകളും സൂയിസൈഡ് ബോംബുകളും അവിടുത്തെ പ്രധാന റിസ്ക്കാണ്. യു എന്നും മറ്റ് അന്താരാഷ്ട്ര ഏജൻസികളും അവരുടെ നോട്ടപ്പുള്ളികൾ ആണ് താനും. നൈജീരിയയിൽ ആകട്ടെ യു എൻ എന്ന് വലുതായി എഴുതിയ കാറിൽ, മുന്നിലും പിന്നിലും (ചിലപ്പോൾ കാറിലും) തോക്കേന്തിയ പോലീസുകാരുമായിട്ടാണ് യാത്ര. കാരണം ഹൈവേ കൊള്ളക്കാരും കിഡ്നാപ്പിംഗ് നടത്തുന്നവരുമാണ് അവിടുത്തെ പ്രധാന പ്രശ്നം. സാധാരണ ഗതിയിൽ യു എൻ വാഹനങ്ങളെ അവർ വിട്ടുകളയാറാണ് പതിവ്. ഇതൊക്കെ കഴിഞ്ഞു ജനീവയിലെത്തിയാൽ ഇതൊന്നുമില്ല.
വിമാനത്താവളത്തിൽ ഇറങ്ങി ബസിൽ കയറി ഞാൻ വീട്ടിലേക്ക് പോകും. ഇതൊന്നും എൻറെ സ്വന്തം തീരുമാനമല്ല. ഇതിന് വേണ്ടി പരിശീലനം നേടിയിട്ടുള്ളവർ എടുക്കുന്ന തീരുമാനം അനുസരിച്ചു നമ്മൾ പ്രവർത്തിക്കുക മാത്രമാണ്.
സുരക്ഷ ഒരു ആഡംബരമായി കൊണ്ടു നടക്കുന്ന ആളൊന്നുമല്ല നമ്മുടെ മുഖ്യമന്ത്രി. ഭരണത്തിൽ ഇല്ലാത്ത സമയത്തും, വ്യക്തിപരമായി സുരക്ഷാഭീഷണി ഉണ്ടായിരുന്ന സമയത്തും ചുറ്റും പൊലീസുകാരെ വെക്കാതെ അത് സ്വയം കൈകാര്യം ചെയ്യാം എന്ന് തീരുമാനിച്ച ആളുമാണ്. പക്ഷെ ഇപ്പോൾ അദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയാണ്. ലക്ഷക്കണക്കിന് രാഷ്ട്രീയ അനുയായികളും, അത്യാവശ്യത്തിന് രാഷ്ട്രീയ എതിരാളികളുമുള്ള ആളാണ്. ഈ രണ്ടു കൂട്ടരും അദ്ദേഹത്തെ മനപ്പൂർവ്വം അപായപ്പെടുത്തുന്ന സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. ആരാധനയും പ്രതിഷേധവും അതിരുകടക്കുന്ന സ്ഥലമാണ് കേരളം. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ കാറിന് നേരെ കല്ലേറുണ്ടായി, ഇത്തവണ ഓഖിയുടെ സമയത്ത് പ്രതിഷേധക്കാരുടെ ഇടയിൽ കൂടി മുഖ്യമന്ത്രിയുടെ കാർ കടത്തി വിടാൻ പോലീസ് ഏറെ ബുദ്ധി മുട്ടി. അപ്പോൾ നമ്മുടെ മുഖ്യമന്ത്രിമാർക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരിക്കണം എന്നതിൽ സംശയമില്ല.
ഇതൊന്നുമല്ല പ്രധാന പ്രശ്നം. ഓരോ ദിവസവും സുപ്രധാനമായ ധാരാളം തീരുമാനങ്ങൾ ഔദ്യോഗികമായി എടുക്കേണ്ടി വരുന്ന ആളാണ് നമ്മുടെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. അതിഷ്ടപ്പെടാത്തവരും അതുകൊണ്ട് പലതും നഷ്ടപ്പെടുന്നവരും ഉണ്ടാകാം. അങ്ങനെ കള്ളക്കടത്തുകാരിൽ തുടങ്ങി മത മൗലികവാദികളിൽ നിന്ന് വരെ നമ്മൾ അറിയുന്നതും അറിയാത്തതുമായ സുരക്ഷാ ഭീഷണികൾ അദ്ദേഹത്തിന് ഉണ്ടാകാം. ഇതൊക്കെ അറിഞ്ഞും കണക്കുകൂട്ടിയുമാണ് അദ്ദേഹത്തിൻറെ സുരക്ഷാ സന്നാഹം ഒരുക്കേണ്ടത്. എന്താണ് പ്രത്യേക സുരക്ഷാ ഭീഷണി എന്നോ, എന്തൊക്കെ സംവിധാനങ്ങളാണ് സുരക്ഷക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതെന്നോ എപ്പോഴും പുറത്തു പറയാൻ പറ്റില്ല. ഇതൊക്കെ പ്രൊഫഷണൽസിന് വിട്ടുകൊടുക്കുന്നതാണ് ശരി. നമ്മുടെ പോലീസ് സംവിധാനത്തിൽ ഹൈ വാല്യൂ ടാർഗറ്റിന്റെ സുരക്ഷ അവലോകനം ചെയ്യാനും ഡിസൈൻ ചെയ്യാനും നിയന്ത്രിക്കാനും കഴിവുള്ള പ്രൊഫഷണൽസ് ഉണ്ടോ എന്നത് ചോദിക്കാവുന്ന ഒരു ചോദ്യമാണ്. മറ്റുള്ള പല പോലീസിംഗ് വിഷയത്തിലും കാണിക്കുന്ന ‘പ്രൊഫഷണലിസം’ കാണുമ്പോൾ ആ സംശയം അസ്ഥാനത്തല്ല താനും.
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ നമ്മുടെ മന്ത്രിമാരുടെ പ്രധാന റിസ്ക്ക് റോഡ് യാത്ര തന്നെയാണ്. പകലും രാത്രിയും നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും എപ്പോഴും യാത്ര തന്നെയാണ്. ഇവരുടെ ഡ്രൈവർമാർ പ്രത്യേക പരിശീലനം ലഭിച്ചവരാണോ, അവരുടെ തൊഴിൽ സമയം എട്ടു മണിക്കൂറിനുള്ളിൽ നിൽക്കുന്നുണ്ടോ എന്നതൊക്ക സുരക്ഷക്ക് പ്രധാനമാണ്. റോഡ് സുരക്ഷ മാത്രം നോക്കിയാൽ പോലും സാധാരണ ഇന്നോവ കാറിലും സുരക്ഷയുടെ കാര്യത്തിൽ നല്ലത് ലാൻഡ്ക്രൂയിസർ തന്നെയാണ്. നമ്മുടെ മന്ത്രിമാരുടെ സുരക്ഷക്കോ, വാഹനത്തിനോ വേണ്ടി ചിലവാക്കുന്ന എഴുപത് ലക്ഷമോ എന്തിന് ഏഴുകോടിയോ ഒന്നുമല്ല നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്. മറിച്ച് നമ്മുടെ ഔദോഗിക സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന ആയിരക്കണക്കിന് കോടി രൂപ സമയത്തിനും കാര്യക്ഷമതയോടെയും ചിലവാക്കുന്നതിൽ വരുന്ന പാളിച്ചയാണ്.
അവിടെയാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. സുരക്ഷ ഒക്കെ വിദഗ്ദ്ധർ നോക്കട്ടെ.
മുരളി തുമ്മാരുകുടി
Leave a Comment