ആരാണ് മാധ്യമപ്രവർത്തകരെ മാ പ്ര കൾ എന്ന് ആദ്യമായി വിളിച്ചതെന്ന് അറിയില്ല. അധികനാളൊന്നുമായിട്ടില്ല. പക്ഷെ അത് ഇരിപ്പതായി.
സ്നേഹം കൊണ്ടോ ബഹുമാനം കൊണ്ടോ അല്ല ഈ വിളി വരുന്നത്. “നീ എന്തിനാണ് സാറേ എന്ന് വിളിക്കുന്നതെന്ന് എനിക്കറിയാം” എന്ന് റൺ വേ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. അതുപോലെ.
വാസ്തവത്തിൽ ഇത് കഷ്ടമാണ്. ജനാധിപത്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു തൊഴിലാണ് മാധ്യമപ്രവർത്തകരുടേത്. വിശ്വസിക്കാവുന്ന മാധ്യമങ്ങളും ധീരരായ മാധ്യമപ്രവർത്തകരും ഉണ്ടായിരിക്കേണ്ടത് തുറന്ന സമൂഹത്തിന്റെ വളർച്ചക്കും നിലനിൽപ്പിനും ആവശ്യമാണ്.
പക്ഷെ എവിടെയോ നമുക്ക് വിശ്വാസ്യത തീർച്ചയായും നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ കൂടുതലായി നഷ്ടപ്പെട്ടത് ഔചിത്യബോധം ആണ്. ബ്രേക്കിംഗ് ന്യൂസ് സംസ്കാരം വന്നതും, നിയർ റിയൽ ടൈം റേറ്റിങ്ങും, സാമൂഹ്യമാധ്യമങ്ങൾ വന്നതോടെ ഫോണുള്ളവരെല്ലാം മാധ്യമപ്രവർത്തനത്തിറങ്ങിയതും എല്ലാം ഇതിന് കാരണമാണ്. പരസ്പരമത്സരത്തിന്റെ കുത്തൊഴുക്കിൽ മാധ്യമപ്രവർത്തകരുടെ ഔചിത്യമില്ലായ്മ അന്തം കാണാതെ വളരുകയും വിശ്വാസ്യത തീരെ ഇല്ലാതായിപ്പോവുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് ആർക്കും നല്ലതല്ല. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല, സമൂഹത്തിനും.
കഴിഞ്ഞ ദിവസം കുസാറ്റിലെ അപകടത്തിൽ മരിച്ച കുട്ടികളുടെ പേരുവിവരം സ്ക്രോൾ ചെയ്തതിനെ വിമർശിച്ച് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. വളരെ അപൂർവ്വമായിട്ടാണ് ഇപ്പോൾ ഞാൻ ഒരു പോസ്റ്റിട്ടാൽ അതിന് അനുകൂലമായും എതിരായും പ്രതികരണങ്ങൾ വരാതിരിക്കുന്നത്. ഈ പോസ്റ്റിന് ലക്ഷക്കണക്കിന് റീച്ച് ഉണ്ടായിട്ടും എല്ലാവരും അനുകൂലമായിട്ടാണ് പ്രതികരിച്ചത്. മാധ്യമങ്ങൾ ശ്രദ്ധിച്ചോ എന്തോ.
പക്ഷെ തൊട്ടടുത്ത ദിവസം കൊല്ലത്ത് ഒരു കുട്ടിയെ കാണാതെ പോയ സാഹചര്യത്തിൽ ആ കുട്ടിയുടെ വീട്ടിൽ ചെന്ന് കുട്ടിയുടെ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന തരത്തിൽ ലൈവ് ചെയ്തതോടെ സമൂഹത്തിൽ എല്ലായിടത്തുനിന്നും മാധ്യമപ്രവർത്തകരുടെ ഔചിത്യമില്ലായ്മക്കെതിരെ വിമർശനം ഉണ്ടായി. അവർ തീർച്ചയായും ശ്രദ്ധച്ചു എന്ന് തോന്നുന്നു. ചുരുക്കം ചിലർ ഇട്ട പോസ്റ്റുകൾ പിൻവലിച്ചതായി പോലും കണ്ടു. നല്ലത്.
സത്യം പറഞ്ഞാൽ എനിക്ക് കഷ്ടം തോന്നി. ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ വിഷ്വൽ മീഡിയയിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരും, ലീസ് ഡ്യൂസെറ്റും അനിത പ്രതാപും നടത്തുന്ന മീഡിയ പ്രവർത്തനം കണ്ടിട്ട് താല്പര്യമായി വരുന്നവരുമാണ്. അവർക്കൊക്കെ സത്യത്തിൽ നല്ല രീതിയിൽ ഉളള മാധ്യമപ്രവർത്തനത്തിൽ പരിശീലനം ലഭിക്കുന്നുണ്ടോ? ഒരു അപകടം നടന്നാൽ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്? അപകടത്തിൽ പെട്ടവരുടെ കുടുംബത്തിൽ ഉള്ളവരോട് എപ്പോഴാണ് എങ്ങനെയാണ് സംസാരിക്കേണ്ടത്? വ്യക്തികളുടെ പ്രൈവസിയും സമൂഹത്തിന്റെ അറിയാനുള്ള ആവശ്യവും ആകാംക്ഷയും തമ്മിലുള്ള ബാലൻസ് എന്താണ്? ഇതിന്റെ ലോകത്തെ നാലാൾ മാതൃകകൾ എന്താണ്?. ഇതൊക്കെ ഇവരുടെ പാഠ്യവിഷയം ആണോ? ആകണ്ടേ?
2018 ലെ വെള്ളപ്പൊക്കത്തിന് മുൻപ്, ഒരിക്കൽ ഞാൻ എങ്ങനെയാണ് ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് എന്ന വിഷയത്തിൽ ഒരു പരിശീലനം നൽകിക്കൂടെ എന്ന് അന്ന് പ്രസ്സ് അക്കാദമിയുടെ ചെയർ പേഴ്സൺ ആയ ശ്രീ. എൻ. പി. രാജേന്ദ്രനോട് ചോദിച്ചു. ഉടൻ അദ്ദേഹം സമ്മതിച്ചു. ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റി അതിനുള്ള പിന്തുണയും സാന്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഇന്ത്യയിൽ പലയിടത്തുനിന്നും ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്ത് പരിചയം ഉള്ള മുതിർന്ന പത്രപ്രവർത്തകരെ ഞങ്ങൾ കൊണ്ടുവന്നു. മന്ത്രിയും സ്ഥലം എം എൽ യും വരാൻ സമ്മതിച്ചു. എല്ലാ മാധ്യമങ്ങൾക്കും ഞങ്ങൾ കത്തയച്ചു. രണ്ടു ദിവസം ട്രെയിനിങ്ങ്, താമസം, ഭക്ഷണം, യാത്ര ഫ്രീ.
ട്രെയിനിങ്ങിനും രണ്ടു ദിവസം മുൻപ് സംഘാടകർ എന്നെ വിളിച്ചു. “സാർ, ഒരു കുഴപ്പമുണ്ട്, അധികം ആളുകൾ ഒന്നും വരുന്നില്ല. മന്ത്രി വരുന്പോൾ ട്രെയിനീസ് ഇല്ലാതെ ആയാൽ കുഴപ്പമല്ലേ.” അവസാനം ജേർണലിസം പഠിപ്പിക്കുന്ന കോളേജിൽ നിന്നും വിദ്യാർത്ഥികളെ കൊണ്ടുവന്നു ക്ലാസ് നടത്തി.
ഒരു വർഷത്തിന് ശേഷം 2018 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ ഇതേ പരിശീലനം ആവർത്തിക്കാൻ എന്നോട് പി ആർ ഡി ആവശ്യപ്പെട്ടു. പഴയ മാനക്കേട് ഓർത്ത് ഞാൻ ആദ്യം വിസമ്മതിച്ചുവെങ്കിലും സ്നേഹപൂർവ്വമുളള നിർബന്ധത്തിന് വഴങ്ങി വീണ്ടും ട്രെയിനിങ്ങ് നടത്തി. ഇത്തവണ തൈക്കാട് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് റൂം നിറഞ്ഞു കവിഞ്ഞും പത്രപ്രവർത്തകർ ആയിരുന്നു. പതിവ് പോലെ ഒരു ദുരന്തം വേണ്ടിവന്നു ആ പാഠം പഠിക്കാൻ.
ഇപ്പോൾ അടിക്കടിക്ക് രണ്ടു സാഹചര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങൾ പാഠങ്ങൾ പഠിച്ചിരിക്കണം. അതുകൊണ്ട് തന്നെ ഇനി ഇങ്ങനെ സാഹചര്യങ്ങൾ ഉണ്ടാകുന്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പരസ്പരം ചർച്ച ചെയ്യാനും ലോകത്തെ നല്ല മാതൃകകൾ നോക്കിക്കാണാനും പറ്റിയ അവസരമാണ്.
മീഡിയ അക്കാദമിയും ദുരന്ത നിവാരണ അതോറിറ്റിയും ഒരിക്കൽ കൂടി മുൻകൈ എടുത്ത് ഈ വിഷയത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചാൽ മതി.
സ്നേഹപൂർവ്വം നിർബന്ധിച്ചാൽ ഞാനും വരാം.
മുരളി തുമ്മാരുകുടി
അത് വേറെ കളി ആണ്