പൊതു വിഭാഗം

മാൽമോയിലേക്കുള്ള വണ്ടി…

സ്വീഡനിലെ മാൽമോയിലുള്ള വേൾഡ് മാരിടൈം യൂണിവേഴ്സിറ്റിയിൽ ഒരു പ്രഭാഷണത്തിന് പോകുകയായിരുന്നു ഞാൻ. ഡെന്മാർക്കിലെ തലസ്ഥാനമായ കോപ്പൻഹേഗനിൽ വിമാനമിറങ്ങി, അവിടെ നിന്നും കോപ്പൻഹേഗൻ നഗരത്തിലെത്തി സ്വീഡനിലേക്ക്‌ പോകുന്ന ട്രെയിനിൽ വേണം മാൽമോയിലേക്ക് പോകാൻ.

ജനീവയിൽ നിന്നും രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ യാത്രയാണ്. യൂറോപ്പിനകത്തുള്ള യാത്രകളിൽ ഇപ്പോൾ വിമാനക്കമ്പനികൾ ഭക്ഷണമൊന്നും തരില്ല. അതുകൊണ്ടുതന്നെ കോപ്പൻഹേഗനിൽ എത്തിയപ്പോൾ നല്ല വിശപ്പുണ്ട്. റെയിൽവേ സ്റ്റേഷനിൽ മക് ഡൊണാൾഡിൽ ചെന്ന് ഒരു മുട്ടൻ സ്നാക്ക്സ് ബോക്സ് വാങ്ങിയാണ് ഞാൻ ട്രെയിൻ പിടിക്കാനെത്തിയത്.

സ്റ്റേഷനിൽ പതിവില്ലാത്ത തിരക്ക്. എന്റെയടുത്ത് വന്ന് ഭാഷ അറിയാത്ത പലരും “മാൽമോ ട്രെയിൻ?” എന്നു ചോദിക്കുന്നുണ്ട്. ഞാൻ യെസ് പറഞ്ഞു.

മാൽമോക്കുള്ള ട്രെയിൻ വന്നു. ഞാൻ ട്രെയിനിൽ കയറി ഇരിപ്പുറപ്പിച്ചു. മുൻപേ എന്റടുത്തു വന്നു സംശയം ചോദിച്ചവരും കൂടെക്കയറി. അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ശബ്ദശല്യമില്ലാതെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രത്യേക കമ്പാർട്ട്മെന്റാണത്. ഇതിൽ സംസാരിക്കാനോ ഫോൺ ചെയ്യാനോ പാടില്ല. ഞാൻ ഒറ്റക്കായതിനാൽ അതൊരു പ്രശ്നമല്ല.

കോപ്പൻഹേഗനിൽ നിന്നും മാൽമോക്ക് അധികം ദൂരമില്ല. കടലിനടിയിലൂടെ ഒരു തുരങ്കം. ഏറിയാൽ ഇരുപത് മിനിറ്റ്. എന്റെ എതിർ ഭാഗത്തിരിക്കുന്നത് നാലു കുട്ടികളടങ്ങുന്ന ഒരു കുടുംബമാണ്. ഞാൻ സ്നാക്ക്സ് ബോക്സ് തുറന്നതും കുട്ടികൾ എന്റെ നേരെ നോക്കി. പത്തിന് താഴെയാണ് എല്ലാ കുട്ടികളുടെയും പ്രായം. ഏറ്റവും ഇളയത് കഷ്ടിച്ച് രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയാണ്. അവൾ എണീറ്റ് എന്റെയടുത്ത് വന്ന് ഭക്ഷണത്തിന് കൈനീട്ടി.

ഇന്ത്യയിലാണെങ്കിൽ മറ്റുള്ളവരുടെ കുട്ടികളോട് അടുപ്പം കാണിക്കുന്നതും അവരുമായി ഭക്ഷണം പങ്കുവെക്കുന്നതും സാധാരണമാണ്. എന്നാൽ യൂറോപ്പിൽ ഇത് പതിവില്ല. അതുകൊണ്ടുതന്നെ എനിക്ക് മനസ്സിലായി ഇത് യൂറോപ്പിൽ നിന്നുള്ള കുടുംബമല്ല എന്ന്. അപ്പോഴാണ് ഞാൻ സിറിയയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തെപ്പറ്റി ടി വി യിൽ കണ്ട വാർത്ത ഓർമ്മ വന്നത്. പെട്ടെന്നു തന്നെ എനിക്ക് ചിത്രം വ്യക്തമായി. സിറിയയിൽ നിന്നും അഭയാർത്ഥികൾ യൂറോപ്പിലേക്ക് വൻതോതിൽ കുടിയേറുന്ന സമയമാണ്. അവരാണ് ഭാഷ അറിയാതെ എന്റടുത്ത് ‘മാൽമോ?’ എന്നു ചോദിച്ചത്. ആ കുട്ടികളാണ് എന്റെ മുന്നിലിരിക്കുന്നത്.

യുദ്ധവും തീവ്രവാദവും കാരണം പൊറുതിമുട്ടിയ സിറിയയിൽ നിന്നും ഉള്ളതെല്ലാം ഇട്ടെറിഞ്ഞാണ് ആളുകൾ ഓടിപ്പോരുന്നത്. ലക്ഷക്കണക്കിന് രൂപ മനുഷ്യക്കടത്തുകാർക്ക് കൈക്കൂലി കൊടുത്താൽ അവർ പഴഞ്ചൻ കപ്പലിലും ബോട്ടിലും ഒക്കെ മധ്യധരണ്യാഴി കടത്തി ഇറ്റലിയുടെ തീരത്ത് എത്തിക്കും. അല്ലെങ്കിൽ തുർക്കിയിലൂടെ നടത്തി ജർമ്മനിയുടെ അതിർത്തിയിൽ എത്തിക്കും. ദുർഘട യാത്രയായതിനാൽ ഒരു ചെറിയ ബാഗല്ലാതെ ഒന്നും എടുക്കാൻ പറ്റില്ല, കയ്യിൽ പണം ഉണ്ടെങ്കിൽ അതെല്ലാം മനുഷ്യക്കടത്തുകാർ അടിച്ചു മാറ്റും, യാത്രക്കിടയിൽ ബോട്ടു മുങ്ങിയും ഒക്കെ ഏറെ പേർ മരിക്കും, ബാക്കിയുള്ളവരാണ് കരയിൽ എത്തിപ്പറ്റുന്നത്. അവർ യൂറോപ്പിൽ ഓരോ രാജ്യങ്ങളിലേക്ക് പോവുകയാണ്. സ്വീഡൻ അഭയാർത്ഥികളെ നന്നായി സംരക്ഷിക്കും എന്ന് പ്രശസ്തി ഉണ്ട്, അതാണവർ മാൽമോയിലേക്ക് പോകാൻ നോക്കുന്നത്.

ഒന്നുകൂടി ഉറപ്പു വരുത്താനായി ഞാൻ അമ്മയോട് ചോദിച്ചു, “സിറിയ”

“അതെ”, അച്ഛൻ പറഞ്ഞു. “ഞാനവിടെ അദ്ധ്യാപകനായിരുന്നു, ഭാര്യ ഡോക്ടറും. തീവ്രവാദം കാരണം നാട് വിട്ടതാണ്”.

എത്ര നേരമായി കുട്ടികൾ ഭക്ഷണം കഴിച്ചിട്ട് എന്ന് ഞാൻ ചോദിച്ചില്ല, പക്ഷെ അമ്മയോട് ഞാൻ ചോദിച്ചു “ഞാനിത് കുട്ടികൾക്ക് കൊടുത്തോട്ടെ?”

“ഇത് ഹലാൽ ആണോ?” അമ്മ ചോദിച്ചു.

സത്യത്തിൽ അത് ഹലാലാണോ എന്നെനിക്കറിയില്ല. പക്ഷെ, വിശന്നിരിക്കുന്ന ആ കുട്ടികൾ എന്ത് ഭക്ഷണം കഴിച്ചാലും അവരോട് ദൈവം പൊറുക്കുമെന്ന് എനിക്കുറപ്പുണ്ട്.

‘ഹലാൽ’ എന്നു പറഞ്ഞ് ആ വലിയ സ്നാക്ക്സ് ബോക്സ് ഞാനാ കുട്ടികൾക്ക് കൊടുത്തു.

കമ്പാർട്ട്മെന്റിൽ അവരുടെ കുട്ടികളെ കൂടാതെ ആകെ ഇരുപതോളം കുട്ടികളുണ്ട്. എന്റെ സ്നാക്ക് ബോക്സിൽ കുറച്ചു ചെറിയ കഷണം ചിക്കനും ചെമ്മീനും ഒക്കെയാണ്. ആ അമ്മ ഞാൻ കൊടുത്ത പൊതിയിലെ ഭക്ഷണം എല്ലാവർക്കുമായി പകുത്തുകൊടുത്തു. എന്റെ ചെറുപ്പത്തിൽ ഒരു മുട്ട പത്തായി മുറിച്ച് എല്ലാവർക്കുമായി പങ്കു വെച്ചിരുന്ന അമ്മയെ ഞാനോർത്തു.

സ്വന്തം രാജ്യത്തുനിന്ന് ഓടിപ്പോരേണ്ടി വരിക എന്നത് എത്ര ദുഃഖകരമാണ്. നാലായിരം വർഷത്തെ സാംസ്‌കാരിക പാരമ്പര്യമുള്ള നാടാണ് സിറിയ. പത്തു വർഷം മുൻപ് വരെ നമ്മളെക്കാളും സാമ്പത്തികസ്ഥിതിയും വിദ്യാഭ്യാസ അവസരങ്ങളുമുണ്ടായിരുന്ന രാജ്യം. അവിടെ ഡോക്ടറായിരുന്ന അമ്മയ്ക്കും അധ്യാപകനായിരുന്ന അച്ഛനുമാണ് ഭാഷ അറിയാത്ത അന്യ രാജ്യത്ത് ഒരു അപരിചിതന്റെ മുന്നിൽ കുട്ടികൾ വിശന്ന് കൈനീട്ടുന്നത് കാണേണ്ടിവന്നത്.

ഈ ലോകത്ത് നാം എവിടെയാണെങ്കിലും നമ്മളെല്ലാം അഭയാർത്ഥികളായി എത്തിയവരാണ്. ഏതു കാലത്ത്, എവിടെ നിന്ന്, എന്തുകൊണ്ട്, എങ്ങോട്ടോടി എന്നു മാത്രം നോക്കിയാൽ മതി. യുദ്ധം, ദുരന്തം, തീവ്രവാദം, വർഗീയ വിദ്വേഷത്തിൽ നിന്നും രക്ഷപെടാൻ, വംശീയ രോഷത്തിൽ നിന്നും രക്ഷപെടാൻ, ഇങ്ങനെ കാരണം പലതാകാം. നൂറുവർഷമായില്ല യൂറോപ്പിലെ ആളുകൾ നാലുപാടും ഓടിയിട്ട്.

ഈ തലമുറയിൽ യുദ്ധം മൂലമോ ദുരന്തം മൂലമോ നാടുവിട്ട് ഓടിപ്പോകേണ്ടിവരുന്നില്ല എന്നത് നമ്മുടെ മിടുക്കല്ല, ഭാഗ്യമാണ്. അതുകൊണ്ടുതന്നെ ഒരു നാട്ടിൽ നിന്നും മറുനാട്ടിൽ എത്തുന്നവരെ ആരെയും സന്തോഷത്തോടെയും ബഹുമാനത്തോടെയും വേണം നമ്മൾ സ്വീകരിക്കാൻ. അവരുടെ ആത്മാഭിമാനം മുറിപ്പെടുന്ന ഒന്നും നമ്മൾ ചെയ്യാൻ പാടില്ല.

അവർക്ക് കുറച്ചു കൂടി സഹായം ചെയ്യണം എന്നുണ്ട്, പക്ഷെ ഏറെ അഭിമാനമുള്ള നാട്ടുകാർ ആണ്, നല്ല നിലയിൽ ജീവിച്ചവരും. നേരിട്ട് പണം കൊടുത്താൽ അവർക്കത് കുറച്ചിലാകും. മാൽമോയിൽ എത്താൻ കുറച്ചു സമയമേ ഉള്ളൂ. ഞാൻ ഇരുപത് കൊല്ലം മുൻപ് സിറിയയിൽ ചെന്ന കഥ, അവിടുത്തെ അതിശയകരമായ സംസ്കാരത്തിന്റെ അറിവ്, ആ നാട്ടുകാരുടെ ആതിഥ്യമര്യാദയുടെ ഓർമ്മ എല്ലാം അവരുമായി പങ്കുവെച്ചു. അവരെ പാവപ്പെട്ട അഭയാർഥികളായിട്ടല്ല, അവരുടേതല്ലാത്ത കുറ്റത്തിൽ കുഴപ്പത്തിൽ പെട്ട വലിയ ഒരു സംസ്കാരത്തിന്റെ പ്രതിനിധികളായിട്ടാണ് ഞാൻ കാണുന്നതെന്ന് അവർക്ക് വ്യക്തമായി. എന്റെ കൈയിലുണ്ടായിരുന്ന പണം മുഴുവൻ ആ അധ്യാപകന്റെ കൈയിൽ വെച്ചുകൊടുത്തിട്ട് കുട്ടികളെ ഒന്ന് കെട്ടിപ്പിടിച്ചിട്ടാണ് ഞാൻ മാൽമോയിൽ തീവണ്ടിയിറങ്ങിയത്. ലോകത്ത് എനിക്കും, മറ്റൊരച്ഛനും ഈ ഗതി വരല്ലേ എന്ന ചിന്തയോടെയും.

(കുട്ടികൾക്ക് വേണ്ടി എഴുതിയ ഒരു യാത്രാനുഭവം. ഈ മാസത്തെ യുറീക്കയിൽ ഇതുപോലെ ധാരാളം യാത്രാ വിവരണങ്ങൾ ഉണ്ട് വാങ്ങി കുട്ടികൾക്ക് കൊടുക്കുമല്ലോ. പറ്റിയാൽ ഈ അവധിക്കാലത്ത് ചെറുതെങ്കിലും ഒരു യാത്രക്ക് കൊണ്ട് പോവുകയും വേണം.)

Leave a Comment