എന്റെ സുഹൃദ്‌വലയത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് നേഴ്‌സുമാരുടേത്. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. സുഹൃത്തുക്കളുടെ എണ്ണം നാലായിരം ആകുന്നതിനു മുൻപ് നേഴ്‌സുമാരുടെ ഭാഗത്തു നിന്ന് വരുന്ന എല്ലാ ഫ്രണ്ട് റിക്വസ്റ്റുകളും ഞാൻ കണ്ടയുടൻ സ്വീകരിക്കുമായിരുന്നു. ഇപ്പോഴും ഏറ്റവും മുൻഗണന അവർക്ക് തന്നെയാണ്.
മുൻപ് പറഞ്ഞിട്ടുള്ള കാര്യം ഒരിക്കൽ കൂടി പറയുന്നതിൽ സന്തോഷമേയുള്ളൂ. നേഴ്‌സുമാരോടുള്ള എന്റെ പരിചയവും അഭിമാനവും സോഷ്യൽമീഡിയയുടെ കാലത്ത് ഉണ്ടായതല്ല. ഐ. ഐ. ടി. യിലേക്ക് ട്രെയിൻ യാത്ര ചെയ്യുന്ന സമയത്ത് 52 മണിക്കൂർ കൊച്ചി – ഗോരഖ്‌പൂർ ട്രെയിൻ യാത്രയിൽ സഹയാത്രികരായി വടക്കേ ഇന്ത്യയിലെ നേഴ്സിങ് വിദ്യാർത്ഥികളുമുണ്ടാകും. മിക്കവാറും പേർ ഒരേ സാമൂഹിക സാന്പത്തിക ചുറ്റുപാടുകളിൽ നിന്നുള്ളവരായിരുന്നു. അന്ന് അവരോട് സംസാരിച്ചു തുടങ്ങിയ പരിചയമാണ്. പിന്നീട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേരളത്തിൽ നിന്നുള്ള നേഴ്‌സുമാരെ കണ്ടു പരിചയപ്പെട്ടിട്ടുണ്ട്. മാത്രമല്ല, വടക്കേ ഇന്ത്യയിലെ അനവധി ഗ്രാമങ്ങളിൽ ആരോഗ്യസംവിധാനം എന്ന് പറയുന്നത് അക്കാലത്ത് ‘ഒരു മലയാളി നേഴ്‌സ്’ എന്നതായിരുന്നു. വീടുകളിൽ ടോയ്‌ലറ്റുകൾ ഇല്ലാത്ത എന്നാൽ പകൽ പോലും കൊള്ളക്കാരുള്ള പ്രദേശങ്ങളിൽ പോലും നമ്മുടെ നേഴ്‌സുമാർ – പ്രധാനമായും പെൺകുട്ടികൾ അവിടുത്തെ ജനങ്ങളുടെ ആരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട്. അവരോട് ആ നാട്ടുകാർക്കുള്ള സ്നേഹവും ആദരവും ഞാൻ നേരിൽക്കണ്ട് മനസിലാക്കിയിട്ടുണ്ട്.
പിൽക്കാലത്ത് ബ്രൂണെ മുതൽ സുഡാൻ, മസ്‌കറ്റ്, സ്വിറ്റ്‌സർലൻഡ് വരെ എത്രയോ രാജ്യങ്ങളിൽ ഞാൻ മലയാളി നേഴ്‌സുമാരെ കണ്ടു. അവരുടെ പ്രൊഫഷണലിസത്തെ പറ്റി ഡോക്ടർമാർക്കും നാട്ടുകാർക്കുമുള്ള ആദരവ് മനസിലാക്കി. യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും നേഴ്സിങ് പ്രൊഫഷൻ ഏറെ ആദരിക്കപ്പെടുന്നതും, അതനുസരിച്ച് ശന്പളവും പദവിയുമുള്ള ഒന്നാണ്. നിയമപരമായ ചില നിയന്ത്രണങ്ങൾ അടുത്തിടക്ക് മാറിയതോടെ യൂറോപ്പിലേക്ക് മലയാളി നേഴ്‌സുമാരുടെ കുത്തൊഴുക്ക് ഉണ്ടാകാൻ പോകുകയാണ്.
ഇതൊക്കെയാണെങ്കിലും കേരളത്തിൽ ഔദ്യോഗികരംഗത്തും സമൂഹത്തിലും വേണ്ടത്ര ആദരവും അംഗീകാരവും ലഭിക്കാത്ത കൂട്ടരാണിവർ. കേരളത്തിലെ അനവധി പ്രദേശങ്ങളെ സാന്പത്തികമായി ഉയർത്തിവിട്ടത് അവിടുത്തെ ലോവർ മിഡിൽ ക്ലാസിൽ നിന്നും നേഴ്സിങ് പഠിച്ച് പുറത്തുപോയ പെൺകുട്ടികളാണ്. ഇതൊന്നും നമ്മൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ലോകകേരളസഭ ഒക്കെ ഉണ്ടാക്കുന്പോൾ അതിൽ നേഴ്സിങ് രംഗത്തുനിന്ന് എത്ര പേർ ഉണ്ടെന്ന് ശ്രദ്ധിച്ചാലറിയാം.
ഇന്നലെ നേഴ്‌സുമാരുടെ അന്താരാഷ്ട്രദിനമായിരുന്നു. ഇത്തവണത്തെ അന്താരാഷ്ട്ര നേഴ്സിങ് ദിനം എനിക്ക് ഏറ്റവും സന്തോഷകരമായ ഒന്നായിരുന്നു. കാരണം നേഴ്‌സുമാരെ ആദരിക്കാനായി ആസ്റ്റർ ഗ്രൂപ്പ് ഏർപ്പെടുത്തിയ ആസ്റ്റർ ഗ്ലോബൽ ഗാർഡിയൻസ് അവാർഡിലെ ഗ്രാൻഡ് ജൂറി അംഗമായിരുന്നു ഞാനും.
250000 ഡോളറാണ് സമ്മാനത്തുക. ഏകദേശം രണ്ടു കോടി രൂപ. ലോകത്ത് നേഴ്‌സുമാർക്കായുള്ള സമ്മാനങ്ങളിൽ ഏറ്റവും വലുത്.
170 രാജ്യങ്ങളിൽ നിന്നായി 25000 അപേക്ഷകളുണ്ടായിരുന്നു. അതിൽ മികച്ച 50 പേരെ ആദ്യറൗണ്ടിൽ ജൂറി തിരഞ്ഞെടുത്തു. അവരെ ഗ്രാൻഡ് ജൂറി കൂടുതൽ വിശകലനം ചെയ്ത് പത്തുപേരുടെ ലിസ്റ്റുണ്ടാക്കി. ഇവരെ ഓരോരുത്തരെ ജൂറി ഇൻറർവ്യൂ ചെയ്തു. അതിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.
ബോട്ട്സ്വാനയിലെ മുൻ ആരോഗ്യമന്ത്രി തൊട്ട് ഇൻറർനാഷണൽ നേഴ്സിംഗ് കൗൺസിലിന്റെ ചെയർമാൻവരെ ഉൾപ്പെട്ട ഗ്രാൻറ് ജൂറിയുടെ മുന്നിൽ ഓരോ ഫൈനലിസ്റ്റും വരുന്നു, അവരുടെ കഥ പറയുന്നു. ഞങ്ങൾ സന്തോഷത്തോടെ അതിശയത്തോടെ ആദരവോടെ കേട്ടിരിക്കുന്നു.
എനിക്കൊരു പ്രത്യേക സന്തോഷമുണ്ട്. ഫൈനലിൽ എത്തിയ ഈ പത്തുപേരിൽ മൂന്നുപേർ (കേരളത്തിൽ ജോലിചെയ്യുന്ന ലിൻസി പടിക്കാല ജോസഫ്, വടക്കേ ഇന്ത്യയിൽ ജോലിചെയ്യുന്ന മഞ്ജു ദണ്ഡപാണി, അമേരിക്കയിൽ ജോലിചെയ്യുന്ന റേച്ചൽ എബ്രഹാം ജോസഫ്) കേരളത്തിൽ നിന്നായിരുന്നു. യു. എ. ഇ. യിൽ ജോലിചെയ്യുന്ന ജാസ്മിൻ മുഹമ്മദ് ഷറാഫ് മലയാളി ആണോ എന്നുറപ്പില്ല. ഈ പത്തുപേർക്കും അതിശയകരമായ കരിയർ യാത്രയുടെ കഥകളുണ്ട് പറയാൻ. ഇടുക്കിയിലെ, പത്തനംതിട്ടയിലെ, തൃശൂരിലെ ഒക്കെ ഏതെങ്കിലും ഗ്രാമത്തിൽ നിന്നും പഠിച്ച് നേഴ്സിങ് രംഗത്ത് ലോകമാതൃകയാകുന്ന യാത്ര.
ലോകത്തിന് മാതൃകയായ പത്ത് നേഴ്‌സുമാരിൽ മൂന്നും (അതോ നാലോ) മലയാളികളായതിൽ എനിക്ക് യാതൊരു അത്ഭുതവുമില്ല. കാരണം ഞാൻ അവരുടെ പ്രവർത്തനം നേരിട്ട് കണ്ടിട്ടുള്ളതാണ്. കോവിഡ് കാലത്തെ നേഴ്‌സുമാരുടെ കഥ പറയാനായി ഒരു പുസ്തകം ഞാൻ പ്ലാൻ ചെയ്തിരുന്നല്ലോ. അതിനായുള്ള ശ്രമത്തിൽ, ലോകത്തെ 26 രാജ്യങ്ങളിൽ മലയാളി നേഴ്‌സുമാർ കോവിഡിനെ നേരിടാനായി മുൻനിരയിലുണ്ടായിരുന്നെന്ന് മനസിലായി. ലോകത്തെ മറ്റൊരു ഭൂവിഭാഗത്തിനും അങ്ങനൊരു ചരിത്രമില്ല. അപ്പോൾ ലോകത്തെവിടേയും നിന്ന് നമ്മുടെ നേഴ്‌സുമാർ മാതൃകകളായി ഉയർന്നുവരുന്നതിൽ അത്ഭുതമില്ലല്ലോ. വലിയ അഭിമാനമുണ്ട്.
ആസ്റ്ററിന്റെ അവാർഡ് നേടിയത് കെനിയയിൽ നിന്നുള്ള അന്ന ദുബാളെ എന്ന നേഴ്‌സാണ്. കെനിയയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച്, പതിമൂന്നാം വയസിൽ ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷന് വിധേയയായി, പതിനാറാം വയസിൽ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി ഗ്രാമത്തിലെ ആദ്യത്തെ നേഴ്സും ബിരുദധാരിയുമായ അന്ന ഇന്ന് അവിടെ നേഴ്സിങ് പ്രാക്ടീസ് ചെയ്യുന്നതോടൊപ്പം പെൺകുട്ടികൾക്ക് വേണ്ടി സ്‌കൂൾ നടത്തുന്നു, സാമൂഹിക അനാചാരങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നു. ഒന്നാം സമ്മാനത്തിന് തികച്ചും അർഹയും ലോകത്തിന് മാതൃകയുമാണ് അന്ന ദുബാളെ.
ഇന്ത്യക്ക് അകത്തും പുറത്തും ജോലിചെയ്യുന്ന നേഴ്‌സുമാരെ ആദരിക്കാൻ കേരളത്തിലും നമുക്കൊരു അവാർഡ് തീർച്ചയായും ഉണ്ടാക്കണം. നേഴ്സിങ് ഡേയിലെ അഭിവാദനത്തിനും മാലാഖ വിളികൾക്കും അപ്പുറം ആതുരരംഗത്തും സാന്പത്തികരംഗത്തും അവർ ചെയ്ത, ചെയ്യുന്ന സേവനങ്ങളെ സമൂഹം കാണാതിരുന്നു കൂടാ.
മുരളി തുമ്മാരുകുടി
Leave a Comment