കേരളത്തിലെ നേഴ്‌സുമാരോട് എനിക്കുള്ള ആദരവിനെയും അഭിമാനത്തെയും കുറിച്ച് ഞാൻ പലതവണ പറഞ്ഞു കഴിഞ്ഞതാണ്. വടക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ മുതൽ ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും എല്ലാം ഞാൻ മലയാളി നേഴ്‌സുമാരെ കണ്ടിട്ടുണ്ട്. അവരെല്ലാവരും കർമ്മമേഖലയിൽ മികവ് തെളിയിച്ച, ആ നാട്ടുകാരുടെ ആദരം പിടിച്ചുപറ്റിയ കഠിനാദ്ധ്വാനികളും, അവർ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ കേരളത്തിന്റെ പേര് ഉയർത്തിയവരുമാണ്. അൻപത് വർഷത്തിലേറെയായി കേരളത്തിൽനിന്നും പുറത്തേക്കു പോയി ജോലിചെയ്യുന്ന നേഴ്‌സുമാർ നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് നൽകിയിട്ടുള്ള സംഭാവനയും വലുതാണ്.
എന്നാൽ ഇത്രയൊക്കെ മഹത്തായ സംഭാവനകൾ നൽകിയിട്ടും നമ്മുടെ സമൂഹം നേഴ്‌സുമാർക്ക് വേണ്ടത്ര അംഗീകാരം നൽകിയിട്ടില്ല എന്നതാണ് സത്യം. സിനിമയിലും നാടകത്തിലും ‘മാലാഖമാർ’ എന്ന് അവരെപ്പറ്റി പറയുന്നതല്ലാതെ, യഥാർത്ഥ ജീവിതത്തിൽ അവരുടെ കഴിവുകളെ അംഗീകരിക്കാനോ അവർക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകാനോ അവരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനോ നമ്മുടെ സമൂഹം ഒന്നും ചെയ്യാറില്ല. അനവധി ഡോക്ടർമാർക്ക് പദ്മശ്രീയും പദ്മഭൂഷണും കിട്ടുമ്പോൾ ഒരു നേഴ്സിനെങ്കിലും അത് കിട്ടിയതായി എനിക്ക് ഓർമ്മയില്ല (ഉണ്ടെങ്കിൽ പറയണം). നോബൽ കമ്മറ്റി ചില വർഷങ്ങളിൽ വ്യക്തികൾക്കല്ലാതെ സംഘടനകൾക്ക് സമാധാനത്തിനുള്ള നോബൽ പ്രൈസ് നൽകാറുള്ളതുപോലെ കേരളത്തിലെ നേഴ്‌സുമാരെ ഒരു പ്രത്യേക ഗ്രൂപ്പ് ആയി പരിഗണിച്ച് അവർ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയിട്ടുള്ള സേവനങ്ങളെ മാനിച്ച് ഭാരതരത്നം നൽകി ആദരിക്കണമെന്ന് ഞാൻ പലപ്പോഴും ആത്മാർഥമായി പറഞ്ഞിട്ടുണ്ട്.
ഈ ഭാരത രത്നവും പദ്മശ്രീയും ഒക്കെ പോട്ടെ, അതിനൊന്നുമല്ല നമ്മുടെ നേഴ്‌സുമാർ സമരം ചെയ്യുന്നത്. സ്വിറ്റ്സർലാൻഡ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നേഴ്‌സുമാർക്ക് വലിയ അംഗീകാരവും അതിനനുസരിച്ചുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. യൂറോപ്പിൽ പല രാജ്യങ്ങളിലും രോഗികൾക്ക് മരുന്ന് കുറിക്കാനുള്ള അധികാരം നേഴ്‌സുമാർക്കുണ്ട്. ഇന്ത്യൻ ആർമിയിൽ ഓഫീസർ റാങ്കിലാണ് നേഴ്‌സുമാരുടെ സേവനം ആരംഭിക്കുന്നത്. എന്നാൽ നേഴ്‌സുമാരുടെ സ്വന്തം നാടായ കേരളത്തിൽ ഔദ്യോഗികമായും സാമൂഹ്യമായും അംഗീകാരം കൊടുക്കുന്നതിന് നമ്മൾ മടി കാണിക്കുന്നു. ജീവിക്കാനാവശ്യമായ മിനിമം വേതനത്തിനായി നമ്മുടെ കുട്ടികൾ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്നു എന്നത് സങ്കടകരം തന്നെ!
കേരളത്തിലെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ നേഴ്‌സിംഗിന് ചേരുന്ന കുട്ടികളിൽ ഭൂരിഭാഗവും രാഷ്ട്രീയമായി വലിയ ‘പിടി’ ഇല്ലാത്ത തലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെയാണ് ഇവരുടെ പ്രശ്നങ്ങൾ അർഹമായ ഗൗരവത്തോടെ സമൂഹം ചർച്ച ചെയ്യാത്തത്. അതേസമയം ഈ കുട്ടികളുടെ പ്രശ്നം ശരിക്കും ഗുരുതരമാണു താനും. ബാങ്ക് ലോൺ ഒക്കെയെടുത്താണ് മിക്കവാറും കുട്ടികൾ കേരളത്തിന് പുറത്തുപോയി നേഴ്‌സിങ് പഠിക്കുന്നത്. അതിനുശേഷം തിരിച്ചുവന്ന് ഇവിടെ ജോലിചെയ്യുമ്പോൾ സ്വന്തം ചിലവ് നടത്താനും ലോൺ തിരിച്ചടക്കാനുമുള്ള മിനിമം വരുമാനമെങ്കിലും അവർക്ക് കിട്ടണ്ടേ?
കേരളത്തിലെ നേഴ്‌സുമാർക്ക് അർഹമായ ശമ്പളം കൊടുക്കണമെന്നും സേവനവ്യവസ്ഥകൾ ഉണ്ടാകണം (ജോലിസമയം പരിമിതപ്പെടുത്തുക, രാത്രി ഷിഫ്റ്റ് കഴിഞ്ഞാൽ വരെ സുരക്ഷിതരായി താമസസ്ഥലത്ത് എത്തിക്കാനും മറ്റും ഐ ടി കമ്പനികൾ ചെയ്യുന്നതു പോലെ സംവിധാനം ഉണ്ടാക്കുക) എന്നതും ഏറ്റവും മിനിമമായ ആവശ്യമാണ്. അക്കാര്യം ഇവരെ ജോലിക്ക് വക്കുന്നവർ തീർച്ചയായും അംഗീകരിക്കണം.
അതേ സമയം ഇക്കാര്യത്തിൽ പൊതു സമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്തം ഉണ്ട്. പേരുകേട്ട ഡോക്ടർമാർ ഒഴികെയുള്ള മറ്റു തൊഴിലാളികൾക്ക് അവരർഹിക്കുന്ന ശമ്പളം നൽകാതെ ജോലി ചെയ്യിക്കുന്നതു കൊണ്ടുള്ള ‘ലാഭം’ കുറച്ചൊക്കെ നമ്മളും അനുഭവിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികൾ ലാഭം ഉണ്ടാക്കുന്നില്ല എന്നല്ല, പക്ഷെ നേഴ്‌സുമാർക്കും മറ്റുള്ള ജോലിക്കാർക്കും ശമ്പളം കൂട്ടിയാൽ സ്വാഭാവികമായും ആശുപത്രിയുടെ മൊത്തം ചെലവ് കൂടും. അതിന്റെ പ്രതിഫലനം നമ്മൾ കൊടുക്കേണ്ട ആശുപത്രി ഫീസിൽ ഉണ്ടാകും. നേഴ്‌സുമാരെ പൂർണ്ണമായും പിന്തുണക്കുന്ന സമൂഹം അതിന് തയ്യാറാവും എന്നതിൽ എനിക്കൊരു സംശയവും ഇല്ല. പക്ഷെ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചിലവുകൾ പരിശോധിച്ച് സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം ഉണ്ടാക്കാതിരിക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. എങ്കിലേ നമ്മൾ കൊടുക്കുന്ന അധിക തുക ജോലിക്കാരിലേക്കും കൂടി എത്തും എന്ന് ഉറപ്പാവൂ. അപ്പോൾ ഉത്തരവാദിത്തം സ്വകാര്യ ആശുപത്രികൾക്ക് മാത്രമല്ല, സർക്കാരിനും നമുക്കും കൂടിയാണ്.
കൂട്ടത്തിൽ പറയട്ടെ, നേഴ്‌സുമാർക്ക് അർഹമായ ശമ്പളം കൊടുക്കുക എന്നത് മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ്യം. ലോകത്ത് മറ്റിടങ്ങളിൽ ഉള്ളതുപോലെ നേഴ്‌സുമാരുടെ സ്റ്റാറ്റസ് ഉയരണം. ആർമിയിലെപോലെ ഓഫിസർ റാങ്കിൽ തന്നെയാകണം സർക്കാർ സർവീസിൽ നേഴ്‌സുമാരുടെ നിയമനവും. ഡോക്ടർമാരുടെ ജോലി ചെയ്യാൻ വ്യാജ ഡോക്ടർമാരെ അനുവദിക്കാത്തതു പോലെ പരിശീലനം ലഭിച്ച നേഴ്‌സുമാരുടെ ജോലി ചെയ്യാൻ നേഴ്സിങ്ങിൽ പരിശീലനം ഇല്ലാത്തവരെ അനുവദിക്കരുത്. ആശുപത്രിയുടെ മാനേജ്‌മെന്റ് മുതൽ ഹെൽത്ത് സർവീസിലും മറ്റ് ആരോഗ്യപദ്ധതികളുടെ തലപ്പത്തേക്കും നേഴ്‌സുമാർക്ക് അവസരം നൽകണം. മെഡിസിനും നേഴ്‌സിംഗിനും ശേഷം നേതൃത്വ ഗുണം കാണിക്കുന്നവർക്ക് ‘മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷ’നിൽ പരിശീലനം നൽകുകയും അങ്ങനെ പരിശീലിപ്പിച്ചവരെ ആശുപത്രികളുടെ ചുമതല ഏൽപ്പിക്കുകയും ചെയ്യണം. അല്ലാതെ ആ ജോലി ഡോക്ടർമാർക്ക് മാത്രമായി മാറ്റി വെക്കരുത്. എക്കണോമിക്സും ഹിസ്റ്ററിയും എഞ്ചിനീറിംഗും കഴിഞ്ഞ് ഐ എ എസിൽ എത്തിയവർ ആരോഗ്യവകുപ്പ് ഭരിക്കുകയും, ആശുപത്രിയിൽ ഷെയർ ഉള്ളത് കൊണ്ട് ആശുപത്രി മാനേജമെന്റിൽ വേറെ പരിചയം ഒന്നും ഇല്ലാത്തവർ സ്വകാര്യ ആശുപത്രി ഭരിക്കാൻ എത്തുകയും ചെയ്യുന്നുണ്ടല്ലോ. അപ്പോൾ നേഴ്‌സിംഗും തൊഴിൽ പരിചയവും നേതൃത്വ ഗുണവും ഉള്ളവർ ആശുപത്രി മേധാവിയും ആരോഗ്യമിഷനുകൾ ഉൾപ്പെടെയുള്ള പ്രോജക്ടുകളുടെ മേധാവികളും ആകുന്നതിൽ ഒരു തെറ്റുമില്ല.
നമ്മുടെ നേഴ്‌സുമാർ നമ്മുടെ അഭിമാനമാണ്. ഈ പനിക്കാലത്ത് അവരെ തെരുവിൽ മഴയത്ത് നിർത്തരുത്. അവർക്ക് അർഹമായ അംഗീകാരം ശമ്പളത്തിലും സമൂഹത്തിലും നൽകണം, അല്ലെങ്കിൽ ആദ്യം കിട്ടുന്ന അവസരത്തിൽ തന്നെ അവർ സ്ഥലം വിടും. ലോകത്തെവിടെയും അവർക്ക് നല്ല ബ്രാൻഡ് വാല്യൂ ഉണ്ട്, ഇനി വരുന്ന കാലത്ത് മറ്റുള്ള അനവധി ജോലികൾ ഇല്ലാതാകുമ്പോൾ നേഴ്‌സുമാർക്കുള്ള ഡിമാൻഡ് കൂടി വരികയാണ്. ഇംഗ്ലീഷിലും ജർമ്മൻ പോലുള്ള മറ്റു ഭാഷകളിലും അല്പം പരിശീലനം നേടിയാൽ പിന്നെ അവരെ പിടിച്ചാൽ കിട്ടില്ല. കേരളത്തിലെ ഭൂരിഭാഗം ആളുകളും ഇപ്പോൾ നേഴ്‌സുമാരുടെ യഥാർത്ഥ മഹത്വം മനസ്സിലാക്കുന്നത് എമർജൻസിയിലും ഐ സി യുവിലും ഒക്കെ എത്തുമ്പോഴാണ്. അത്ര വെയിറ്റ് ചെയ്യേണ്ട കാര്യം ഇല്ല.
സമരം ചെയ്യുന്നവരും അല്ലാത്തവരും ആയ നേഴ്‌സുമാരോട് സ്നേഹാദരങ്ങളോടെ…
മുരളി തുമ്മാരുകുടി
സർവീസ്ർ ഇഷ്ടപ്പെട്ടാൽ സ്റ്റാർ ഹോട്ടലിൽ ടിപ്പ് കൊടുക്കുന്നത് പോലെ ആശുപത്രിയിലും ടിപ്പ് കൊടുത്തൂടെ.