പൊതു വിഭാഗം

മാറുന്ന കേരളം, മായുന്ന മലയാളം?

ലോകത്തെ ഏറ്റവും പഴയതും പ്രശസ്തവുമായ ആധുനിക വൈദ്യത്തിന്റെ ജേർണൽ ആണ് The Lancet. 1823 മുതൽ പ്രസിദ്ധീകരിക്കുന്നതാണ്.
 
കഴിഞ്ഞ നവംബറിൽ ഈ ജേർണലിൽ വളരെ പ്രധാനപ്പെട്ട ഒരു ലേഖനം വന്നു. “Population and fertility by age and sex for 195 countries and territories, 1950–2017”.
 
ലോകത്തെ 195 രാജ്യങ്ങളിലെ ജനസംഖ്യയെ അവലോകനം ചെയ്ത ആ ലേഖനം സാമൂഹ്യ ശാസ്ത്ര ഗവേഷണം നടത്തുന്നവർക്കുള്ള ഒരു സ്വർണ്ണ ഖനിയാണ്. Demography is Desitny എന്നത് ഒരു പുതിയ ചൊല്ലാണ്. ജനസംഖ്യയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്ന വലിയ മാറ്റങ്ങൾ ലോകത്തെ എങ്ങനെയാണ് മാറ്റാൻ പോകുന്നതെന്ന് അതിൽ നിന്ന് വായിച്ചെടുക്കാം. നിർഭാഗ്യവശാൽ ഈ വിഷയത്തെക്കുറിച്ചുള്ള ഒറ്റ ലേഖനവും കേരളത്തിലെ ഡോക്ടർമാരിൽ നിന്നോ സാമൂഹ്യ ശാസ്ത്രജ്ഞരിൽ നിന്നോ കണ്ടില്ല.
 
ഈ റിപ്പോർട്ടിൽ ഞാൻ ഏറ്റവും ശ്രദ്ധിച്ചത് ലോകത്ത് കഴിഞ്ഞ അറുപത് വർഷത്തിലുണ്ടായ Total Fertility Rate എന്ന സൂചികയിലെ മാറ്റമാണ്. പോപ്പുലേഷൻ സയൻസ് പഠിക്കുന്നവർക്ക് പരിചിതമാണെങ്കിലും സാധാരണക്കാരുടെ നോട്ടത്തിൽ വരുന്ന ഒന്നല്ല.
 
“The number of children who would be born per woman (or per 1,000 women) if she/they were to pass through the childbearing years bearing children according to a current schedule of age-specific fertility rates.”
ഇതാണ് TFR ന്റെ നിർവ്വചനം.
 
സംഗതി അല്പം സങ്കീർണ്ണമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ശരാശരി സ്ത്രീക്ക് അവരുടെ (കുട്ടികൾ ഉണ്ടാകാവുന്ന) ജീവിതകാലത്ത് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണമാണിത്. (മലയാളത്തിൽ ഇതിന് ഇതിൽ കൂടുതൽ കൃത്യമായ നിർവ്വചനം ഉണ്ടെങ്കിൽ കമൻറിൽ എഴുതിയാൽ മതി, എന്നോട് വാദിക്കാൻ വരേണ്ട).
ലോകത്തെ മൊത്തമായി കണക്കിലെടുത്താൽ 1950ൽ ഇത് 4.7 ആയിരുന്നു. ഇപ്പോൾ അത് 2.4 ആയി. മനുഷ്യ ചരിത്രത്തിൽ ഇന്നേ വരെ ഉണ്ടാകാത്ത കുറവാണിത്. ഇത് നമുക്കും ചിന്തിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ. പണ്ടൊക്കെ കേരളത്തിൽ ഒരു കുടുംബത്തിൽ ശരാശരി നാലോ അഞ്ചോ കുട്ടികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ രണ്ടാണ്. മൂന്നിന് മുകളിൽ അപൂർവ്വമാണ്, ഒന്ന് എന്നത് അപൂർവ്വമല്ലാതെയും ആകുന്നു.
ഇത്രത്തോളം സംഗതി കുഴപ്പമില്ല. ഇനി പറയാൻ പോകുന്നത് ശ്രദ്ധിക്കണം.
 
ജനനസംഖ്യ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് ഒരു രാജ്യത്തെ TFR എന്നത് 2.05 എന്നത് പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. അതിന് ‘റീപ്ലേസ്‌മെന്റ്’ എന്ന് പറയും. അതായത് ഒരു രാജ്യത്തെ TFR 2.05 ആണെങ്കിൽ ആ രാജ്യത്തെ ജനസംഖ്യ ഒരേ നിലയിൽ നിൽക്കും. അതിൽ കൂടുതലാണെങ്കിൽ അത് വളരും. അതിൽ കുറവാണെങ്കിൽ ജനസംഖ്യ താഴ്ന്നു തുടങ്ങും. (ചിലർ ഈ നിരക്ക് 2.1 എന്നും എടുക്കുന്നു). പുറമേ നിന്നും ആളെ എടുക്കേണ്ടി വരും ജനസംഖ്യ കുറയാതിരിക്കാൻ. (ഇതിലൊക്കെ കുറച്ചു കൂടി സങ്കീർണ്ണമായ കാര്യങ്ങളുണ്ട്, അല്പം ലഘൂകരിച്ചതാണ്).
 
ലോകരാജ്യങ്ങളിലെ ഇപ്പോഴത്തെ TFR നീരാളിൽ 7.1 ഉള്ള നൈജർ ആണ് ഏറ്റവും മുന്നിൽ. സൈപ്രസിലെ TFR ആകട്ടെ 1 ആണ്.
1950 മുതലുള്ള കാലത്ത് വലിയ തോതിലുള്ള കുറവ് TFR ൽ ഉണ്ടായി എന്ന് പറഞ്ഞല്ലോ. അന്ന് ലോകത്ത് ഒരു രാജ്യത്ത് പോലും TFR റീപ്ലേസ്‌മെന്റിന്റെ താഴെ ആയിരുന്നില്ല. പക്ഷെ 2017 ആകുന്പോൾ ലോകത്തെ പകുതി രാജ്യങ്ങളിലും TFR റീപ്ലേസ്‌മെന്റിന്റെ താഴെ എത്തിയിരിക്കുന്നു. ലോകത്തെ പകുതി ജനസംഖ്യ ജീവിക്കുന്ന രാജ്യങ്ങളിലെ കാര്യവും ഇത് തന്നെയാണ്.
അതായത് ഈ കണക്കിന് പോയാൽ പുറമേ നിന്നും ആളുകൾ അങ്ങോട്ട് കുടിയേറിയാൽ മാത്രമേ അവിടുത്തെ ജനസംഖ്യ അതേ നിലയിൽ ദീർഘകാലം നിലനിൽക്കൂ.
 
ജനസംഖ്യ കുറയുന്നത് ഒരു നല്ല കാര്യമാണെന്നൊക്കെ പ്രത്യക്ഷത്തിൽ തോന്നാം. സാധാരണ സന്പദ്‌വ്യവസ്ഥകളിൽ തൊഴിലെടുക്കാൻ ആളുകൾ കൂടുതലുണ്ടായാൽ മാത്രമേ ആ രാജ്യത്തിന് സാന്പത്തികമായി പിടിച്ചുനില്ക്കാൻ പറ്റൂ. കുട്ടികളെ വളർത്തുന്നതിനും വൃദ്ധരെ നോക്കുന്നതിനുമുള്ള സാന്പത്തിക സുരക്ഷ ഉണ്ടാകുന്നത് തൊഴിൽ എടുക്കുന്നവർ ആവശ്യത്തിനുള്ളപ്പോളാണ്. അപ്പോൾ കുട്ടികളുടെ എണ്ണം കുറയുകയും വയസ്സായവരുടെ എണ്ണം കൂടുകയും ചെയ്താൽ കാര്യങ്ങൾ കുഴയും. പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ മിക്കതും ഈ സ്ഥിതിയിലാണ്. അമേരിക്കയും, ജപ്പാനും, സിംഗപ്പൂരും നേരിടാൻ പോകുന്ന ഒരു പ്രശ്നമാണ്. ഇവിടെ എല്ലാം TFR രണ്ടിലും താഴെയാണ്.
 
സാന്പത്തികമായി ഉയർന്ന സ്ഥിതിയുള്ള രാജ്യങ്ങളിൽ സ്വാഭാവികമായോ നയങ്ങൾ മാറ്റിയോ മറ്റു രാജ്യങ്ങളിൽ നിന്നും കുടിയേറ്റം വഴി ജനസംഖ്യ നിലനിർത്താൻ ശ്രമിക്കാം. കുടിയേറ്റം ഒട്ടും ഇഷ്ടമില്ലാത്ത ജപ്പാനൊക്കെ നിയമം മാറ്റാൻ പോകുന്നത് ഇതുകൊണ്ടാണ്. പല സന്പന്ന രാജ്യങ്ങളും നാട്ടിൽ എതിർപ്പുകളുണ്ടെങ്കിലും കുടിയേറ്റത്തോട് അനുഭാവ നയം എടുക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
 
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലും TFR രണ്ടിൽ താഴെ ആണ് (1.5). കുടിയേറ്റം മുഖേന ജനസംഖ്യ നിലനിർത്തുക എന്നത് ചൈനക്ക് സാധ്യമായ കാര്യമല്ല. ഒറ്റക്കുട്ടി നയം മാറ്റി ‘Have children for the country’ എന്ന് അവിടെ സർക്കാർ പരസ്യപ്പെടുത്തുന്നത് ചുമ്മാതല്ല. എന്നിട്ടും ചൈനയിലെ പുതിയ തലമുറ ശ്രദ്ധിക്കുന്നില്ല എന്നതാണ് വസ്തുത. കുട്ടികളുടെ എണ്ണം കൂടുന്നില്ല.
 
ലോകത്തിൽ ജനസംഖ്യയുടെ കണക്കുകൾ വരുന്പോൾ ആളുകൾ മതത്തെയും വിശ്വാസത്തേയും പറ്റി സംസാരിക്കാറുണ്ട്. കണക്കുകൾ കാണിക്കുന്നത് അതിലൊന്നും കാര്യമില്ല എന്നാണ്. എവിടെയൊക്കെ രാജ്യങ്ങൾ സാന്പത്തികമായി പുരോഗതി പ്രാപിച്ചോ, എവിടെയൊക്കെ സ്ത്രീകൾക്ക് കൂടുതൽ വിദ്യാഭ്യാസം കിട്ടിയോ, എവിടെയൊക്കെ സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടായോ, എവിടെയൊക്കെ കുട്ടികളുടെ മരണ നിരക്ക് കുറഞ്ഞോ, എവിടെയൊക്കെ ഗർഭനിരോധന സംവിധാനങ്ങൾ കൂടുതൽ ലഭ്യമായോ അവിടെയൊക്കെ TFR കുറഞ്ഞു വരികയാണ്. ഇതിന് ഒന്നോ രണ്ടോ അപവാദങ്ങൾ ഉണ്ടായേക്കാമെങ്കിലും ഇതാണ് അടിസ്ഥാനം. ഇക്കാര്യത്തിൽ കിഴക്കും, പടിഞ്ഞാറും, ജാതിയും, മതവും, വർഗ്ഗവും, വർണ്ണവും ഇല്ല.
 
ഇനിയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിച്ചു വായിക്കേണ്ട ഭാഗം.
ഇന്ത്യയിലെ TFR ippol 2.1 ആണ്. അതായത് നിലവിൽ നാം റീപ്ലേസ്‌മെന്റ് നിരക്കിന് മുകളിലാണ്. ആരോഗ്യ സംവിധാനങ്ങളിൽ ഉണ്ടാകുന്ന വളർച്ച മൂലം ആളുകൾ കൂടുതൽ കാലം ജീവിച്ചിരിക്കും എന്നതിനാൽ ഇന്ത്യയുടെ ജനസംഖ്യ അടുത്ത പതിറ്റാണ്ടുകളോളം വർദ്ധിക്കുകയും ചെയ്യും. ചൈനയെ നമ്മൾ അടുത്ത പത്തു വർഷത്തിനകം കടത്തി വെട്ടും.
പക്ഷെ കേരളത്തിന്റെ കാര്യം പരുങ്ങലിലാണ്. കേരളത്തിലെ TFR 1.6 ആണ് എന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. അതായത് റീപ്ലേസ്‌മെന്റിന്റെ താഴെ. അങ്ങനെ പോയാൽ കേരളത്തിൽ ജനങ്ങൾ ഉണ്ടാകുമോ, മലയാളി ഉണ്ടാകുമോ, മലയാളം ഉണ്ടാകുമോ?. Demography is destiny എന്നത് ഓർക്കുക.
 
പുറമെ നിന്നുള്ള ആളുകൾ കേരളത്തിലേക്ക് കുടിയേറുന്നത് കൊണ്ട് തൽക്കാലം ആളുകളുടെ എണ്ണത്തിനും സന്പദ്‌വ്യവസ്ഥക്കും വലിയ കോട്ടം ഒന്നും വരില്ല (ഇപ്പോൾ തന്നെ അതാണല്ലോ സ്ഥിതി). പക്ഷെ സാമൂഹ്യമായി വലിയ മാറ്റങ്ങൾ അതുണ്ടാക്കും. ഇതിന് നമ്മൾ കരുതിയിരുന്നേ പറ്റൂ.
രാഷ്ട്രീയമായി ഉണ്ടാകാവുന്ന മാറ്റങ്ങൾ അതിലും സുപ്രധാനമാണ്. ഇന്ത്യയുടെ TFR 2.1 ആണെന്ന് പറഞ്ഞല്ലോ, കേരളത്തിന്റേത് 1.6 ആണ്. അപ്പോൾ ഇന്ത്യയിൽ ഏറെ ഭാഗങ്ങളിൽ TFR 2.1 ലും കൂടുതലാണ്. അവിടെ ജനസംഖ്യ കൂടിക്കൊണ്ടിരിക്കയാണ്, ഇനിയും കൂടിക്കൊണ്ടിരിക്കും.
 
ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യ ഭരണം ആണല്ലോ. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. പക്ഷെ ഇന്ത്യയിലെ പാർലമെന്റിലെ സീറ്റുകളുടെ എണ്ണം 1971 ലെ ജനസംഖ്യ അനുസരിച്ചു തീരുമാനിച്ചതാണ്. അന്ന് വലിയ സംസ്ഥാനങ്ങളിൽ മിക്കതിലും ഒരു നിയോജക മണ്ഡലത്തിൽ ശരാശരി വോട്ടർമാരുടെ എണ്ണം ഒപ്പമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യാ നിരക്ക് വിവിധ രീതിയിൽ ആയതോടെ കാര്യം ഏറെ മാറി. ഇന്നിപ്പോൾ കേരളത്തിലെ ഒരു പാർലമെന്റ് മണ്ഡലത്തിൽ പതിമൂന്ന് ലക്ഷം വോട്ടർമാർ ഉണ്ടെങ്കിൽ വടക്കേ ഇന്ത്യയിൽ പലയിടത്തേയും ശരാശരി പതിനഞ്ചു ലക്ഷത്തിന് മുകളിലാണ്. അതായത് അവരുടെ ഒരു വോട്ടിന് മുകളിൽ വിലയുണ്ട് നമ്മുടെ ഒരു വോട്ടിന്.
 
ഇത് മുന്നിൽ കണ്ടിട്ട് ജനസംഖ്യയിലെ മാറ്റങ്ങളനുസരിച്ച് വീണ്ടും മണ്ഡലങ്ങളുടെ എണ്ണത്തിൽ 2001ൽ പുനർ നിർണ്ണയം ചെയ്യാമെന്ന് സമ്മതിച്ചിരുന്നതാണ്. അതിപ്പോൾ 2026 ലേക്ക് മാറ്റി. രാഷ്ട്രീയമായി ഇതൊരു ചൂടൻ കിഴങ്ങാണ് (hot potato), ആളുകൾ തൊടാൻ മടിക്കും. പക്ഷെ എന്നെങ്കിലും ഈ വിഷയം കൈകാര്യം ചെയ്തേ പറ്റൂ. അങ്ങനെ വരുന്പോൾ കേരളത്തിലെ എംപി മാരുടെ എണ്ണം ആനുപാതികമായി കുറയും (പുതിയ രാഷ്ട്രീയ ഫോർമുല ഒന്നും വന്നില്ലെങ്കിൽ). ഇന്ത്യൻ രാഷ്ട്രീയമായി ഇപ്പോൾ തന്നെ അപ്രസക്തമായ നമ്മുടെ എണ്ണങ്ങൾ കൂടുതൽ അപ്രസക്തമാകും.
 
“ഇതിനൊരു പരിഹാരം ഇല്ലേ ജ്യോൽസ്യരെ?”
 
ലോകത്തിലെ പകുതി രാജ്യങ്ങൾ ഈ വിഷയത്തിന് പരിഹാരം അന്വേഷിച്ച് നെട്ടോട്ടം ഓടുകയാണെന്ന് പറഞ്ഞല്ലോ. പരിഹാരമാർഗ്ഗങ്ങൾ പലതുണ്ട്. ആദ്യം അംഗീകരിക്കേണ്ടത് നമുക്ക് ഒരു പ്രശ്നം ഉണ്ടെന്നാണ്. ഇത്തരം വിഷയങ്ങൾ ഒക്കെയാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത്. അല്ലാതെ ആരാണ് റോഡ് പണിതത്, ആരാണ് കക്കൂസ് പണിയാത്തത് എന്നതൊന്നുമല്ല. അതിനൊക്കെ എൻജിനീയർമാർ ഉണ്ടല്ലോ.
 
ഒരു കാര്യം ആദ്യമേ പറയാം. നമ്മുടെ നാട്ടിൽ/സമൂഹത്തിൽ/സമുദായത്തിൽ കുട്ടികൾ കുറയുകയാണ്. അതുകൊണ്ട് നാട്ടുകാരേ നിങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കി വളർത്തണം എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പറയുന്നത് രാഷ്ട്രീയക്കാരാണെങ്കിലും മത നേതാക്കൾ ആണെങ്കിലും ആളുകൾ വകവെക്കാൻ പോകുന്നില്ല. അവർക്ക് സ്റ്റേജിലിരുന്നു പ്രസംഗിച്ചിട്ട് പോയാൽ മതി. നാപ്പി തുടങ്ങി കോളേജ് ഫീ വരെ മാതാപിതാക്കളാണ് കണ്ടെത്തേണ്ടത്.
 
കൃത്രിമ ബുദ്ധിയും റോബോട്ടുകളും തൊഴിലുകൾ മൊത്തമായി അടിച്ചു മാറ്റുന്ന കാലം തൊട്ടടുത്തെത്തിക്കഴിഞ്ഞു. മനുഷ്യൻ തന്നെ അപ്രസക്തമാകുമോ എന്ന് പോലും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ ജനസംഖ്യയുടെ വളർച്ചയുടെ പ്രസക്തി എന്താണ്?
 
ആയുസ്സിന്റെ നീളം എൺപതിൽ നിന്നും നൂറ്റി അൻപതാകുന്ന കാലം ഈ നൂറ്റാണ്ടിൽ തന്നെ ഉണ്ടായേക്കാം. നമ്മുടെ ജനസംഖ്യ പ്രശ്നം കുറച്ചു നാളെക്കെങ്കിലും അത് മാറ്റിവെക്കും. എന്നാൽ കൂടുതൽ നാളുകൾ ആളുകൾ ജീവിക്കുന്ന ലോകത്ത് എങ്ങനെയായിരിക്കും കുട്ടികളും കുടുംബവും?
 
ചിന്തിക്കുന്നവർക്ക് ഒരു അന്തവുമില്ല, ചിന്തിക്കാത്തവർക്ക് ഒരു കുന്തവും.
 
തൽക്കാലം നമുക്ക് കുന്തത്തേൽ പിടിക്കാം.
 
ആരവിടെ?
ഭടൻ കുന്തവുമായി പ്രവേശിക്കുന്നു,
ശേഷം ചിന്ത്യം.
 
മുരളി തുമ്മാരുകുടി
 

Leave a Comment