പൊതു വിഭാഗം

മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്..!

ഈ തവണ നാട്ടിൽ വരുമ്പോൾ ദുരന്തകാലത്തെ മാധ്യമ പ്രവർത്തനത്തെ പറ്റി ഒരു ചർച്ചയും പരിശീലനവും നടത്താമെന്ന് പറഞ്ഞിരുന്നു. സെപ്റ്റംബർ മൂന്നാം തിയതി പ്ലാൻ ചെയ്തിട്ടുമുണ്ട്. പക്ഷെ മഴ അതിന് മുൻപേ കയറിവന്നു. എൻറെ പല മാധ്യമ സുഹൃത്തുക്കളും ഇപ്പോൾ മഴക്കെടുതി ഉള്ള സ്ഥലങ്ങളിൽ റിപ്പോർട്ടിങ്ങിന് പോയിരിക്കയാണ്. അതുകൊണ്ടു തന്നെ അവർക്ക് വേണ്ടി ചുരുക്കം ചില കാര്യങ്ങൾ ഇപ്പോൾ പറയാം. ബാക്കി നേരിൽ.
 
1. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. യുദ്ധ രംഗത്തൊക്കെ ജീവൻ പണയംവെച്ച് റിപ്പോർട്ട് ചെയ്യേണ്ടി വരും. എന്നാൽ മഴക്കെടുതികൾ അങ്ങനെ ഒന്നല്ല. ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കണം.
 
2. ദുരന്ത സ്ഥലത്തേക്ക് പോകുമ്പോൾ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള വസ്തുക്കൾ സ്വയം കരുതണം. അത് വെള്ളം ആണെങ്കിലും സാനിറ്ററി നാപ്കിൻ ആണെങ്കിലും. പറ്റുമെങ്കിൽ ഡെക്കാത്‌ലോണിൽ പോയി ഒരു സ്ലീപ്പിങ് ബാഗും കൊതുകുവലയും വാങ്ങുക. ദുരന്തമുഖത്തെ പരിമിതമായ സൗകര്യങ്ങൾ നമുക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരരുത്.
 
3. പോകുന്നതിന് മുൻപ് നല്ല ആരോഗ്യത്തിലാണോ എന്ന് സ്വയം ഉറപ്പിക്കുക. മലകയറാനോ ഓടാനോ, നീന്താനോ ഒക്കെ ബുദ്ധിമുട്ടുള്ളവർ അത്തരം സാഹചര്യത്തിൽ എത്തിപ്പെടരുത്.
4. ആവശ്യത്തിനുള്ള മരുന്നുകൾ, കൊതുകിനെതിരെ ഉള്ള ക്രീം, അട്ട കടിച്ചാൽ പ്രതിരോധിക്കാനുള്ള ക്രീം, ഒരു ചെറിയ ഫസ്റ്റ് എയ്ഡ് ബോക്സ് ഇവ എപ്പോഴും കയ്യിൽ വേണം.
 
5. സാഹചര്യത്തിന് അനുസരിച്ച വസ്ത്രങ്ങൾ ആയിരിക്കണം എപ്പോഴും ധരിക്കേണ്ടത്. സ്ത്രീകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
 
6. ദുരന്തം റിപ്പോർട്ട് ചെയ്യാൻ മലകയറുകയോ ഒക്കെ ചെയ്യുമ്പോൾ ടോയ്‌ലറ്റ് സൗകര്യങ്ങൾ ശരിയായി ഉണ്ടാകില്ല എന്ന് കരുതണം. അതുകൊണ്ടു തന്നെ ടോയ്‌ലറ്റ് പേപ്പറും, ഹാൻഡ് വാഷിംഗ് ക്രീമും ഒക്കെ കയ്യിൽ കരുതണം.
 
7. കേരളത്തിനകത്ത് പോകുന്നതിനാൽ അധികം പണം കൊണ്ടുപോകേണ്ട കാര്യമില്ല. അതേ സമയം അത്യാവശ്യമായി തിരിച്ചു വരാൻ ഉള്ള പണം കയ്യിൽ വേണം താനും.
 
8. ദുരന്തമുഖത്തുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും സന്നദ്ധ പ്രവർത്തകരും ഏറെ അദ്ധ്വാനിച്ച് തളർന്നിരിക്കുകയാണെന്ന് ഓർമ്മ വേണം. അവരുടെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിൽ റിപ്പോർട്ടിങ്ങിന് പോകരുത്.
 
9. ലോകത്തെവിടെയും ‘പത്രക്കാരെ’ ഉദ്യോഗസ്ഥർക്ക് പേടിയാണ്. കാരണം ഒരു നെഗറ്റീവ് റിപ്പോർട്ട് മതി അവരുടെ കഠിനാദ്ധ്വാനം വെള്ളത്തിലാകാൻ. അത് കൊണ്ട് അവർ പൊതുവെ മാധ്യമങ്ങളും ആയി അകലം പാലിക്കും. അതേ സമയം തന്നെ അവർ ചെയ്യുന്ന കാര്യങ്ങളും അവരുടെ പരിമിതികളും ലോകം അറിയണം എന്ന് അവർക്ക് ആഗ്രഹവും ഉണ്ടായിരിക്കും. മാധ്യമങ്ങൾ ദുരന്ത മുഖത്ത് ജോലി ചെയ്യുന്നവരെ അനുഭാവ പൂർവ്വം കാണണം. അവരോട് കാമറക്ക് മുൻപിലല്ലാതെ ആദ്യം ചോദ്യങ്ങൾ ചോദിക്കണം. അവർ ‘ഓഫ് റെക്കോർഡ്’ എന്ന് പറഞ്ഞാൽ അത് മാനിക്കണം. ഒരു കാരണവശാലും ദുരന്തമുഖത്ത് ഒളികാമറ പ്രയോഗം നടത്തരുത്.
 
10. ദുരന്തമുഖത്ത് കുറവുകളോ പോരായ്മകളോ ഉണ്ടെങ്കിൽ അത് മറച്ചു വക്കണം എന്നോ മാറ്റി വക്കണം എന്നോ അല്ല ഇതിന്റെ അർഥം. അക്കാര്യം തീർച്ചയായും റിപ്പോർട്ട് ചെയ്യണം. പക്ഷെ കഠിനാധ്വാനം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും ആത്മവിശ്വാസം ചോർത്തുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യരുത് എന്നാണ്.
 
12. ദുരന്തത്തിൽ നിന്നും കരകയറുന്നവരും ആയി സംവദിക്കുമ്പോൾ അങ്ങേ അറ്റം ഔചിത്യവും ക്ഷമയും കാണിക്കണം (അവർ അങ്ങനെ കാണിച്ചില്ലെങ്കിൽ പോലും). കാരണം വ്യക്തിപരമായി വലിയൊരു ബുദ്ധിമുട്ടിലൂടെ ആണ് അവർ കടന്നുപോകുന്നത്. ബന്ധുക്കൾ മരിച്ചു പോയവർ ഉണ്ടാകാം, വീട് നശിച്ചു പോയവർ ഉണ്ടാകാം, നഷ്ടം ഒന്നും ഉണ്ടായില്ലെങ്കിലും ഒരു ദുരന്തം നേരിട്ടുകാണുക എന്നത് തന്നെ മാനസികമായി ഏറെ തളർത്തുന്നതാണ്. അവരുടെ മാനസിക നില മനസ്സിലാക്കിയേ പെരുമാറാവൂ.
 
13. ദുരന്തത്തിൽ പെട്ടവരുടെ താല്പര്യം ആണ് മാധ്യമങ്ങളുടെ ധർമ്മം എങ്കിലും ദുരന്തനിവാരണം അല്ല. അത്യാവശ്യം സാഹചര്യത്തിൽ അങ്ങനെ ചെയ്യാമെങ്കിലും ദുരന്തത്തിൽ അകപ്പെട്ടവരോട് ഏറെ വ്യകതിപരമായി അടുക്കുന്നത്, അല്ലെങ്കിൽ അവരുടെ ദുഃഖം തന്റേതായി തോന്നുന്നത് നല്ല മാധ്യമ പ്രവർത്തനം അല്ല. ഒരു ദുരന്തം റിപ്പോർട്ട് ചെയ്ത് വീട്ടിൽ വന്നാൽ ആ ചിന്തകളും ചിത്രങ്ങളും മനസ്സിൽ നിന്ന് മാച്ചു കളയണം. അങ്ങനെ പോയില്ലെങ്കിൽ ഒരു മനശ്ശത്രജ്ഞനെ കാണണം. (ഇതൊക്കെ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്).
 
14. ഒരു ദുരന്തം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ എന്ത് റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ എങ്ങനെ ചെയ്യണം എന്നൊക്കെ സംശയം വരുമ്പോൾ ഗാന്ധിജിയുടെ പ്രസിദ്ധമായ ടെസ്റ്റ് ഓർക്കുക
“I will give you a talisman. Whenever you are in doubt, or when the self becomes too much with you, apply the following test. Recall the face of the poorest and the weakest man [woman] whom you may have seen, and ask yourself, if the step you contemplate is going to be of any use to him [her]. Will he [she] gain anything by it? Will it restore him [her] to a control over his [her] own life and destiny? In other words, will it lead to swaraj [freedom] for the hungry and spiritually starving millions?
Then you will find your doubts and your self melt away.”
ദുരന്ത മുഖത്ത് ഏറ്റവും പ്രധാനപ്പെട്ടത് ദുരന്തത്തിൽ അകപ്പെട്ടവരുടെ പ്രശ്നങ്ങൾ ആണ്. അവർക്ക് ആശ്വാസം ഉണ്ടാക്കുന്ന എന്തും റിപ്പോർട്ട് ചെയ്യപ്പെടേണ്ടതാണ്. അവരുടെ താല്പര്യങ്ങളെ ഹനിക്കുന്നതൊന്നും ദുരന്ത മുഖത്ത് ചെയ്യാൻ പാടില്ലാത്തതും ആണ്.
 
15. ദുരന്തം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ നമ്മുക്ക് ഏറ്റവും അടുത്തവരെ (മാതാപിതാക്കൾ, പങ്കാളികൾ) എന്നിവരോട് എവിടെയാണ് പോകുന്നത്, എപ്പോൾ തിരിച്ചു വരും, ആരാണ് ലോക്കൽ കോൺടാക്ട് എന്ന് കൃത്യമായി പറയണം. എത്ര ബുദ്ധിമുട്ടുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കിലും ഇക്കാര്യങ്ങൾ മറച്ചു വെക്കരുത്. യുദ്ധം നടക്കുന്ന സിറിയയിലേക്ക് പോകുമ്പോഴും ഞാൻ അമ്മയെ വിളിച്ചു പറഞ്ഞിട്ടേ പോകൂ.
 
16. നിങ്ങൾ പോകുന്ന സ്ഥലത്ത് ഒരു ലോക്കൽ കോൺടാക്ട് എങ്ങനെയും വേണം. മറ്റു മാധ്യമപ്രവർത്തകരും ആയും ബന്ധം വക്കണം. ദിവസം ഒരു പ്രാവശ്യം എങ്കിലും വീട്ടിലും ഓഫിസിലും വിളിച്ച് വിവരം അറിയിക്കണം.
 
17. ദുരന്തമുഖത്ത് മാധ്യമപ്രവർത്തകരുടെ മരണം സാധാരണം അല്ലെങ്കിലും അസംഭവ്യമല്ല. അങ്ങനെ മരിക്കുന്നവർ ഒന്നും ‘ഞാൻ ഇന്ന് മരിച്ച്‌ പോകാൻ സാധ്യത ഉണ്ട്’ എന്ന് ചിന്തിച്ചവരും അല്ല. അപ്പോൾ മരിക്കാനുള്ള അല്ലെങ്കിൽ അപകടം പറ്റാനുള്ള ഒരു സാധ്യത നിങ്ങൾക്കും ഉണ്ടെന്ന് ഉറപ്പിക്കണം. അതുകൊണ്ട് നല്ലൊരു ലൈഫ് ഇൻഷുറൻസ്, അപകട ഇൻഷുറൻസ് ഇവ എങ്ങനെയും വേണം. നിങ്ങളുടെ വിൽ പത്രം എഴുതി വെക്കുന്നതാണ് നല്ലത്. ഓരോ വർഷവും നാട്ടിൽ വരുമ്പോൾ ഞാൻ ഒരു ദിവസം ചിലവാക്കുന്നത് വിൽ പത്രം അപ്‌ഡേറ്റ് ചെയ്യാനാണ്. ഇന്നിപ്പോൾ അതിനൊന്നും സമയമില്ല, പക്ഷെ പ്രധാനമായ കാര്യങ്ങൾ നിങ്ങൾക്ക് വിശ്വാസമുള്ള ആർക്കെങ്കിലും (പങ്കാളിക്കല്ല, സുഹൃത്തിന്) ഒരു ഇമെയിൽ ആയി അയച്ചിട്ട് വേണം പോകാൻ. എന്തെങ്കിലും സംഭവിച്ചാൽ ബാങ്കിലെ അക്കൗണ്ട് ഡീറ്റെയിൽസ് പങ്കാളിക്ക് കൊടുക്കാൻ പറയണം. ഒരു കാരണവശാലും മെസ്സഞ്ചറിന്റെയും വാട്ട്സാപ്പിന്റെയും പാസ്സ്‌വേർഡ് പങ്കാളിക്ക് കൊടുക്കരുതെന്നും പറയണം. നമ്മുടെ കാലശേഷം നമ്മൾ ഡീസന്റ് ആയിരുന്നുവെന്ന് അവർ കരുതുന്നതല്ലേ നല്ലത്)
കൂടുതൽ നേരിട്ട് പറയാം, തല്ക്കാലം സുരക്ഷിതരായിരിക്കൂ.
 
#ourfinesthour
 
(നിങ്ങളുടെ സുഹൃത്തുക്കൾ ഇപ്പോൾ ഈ ദുരന്തം റിപ്പോർട്ട് ചെയ്യാൻ ഫീൽഡിൽ ഉണ്ടെങ്കിൽ ഇതൊന്ന് ടാഗ് ചെയ്യണം, പ്ളീസ്)
 
മുരളി തുമ്മാരുകുടി
 

Leave a Comment