ഇന്ന് രാവിലെ മുതൽ വലിയ മഴയാണ്. കളമശ്ശേരിയിൽ നിന്നും കോതമംഗലത്തേക്ക് പോകുമ്പോൾ തന്നെ വെള്ളം എവിടെയും ഉയർന്നു വരുന്നത് കാണാമായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി.
ഇതൊരു പ്രളയമാണോ, കഴിഞ്ഞ വർഷത്തെ പോലെ പ്രളയം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്. പതിവ് പോലെ ഔദ്യോഗികമായ സന്ദേശങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നുമാണ് വരേണ്ടത്.
സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റി ഇരുപത്തിനാല് മണിക്കൂറും സ്ഥിതിഗതികൾ വീക്ഷിക്കുന്നു, മുഖ്യമന്ത്രി അല്പം മുൻപ് മാധ്യമങ്ങളോട് സംസാരിച്ചു. കേന്ദ്ര ദുരന്ത നിവാരണ സേനയും വായു സേനയുടെ ഹെലികോപ്റ്ററുകളും ഉൾപ്പടെ എല്ലാം സജ്ജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ഞാൻ അവധിയായി നാട്ടിലുണ്ട്. വ്യക്തിപരമായ നിലയിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തൽക്കാലം എൻറെ വായനക്കാരുടെ അറിവിലേക്കായി കുറച്ചു കാര്യങ്ങൾ പറയാം.
1. കേരളത്തിൽ മൊത്തമായി ഇപ്പോൾ ഒരു പ്രളയത്തിന്റെ സാഹചര്യമില്ല. മഴ വെള്ളം ഉണ്ട്, പെരുവെള്ളം ഇല്ല. നുണ വെള്ളം കയറ്റി പ്രളയഭീതി ഉണ്ടാക്കരുത്. നിങ്ങൾക്ക് വ്യക്തിപരമായി വ്യക്തമായി അറിയാത്ത ഒരു വിവരവും ഷെയർ ചെയ്യരുത്. അവിടെ വെള്ളം കയറി, ഇവിടം വെള്ളത്തിനടിയിലായി എന്നൊക്കെയുള്ള സന്ദേശം വരും. ഇതോരോന്നും നമ്മൾ ഷെയർ ചെയ്താൽ നാളെ നേരം വെളുക്കുമ്പോഴേക്കും കേരളത്തെ നുണവെള്ളത്തിനടിയിലാക്കാൻ നമുക്ക് പറ്റും. ആളുകൾ പേടിച്ച് രാത്രി തന്നെ വീട് വിട്ടോടാൻ തുടങ്ങും, അനാവശ്യ അപകടങ്ങളുണ്ടാകും. അത് വേണ്ട.
2. കണ്ടിടത്തോളവും ചുറ്റുപാടും പെയ്യുന്ന വെള്ളം പുഴയിലേക്കാണ് ഒഴുകുന്നത്. അതിൻറെ സ്വാഭാവിക പാതയിൽ കെട്ടിടങ്ങളും റോഡും ഉള്ളിടത്താണ് റോഡ് കവിഞ്ഞു വെള്ളം ഒഴുകുന്നത്. നിലവിൽ പുഴയിലേക്കെത്തുന്ന വെള്ളം ഉൾക്കൊള്ളാനുള്ള കഴിവ് വലിയ പുഴകൾക്കുണ്ട്.
3. വരും ദിവസങ്ങൾ വേലിയേറ്റം കുറഞ്ഞു വരുന്ന ദിവസങ്ങളാണെന്നത് നല്ല കാര്യമാണ്. പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാൻ എളുപ്പമാണ്.
4. പൊതുവിൽ സ്ഥിതികൾ ഇങ്ങനെ ആണെങ്കിലും, ചെറിയ ചില നദികളിൽ വെള്ളം ഉയരുന്നുണ്ട്. അനവധി ചെറിയ തോടുകൾ കവിഞ്ഞൊഴുകുന്നുണ്ട്. നിങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ താഴ്ന്ന പ്രദേശമാണെങ്കിൽ, അവിടെ വെള്ളം കയറുന്നുണ്ടെങ്കിൽ ആവശ്യമെങ്കിൽ മാറി താമസിക്കുക. ഇക്കാര്യത്തിൽ അമാന്തം വേണ്ട.
5. വെള്ളം തൊട്ടടുത്ത് എത്തിയിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന് വീട്ടിലും റെസിഡന്റ് അസോസിയേഷനിലും ചർച്ച നടത്തുക. എങ്ങോട്ടാണ് മാറി താമസിക്കേണ്ടത്, അങ്ങോട്ട് പോകാനുള്ള റോഡുകൾ വെള്ളത്തിനടിയിൽ ആകുമോ എന്നൊക്കെയാണ് ചിന്തിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ ഓർക്കുക.
6. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഹൈ റേഞ്ചിൽ ഉള്ളവരാണ്. വയനാട്ടിലും മൂന്നാറിലും ഇടുക്കിയിലും കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞു ദുർബലമായ ഏറെ കുന്നിൻ പ്രദേശങ്ങളുണ്ട്. തുടർച്ചയായ മഴ ഈ പ്രദേശത്ത് നൂറുകണക്കിന് ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടാക്കും. ഹൈ റേഞ്ചിൽ താമസിക്കുന്നവർ അവരുടെ അടുത്ത് മുൻപ് മണ്ണിടിഞ്ഞ പ്രദേശങ്ങളുണ്ടെങ്കിൽ അവിടെ നിന്നും മാറി താമസിക്കണം, ഇല്ലാത്തവർ സ്ഥിതിഗതികൾ നിരീക്ഷിക്കണം. സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. മഴ, ചെറുതാണെങ്കിലും മണ്ണിടിച്ചിൽ സാധ്യത വർദ്ധിപ്പിക്കുകയാണ്.
7. അത്യാവശ്യമല്ലെങ്കിൽ ഹൈ റേഞ്ച് യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര ഉണ്ടെങ്കിൽ തന്നെ അത് പകൽ വെളിച്ചത്തിൽ മാത്രം ചെയ്യുക. റോഡുകൾ മൊത്തമായി മണ്ണിടിച്ചിലിൽ താഴേക്ക് പോകാം, കൂടുതൽ വാഹനങ്ങൾ പോകുന്നത് പോലും മണ്ണിടിച്ചിലിന് കാരണമാകാം.
8. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഏറ്റവും വേഗത്തിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നത് ഇപ്പോൾ കേരളത്തിൽ സാധാരണ ആയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രധാന റോഡുകൾ അല്ലാതെ പരിചയമില്ലാത്ത ഇടറോഡുകളിൽ ഇപ്പോൾ ട്രാഫിക്ക് കൂടിയിട്ടുണ്ട്. ഈ വഴികളിൽ പലതിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാത്രി യാത്രക്ക് ഗൂഗിൾ മാപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.
9. റോഡുകളിൽ വെള്ളം ഒഴുകുന്നുണ്ടെങ്കിൽ അത് അത്ര ഉയരത്തിൽ അല്ലെങ്കിൽ പോലും സൂക്ഷിക്കുക, അപകടകരമായ ഒഴുക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ക്രോസ്സ് ചെയ്യുക, അത് നടന്നാണെങ്കിലും വാഹനത്തിൽ ആണെങ്കിലും.
10. മഴക്കാലത്ത് റോഡപകടങ്ങൾ കൂടുതലാണ്. ശ്രദ്ധിക്കുക, അത്യാവശ്യമെങ്കിൽ മാത്രം രാത്രി യാത്രകൾ ചെയ്യുക.
തിരക്ക് പിടിച്ച് അത്യാവശ്യ വസ്തുക്കൾ വാങ്ങി കൂട്ടേണ്ട ആവശ്യമൊന്നും ഇപ്പോൾ കേരളത്തിൽ ഇല്ല. ഇതും ഇതിലപ്പുറവും ചാടിക്കടന്ന ജനതയാണ് നമ്മൾ. അതുകൊണ്ട് ഒട്ടും പേടിക്കേണ്ട കാര്യമില്ല. തയ്യാറായിരിക്കുന്നതാണ് പ്രധാനം. കേരളത്തിന്റെ മുകളിൽ ഒരു കണ്ണുമായി ഞാനും ഇവിടെയുണ്ട്.
മുരളി തുമ്മാരുകുടി
പെരുമ്പാവൂർ, ഓഗസ്റ്റ് 8, രാത്രി 10:30
Leave a Comment