പൊതു വിഭാഗം

മലയിറങ്ങുന്ന പുലി, മനം നിറയുന്ന ചിന്ത

ലോക ജലദിനമാണ്. പണ്ട് വായിച്ച ഒരു വാക്യമാണ് മനസ്സിൽ വരുന്നത്.

‘Thousands have lived without love,
Not one without water’

സ്നേഹമില്ലാതെ ജീവിച്ചവരാണ് സ്നേഹത്തിന്റെ വില കൂടുതൽ അറിയുന്നത് എന്നതു പോലെ വെള്ളത്തിന് ബുദ്ധിമുട്ടി ജീവിച്ചവരും ജീവിക്കുന്നവരുമാണ് വെള്ളത്തിന്റെ വില കൂടുതൽ അറിയുന്നത്.

എന്റെ ഗ്രാമമായ വെങ്ങോലയുടെ നൂറുവർഷം മുൻപത്തെ ഇരട്ടപ്പേര് ‘വരട്ടു വെങ്ങോല’ എന്നായിരുന്നു. ഈ നാട്ടിലേക്ക് പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ പോലും മറ്റു നാടുകളിലെ കുടുംബങ്ങൾ മടിച്ചിരുന്നു. എന്റെ അമ്മ തന്നെ എഴുപത് വർഷം മുൻപ് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചത് വീട്ടാവശ്യങ്ങൾക്ക് വെള്ളം കോരാനുള്ള ഉത്തരവാദിത്തം തലയിൽ വന്നു പെട്ടതു കൊണ്ടാണെന്ന് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.

ഇതൊക്കെ മറ്റുള്ളവർ പറഞ്ഞ് ഞാൻ കേട്ട കഥകളാണ്. എന്റെ ചെറുപ്പമായപ്പോഴേക്കും വെങ്ങോലയിൽ പെരിയാർ വാലിയിൽ നിന്നുള്ള ഇറിഗേഷൻ കനാലെത്തി. അതോടെ ജലദൗർലഭ്യം കാരണം രണ്ടു പൂവ് കൃഷി ചെയ്യാൻ കഷ്ടപ്പെട്ടിരുന്നവർ മൂന്ന് പൂവ് കൃഷിയിറക്കി. വരട്ടുവെങ്ങോല എന്ന പേരുപോലും എന്റെ തലമുറയിലാരും കേട്ടിട്ടുണ്ടാവില്ല.

എന്റെ വീടിരിക്കുന്ന തുമ്മാരുകുടിയിലും അതിനു ചുറ്റുവട്ടത്തും എന്നിട്ടും കാര്യങ്ങൾ മാറിയില്ല. വീടിന്റെ നാലു ചുറ്റിലും മലയായിരുന്നു. കനാൽ വന്നത് മലക്കപ്പുറത്തായതു കൊണ്ട് ഞങ്ങൾക്ക് രണ്ടു പൂവ് കൃഷിയുമായിത്തന്നെ കഴിയേണ്ടിവന്നു. വേനൽക്കാലമാകുമ്പോൾ വെള്ളത്തിനൊക്കെ അല്പം ക്ഷാമം വരും. 1983-ലെ വലിയ വരൾച്ചക്കാലത്ത് ചുറ്റുവട്ടത്തുള്ള പല കിണറുകളും വറ്റി കുടിവെള്ളം പോലും മറ്റിടങ്ങളിൽ നിന്ന് എത്തിക്കേണ്ടി വന്നു.

ഈ വർഷം കേരളത്തിൽ കടുത്ത വരൾച്ചയായിരിക്കുമെന്ന് ശരാശരി ബോധമുള്ളവർക്കെല്ലാം തുലാവർഷം കഴിഞ്ഞപ്പോഴേ മനസ്സിലായതാണ്. വരൾച്ച മുന്നിൽ കണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ഞാൻ നവംബറിൽ തന്നെ എഴുതുകയും ചെയ്തിരുന്നു. വീട്ടിൽ വെള്ളക്ഷാമം ഉണ്ടാകുമോ എന്നൊരു പേടി ഉണ്ടായിരുന്നതുകൊണ്ടു തന്നെ വേനൽ മഴ വരുന്നത് വരെ അമ്മയെ വിളിക്കുമ്പോൾ ആദ്യം ചോദിച്ചിരുന്നത് വെള്ളത്തെപ്പറ്റിയാണ്. ഇത്തവണ ഇതുവരെ ഒരു കുഴപ്പവും ഉണ്ടായില്ല.

എന്തുകൊണ്ടാണ് ഹൈറേഞ്ചിൽ വനം കത്തിയെരിയുകയും ഇടനാട്ടിൽ പുലിയിറങ്ങുകയും തീരപ്രദേശത്ത് കുടിവെള്ളക്ഷാമം ഉണ്ടാകുകയും ചെയ്യുന്ന വരൾച്ചയിൽ പോലും തുമ്മാരുകുടിയിൽ വെള്ളംകുടി മുട്ടാത്തത് ?

ഇതിന് മൂന്നു കാരണങ്ങളാണുള്ളത്. ഒന്ന്, ഞങ്ങളെല്ലാം പഠിക്കുന്ന 1983 കാലത്ത് കൃഷിയാണ് പ്രധാന വരുമാനം. ഞങ്ങളുടെ പറമ്പിൽ വാഴകൃഷി, പാടത്ത് നെൽകൃഷി കഴിഞ്ഞാലുടൻ പച്ചക്കറി കൃഷി എല്ലാമുണ്ടായിരുന്നു. പോരാത്തതിന് തെങ്ങിൽ നിന്നും കമുകിൽ നിന്നും കിട്ടിയിരുന്ന ആദായവും പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ കൃഷിക്കാവശ്യമായ ജലസേചനത്തിന് ധാരാളം വെള്ളം പമ്പ് ചെയ്യണമായിരുന്നു.

2017-ലെ തുമ്മാരുകുടിക്ക് കൃഷി ഒരു പ്രധാന കാര്യമല്ല. വാഴയോ പച്ചക്കറികളോ ഇല്ല, തേങ്ങ വിറ്റാലും ഇല്ലെങ്കിലും വീട്ടുചെലവ് നടക്കും. അതുകൊണ്ടിപ്പോൾ വലിയ ജലസേചനം ചെയ്തുള്ള കൃഷിയുമില്ല.

രണ്ടാമത്തെ കാര്യം ആളുകളുടെ എണ്ണത്തിൽ വന്ന കുറവാണ്. എന്റെ വീട്ടിൽത്തന്നെ അച്ഛനും അമ്മയും അമ്മാവന്മാരും ഞങ്ങൾ സഹോദരങ്ങളുമടക്കം ഒരു ഡസനിലധികം ആളുകളുണ്ടായിരുന്ന വീട്ടിലിപ്പോൾ അമ്മയും അനിയന്റെ കുടുംബവും ചേർന്ന് ആകെ അഞ്ചു പേരേയുള്ളു.

ഇപ്പോൾ ഈ രണ്ടു കാര്യങ്ങളും കേരളത്തിലെ ഏറെ ഗ്രാമങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ്. കൃഷിയും, കൃഷിയോടുള്ള ആശ്രയത്വവും, കുടുംബങ്ങളിലെ അംഗസംഖ്യയും കുറഞ്ഞ് വെള്ളത്തിന്റെ ആവശ്യവും കുറഞ്ഞുവന്നു.

എന്നാൽ ശ്രദ്ധിക്കേണ്ട മൂന്നാമതൊരു കാര്യം കൂടി തുമ്മാരുകുടിയിലുണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറോടെ വെങ്ങോലയിൽ ഏറെയാളുകൾ കൃഷി നിറുത്തി പാടമെല്ലാം നികത്തി പറമ്പാക്കി വിറ്റു. കുറെയാളുകൾ അവിടെ പ്ലൈവുഡ് കമ്പനി തുടങ്ങി. വെങ്ങോലയിലെ പാടം നികത്താനും കേരളത്തിൽ മറ്റുള്ള സ്ഥലത്ത് ‘വികസനം’ വരുത്താനുമായി കുന്നുകളെല്ലാം കുത്തിക്കുഴിച്ചു. നാട്ടിൽ വലിയ വീടുകളും വീടുകളിലൊക്കെ കാറുകളുമായി.

കൃഷി നഷ്ടമായിട്ടും സാമ്പത്തികമായി ഏറെ ലാഭമുണ്ടാകുമെന്നറിഞ്ഞിട്ടും ഒരു പാടം പോലും നികത്താൻ ഞങ്ങളുടെ അമ്മാവൻ സമ്മതിച്ചില്ല. പ്രലോഭനങ്ങൾ ഏറെയുണ്ടായിട്ടും ഞങ്ങളുടെ പാടം നികത്തി പ്ലൈവുഡ് കമ്പനി തുടങ്ങാൻ മറ്റുള്ളവരെ അനുവദിച്ചുമില്ല. സ്വന്തമായി കുന്നും മലയും ഒക്കെ ഉണ്ടായിട്ടും അത് കുഴിച്ച് പാറയും മണ്ണും വിറ്റു കാശുണ്ടാക്കിയില്ല. കാറ് പോയിട്ട് ഒരു സൈക്കിൾ പോലും അമ്മാവൻ വാങ്ങിയതുമില്ല. അതേ സമയം മരുമക്കൾ എല്ലാം പഠിച്ച് നാടുകടന്നതിനാൽ വരും കാലത്ത് കൃഷിയിലല്ല തുമ്മാരുകുടിയുടെ ഭാവി എന്ന് അമ്മാവന് അന്നേ മനസ്സിലായി. അതുകൊണ്ട് പണ്ട് കപ്പയും ഇഞ്ചിയും മഞ്ഞളുമൊക്കെയായി വാർഷികവിളകൾ നട്ടിരുന്ന പറമ്പിൽ നിറയെ വന്മരങ്ങളുടെ തൈ നട്ടിട്ടാണ് അമ്മാവൻ ഈ ഭൂമിയിൽ നിന്ന് പോയത്. 2017-ലെ വരൾച്ചയിൽ തുമ്മാരുകുടിയിൽ കുടിവെള്ളം മുട്ടാതിരിക്കുമ്പോൾ ഞാനോർക്കുന്നത്, വെറും ഏഴാം ക്ലാസ് മാത്രം പഠിച്ച് ജീവിതകാലം മുഴുവൻ പാടത്തും പറമ്പിലും പണിയെടുത്തിരുന്ന എന്റെ അമ്മാവനെയാണ്.

വാസ്തവത്തിൽ കേരളം വളരെ പരിസ്ഥിതി ലോലമായ ഒരു പ്രദേശമാണ്. കടലിനും മലക്കും നടുക്ക് കൂടിവന്നാൽ നൂറു കിലോമീറ്റർ വീതിയേ നമ്മുടെ ഭൂപ്രകൃതിക്കുള്ളു. നൂറു കിലോമീറ്റർ എന്നത് ഒരു ഇക്കോ സിസ്റ്റത്തെ സംബന്ധിച്ചിടത്തോളം ഏറെ ചെറിയതാണ്. ഈ നൂറു കിലോമീറ്ററിനകത്ത് മലനാടും ഇടനാടും തീരപ്രദേശവുമായി മൂന്ന് വ്യത്യസ്ത ഭൂപ്രകൃതി ആണുതാനും. നമ്മൾ ദുരുപയോഗം ചെയ്തില്ലെങ്കിൽ പോലും ഈ ആവാസവ്യവസ്ഥകൾക്ക് സ്വാഭാവികമായി പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾ നമ്മൾ അതിൽ ഇടപെട്ട് വെട്ടിമുറിക്കുകയും കുത്തിക്കുഴിക്കുകയും മണ്ണിട്ട് നികത്തുകയും കൂടി ചെയ്താൽ പിന്നെ കേരളത്തിലെ പ്രകൃതിയുടെ സംതുലനം മാറാൻ ഒരു തലമുറ സമയം പോലും വേണ്ടിവരില്ല. ഇവയൊക്കെ കൂടാതെയാണ് കാലാവസ്ഥ വ്യതിയാനം കൂടി വരുന്നത്. സമുദ്രനിരപ്പ് ഉയരുന്നത് തൊട്ട് മഴയുടെ സാന്ദ്രത കൂടുന്നതും മഴ ദിവസങ്ങളുടെ എണ്ണം കുറയുന്നതും വേനൽക്കാലത്തെ ചൂട് വർദ്ധിക്കുന്നതുമെല്ലാം നമ്മുടെ പ്രകൃതിയെ ബാധിച്ചു തുടങ്ങി.

സ്വന്തം കുടുംബത്തിന്റെ താൽക്കാലിക ലാഭം നോക്കിയാണ് കൂടുതൽ വ്യക്തികളും തീരുമാനമെടുക്കുന്നത്. എന്നാൽ സമൂഹം അങ്ങനെ ആയിരിക്കരുത്. വ്യക്തി ലാഭങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ വെട്ടിമുറിക്കുന്ന ആളുകളുള്ള, പരിസ്ഥിതി ലോലമായ ഒരു സംസ്ഥാനം കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഒരു ദീർഘകാല വെല്ലുവിളിയെ എങ്ങനെ നേരിടുമെന്ന് സമൂഹം ചിന്തിക്കണം. ഭൂപ്രകൃതി മാത്രമല്ല കൃഷിയും സമ്പദ്‌വ്യവസ്ഥയും എല്ലാം മാറും. എന്നാൽ ഒരു ശരാശരി മലയാളിയുടെ ചിന്തയിൽ കാലാവസ്ഥാ വ്യതിയാനം വരുന്നത് വെള്ളപ്പൊക്കമോ വരൾച്ചയോ ഉണ്ടാകുമ്പോൾ മാത്രമാണ്. വെള്ളം ഇറങ്ങിക്കഴിയുമ്പോൾ, അല്ലെങ്കിൽ ഒരു പുതുമഴ പെയ്തു കഴിഞ്ഞാൽ തീരുന്ന ആശങ്കകളേ നമുക്കിപ്പോൾ ഉളളൂ.

സ്വന്തം പറമ്പ്, അത് മലയാണെങ്കിലും പാടമാണെങ്കിലും കായലാണെങ്കിലും നിരത്താനോ നികത്താനോ പറ്റാതെ വരുമ്പോൾ നമ്മൾ പ്രതിക്ഷേധിക്കുക തന്നെ ചെയ്യും. നമ്മുടെ പ്രകൃതി സ്നേഹം മുഴുവൻ കിടക്കുന്നത് അന്യന്റെ പറമ്പിലും പൊതു സ്വത്തിലുമാണ്.

അഞ്ചു വർഷത്തെ സ്വന്തം പാർട്ടിയുടെ ഭരണകാലത്തിനപ്പുറം എൺപത് വർഷത്തെ മനുഷ്യായുസ്സിനും അപ്പുറം അടുത്ത നൂറോ അഞ്ഞൂറോ വർഷത്തിലും കേരളം ജനവാസയോഗ്യമായ ഇടമായി നിലനിൽക്കണം എന്ന ദീർഘവീക്ഷണത്തോടെ, മരുമക്കൾക്ക് വെള്ളം കുടി മുട്ടാതെ നോക്കുന്ന അമ്മാവന്റെ കരുതലോടെ, കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ ഒരു സമൂഹം എന്ന നിലയിൽ നമുക്ക് കഴിയുന്നില്ല. ഹൈറേഞ്ചിൽ ആയിരക്കണക്കിന് പാറമടകൾ ഉണ്ടാകുമ്പോഴും ഇടനാട്ടിലെ നെൽവയലുകൾ ഏറെ നികത്തപ്പെടുമ്പോഴും കുന്നത്തുനാട്ടിലെ കുന്നുകളെല്ലാം വെട്ടിനിരത്തി എറണാകുളം ജില്ലയിൽ വികസനം വരുത്തുമ്പോഴുമെല്ലാം, അത് പുരോഗതിയാണെന്ന് പാടം നികത്തി പണമുണ്ടാക്കുന്ന ആളുകളെപ്പോലെ നമ്മളും തെറ്റിദ്ധരിക്കുന്നു.

പ്രകൃതിയെപ്പറ്റി വേവലാതിപ്പെടുന്നവർ പ്രകൃതിസ്നേഹികൾ ആണെന്നൊരു തെറ്റിദ്ധാരണയുണ്ട്, പക്ഷെ ഇത് പൂർണ്ണമായും ശരിയല്ല. കാരണം പ്രകൃതിയെ നമ്മൾ ആക്രമിച്ചാൽ അത് ഒരു സംതുലിതാവസ്ഥയിൽ നിന്നു മാറി വേറെ അവസ്ഥയിലെത്തും. വനം കത്തിനശിച്ചാൽ അതിന്റെ താഴെ പുല്ലും കുറ്റിച്ചെടികളുമൊക്കെ വളരും. അങ്ങനെ പുതിയ സംതുലനാവസ്ഥയാൽ പ്രകൃതി സ്വന്തം കാര്യം നോക്കും. പക്ഷെ ഈ പുതിയ സംതുലിതാവസ്ഥയിൽ മനുഷ്യന് സ്ഥാനമുണ്ടാവണമെന്നില്ല. അങ്ങനെയൊരു നിർബന്ധവും പ്രകൃതിക്കില്ല. ശതകോടി വർഷങ്ങളുടെ പഴക്കമുള്ള ഭൂപ്രകൃതിയിൽ മനുഷ്യൻ എത്തിയിട്ട് രണ്ടുലക്ഷം വർഷങ്ങളേ ആയിട്ടുള്ളു. മനുഷ്യൻ പോയിക്കഴിഞ്ഞാലും പ്രകൃതി എന്നെന്നേക്കും നിലനിൽക്കും.

അതുപോലെ കേരളത്തിന്റെ പ്രകൃതിയെ അറിഞ്ഞ് ഒരു വികസന സമീപനം ഉണ്ടായില്ലെങ്കിൽ അപകടത്തിലാകാൻ പോകുന്നത് പ്രകൃതിയുടെ ഭാവി മാത്രമല്ല, മലയാളിയുടേത് കൂടിയാണ്. ആയിരം വർഷം കഴിഞ്ഞാലും പ്രകൃതി ഇവിടെ കാണുമെങ്കിലും മലയാളിയുടെ കാര്യത്തിൽ അത്ര ഉറപ്പ് വേണ്ട.

Leave a Comment