പൊതു വിഭാഗം

മരണം നേരെ വരുന്പോൾ കുട്ടികൾ എന്ത് ചെയ്യണം?

പേടിക്കേണ്ട, ഇതൊരു കൊറോണ പോസ്റ്റല്ല. കൊറോണയിൽ മരണപോസ്റ്റിന്റെ സമയമായിട്ടില്ല. ഇന്നിപ്പോൾ ഇതൊരു യാത്രയുടെ കഥയാണ്.
 
എറണാകുളം നഗരത്തിലേക്ക് ഉച്ചക്ക് ഒരുമണിക്ക് സുനാമി വരുന്നു എന്നൊരു വാർത്ത വന്നാൽ എന്ത് സംഭവിക്കുമെന്ന് ഞാൻ കേരളത്തിൽ പല പരിശീലന ക്ലാസ്സുകളിലും ചോദിക്കാറുണ്ട്.
സ്‌കൂൾ ഉള്ള ദിവസമാണെങ്കിൽ കളക്ടർ ഉടൻ തന്നെ വിദ്യാഭ്യാസ സ്ഥാപങ്ങങ്ങൾക്ക് അവധി പ്രഖ്യാപിക്കും. അധ്യാപകർ കൂട്ടമണിയടിക്കും. കുട്ടികളുമായി സ്‌കൂൾ ബസുകൾ തെരുവിലേക്കിറങ്ങും.
 
ടി വി ക്കാർ വാർത്ത സ്ക്രോൾ ചെയ്യും. വാർത്ത ടി വി യിൽ വരുന്ന വഴി എറണാകുളത്തെ സ്‌കൂളുകളിൽ കുട്ടികളുള്ള മാതാപിതാക്കൾ വാഹനം ഉണ്ടെങ്കിൽ അതുമെടുത്ത് എറണാകുളത്തേക്ക് പായും. വാഹനമില്ലെങ്കിൽ ഓട്ടോയോ ഉബറോ എടുക്കും.
അതേ സമയം തന്നെ എറണാകുളം നഗരത്തിലുള്ളവർ ഒന്നടങ്കം വണ്ടിയെടുത്ത് ബൈപാസ്സിലേക്ക് യാത്ര തിരിക്കും.
 
എറണാകുളത്തുള്ളവർ പുറത്തേക്കും പുറത്തുളളവർ എറണാകുളത്തേക്കും “ചേട്ടൻ എവിടെയുണ്ട്, മോൾ എവിടെ എത്തി” എന്നൊക്കെ ചോദിച്ച് വിളിയോട് വിളിയായിരിക്കും.
ഏകദേശം അഞ്ചു മിനുട്ട് ഇതൊക്കെ നടക്കും.
അത് കഴിയുന്പോൾ നെറ്റ് വർക്ക് ഓവർലോഡ് ആയി വിളി നിൽക്കും. അരമണിക്കൂറിനകം റോഡുകളെല്ലാം ബ്ലോക്കാകും.
സുനാമി വരും. കുട്ടികളും മാതാപിതാക്കളും അടിപ്പെടും !. സുനാമി കഴിയുന്പോൾ എറണാകുളത്തെ സ്ക്കൂളുകളിൽ സുനാമി മെമ്മോറിയൽ അവാർഡുകൾ ഉണ്ടാകും.
 
കാരണം, സുനാമി വരുന്പോൾ എന്ത് ചെയ്യണമെന്ന് കുട്ടികളെയോ മാതാപിതാക്കളെയോ നാം പരിശീലിപ്പിച്ചിട്ടില്ല.
ജപ്പാനിൽ പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല. സുനാമി വന്നാൽ എന്ത് ചെയ്യണമെന്ന് കുട്ടികളെയും മാതാപിതാക്കളേയും കൃത്യമായി പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.
 
ഒന്ന്. കുട്ടികൾ സ്‌കൂളിലാണെങ്കിൽ അവരെ സംരക്ഷിക്കേണ്ടത് അധ്യാപകരാണ്.
രണ്ട്. സുനാമി വാർത്ത കേട്ട് മാതാപിതാക്കൾ സ്‌കൂളിലേക്ക് ഓടിച്ചെല്ലരുത്.
 
2011 മാർച്ച് 11 ന് ഉച്ച കഴിഞ്ഞപ്പോൾ സെൻഡായി നഗരത്തിലെ അരഹാമയിൽ ഈ പരിശീലനം പരീക്ഷിക്കപ്പെട്ടു.
 
കുട്ടികൾ സ്‌കൂളിലുള്ള സമയം, സുനാമി മുന്നറിയിപ്പ് വന്നു.
320 കുട്ടികൾ സ്‌കൂളിലുണ്ടായിരുന്നു. അവരെ അധ്യാപകർ സ്‌കൂളിന്റെ മുകളിലെ നിലയിലേക്ക് മാറ്റി.
 
3.55 ന് സുനാമി അരഹമയിലെത്തി.
 
സുനാമി വരുന്നത് വലിയൊരു തിരമലയായിട്ടാണെന്നാണ് പൊതുവെ നമ്മൾ കരുതുന്നത്. ആദ്യത്തെ വെള്ളത്തിന്റെ വരവ് അങ്ങനെയാണ് താനും. പക്ഷെ കാര്യങ്ങൾ അവിടെ നിൽക്കുകയില്ല, ക്രമേണ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങും.
ഒന്നാമത്തെ നിലയിൽ നിന്ന് വെള്ളം രണ്ടാം നിലയിലെത്തി. ചുറ്റുമുള്ള വീടുകളുടെ മുകളിൽ വെള്ളമായി. ഇപ്പോൾ അരഹമയിൽ വെള്ളത്തിൽ മുങ്ങാതെ നിൽക്കുന്നത് സ്‌കൂൾ മാത്രമേ ഉള്ളൂ.
 
പക്ഷെ എത്രമാത്രം വെള്ളം ഇനിയും ഉയരുമെന്ന് കുട്ടികൾക്കറിയില്ല, അധ്യാപകർക്കും.
ഇനി മാതാപിതാക്കളെ കാണുമോ എന്ന് കുട്ടികൾക്ക് അറിയില്ല. അവർ നോട്ട് പുസ്തകമെടുത്ത് ചെറിയ പടങ്ങളും കുറിപ്പുകളും ഉണ്ടാക്കി. സ്വന്തം മാതാപിതാക്കളോട് സ്നേഹം അറിയിക്കുന്നവ, മാപ്പു പറയുന്നവ, ഇഷ്ടപ്പെട്ട പാവക്കുട്ടിയുടെ, വീട്ടിലെ പട്ടിക്കുട്ടിയുടെ ചിത്രം എന്നിങ്ങനെ അവർ സ്‌കൂളിന്റെ ഭിത്തിയിൽ ഒട്ടിച്ചുവെച്ചു.
 
വെള്ളം പിന്നെയും കയറി. കുട്ടികൾ സ്‌കൂളിന്റെ മേൽക്കൂരയിൽ എത്തി.
 
ജപ്പാനിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ ഏറ്റവും മികച്ചതാണ്, എന്നാൽ പോലും രണ്ടാം ലോകമഹയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അവർക്ക് എല്ലായിടത്തും എത്താൻ പറ്റില്ല. സുനാമി കയറി വരുന്നിടത്തോളം കാലം സ്‌കൂളിലേക്ക് ബോട്ടിൽ പോലും എത്താൻ സാധിക്കില്ല (കടലിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലാണ് ഈ സ്‌കൂൾ, അവിടെയാണ് രണ്ടാം നിലയിൽ വെള്ളം കയറി നിൽക്കുന്നത്).
 
മാതാപിതാക്കൾക്കുള്ള സന്ദേശം എഴുതിക്കഴിഞ്ഞു പിന്നെ കുട്ടികൾ ശാന്തരായി. അവരുടെ അധ്യാപകർ പറഞ്ഞതു പോലെ മേൽക്കൂരയിൽ നിരനിരയായി നിന്നു. ജപ്പാനിലെ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എത്തി അവരെ രക്ഷിച്ചു ക്യാന്പുകളിൽ എത്തിച്ചു. അവരുടെ മാതാപിതാക്കൾ അവിടെ ഉണ്ടായിരുന്നു.
വെള്ളമിറങ്ങിക്കഴിഞ്ഞപ്പോൾ സ്‌കൂളിന് ചുറ്റമുണ്ടായിരുന്ന ആയിരക്കണക്കിന് വീടുകൾ ഒന്നാകെ തിരയിൽ ഒലിച്ചുപോയിരുന്നു.
 
അരഹാമയിൽ പിന്നെ സർക്കാർ പുനർ നിർമ്മാണം അനുവദിച്ചില്ല. ആ സ്‌കൂൾ ഇന്നൊരു മ്യൂസിയമാണ്. കുട്ടികളുടെ സന്ദേശങ്ങൾ ഇപ്പോഴും അവിടെ ഉണ്ട്.
 
സത്യത്തിൽ ആ സ്‌കൂൾ തന്നെ ഒരു സന്ദേശമാണ്. ഏതൊരു വൻദുരന്തം ഉണ്ടാകുന്പോഴും നമ്മൾ ശ്രമിക്കേണ്ടത് അടുത്ത തലമുറയെ സംരക്ഷിക്കാനാണ്. കാരണം അവരിലൂടെയാണ് നമ്മുടെ പരന്പരകൾ തുടരേണ്ടത്. അതിന് അവരെ തയ്യാറെടുപ്പിക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.
 
ഫുൾ A + മേടിക്കുന്ന കുട്ടികൾക്ക് നീന്താൻ പോയിട്ട് സുരക്ഷിതമായി റോഡുമുറിച്ചു കടക്കാൻ പോലും അറിയാത്തത് കാണുന്പോൾ ഞാൻ അരഹാമയിലെ സ്‌കൂൾ കുട്ടികളെ ഓർക്കും.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment