തായ് ഗുഹയിൽ പെട്ട കുട്ടികളെല്ലാം ഇന്നലെ ആശുപത്രി വിട്ടു വീട്ടിലേക്ക് പോയി. ഇനിയല്പം ചോദ്യോത്തരങ്ങളും, ഗൂഢാലോചനാ സിദ്ധാന്തവും, കുറ്റപ്പെടുത്തലും ആകാം.
തായ്‌ലൻഡിൽ നിന്ന് തന്നെ ചൂടുള്ളതൊന്ന് ആദ്യം.
തായ് ഗുഹയിൽ പെട്ടവരെ രക്ഷപെടുത്താൻ പറ്റിയതിന്റെ അടിസ്ഥാന കാരണം ആ ഗുഹയെപ്പറ്റി നന്നായി അറിയാവുന്ന, അതിൻറെ മാപ്പ് വരച്ചുവെച്ചിട്ടുള്ള ഒരു ബ്രിട്ടീഷുകാരൻ (Vern Unsworth) തായ്‌ലൻഡിൽ താമസിക്കുന്നുണ്ടായിരുന്നു എന്നതാണ്. പോരാത്തതിന് ഗുഹയിൽ മുങ്ങാൻ കഴിവുള്ള ലോകത്തെ ഏറ്റവും മിടുക്കന്മാരെ അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം എഴുതിയ ഒരു കുറിപ്പിൽ ഗുഹയിൽ പോയി രക്ഷപ്പെടുത്തിയ രണ്ടുപേരുടെ പേരും ഉണ്ടായിരുന്നു. ഒൻപതാം ദിവസമാണ് അവരെത്തുന്നത്, പത്താം ദിവസം കുട്ടികളെ കണ്ടെത്തി.
ഇതിനിടക്കാണ് അമേരിക്കൻ കോടീശ്വരനായ എലോൺ മസ്ക് ഒരു സബ്മറീനും ആയിട്ട് വരുന്നത്. ഇതിന് മുൻപ് ഒരിക്കലും ഉപയോഗിക്കാത്ത ഒന്നായിരുന്നു, അതുകൊണ്ടു തന്നെ അത് ഗുഹയിൽ ഉപയോഗിച്ചില്ല. രക്ഷാ പ്രവർത്തനം കഴിഞ്ഞപ്പോൾ സി എൻ എൻ അൺസ്വർത്തിനോട് മാസ്കിന്റെ സബ്മറീനെ പറ്റി ചോദിച്ചു. ഉത്തരം അല്പം കളർഫുൾ ആയിരുന്നു.
In a video interview with CNN after the boys were all safe, caver Unsworth was asked about Musk’s sub. He criticised the idea, calling it “just a PR stunt” that “had absolutely no chance of working.” “He can stick his submarine where it hurts,” Unsworth said.
(“ചുമ്മാതെ ആളെക്കാണിക്കാൻ കൊണ്ടുവന്നതാണ്, ഉപയോഗിക്കാൻ ഒരു സാധ്യതയും ഇല്ലായിരുന്നു, വേണമെങ്കിൽ പുള്ളിക്ക് സ്വന്തം ആസനത്തിൽ അടിച്ചു കേറ്റാം” എന്ന് ഏകദേശ പരിഭാഷ.)
എലോൺ മസ്കിനത് കൊണ്ടു എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
അൺസ്വർത്തിനെ ബാലപീഡകൻ ആയി ചിത്രീകരിച്ചാണ് മസ്ക് തിരിച്ചടിച്ചത്.
Musk challenged the caver’s suggestion that the sub wouldn’t have worked and said he would make a video to prove it could go through the cave. He ended his tweet: “Sorry pedo guy, you really did ask for it.”
അൺസ്വർത്ത് കേസുകൊടുക്കുമെന്ന് പറഞ്ഞതോടെ എലോൺ മസ്ക്ക് മാപ്പു പറഞ്ഞിട്ടുണ്ട്. കേസ് എന്താകുമെന്ന് വഴിയേ അറിയാം.
ഞാൻ പറഞ്ഞു വന്നത് ഒരു ദുരന്തം കഴിയുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നത് നമ്മുടെ മാത്രം സ്പെഷ്യലിറ്റി ഒന്നുമല്ല. നമ്മൾ ആണെങ്കിൽ കുട്ടികൾ ഗുഹക്കുള്ളിൽ ഉള്ളപ്പോൾ തന്നെ വിവാദം ഉണ്ടാക്കുമായിരുന്നു, അത്രേ ഉള്ളൂ വ്യത്യാസം.
ഗുഹയിലെ രക്ഷ പ്രവർത്തനത്തെപ്പറ്റി ഞാൻ എഴുതിയ ലേഖനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതെ സമയം, ഞാൻ എഴുതിയ ലേഖനത്തെ എതിർത്ത രീതിയിൽ
Abdul Rasheed ഒരു ലേഖനം എഴുതിയിരുന്നു, അതിനും വ്യാപകമായ സ്വീകാര്യത ഉണ്ടായി.
അന്ന് ഞാൻ അറിയുന്ന ആളല്ല റഷീദ്. അതിനാൽ ആദ്യം തന്നെ അദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു (അദ്ദേഹം അത് സ്വീകരിച്ചിട്ടുണ്ട്, നന്ദി). നമ്മോട് എതിരഭിപ്രായമുള്ളവരെ സുഹൃത്തുക്കളാക്കുക എന്നത് സമൂഹമാധ്യമത്തിന്റെ കാലത്ത് പ്രധാനമാണ്. അല്ലെങ്കിൽ സക്കർബർഗ്ഗിന്റെ അൽഗോരിതം എന്നെ പിന്തുണക്കുന്നവരെ കൊണ്ട് എന്റെ പേജ് നിറയ്ക്കും. ഞാൻ പറയുന്നത് ശരി എന്നും ഞാൻ ഒരു സംഭവം എന്നും ഞാൻ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യും. എതിരഭിപ്രായങ്ങളും കൂടി ടൈം ലൈനിൽ വരുമ്പോളാണ് ശരിക്കും സമൂഹത്തിന്റെ വിവിധ ചിന്താസരണികൾ നമ്മിലേക്ക് എത്തുന്നത്.
അദ്ദേഹത്തിന്റെ ലേഖനം സൂക്ഷിച്ചു വായിച്ചു. രണ്ടുകാര്യങ്ങളിലാണ് പ്രധാനമായും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
1. ഒരു ദുരന്തമുണ്ടാകുമോൾ അവിടെ ഓടിയെത്തേണ്ടത് അയൽക്കാരും പഞ്ചായത്ത് മെമ്പറും മറ്റു ജനപ്രതിനിധികളുമാണ്. ഇക്കാര്യം ഞാനും നൂറു ശതമാനം സമ്മതിക്കുന്നതും പലതവണ ഇവിടെ പറഞ്ഞിട്ടുള്ളതുമാണ്. ഏത് ദുരന്തത്തിലും പരമാവധി ജനങ്ങളെ രക്ഷിക്കുന്നത് ഫയർ ഫോഴ്‌സോ, ദുരന്ത നിവാരണ സേനയോ, പട്ടാളമോ, ഐക്യരാഷ്ട്ര സഭയോ അല്ല. തൊട്ടടുത്തുള്ള ബന്ധുക്കളും അയൽക്കാരുമാണ്. ദുരിതാശ്വാസ പ്രവർത്തനത്തിൽ പഞ്ചായത്ത് മെമ്പറോ എം എൽ എ യോ ഓടിയെത്തുന്നത് ശരിയും എത്താത്തത് തെറ്റുമാണ്.
ലേഖനത്തിൽ ഞാൻ പരാമർശിച്ചത് മന്ത്രിയെക്കുറിച്ചായിരുന്നു. കേരളത്തിൽ മന്ത്രിമാരെ ജനപ്രതിനിധികളായിട്ടാണ് നാം കാണുന്നത്. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത് തെരഞ്ഞെടുക്കപ്പെടുന്ന എം എൽ മാരിൽ നിന്ന് മാത്രമേ കേരളത്തിൽ മന്ത്രിമാർ ഉണ്ടാകുന്നുള്ളൂ എന്നതിനാൽ മുഖ്യമന്ത്രിയുൾപ്പെടെ എല്ലാ മന്ത്രിമാരും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരാണ്.
രണ്ടാമത് നമ്മുടെ മന്ത്രിമാർ പൊതുവെ പെരുമാറുന്നത് ജനപ്രതിനിധികളായിട്ടാണ്. കേരളത്തിന്റെ മൊത്തം മന്ത്രിമാരായിരുന്നിട്ടും കൊട്ടാരക്കരയിലേക്ക് കൂടുതൽ ബസും പാലായിൽ നല്ല റോഡുകളും വരുന്നത് ഇങ്ങനെയാണ്.
ജനാധിപത്യത്തിന്റെ അടിസ്ഥാന ഡിസൈനിൽ മന്ത്രിമാർ ജനപ്രതിനിധികളല്ല. ഭരണ നിർവ്വഹണത്തിന്റെ (executive) ഭാഗമാണ്. ജനപ്രതിനിധികൾ നിയമനിർമ്മാണ സഭയുടെയും. (Legislature). പല രാജ്യങ്ങളിലും മന്ത്രിമാരാകുന്നവർ ജനപ്രതിനിധികളാകണമെന്നില്ല. ചില നാടുകളിൽ മന്ത്രിമാരാകുന്നവർ ജനപ്രതിനിധികളാകാൻ പാടില്ല. (ആയാൽ ആ സ്ഥാനം ഉപേക്ഷിക്കണം). ഒരാൾ ഒരേ സമയം legislature ന്റെയും executive ന്റെയും ഭാഗമായിരിക്കുന്നതിൽ കുറച്ചു ശരികേടും കുറേ ബുദ്ധിമുട്ടുകളുമുണ്ട്. ചില രാജ്യങ്ങളിൽ ഡെപ്യൂട്ടി മിനിസ്റ്റർ എന്നത് ഒരു ബ്യൂറോക്രാറ്റ് ആണ്. ഇതൊക്കെ കഴിഞ്ഞ അസ്സംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ മറുനാടനിൽ എഴുതിയതാണ്.
പറഞ്ഞുവന്നത് മന്ത്രിമാർ executive ന്റെ ഭാഗമാണെന്നാണ്. ഒരു ദുരന്തമുണ്ടാകുമ്പോൾ ദുരന്ത മുഖത്തേക്ക് ഓടിയെത്തുകയല്ല മന്ത്രി ചെയ്യേണ്ടത്. ദുരന്ത നിവാരണ സംവിധാനങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാനുള്ള സഹായം ലഭ്യമാക്കുകയാണ്. ആയിരം ആളുകൾ കടലിൽ കുടുങ്ങിയിരിക്കുന്ന കടൽത്തീരത്ത് ചെന്നുനിൽക്കുന്ന മന്ത്രി നിങ്ങളെയും എന്നെയും പോലെ ഒരു മനുഷ്യനാണ്. മിക്കവാറും നിസ്സഹായനും. എന്നാൽ ദുരന്ത നിവാരണ സംഘത്തിന്റെ കൺട്രോൾ റൂമിലിരുന്ന് ലോകത്ത് എവിടെനിന്നും ലഭ്യമായ സഹായം കടലിലേക്ക് എത്തിക്കുന്ന മന്ത്രി അതികായനാണ്.
ഇതിനർത്ഥം മന്ത്രിമാർ ദുരന്തസ്ഥലം സന്ദർശിക്കരുത് എന്നല്ല. അതല്ല പ്രധാനം എന്നാണ്. ദുരന്തമുഖത്ത് പകലും രാത്രിയുമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തകർക്കും മന്ത്രിയുടെ സന്ദർശനം വലിയ ഊർജ്ജമാണ് നൽകുന്നത്. ഹെയ്‌ത്തിയിൽ ഓഫിസുകൾ തകർന്നടിഞ്ഞ്, നൂറ് സഹപ്രവർത്തകർ മരണപ്പെട്ട, ലക്ഷക്കണക്കിന് ആളുകളുടെ ശവശരീരം മറവു ചെയ്യുന്നതിൽ പങ്കാളിയാകേണ്ടി വരികയും, ഇരിക്കാൻ ഒരു കസേര പോലുമില്ലാതെ മാവിൻചുവട്ടിലിരുന്ന് ഹെഡ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്ന ഞങ്ങളുടെ അടുത്തേക്ക് വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂർ വന്നത് എത്ര ആശ്വാസകരമായിരുന്നുവെന്ന് പറയാതെ വയ്യ. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. അഭിപ്രായ വ്യത്യാസമുണ്ടാകാം. സ്വാഭാവികം.
2. ദുരന്ത പ്രദേശത്ത് മാധ്യമങ്ങൾ വേണ്ടേ?
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ എല്ലാ വൻ ദുരന്ത മുഖത്തും ഞാൻ പോയിട്ടുണ്ട്. ഞാൻ പോയിട്ടുള്ള ഏത് ദുരന്ത പ്രദേശത്തും ഞങ്ങൾ എത്തുന്നതിനു മുൻപേ അന്താരാഷ്ട്ര മാധ്യമങ്ങൾ എത്തിയിട്ടുണ്ടാകും. ഞങ്ങളേക്കാൾ ലിബറലായിട്ടുള്ള വിസ – പ്രോട്ടോക്കോൾ – സുരക്ഷാ – സാമ്പത്തിക നയത്തിനുള്ളിലാണ് അവർ പ്രവർത്തിക്കുന്നത്. മാധ്യമപ്രവർത്തകർ ദുരന്ത പ്രദേശത്തുള്ളത് ദുരന്തമുണ്ടായ നാടിന് വലിയ ഗുണമാണ്. ഒരു ദുരന്ത പ്രദേശത്തേക്ക് എത്രമാത്രം സഹായമെത്തുന്നു എന്നത് അവിടെ എത്ര മാധ്യമങ്ങളുണ്ട്, അവർ എന്ത് പറയുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മാധ്യമങ്ങൾ ദുരന്തപ്രദേശത്ത് വേണോ എന്ന ചോദ്യത്തിന് ഉറപ്പായും വേണം എന്ന് തന്നെയാണ് ഉത്തരം.
അഭിപ്രായ വ്യത്യാസം അവർ എന്ത് ചെയ്യണം എന്നതിലാണ്. ദുരന്ത പ്രദേശത്ത് ഒന്നാമത്തെ മുൻഗണന ദുരന്തത്തിലകപ്പെട്ടവരുടെ ക്ഷേമമാണ്. അതിനെ സഹായിക്കുന്നതെന്തും ശരിയും സഹായകമാകാത്തതെന്തും തെറ്റുമാണ്. ഈ ഒരു കാര്യം മനസ്സിലാക്കി മാധ്യമങ്ങൾ പ്രവർത്തിച്ചാൽ ഗുണം മാധ്യമങ്ങൾക്കും ദുരന്തത്തിൽ പെട്ടവർക്കുമാണ്.
ഒരു ദുരന്തവും വെറുതെ പോകാൻ ഞാൻ സമ്മതിക്കില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. ഓഖിയുടെയും തായ് ഗുഹ ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ മാധ്യമസുഹൃത്തുക്കളോട് ഒരു നിർദ്ദേശം പറയട്ടെ.
അടുത്ത മാസം ഞാൻ നാട്ടിലുണ്ട്. ആ സമയത്ത് ദുരന്ത കാലത്തേ മാധ്യമ പ്രവർത്തനത്തെക്കുറിച്ച് നമുക്കൊരു ചർച്ച സംഘടിപ്പിച്ചാലോ?. സ്ഥലത്തെ പ്രധാന മാധ്യമ പ്രവർത്തകരെയും ദുരന്ത നിവാരണ അതോറിറ്റിയെയും, ആരോഗ്യ മന്ത്രിയെയും, മുഖ്യമന്ത്രിയെയും വിളിക്കാം. നിങ്ങൾ തയ്യാറാണോ? ഞാൻ റെഡി.
മുരളി തുമ്മാരുകുടി
Leave a Comment