പൊതു വിഭാഗം

മനുഷ്യ ജീവന്റെ വില

ഒരു ഹൈഡ്രജൻ സൾഫൈഡ് മോണിറ്ററിന്റെ വില പതിനായിരം രൂപയാണ്. രണ്ടു മനുഷ്യ ജീവന്റെ വില എത്രയാണ് ?
 
കൊച്ചിൻ ഷിപ്പ് യാർഡിൽ കപ്പലിലും ആലപ്പുഴയിൽ കിണറിലും ആയി ഏഴുപേരാണ് ഇന്നലെ ഒറ്റ ദിവസം കേരളത്തിൽ അപകടത്തിൽ മരിച്ചത്. പ്രത്യക്ഷത്തിൽ ഒരു ബന്ധവും ഇല്ലെങ്കിലും രണ്ടു സംഭവങ്ങളിലെയും സാഹചര്യം ഒന്നാണ്. ഇംഗ്ലീഷിൽ Confined Space working (അകത്തേക്കിറങ്ങാനും കയറാനും ഇടുങ്ങിയ വഴികൾ മാത്രമുള്ള, വായു സഞ്ചാരമില്ലാത്ത സ്ഥലത്തെ ജോലി). ഏറെ പരിശീലനവും മേൽനോട്ടവും വേണ്ടതാണ്.
 
ഇതുപോലെ ഓരോ വർഷവും എത്രയോ പേർ കേരളത്തിൽ കിണറിലും സെപ്റ്റിക്ക് ടാങ്കിലും സീവറിലും ഇറങ്ങി മരിക്കുന്നു. വളരെ നിസാരമായ പരിശീലനം കൊണ്ടും പതിനായിരം രൂപ പോലും വിലയില്ലാത്ത ഒരു ഉപകരണം ഉപയോഗിച്ചും ഒഴിവാക്കാവുന്ന മരണം ആണിത്. കിണറിലോ സെപ്റ്റിക്ക് ടാങ്കിലോ സീവറിലോ ഒക്കെ ഇറങ്ങുന്നതിന് മുൻപ് അവിടെ ഗ്യാസ് ടെസ്റ്റിംഗ് നടത്തണം എന്ന നിസാര നിർദ്ദേശം നടപ്പിലാക്കിയാൽ തന്നെ ഒരു വർഷം ഒരു ഡസൻ മരണമെങ്കിലും ഒഴിവാക്കാം. ആ ജീവനുകളുടെ വില എത്രയാണ് ?
 
ബാലസ്റ് ടാങ്കിൽ പെയിന്റിങ്ങും വെൽഡിങ്ങും ചെയ്യുമ്പോൾ അപകടവും മരണവും ലോകത്ത് എല്ലാ വർഷവും റിപ്പോർട്ട് ചെയ്യുന്നതുമാണ്. മറ്റിടങ്ങളിലെ അപകടങ്ങളിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിക്കണം. എല്ലാ അപകടങ്ങളും നമുക്ക് തന്നെ ഉണ്ടായാലേ പഠിക്കൂ എന്ന വാശി പാടില്ല.
 
കേരളത്തിൽ എണ്ണായിരം പേരാണ് ഓരോ വർഷവും അപകടങ്ങളിൽ മരിക്കുന്നത്. ഓഖി ദുരന്തത്തിൽ മരിച്ചതിന്റെ അൻപത് മടങ്ങ് !. ഇവ ഓരോന്നും നിസാരമായ പിഴവുകളിൽ നിന്നാണ് സംഭവിക്കുന്നത്, അതുകൊണ്ട് തന്നെ ഒഴിവാക്കാവുന്നതുമാണ്. എന്നാൽ നമുക്കിപ്പോൾ സുരക്ഷയെ കോർഡിനേറ്റ് ചെയ്യാൻ ഒരു വകുപ്പ് പോലും ഇല്ല. ഇനി എന്നാണ് ഈ മരണങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് നമുക്ക് തോന്നിത്തുടങ്ങുന്നത്?.
പറഞ്ഞു മടുത്തു. വലിയ സങ്കടമുണ്ട്…
 
മുരളി തുമ്മാരുകുടി
 
http://www.manoramaonline.com/news/editorial/2018/02/13/Cochin-Shipyard-Blast-muralee-thummarukudi-writes.html

Leave a Comment