പൊതു വിഭാഗം

മത്സരിക്കുന്ന ഓർമ്മകൾ..!

ഒന്നാം ക്‌ളാസ്സിൽ കണക്ക് പരീക്ഷക്ക് പോയിട്ട് വന്ന ഞാൻ ആകെ മൂഡോഫിൽ ആയിരുന്നു. നൂറിൽ തൊണ്ണൂറ്റി എട്ടു മാർക്കേ ഉള്ളൂ.
 
അത് സഹിക്കാം, സഹിക്കാൻ പറ്റാത്തത് എൻറെ ചിറ്റമ്മയുടെ മകൾ ഗീതക്ക് നൂറിൽ നൂറു മാർക്കും കിട്ടി എന്നതാണ്.
 
ഈ കുശുമ്പ് പണ്ടേ എൻറെ കൂടെപ്പിറപ്പാണ്. പണ്ടൊക്കെ എനിക്ക് മാത്രമേ അങ്ങനെ ഉള്ളൂവെന്ന് കരുതി, ഫേസ്ബുക്ക് വന്നതോടെയാണ് ആ വിഷമം തീർന്നത്. നമുക്ക് നാല് ഫോളോവർ കൂടുതൽ ഉണ്ടായാൽ, നമ്മുടെ പോസ്റ്റിന് നാല് ലൈക്ക് കൂടുതൽ കിട്ടിയാൽ കുശുമ്പന്മാർ മൊത്തം ചൊറിയണവും ആയി ഇറങ്ങുന്നത് കാണാം. നമ്മളെല്ലാം കുശുമ്പന്മാരും കുശുമ്പികളും തന്നെ !
 
അത് പോട്ടെ, ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലാണ് വെങ്ങോലയിലെ ശാലേം സ്‌കൂളിൽ പത്താം ക്‌ളാസ്സ് പരീക്ഷ എഴുതുന്നത്. മൂത്ത രണ്ടു ചേട്ടന്മാർക്കും ഒരു ചേച്ചിക്കും പത്തിലെ പരീക്ഷയിൽ ഒന്നാം ക്‌ളാസ്സ് കിട്ടിയിട്ടുള്ളതിനാൽ ഒന്നാം ക്‌ളാസ്സ് കിട്ടണമെന്ന് ആഗ്രഹമുണ്ട്, വീട്ടുകാർക്ക് ചെറിയ പ്രതീക്ഷയും.
 
അറുന്നൂറിലാണ് അന്ന് മാർക്ക്, മുന്നൂറ്റി അറുപത് കിട്ടിയാൽ ഫസ്റ്റ് ക്‌ളാസ്സ് ആയി. വീട്ടിൽ ആരും നാനൂറിന് മുകളിൽ പോയിട്ടില്ല. അതുകൊണ്ട് ആ കടമ്പ കടക്കണം എന്നൊരു അത്യാഗ്രഹം മനസ്സിലുണ്ട്, പുറത്ത് പറഞ്ഞിട്ടില്ലെങ്കിലും.
 
അന്നൊക്കെ ഇതുപോലെ ഫുൾ എ പ്ലസ് കിട്ടുന്ന കാലമല്ല. അഞ്ഞൂറിന് മുകളിൽ കിട്ടുന്നത് തന്നെ അപൂർവ്വമാണ്. അഞ്ഞൂറ്റി മുപ്പതും നാല്പതും ഒക്കെയാണ് റാങ്ക് ആയി വരുന്നത്. വെങ്ങോലയിലെ സ്‌കൂളിൽ അഞ്ഞൂറിന്റെ മഷി പുരണ്ടിട്ടില്ല, അതുകൊണ്ട് അഞ്ഞൂറിനെപ്പറ്റി ചിന്തിക്കാനേ പോയില്ല.
 
വേറൊരു കുശുമ്പൻ ആഗ്രഹം കൂടിയുണ്ട് മനസ്സിൽ. എൻ്റെ ക്‌ളാസ്സിൽ തന്നെ Jolyഎന്നൊരു പഠിപ്പിസ്റ്റ് ഉണ്ട്. ഹാരി പോട്ടറിലെ ഹെർമയോണിയെ പോലൊരു കുട്ടി. നന്നായി പഠിക്കും, നല്ല കൈയക്ഷരം, നല്ല ഡീസന്റ്റ് പെരുമാറ്റം. അധ്യാപകർ ഏതു ചോദ്യം ചോദിച്ചാലും ഉത്തരം റെഡി. ആറാം ക്‌ളാസ്സിൽ ഒരുമിച്ച് വന്നതാണ്, അന്നുമുതൽ ക്‌ളാസ്സിൽ ഓരോ പരീക്ഷക്കും ഒന്നാം സ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ചിലപ്പോൾ ഞാൻ ജയിക്കും, ചിലപ്പോൾ ജോളിയും. രണ്ടാം സ്ഥാനം കിട്ടുന്ന ദിവസങ്ങളിൽ രണ്ടുപേരും മൂഡ് ഓഫ് ആയിരിക്കും. അതുകൊണ്ട് തന്നെ കലാശക്കൊട്ടിൽ ഒന്നാം സ്ഥാനം നേടണമെന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും കലശലായ ആഗ്രഹമുണ്ട്. ഞങ്ങൾ തമ്മിൽ മത്സരമുണ്ടെന്ന് അധ്യാപകർക്ക് അറിയാം. ഞങ്ങളെ തമ്മിൽ മത്സരിപ്പിക്കാൻ വേണ്ടി പത്താം ക്‌ളാസ്സിൽ ആറു ഡിവിഷൻ ഉണ്ടായിട്ടും ഞങ്ങളെ രണ്ടുപേരേയും ഒറ്റ ക്‌ളാസ്സിൽ തന്നെയാണ് അധ്യാപകർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ വിഷയവും ഏറ്റവും നന്നായി പഠിപ്പിക്കുന്ന അധ്യാപകരാണ് ഞങ്ങളുടെ ഡിവിഷനിൽ പഠിപ്പിക്കുന്നത്. ഇതൊക്കെ അന്ന് സ്വാഭാവികമായി തോന്നിയെങ്കിലും പിന്നീടാണ് സ്‌കൂളിലെ ഹെഡ് മാസ്റ്റർ ആയിരുന്ന മാത്യു സാർ അറിഞ്ഞെടുത്ത തീരുമാനമായിരുന്നു എന്നറിയുന്നത്.
 
എന്താണെങ്കിലും സംഗതി ഫലിച്ചു. പത്തിലെ മാർക്ക് വന്നപ്പോൾ എല്ലാവർക്കും സന്തോഷവും അത്ഭുതവും. രണ്ടു പേർക്കും മാർക്ക് അഞ്ഞൂറിന് മുകളിൽ. സ്‌കൂളിൽ ആദ്യമായിട്ടാണ് അങ്ങനെ ഒരു സംഭവം. അതോടെ കുശുമ്പോക്കെ തീർന്നു. പത്താം ക്‌ളാസ്സ് കഴിഞ്ഞതോടെ ഞങ്ങൾ രണ്ടു വഴിക്കു പോയി. പിന്നെ മുപ്പത് വർഷം കഴിഞ്ഞാണ് കണ്ടു മുട്ടുന്നത്. ഇപ്പോൾ ജോളി എൻറെ നല്ല സുഹൃത്താണ്.
ഇന്ന് പത്തിലെ റിസൾട്ട് വന്നപ്പോൾ ഇതൊക്കെ ഓർത്തു. എത്രയോ സ്‌കൂളുകളിൽ ഇതുപോലെ എത്രയോ ചെറിയ കിടമത്സരങ്ങൾ ഉണ്ടായിരുന്നിരിക്കണം. നല്ല എതിരാളികളാണ് നമുക്ക് ഊർജ്ജം പകരുന്നത്. പിൽക്കാലത്ത് അവരാണ് നമുക്ക് സുഹൃത്തുക്കളായി വരുന്നത്. നിങ്ങൾക്ക് ഓരോരുത്തർക്കും ഇങ്ങനെ ഒരു കഥ പറയാനുണ്ടാവില്ലേ?
 
നിങ്ങളുടെ ചെറുപ്പകാലത്തെ മത്സരങ്ങളെയും കാവിലെ പാട്ടുമത്സരത്തിലെ എതിരാളികളെയും പറ്റി പറയൂ.
 
പരീക്ഷയിൽ വിജയിച്ചവർക്ക് ആശംസകൾ..! വിജയിക്കാതെ ന്യൂനപക്ഷത്തിന് ഇനിയും സമയം ഉണ്ടല്ലോ. വിഷമിക്കാതെ വീണ്ടും പരിശ്രമിക്കൂ.
 
മുരളി തുമ്മാരുകുടി
 

Leave a Comment