കാലിഫോർണിയയിലെ സിലിക്കൺ വാലിയെപ്പറ്റി കേൾക്കാത്ത മലയാളികളില്ല. ലോകത്തെ തന്നെ ഹൈടെക്ക് വ്യവസായങ്ങളുടെ തലസ്ഥാനമായ ഇവിടെ ആയിരക്കണക്കിന് മലയാളികൾ ജോലിയെടുക്കുന്നുണ്ട്. നൂറു കണക്കിന് മലയാളികൾ പുതിയ പ്രസ്ഥാനങ്ങൾ നടത്തുന്നു. ലോകത്തിലെ ഒരു വിജയകഥയാണ് അമേരിക്കയുടെ സിലിക്കൺ വാലി.
മൂന്ന് കാര്യങ്ങളാണ് ‘സിലിക്കൺ വാലി’ എന്ന് ഇന്ന് നാമറിയുന്ന പ്രസ്ഥാനത്തെ ഈ സിലിക്കൺ വാലി ആക്കിയതെന്നാണ് പറയപ്പെടുന്നത്. ഒന്നാമത്തേത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ സാന്നിധ്യം. പുതിയ സാങ്കേതികവിദ്യകൾ ഉണ്ടാകുന്നു. അതിൽ പേറ്റന്റ് എടുക്കുന്നു. കുട്ടികൾക്കും അധ്യാപകർക്കും യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ച സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ പ്രോത്സാഹനവും പിന്തുണയും നൽകി. രണ്ടാമതായി അമേരിക്കൻ ഗവൺമെന്റിന്റെ പ്രതിരോധ വിഭാഗം ധാരാളം വന്പൻ പ്രോജക്ടുകൾ അവിടെ ചെയ്തു. ഇത് സാങ്കേതിക വിദഗ്ദ്ധർ അവിടെ കൂടുതൽ വ്യാപിക്കാനും കേന്ദ്രീകരിക്കാനും ഇടയാക്കി. മൂന്നാമതായി സിലിക്കൺ വാലിയിൽ ‘പണമെറിഞ്ഞ് പണം വാരാം’ എന്ന് മനസിലാക്കിയ സ്വകാര്യ മൂലധനം വെഞ്ചർ കാപ്പിറ്റലുമായി പുതിയ ആശയങ്ങളെ തേടി യൂണിവേഴ്സിറ്റിക്ക് ചുറ്റിലുമുണ്ടായി. ഇതാണ് സിലിക്കൺ വാലിയുടെ ഹ്രസ്വചിത്രം.
എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത്തരം സിലിക്കൺ വാലികൾ ഉണ്ടാകാത്തതെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റികൾ പലപ്പോഴും നമ്മുടെ സമൂഹത്തിനു ഗുണമോ താല്പര്യമോ ഉള്ള വിഷയങ്ങളിൽ അല്ല ഗവേഷണം നടത്തുന്നത്. നമ്മുടെ സർവ്വകലാശാലകളിൽ നിന്നും നാടിൻറെ പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങൾ വരുമെന്ന ചിന്ത ഭരണകർത്താക്കൾക്കോ നാട്ടുകാർക്കോ ഇല്ല. അപ്പോൾ പഠനവും ഗവേഷണവും ഒക്കെയായി യൂണിവേഴ്സിറ്റികൾ ഒരു വശത്തുകൂടി പോകുന്നു, പ്രശ്നങ്ങളും പ്രശ്നപരിഹാരങ്ങളും ആയി സർക്കാർ മറുഭാഗത്തും. ബാംഗ്ലൂരിനെ ഇന്ത്യയിലെ സിലിക്കൺ വാലി എന്ന് ചിലപ്പോൾ പറയുമെങ്കിലും യൂണിവേഴ്സിറ്റിയും വ്യവസായവും തമ്മിലുള്ള പാരന്പര്യം ഒന്നും അവിടെയില്ല.
അങ്ങനെയിരിക്കെയാണ് യാദൃശ്ചികമായി ഞാൻ തൃശൂരിൽ കേരള അഗ്രിക്കൾച്ചറൽ യുണിവേഴ്സിറ്റിയിൽ പോകുന്നത്. കാര്യം കാർഷിക സർവ്വകലാശാല വെള്ളാനിക്കരയിൽ ആണെങ്കിലും എല്ലാവരും പറയുന്നത് മണ്ണൂത്തി കാർഷിക സവ്വകലാശാല എന്നാണ്. കൃഷിയും മണ്ണുമായി ബന്ധമുള്ളതിനാൽ ഞാനും അങ്ങനെ തന്നെ പറയാം. ചെടികൾ വാങ്ങാനും മറ്റുമായി ഞാൻ പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും ഇത്തവണ അവിടുത്തെ ഡീൻ ആയ ഡോക്ടർ നമീറുമായി സംസാരിക്കാൻ അവസരമുണ്ടായി.
“ഈ യൂണിവേഴ്സിറ്റിയുടെ ചുറ്റുമായി ഇപ്പോൾ ഏകദേശം അഞ്ഞൂറോളം നേഴ്സറികളുണ്ട്. ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ ഇത് ഓരോ ദിവസവും കൂടി വരികയാണ്.” അദ്ദേഹം പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം ചെറുകിട കൃഷിക്കും പൂന്തോട്ട നിർമാണത്തിനുമുള്ള വസ്തുക്കളുടെ കച്ചവടം വൻതോതിൽ കൂടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. റോഡിന് ഇരുവശവും നേഴ്സറികൾ ഉള്ള കാര്യം ഞാൻ മുൻപേ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ എണ്ണം നൂറ് കവിഞ്ഞു എന്നത് എനിക്ക് പുതിയ അറിവായിരുന്നു.
തിരിച്ചു വീട്ടിലെത്തിയ ഞാൻ ഗൂഗിൾ മാപ്പെടുത്തു നോക്കി. സംഗതി സത്യമാണ്. യൂണിവേഴ്സിറ്റിക്ക് ചുറ്റിലുമായി നേഴ്സറികൾ അനവധിയുണ്ട്. പിറ്റേന്ന് തൃശൂരിൽ വെച്ച് യാദൃശ്ചികമായി കൃഷി മന്ത്രി സുനിൽ കുമാറിനെ കാണാനിടയായി. മണ്ണുത്തിയിലും പരിസരത്തുമായി അഞ്ഞൂറോളം നേഴ്സറികളുണ്ടല്ലോ എന്ന് ഞാൻ സൂചിപ്പിച്ചു.
“അഞ്ഞൂറല്ല. ഇപ്പോൾ ആയിരം കടന്നുകാണണം.”
എനിക്കത് വാലിയ അത്ഭുതവും സന്തോഷവുമായി. കാരണം, കേരളത്തിന്റെ തനതായ ഒരു സിലിക്കൺ വാലി മണ്ണുത്തിയിലും പരിസരത്തുമായി വളർന്നു വരികയാണ്. അവിടെ ആയിരം നേഴ്സറികളുണ്ടെങ്കിൽ അവിടെ എത്ര പേർക്ക് തൊഴിൽ ലഭിക്കുന്നുണ്ടാകും, ഒരു വർഷത്തിൽ എത്ര ലക്ഷം രൂപയുടെ വ്യാപാരം നടക്കുന്നുണ്ടാകും, എത്ര തരം അനുബന്ധ കച്ചവടങ്ങൾ വളർന്നു വരുന്നുണ്ടാകും.
“ലോകത്ത് എവിടെയുമുള്ള ചെടികൾ കിട്ടുന്ന നേഴ്സറികളും, കേരളത്തിന് പുറത്തേക്കും ഇന്ത്യക്ക് പുറത്തേക്ക് പോലും ചെടികൾ കയറ്റിയയക്കുന്ന നേഴ്സറികളും ഇവിടെയുണ്ട്” ശ്രീ. ടി എൻ പ്രതാപൻ എം പി പറഞ്ഞു.
ഇത് സത്യത്തിൽ ഒരു വിപ്ലവമാണ്. നമ്മൾ അറിയാതെ പ്രത്യേകിച്ച് പ്ലാനോ പദ്ധതിയോ ഇല്ലാതെ ഇംഗ്ലീഷിൽ പറഞ്ഞാൽ ഓർഗാനിക് ഗ്രോത്ത് ആയിട്ടാണ് മണ്ണുത്തിയിലെ ഗ്രീൻവാലി വികസിച്ചു വരുന്നത്. ഇതിന്റെ അടിസ്ഥാന കാരണം കാർഷിക സർവകലാശാല ആണെന്നതിൽ തർക്കമില്ല. അവിടെ പരിശീലനം ലഭിച്ച തൊഴിലാളികളും ഒരുപക്ഷെ, അവിടെനിന്ന് റിട്ടയറായ തൊഴിലാളികളും ഒക്കെ ആയിരിക്കണം മണ്ണുത്തിയിൽ ഈ കാർഷിക വിപ്ലവത്തിന് തുടക്കമിട്ടത്. ഇനി ശരിയായ പിന്തുണ കൊടുത്താൽ ഇതൊരു വിജയഗാഥ ആക്കിയെടുക്കാം, സംശയമില്ല. കൊറോണക്കാലം അതിനുള്ള ഒരു അവസരം നമുക്ക് നല്കുന്നുണ്ട്. കേരളത്തിൽ കൃഷിയിലും പൂന്തോട്ട നിർമ്മാണത്തിലും ഇന്ന് മുൻപൊരിക്കലും ഇല്ലാത്തത്ര താല്പര്യമാണ് ഉണ്ടായിരിക്കുന്നത്.
ഈ രംഗത്ത് കേരളത്തിന്റെ സാധ്യതയുടെ ഒരു ശതമാനം പോലും ഇപ്പോൾ ആയിട്ടില്ല എന്നതാണ് സത്യം. കേരളത്തിൽ നെല്ലും റബറും പോലുള്ള പാരന്പര്യ വിളകൾക്ക് ഇനി ഭാവിയില്ല എന്ന് പല തവണ പറഞ്ഞിട്ടുള്ള ആളാണ് ഞാൻ. അതേസമയം ജന സാന്ദ്രത കൂടുതൽ ആയതിനാൽ കേരളത്തിൽ കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന ധാരണ തെറ്റാണ് എന്നും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ഥല ലഭ്യതയുള്ള കാലമാണ് ഇപ്പോൾ. ഇനിയത് കൂടുകയേ ഉള്ളൂ. കാരണം പരന്പരാഗത കൃഷികൾ നഷ്ടമായി ആളുകൾ നെൽപ്പാടവും തോട്ടങ്ങളും ഒന്നും ചെയ്യാതെ തരിശിടുകയാണ്.
പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ, അലങ്കാരച്ചെടികൾ, സുഗന്ധവിളകൾ, ഔഷധച്ചെടികൾ, പൂച്ചെടികൾ എന്നിങ്ങനെ കൂടുതൽ വിലയുള്ള വിളകൾ ശാസ്ത്രീയമായി കൃഷി ചെയ്യുകയും അതിന് ശരിയായ സംഭരണവും മാർക്കറ്റിങ്ങും നടത്താനുള്ള സംവിധാനവും ഉണ്ടെങ്കിൽ കൃഷിക്ക് വൻസാധ്യതയാണ് ഉള്ളത്. ഇന്ന് കേരളത്തിലേക്ക് പുറത്തു നിന്നും വരുന്ന പച്ചക്കറികളും ഫലങ്ങളും ഔഷധ ചെടികളും മാത്രം കേരളത്തിൽ ഉൽപ്പാദിപ്പിച്ചാൽ തന്നെ നമുക്ക് ബില്യൺ ഡോളർ വ്യവസായം ഉണ്ടാക്കാം. സുഗന്ധവിളകളും പൂച്ചെടികളും ഉൾപ്പെടെ കയറ്റിയയക്കാൻ കൂടി നമ്മൾ ഉൽപ്പാദിപ്പിച്ചാൽ ബില്യൺ പലതാകും. പക്ഷെ ഇതൊക്കെ ചെയ്യണമെങ്കിൽ ഇപ്പോഴത്തെപ്പോലെ കൃഷി ധർമ്മവും കർമ്മവും ആയി എടുക്കുന്ന രീതി മാറ്റി ശാസ്ത്രീയമായി ചെയ്യേണ്ട ഒരു വ്യവസായമായി മാറ്റണം.
ഇത്തരം ഒരു മാറ്റത്തിന് അടിസ്ഥാനമായി, കാർഷിക സർവ്വകലാശാലയെ നമുക്ക് മാറ്റിയെടുക്കാം. അതിന് മുന്നോടിയായി മണ്ണുത്തിയിലെ നേഴ്സറികളെ നാളെ ഇന്ത്യയും ലോകവും അറിയുന്ന ബ്രാൻഡ് ആയി നമുക്ക് മാർക്കറ്റ് ചെയ്യണം. അതിലേക്ക് എന്റെ ചില നിർദേശങ്ങൾ പറയാം.
1. മണ്ണുത്തിയുടെ ചുറ്റുമായി ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ നഴ്സറി ക്ലസ്റ്ററിനെ പഠിക്കുക, കണക്കുകൾ ഉണ്ടാക്കുക. അത് പ്രാദേശികമായിട്ടെങ്കിലും സന്പദ്വ്യവസ്ഥക്ക് നൽകുന്ന വലിയ പിന്തുണ ഔദ്യോഗികമായി അംഗീകരിക്കുക. പ്രത്യേകിച്ചും ഈ വിപ്ലവത്തിൽ യുണിവേഴ്സിറ്റിക്കുള്ള സ്ഥാനം എടുത്തുകാണിക്കുക. (നമ്മുടെ കഴിവുകളും നേട്ടങ്ങളും അംഗീകരിക്കാൻ പൊതുവെ നമ്മൾ പിറകോട്ടാണ്).
2. അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, നേഴ്സറികൾ, അനുബന്ധ വ്യവസായങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവയുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുക. എങ്ങനെയാണ് പരിസ്ഥിതി സൗഹൃദമായി നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകുന്ന രീതിയിലും ഹൈടെക്ക് ആയും ഈ വ്യവസായത്തെ അവിടെ വളർത്തിയെടുക്കാൻ കഴിയുന്നത് എന്ന് ചർച്ച ചെയ്യുക.
3. വിത്തിലേയും തൈകളിലെയും മണ്ണുത്തി ബ്രാൻഡ് പ്രൊഫഷണൽ ആയി പ്രമോട്ട് ചെയ്യുക. സിലിക്കൺ വാലി പോലെ മണ്ണുത്തിയിലെ ഗ്രീൻ വാലി എന്നൊരു പ്രയോഗം നമുക്ക് സ്ഥിരമായി ഉണ്ടാകണം.
4. മണ്ണുത്തിയിൽ നിന്ന് ലഭിക്കുന്ന വിത്തിന്റെയും തൈകളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ നേഴ്സറികളും ഒരു ക്വാളിറ്റി കൺട്രോൾ സിസ്റ്റം ഉണ്ടാക്കുക. സ്ഥലത്തിന്റെ പരിസ്ഥിതി സംരക്ഷണം, തൊഴിലെടുക്കുന്നവരുടെ പരിശീലനം, ഉപയോഗിക്കുന്ന വിത്തുകളുടെ ആധികാരികത, ഇതെല്ലാം ക്വളിറ്റി സിസ്റ്റത്തിന്റെ ഭാഗമാക്കണം. യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ഇവയുടെ ഓഡിറ്റ് പതിവായി നടത്തണം.
5. മണ്ണുത്തി ബ്രാൻഡ് ചെടികളും വിത്തുകളും ഇന്ത്യയിലെവിടെയും വിതരണം ചെയ്യാൻ ഫ്രാഞ്ചൈസികൾ നൽകുക. അവരുടെ തിരഞ്ഞെടുപ്പിലും ഗുണനിലവാര സംവിധാനം ഉണ്ടാകണം. ബ്രാൻഡ് പ്രമോഷനുള്ള ഒരു അവസരമായി അതും കാണുക.
6. പുതിയതായി നേഴ്സറികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡീറ്റൈൽഡ് പ്രോജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് മുതൽ തൊഴിലെടുക്കുന്നവർക്ക് പരിശീലനവും മാർക്കറ്റിങ് സപ്പോർട്ടും വരെ നൽകുന്ന ഒരു പദ്ധതി യൂണിവേഴ്സിറ്റി ആരംഭിക്കുക.
7. പുതിയതായി കൃഷിയിലോ ഗാർഡനിംഗിലോ ഏർപ്പെടാൻ താല്പര്യമുള്ളവർക്ക് ഒരു ദിവസം മുതൽ ഒരാഴ്ച വരെ നീളുന്ന പരിശീലന പരിപാടികൾ സ്ഥിരമായി സംഘടിപ്പിക്കുക,
യൂണിവേഴ്സിറ്റി അടിസ്ഥാനമാക്കി കൃഷിയുടെ ഒരു യുട്യൂബ് ചാനൽ തുടങ്ങുക. ഓരോ വിത്തും തൈയും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, വളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം, വെള്ളത്തിന്റെയും പ്രകൃതിയുടെയും സംരക്ഷണം എന്നിങ്ങനെ ഓരോ ദിവസവും പ്രൊഫസർമാരോ നഴ്സറിയിലെ ടെക്നീഷ്യൻസോ സംസാരിക്കുന്നത് വീഡിയോ എടുത്ത് ഓരോ ചാനലിലും നൽകുക.
8. വിദേശത്തേക്ക് ചെടികളും വിത്തുകളും കയറ്റി അയക്കുന്നതിനുള്ള സാങ്കേതിക നിയമ വശങ്ങൾ പരിശീലിപ്പിക്കുന്ന ഒരു പദ്ധതി ആരംഭിക്കുക.
9. വിദേശത്ത് നിന്നും കേരളത്തിലേക്ക് പുതിയതായി വരുന്ന വിത്തുകളും ചെടികളും കേരളത്തിന്റെ ആവാസവ്യവസ്ഥക്ക് ചേർന്നതാണെന്ന് ഉറപ്പു വരുത്താൻ സംവിധാനം ഒരുക്കുക.
കേരളത്തിൽ പുതിയതായി നിർദ്ദേശങ്ങൾ വെക്കുന്പോൾ എന്നെ വിഷമിപ്പിക്കുന്നത് രണ്ടു തരം റിയാക്ഷൻ ആണ് (ഒന്ന്) ഇവിടെ ഒന്നും നടക്കില്ല (രണ്ട്) ഇതൊക്കെ ഞങ്ങൾ പണ്ടേ ചെയ്തതാണ്, ചെയ്യുന്നതാണ്. ഇത്തരം ഒരു മാനസികാവസ്ഥയിൽ സിലിക്കൺ വാലി ഒന്നും ഉണ്ടാകില്ല. പക്ഷെ ഞാൻ പറഞ്ഞ പല കാര്യങ്ങളും പലയിടത്തായി ഇപ്പോൾ തന്നെ നടക്കുന്നുണ്ടാകും. പ്രധാനമായത് ഇവയെ എല്ലാം സംയോജിപ്പിച്ച് ഒറ്റ ബ്രാൻഡിന്റെ കീഴിലെത്തിക്കുക എന്നതാണ്. അതിലൂടെ അടുത്ത അഞ്ചു വർഷത്തിനകം മണ്ണുത്തി ബ്രാൻഡിനെ ഒരു ബില്യൺ ഡോളർ വ്യവസായമായി വളർത്താൻ നമുക്ക് സാധിക്കും. അതോടെ യുണിവേഴ്സിറ്റിയെപ്പറ്റിയുള്ള സാധാരണക്കാരന്റെ ചിന്തകൾ മാറും. ചെറുപ്പക്കാർ ഈ രംഗത്ത് കൂടുതലെത്തും. കൃഷിയിൽ ഉണ്ടാകാവുന്ന വളർച്ചയും വരവും വേറെ. അത് പിന്നീടൊരിക്കൽ എഴുതാം.
മുരളി തുമ്മാരുകുടി
Leave a Comment