എന്‍റെ സ്വന്തം വെബ് സൈറ്റില്‍ എന്തെങ്കിലും ഒക്കെ എഴുതിയാണ് ഞാന്‍ എഴുത്ത് തുടങ്ങിയത്. അതിനു ദിവസം ശരാശരി ഒരു മുപ്പതു പേര്‍ വായനക്കാര്‍ ഉണ്ടായിരുന്നു (ഇതില്‍ ഭൂരിഭാഗവും എന്‍റെ സുഹൃത്തുക്കളും ആയിരുന്നു). മാതൃഭുമിയില്‍ എഴുതാന്‍ തുടങ്ങിയതോടെ വായനക്കാരുടെ എണ്ണം കൂടി. ചില ദിവസം ആയിരത്തില്‍ അധികം പേര്‍ വരുന്നുണ്ട്, കൂടുതലും എന്നെ എഴുത്തില്‍ കൂടി മാത്രം അറിയുന്നവര്‍. ഇത് വളരെ ഊര്‍ജം നല്‍കുന്ന പണിയാണ്. ഇനി ഒരു ദിവസം പതിനായിരം തികയ്ക്കുക എന്നതാണ് എന്‍റെ ടാര്‍ഗറ്റ്.
പത്രത്തില്‍ എഴുതുന്നത് അല്പം റിസ്ക്ക് ഉള്ള പരിപാടി ആണ്. പാടത്തു പണി, വരമ്പത്ത് കൂലി എന്ന് പറഞ്ഞ പോലെ, ഒരു ലേഖനം പബ്ലിഷ് ചെയ്താല്‍ മണിക്കൂറുകള്‍ക്കകം അതിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ വന്നു തുടങ്ങും. പത്രത്തിലെ മോഡറേറ്റര്‍ ഞാന്‍ അല്ലാത്തതിനാല്‍ ഏതു കമന്റ് വരുന്നു എന്നതിനെപ്പറ്റി എനിക്ക് ഒരു കണ്ട്രോളും ഇല്ല. പൊതുവേ പോസിറ്റീവ് ആയ കമന്റ് ആണ് എനിക്ക് വരാറ്, പക്ഷെ ഇടക്കൊക്കെ നെഗറ്റീവും ഉണ്ടാകുമല്ലോ. ആദ്യമെല്ലാം ഈ നെഗറ്റീവ് കമന്റ്സ് എന്നെ അലോസരപ്പെടുത്തിയിരുന്നു, പക്ഷെ ഇപ്പോള്‍ ശീലമായി.
കഴിഞ്ഞ ആഴ്ച ഞാന്‍ ശാസ്ത്ര വീക്ഷണത്തെ പറ്റി എഴുതിയ കൂട്ടത്തില്‍ വെളിച്ചെണ്ണയെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ മലയാളികള്‍ ഉടന്‍ ശാസ്ത്രം എല്ലാം വെടിഞ്ഞു വ്യക്തിപരമായ ആരോപനങ്ങളിലേക്ക് പോകുന്ന സ്വഭാവത്തെ പറ്റി എഴുതി. (ശാസ്ത്രം തോറ്റു ബോണ്ട ജയിച്ചു ) പറഞ്ഞു തീര്‍ന്നില്ല, ഞാന്‍ പറഞ്ഞത് നൂറു ശതമാനവും ശരിവച്ചു കൊണ്ട് ഞാന്‍ ഒരു ഉത്തരേന്ത്യന്‍ ആന്‍റി-വെളിച്ചെണ്ണ ലോബ്ബി ആണെന്ന് ആരോപണം വന്നു,
കൂട്ടത്തില്‍ ഒരു ഫ്രണ്ട് എഴുതി,
“മുരളി,
കാര്യം താങ്കളുടെ ലേഖനങ്ങള്‍ വായിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട് എന്നത് ശരി.പക്ഷെ ഭൂമിക്കു താഴെ എന്തിനെക്കുറിച്ചും അറിയാമെന്നും ഞാന്‍ പറയുന്നതെല്ലാം ശരിയാണെന്നും ഉള്ള ധാരണ ശരിയല്ല.
വെളിച്ചെണ്ണ കഴിക്കുന്നതുകൊണ്ട് എന്ത് ദോഷം ആണ് ഉള്ളത്? കൊളസ്ട്രോള്‍ കൂടുമെങ്കില്‍, നമ്മുടെ പൂര്‍വികര്‍ക്കൊക്കെ എന്ത് കൊളസ്ട്രോള്‍ ആണ് ഉണ്ടായിരുന്നത്? പിന്നെ കൂടുതല്‍ കഴിച്ചാല്‍ വെളിച്ചെണ്ണ എന്നല്ല ഒരു എണ്ണയും നന്നല്ല(അധികമായാല്‍ അമൃതും വിഷം).
പ്രശ്നം വെളിച്ചെണ്ണയോ പമോയിലോ ഒന്നുമല്ല, വ്യായാമമില്ലായ്മയാണ് .
പിന്നെ വെളിച്ചെണ്ണക്കെതിരെ ലോബികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് മുരളിക്ക് എങ്ങിനെ ഉറപ്പിച്ചു പറയുവാന്‍ കഴിയും?. വെളിച്ചെണ്ണ “അമിതമായി” ഉപയോഗിക്കാന്‍ ആരാണ് ഉപദേശം കൊടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. ”
ഈ കത്തിന് അനുകൂലമായും പ്രതികൂലം ആയും പിന്നെയും കമന്റ് വന്നു. എന്നെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാകണം ഈ സുഹൃത്ത് വ്യക്തിപരമായ ഒരു എഴുത്ത് എനിക്കും അയച്ചു. നന്ദി.
ഈ കത്ത് എന്നെ ചിന്തിപ്പിച്ചു. . ഭൂമിക്കടിയിലുള്ള എന്തിനെ പറ്റിയും (ആകാശത്തിനു കീഴെ എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്) എനിക്ക് അറിവുണ്ടോ ? ഇല്ല.
അതുകൊണ്ട് ഇത്തവണ ആകാശത്തിനു മുകളില്‍ ഉള്ള കാര്യത്തെ പറ്റി എഴുതാം.
എന്നോട് പല ആളുകളും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.
“മുരളി ഇത്രയും നാട്ടില്‍ ഒക്കെ പോയല്ലോ, ഇനി എവിടെ പോകാനാണ് ആഗ്രഹം ?”
ഇതിനു എനിക്ക് ഒരു വ്യക്തമായ ഉത്തരം ഉണ്ട്. “എനിക്ക് ആകാശത്തിനു മുകളില്‍ ശൂന്യാകാശത്ത് പോയി ഭൂമിയെ ഒരു ഗോളമായി കണ്ടു ഒരു മണിക്കൂറിനുള്ളില്‍ ഭൂമിയെ ചുറ്റി കാണാന്‍ ആണ് ആഗ്രഹം”.
“ആ പൂതി പിള്ള മനസ്സില്‍ വച്ചാല്‍ മതി” എന്ന് ഭൂരിഭാഗം പേരും കരുതും, പറയാറില്ല എങ്കിലും.
വാസ്തവത്തില്‍ “എത്ര മനോഹരം ആയ നടക്കാത്ത സ്വപ്നം” ഒന്നും അല്ല ഇത്. എന്‍റെ കയ്യില്‍ ഒരു നൂറു കോടി രൂപ ഉണ്ടെങ്കില്‍ നടക്കാവുന്നതെ ഉള്ളൂ. റഷ്യയിലെ സ്പേസ് പ്രോഗ്രാം കാശ് മേടിച്ചു ആളുകളെ കൊണ്ട് പോയി ബഹരികാശം കാണിച്ചു കൊടുക്കുന്നുണ്ട്.
എന്‍റെ കയ്യില്‍ ഒരു നൂറ്റി പത്തു കോടി രൂപ കിട്ടിയിരുന്നെങ്കില്‍………….. എന്ന് ഞാന്‍ ജയനെപ്പോലെ ഓര്‍ക്കാറുണ്ട്.
അതെന്തിനാ ചേട്ടാ നൂറ്റി പത്തു കോടി, നൂറു കോടി പോരെ കുന്തത്തില്‍ കേറി മേളിലോട്ട് പോവാന്‍ ?
എന്‍റെ മക്കളെ എനിക്കൊരു ഭാര്യയും കുടുംബവും ഒക്കെ ഉണ്ട്, ഞാന്‍ മേപ്പോട്ടു പോയിട്ട് കീഴ്പോട്ടു വന്നില്ലെങ്കില്‍ അവര്‍ക്ക് ജീവിക്കണമല്ലോ. പോയിട്ട് കീഴ്പോട്ടു വരാതിരിക്കാനുള്ള സാധ്യത മുപ്പതില്‍ ഒന്നില്‍ കൂടുതല്‍ ആണ്. ഒരു താരതമ്യത്തിന് പറഞ്ഞാല്‍ കേരളത്തിലെ റോഡില്‍ തട്ടിപ്പോകാനുള്ള സാധ്യത കൊല്ലത്തില്‍ പതിനായിരത്തില്‍ ഒന്നാണ്. അപ്പോള്‍ നമ്മുടെ ശരാശരി ആയുസ്സായ എഴുപതു കൊല്ലം കേരളത്തില്‍ ജീവിച്ചാല്‍ റോഡ് അപകടത്തില്‍ തട്ടിപ്പോകാനുള്ള സാധ്യതയുടെ
7 മടങ്ങാണ് ഒരു പ്രാവശ്യം ശൂന്യാകാശത്ത് പോയി വരുന്നത്.
എന്നാലും ഞാന്‍ റെഡി, പക്ഷെ ഞാന്‍ ചെയ്യുന്ന ജോലി വച്ച് നൂറുകോടി ഉണ്ടാകാന്‍ ഉള്ള സാധ്യത കുറവാണു. ഇനി വല്ലതും എഴുതി കുറച്ചു ഉണ്ടാക്കാം എന്ന് വച്ചാലും അവിടെ എത്തും എന്ന് തോന്നുന്നില്ല. എന്നെക്കാളും കൂടുതല്‍ യു എന്‍ ജോലി ചെയ്യുകയും എഴുതി കാശുണ്ടാക്കുകയും ചെയ്ത ശശി തരൂരിന് പോലും ഇരുപതു കോടിയേ ഉള്ളൂ എന്നാണ് വായിച്ചത്.
അതുകൊണ്ട് ഞാന്‍ സ്ഥിരമായി സ്പാനിഷ് ലോട്ടറി എടുക്കും, കിട്ടിയാല്‍ ഒരു യാത്ര, പോയാല്‍ ഒരു ലോട്ടറി.
“ശൂന്യാകാശത്ത് പോകാന്‍ ഈ നൂറുകോടി വേണോ, കേരളത്തിന്‍റെ ആസ്ഥാന സഞ്ചാരി ആയ സന്തോഷ് ജോര്‍ജ് കുളങ്ങര പോകുന്നുണ്ടല്ലോ, അദ്ദേഹം നൂറു കോടി ചിലവാക്കുന്നുണ്ടോ ?.
പറഞ്ഞു കേട്ടിടത്തോളം സന്തോഷ് ജോര്‍ജ് ബുക്ക് ചെയ്തിരിക്കുന്നത് സര്‍ റിച്ചാര്‍ഡ് ബ്രാണ്ട്സന്‍ തുടങ്ങാന്‍ പോകുന്ന വിര്‍ജിന്‍ ഗലാക്ടിക് എന്ന ബഹിരാകാശ സഞ്ചാര പദ്ധതിയില്‍ ആണ്. അതിന്‍റെ ടിക്കറ്റ് ഒരു കോടി രൂപയെ ഒള്ളൂ, ബുക്കിംഗ് ചാര്‍ജ് പത്തു ലക്ഷവും.
തുടങ്ങാന്‍ പോകുന്ന, എന്ന് വച്ചാല്‍ ?
എന്ന് വച്ചാല്‍, 2005 മുതല്‍ അദ്ദേഹം ടിക്കറ്റ് വില്‍ക്കുന്നുണ്ട്. പക്ഷെ ഇത് വരെ കാശ് കൊടുത്ത സഞ്ചാരികള്‍ ആരും ആദ്ദേഹത്തിന്‍റെ വിമാനത്തില്‍ കേറി ബഹിരാകാശം കണ്ടിട്ടില്ല.
പക്ഷെ അങ്ങനെ ചെയ്യാം എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്, 437 ആളുകളുടെ കയ്യില്‍ നിന്നും അഡ്വാന്‍സ് മേടിച്ചിട്ടും ഉണ്ട്. ഇത് രണ്ടായിരത്തി ഒന്‍പതില്‍ നടക്കും എന്നാണ് ആദ്യം പറഞ്ഞത്, അത് പിന്നെ രണ്ടായിരത്തി പത്തും പതിനൊന്നും ആയി. കഴിഞ്ഞ ആഴ്ച അദ്ദേഹം പറഞ്ഞത് ഒരു വര്‍ഷത്തിനകം ആകുമെന്നാണ്.”ഇത് വല്ല തട്ടിപ്പാണോ, ഈ മാഞ്ചിയം എന്നൊക്കെ പറഞ്ഞ പോലെ ?”
“അത് നിങ്ങള്‍ റിച്ചാര്‍ഡ് ബ്രാണ്ട്സനെ ശരിക്ക് അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുന്നതാണ്. പതിനാറാം വയസ്സില്‍ ഒരു മാസിക ഇറക്കി ബിസിനസ് രംഗത്ത് വന്ന അദ്ദേഹം
പുതിയ മേഖലകള്‍ കണ്ടെത്താനും അവിടെ റിസ്ക് എടുക്കാനും ഏറ്റവും തയ്യാറായ ഒരാള്‍ ആണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആസതി അഞ്ചു ബില്ല്യന്‍ ഡോളറിനു അടുത്ത് വരും. ഇങ്ങ്ലണ്ടില്‍ അടുത്ത കാലത്ത് നടത്തിയ ഒരു സര്‍വേയില്‍ “നിങ്ങളുടെ ഒരു റോള്‍ മോഡല്‍ ആര് എന്ന് ചോദ്യത്തിന് റിച്ചാര്‍ഡ് ബ്രാണ്ട്സന്‍റെ പേര് പറഞ്ഞവര്‍ യേശു ക്രിസ്തുവിന്‍റെ പേര് പറഞ്ഞവരെക്കാള്‍ കൂടുതല്‍ ആയിരുന്നു !”
റിച്ചാര്‍ഡ് ബ്രണ്ട്സന്‍ വിര്‍ജിന്‍ എന്ന പേരില്‍ ഒരു വിമാന കമ്പനി നടത്തുന്നുണ്ട്. ഇത് തുടങ്ങിയതിന്‍റെ ചരിത്രം ഈ അവസരത്തില്‍ കേട്ടിരിക്കുന്നത് നല്ലതാണ്. ഒരിക്കല്‍ ഭാര്യയും ഒത്തു അദ്ദേഹം ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ അവധിക്ക് പോയി. അവിടെ നിന്നും തിരിച്ചു വരാന്‍ ഉള്ള വിമാനം ക്യാന്‍സല്‍ ചെയ്തപ്പോള്‍ അദ്ദേഹം ഉള്‍പടെ 80 യാത്രക്കാര്‍ പെരുവഴിയില്‍ ആയി. അദ്ദേഹം ഉടനെ ഫോണ്‍ വിളിച്ചു ഒരു പുതിയ വിമാനം ചാര്‍ട്ടര്‍ ചെയ്തു, രണ്ടായിരം ഡോളറിന്. എന്നിട്ട് ഒരു പേപ്പറില്‍ “Virgin Airways $39 Single Flight to Puerto Rico’ എന്നെഴുതി ടെര്‍മിനല്‍ മുഴുവന്‍ നടന്നു എല്ലാ ടിക്കെറ്റും വിറ്റു. അങ്ങനെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തില്‍ നിന്നും അന്ന് തന്നെ സ്ഥലം വിടാനും കുറച്ചു കാശ് ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. അപ്പോള്‍ ഒരു വിമാന സര്‍വീസ് തുടങ്ങിയാല്‍ പണം ഉണ്ടാക്കാം എന്ന് അദ്ദേഹത്തിന് തോന്നി, ഇറങ്ങി പുറപ്പെട്ടു.
കുളപ്പുള്ളി അപ്പനെ പോലെ നടത്തുന്നത് പറയുകയും പറയുന്നത് നടത്തുകയും ചെയ്യുന്ന ഒരാള്‍ ആണ് സര്‍ റിച്ചാര്‍ഡ് ബ്രാണ്ട്സാന്‍ എന്ന് മനസ്സിലായല്ലോ. അദ്ദേഹത്തിന്‍റെ തന്നെ വാകുകളില്‍ പറഞ്ഞാല്‍
“My interest in life comes from setting myself huge, apparently unachievable challenges and trying to rise above them…from the perspective of wanting to live life to the full, I felt that I had to attempt it.”.
ഇങ്ങനെ ഉള്ള ഒരാള്‍ ബഹിരാകാശത്തു ആളെ കൊണ്ട് പോകാം എന്ന് പറഞ്ഞാല്‍ പറഞ്ഞത് തന്നെ. വിമാനവും വിമാനത്താവളവും എല്ലാം വഴിയെ വരും. റിച്ചാര്‍ഡ് ബ്രാണ്ട്സന്‍റെ ശൂന്യാകാശ വിമാനം ആറു യാത്രികര്‍ക്കും രണ്ടു പൈലറ്റ് മാര്‍ക്കും ഇരിക്കാവുന്ന സ്പേസ് ഷിപ് 2 ഇപ്പോള്‍ പരീക്ഷണത്തില്‍ ആണ്. വിമാനത്താവളം സ്പേസ് പോര്‍ട്ട് അമേരികയിലെ ന്യൂ മേക്സിക്കോവില്‍ തയ്യാറാവുന്നു. പിന്നെ മുന്‍പ് പറഞ്ഞ പോലെ ഇതല്പം റിസ്ക് ഉള്ള പരിപാടി ആയതിനാല്‍ വിമാനം ഒക്കെ ശരിയാക്കി കുറെ നാള്‍ ആളുകളെയോ പട്ടിയേയോ ഒക്കെ വച്ച് പറപ്പിച്ചു ഒരു ധൈര്യം വന്നതിനു ശേഷം പോകാനാണ് കാശ് കൊടുത്ത 437 പേര്‍ക്കും താല്‍പര്യം കാണുക. അതുകൊണ്ട് അവരൊന്നും ധൃതി പിടിക്കുന്നും ഇല്ല. പിന്നെ ഈ ബുക്കിംഗ് കാശു തിരിച്ചു കിട്ടുന്നതും ആണ്. അപ്പോള്‍ ഈ പരിപാടി ഇനി 2012 ലോ പതിനാലിലോ (പതിമൂന്നില്‍ പോകാന്‍ അധികം ആള്‍ ഉണ്ടാവില്ല) തുടങ്ങിയില്ലെങ്കിലും അധികം കംപ്ലൈന്റ്റ് ഉണ്ടാവില്ല.
ഈ പട്ടിയെ ശൂന്യാകാശത്ത് വിടും എന്ന് പറഞ്ഞത് ചുമ്മാതല്ല. ആദ്യം ആയി മുകളിലോട്ടു പോയ ജീവി ഒരു പട്ടിയയിരുന്നല്ലോ ( ലൈക എന്ന റഷ്യന്‍ പട്ടി ആണ് ശൂന്യാകാശത്ത് പോയ ആദ്യ ജീവി http://en.wikipedia.org/wiki/laika). കേറ്റി വിടാന്‍ കുറെ ആളുകള്‍ ഉണ്ടെങ്കില്‍ ഏത് പട്ടിക്കും എവിടെ വരെ വേണമെങ്കിലും പോകാം എന്ന മാനേജ്‌മന്റ് തത്വം അങ്ങനെ ഉണ്ടായതാണ്.
ഒരു ജീവിക്ക് ശൂന്യാകാശത്ത് പോകാമെന്നും ഭാരമില്ലാത്ത അവസ്ഥ അതി ജീവിക്കാം എന്നും തെളിയിച്ചത് ലൈക ആണ്. ഇതിനു ശേഷം ആണ് മനുഷ്യര്‍ മുകളിലേക്ക് പോയത്. ലൈക പക്ഷെ ശൂന്യാകാശത്ത് വച്ചുതന്നെ ചത്ത് പോയി. ആരെങ്കിലും പിടിച്ചു പോക്കിവിട്ടാല്‍ മുകളിലെക്ക് എന്ന് മാത്രം വിചാരിച്ചു ചുമ്മാ കേറി പോകരുത് എന്ന മാനേജ്‌മന്റ് തത്വവും ഇതില്‍ നിന്നാണ് ഉണ്ടായത്. ഇതിനു അധികം പ്രചാരം ഇല്ല.
ഞാന്‍ ഇതില്‍ ബുക്ക് ചെയ്യാത്തതിന് പല കാരണങ്ങളും ഉണ്ട്. ഒന്നാമതായി, ഈ പൈസ കൊടുത്താല്‍ പൂര്‍ണമായി ശൂന്യാകാശത്ത് പോയി ഭൂമിയെ ഒരു ഗോളമായി കാണണോ ഭൂമിയെ ഒന്ന് വലയം ചെയ്തു വരാനോ പറ്റില്ല. ഏതാണ്ട് 110 കിലോമീറ്റര്‍ ഉയരത്തില്‍ ഗ്രാവിറ്റി ഇല്ലാതാകുന്ന സ്ഥലത്ത് പത്തു മിനുട്ടില്‍ താഴെയേ സഞ്ചാരം ഉള്ളൂ. അവിടെ നിന്നും ഭൂമിയെ ഗോളം ആയി കാണാന്‍ പറ്റില്ല. ഭൂമിയുടെ വക്രത മനസ്സിലാകും എന്ന് മാത്രം. അമേരിക്കയില്‍ പോയി ഈ വേഷം കെട്ടും ഫോട്ടോ എടുപ്പും എല്ലാം “തറ” വേല (അതായതു നിലത്തു നിന്നുള്ള കളി) ആണ്.
പത്തു മിനുട്ട് നേരത്തേക്ക് ഇത് കാണാന്‍ രാജമാണിക്യത്തില്‍ പറയുന്ന പോലെ “എന്‍റെ പട്ടി പോകും”…
ഞാന്‍ പോയി ഒരു സ്പാനിഷ് ലോട്ടറി ടിക്കറ്റ് എടുക്കട്ടെ..
ഹാ ഹാ ഹാ…