പൊതു വിഭാഗം

ഭക്ഷണവും വെള്ളവും

ചെന്നൈയിലും ആസ്സാമിലുമൊക്കെ പ്രളയമുണ്ടായ സമയത്ത് കേരളത്തിൽ നിന്നും ഭക്ഷണവും വെള്ളവും അങ്ങോട്ടയക്കുന്നത് ശരിയല്ല എന്ന് ഞാൻ പലവട്ടം പറഞ്ഞിരുന്നു. ദുരന്ത പ്രദേശങ്ങളുടെ അടുത്ത പ്രദേശങ്ങളിൽ തന്നെ ഈ വസ്തുക്കൾ കിട്ടാനുണ്ടാകുമെന്നും പണം അയച്ചുകൊടുത്താൽ അവിടെ നിന്നും വാങ്ങാമെന്നും, ദുരന്തകാലത്ത് കുറച്ചു പണം ലോക്കൽ എക്കോണമിയിൽ എത്തുന്നതാണ് എല്ലാവർക്കും നല്ലത് എന്നുമെല്ലാമാണ് ഇതിന് കാരണമായി ഞാൻ പറഞ്ഞത്. പക്ഷെ, അടുത്ത സുഹൃത്തുക്കൾക്ക് പോലും അക്കാര്യം ഇഷ്ടപ്പെട്ടില്ല.
 
എന്നാൽ ദുരന്തം സംഭവിക്കുന്പോൾ ഭക്ഷണവും വെള്ളവും കന്പിളിയും വസ്ത്രവും നേരിട്ട് കൊടുക്കേണ്ട ഒരു സമയമുണ്ട്, ആദ്യ ദിവസങ്ങളിൽ. എത്ര പണം കയ്യിലോ നാട്ടുകാരുടെ കയ്യിലോ ഉണ്ടെങ്കിലും ഒരു കുപ്പി വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാകും. അടുത്ത പ്രദേശത്തൊന്നും അരിയോ പച്ചക്കറിയോ കിട്ടാത്ത സാഹചര്യമുണ്ടാകും. ഉടുത്ത വസ്ത്രവും ആയിട്ടായിരിക്കാം മിക്കവരും ദുരിതാശ്വാസ ക്യാംപിൽ എത്തിയത്. അത് മാറാതെയിരിക്കുന്നത് ആരോഗ്യകരമല്ലെന്ന് മാത്രമല്ല, മനസ്സിന് വിഷമം ഉണ്ടാക്കുകയും ചെയ്യും.
 
കേരളത്തിലെ ഈ വർഷത്തെ ദുരന്തത്തിൽ നേരിട്ട് വസ്തുക്കൾ എത്തിക്കേണ്ട മണിക്കൂറുകളാണ് ഇപ്പോൾ. അതുകൊണ്ട് ഈ ദിവസങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് ഭക്ഷണമോ വസ്ത്രമോ ഉൾപ്പടെ വേണ്ടതെന്തും എത്തിക്കുക. ദുരിതാശ്വാസ ക്യാംപുകൾ നടത്തുന്നവർ അവർക്ക് വേണ്ട വസ്തുക്കൾ എന്താണെന്ന് ഫേസ്ബുക്കിലോ വാട്ട്സാപ്പിലോ ആവശ്യപ്പെടുക. കുറെയൊക്കെ ഡ്യൂപ്ലിക്കേഷനും വേസ്റ്റേജും ഉണ്ടാകുമെങ്കിലും ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആവശ്യത്തിന് ഭക്ഷണവും മറ്റു സഹായവും സൗകര്യങ്ങളും ഉണ്ടാകുക എന്നതാണ് ഈ സമയത്ത് ഏറ്റവും പ്രധാനമായത്.
 
ചെന്നൈയിലെ പ്രളയകാലം മുതൽ ദുരിതാശ്വാസ രംഗത്ത് സജീവമായ അൻപോട് കൊച്ചി എന്ന സംഘടന ആവശ്യപ്പെട്ട വസ്തുക്കളുടെ ലിസ്റ്റ് ഷെയർ ചെയ്യുന്നു. മന്പാട് കോളേജിലെ ക്യാംപിന് വേണ്ടി എൻറെ സുഹൃത്ത് Myna Umaiban ഭക്ഷണം പാചകം ചെയ്യാൻ ഗ്യാസും വിറകും ആവശ്യപ്പെടുന്നുണ്ട്. നിങ്ങൾക്ക് നേരിട്ട് പരിചയമുള്ള സുഹൃത്തുക്കൾ ദുരന്ത ബാധിത പ്രദേശങ്ങളിൽ ഉണ്ടെങ്കിൽ അവരോട് നേരിട്ട് സംസാരിച്ച് ആവശ്യത്തിനുള്ള വസ്തുക്കൾ എത്തിക്കുന്നതാണ് ഏറ്റവും ഫലപ്രദം.
 
ഗൾഫിൽ നിന്നും ഡൽഹിയിൽ നിന്നും ഒന്നും ഭക്ഷണവും വെള്ളവും അയക്കേണ്ട എന്ന നിർദ്ദേശം ഇപ്പോഴും തുടരുന്നു. പരമാവധി സഹായം നിങ്ങൾക്ക് പരിചയമോ വിശ്വാസമോ ഉള്ളവർക്ക് നേരിട്ട് പണമായി അയക്കുക. നാട്ടിലെ റെസിഡന്റ് അസോസിയേഷനുകളാണ് ഇക്കാര്യത്തിൽ ഏറ്റവും ഫലപ്രദമായി എനിക്ക് തോന്നിയിട്ടുള്ളത്. അവർക്ക് ഒരു സ്ട്രക്ച്ചറും, അക്കൗണ്ടും, പ്രവർത്തിക്കാൻ ആളുകളും ഉണ്ട്.
 
മുരളി തുമ്മാരുകുടി
ആഗസ്ത് 10, 7:15 AM

Leave a Comment