പൊതു വിഭാഗം

ബ്ലോക്ക് നല്ലതല്ലേ ?

ഈ സമൂഹമാധ്യമത്തെപ്പറ്റി നമുക്കൊരു ധാരണയുണ്ട്. നമ്മൾ പറയുന്നതെല്ലാം പബ്ലിക്ക് ആയതിനാൽ നമ്മുടെ വാൾ എന്നത് ഒരു പബ്ലിക്ക് സ്പേസ് ആണെന്ന്. ഒരു കണക്കിന് അത് സത്യവുമാണ്, പണ്ട് കലുങ്കിലിരിക്കുന്ന ആണുങ്ങൾ തമ്മിൽ, അല്ലെങ്കിൽ കുളത്തിൽ തുണിയലക്കുന്ന സ്ത്രീകൾ തമ്മിൽ ഉള്ള സംസാരം പോലെ തന്നെയാണ് ഫേസ്ബുക്കും. അവിടെ ആർക്കും വരാം, എന്തും പറയാം, ഓരോരുത്തരും പറയുന്നത് പ്രധാനമാണെന്നും പ്രപഞ്ചസത്യമാണെന്നും അവർക്ക് തോന്നും, മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അതെല്ലാം ആ ഒരാളുടെ അഭിപ്രായം മാത്രമാണ്. അയാൾ പോയിക്കഴിഞ്ഞാൽ മറ്റെല്ലാവരും അയാളെപ്പറ്റി ദൂഷണം പറയും. മനുഷ്യൻ ഫേസ്ബുക്കിന്റെ കൈലാസം കയറിയിട്ടും ആൽത്തറയിലിരിക്കുന്നത്ര തറയാണിപ്പോഴും നമ്മുടെ കയ്യിലിരിപ്പ്. അതുകൊണ്ടാണ് ഫേസ്ബുക്കിൽ കൂടുതൽ അസംബന്ധങ്ങളും നെഗറ്റിവിറ്റിയും വരുന്നത്.

പക്ഷെ ആൽത്തറയും ഫേസ്ബുക്കും തമ്മിൽ ഒരു വ്യത്യാസം ഉണ്ട്. ആൽത്തറ ശരിക്കും പൊതു സ്ഥലമാണ്, നിങ്ങൾക്കവിടെ നിയന്ത്രണം ഒന്നുമില്ല. ഒരാൾ പറയുന്നത് ഇഷ്ടമല്ലെങ്കിൽ നമ്മുടെ കൂട്ടുകാരുമായി അയാളെ കൂവി ഓടിക്കാൻ നോക്കാം, വിരട്ടാൻ നോക്കാം, വേണമെങ്കിൽ നമുക്കവിടെ നിന്നും എഴുന്നേറ്റ് പോകാം, അല്ലെങ്കിൽ അടുത്ത ദിവസം തൊട്ട് അവിടെ പോകാതിരിക്കാം. പക്ഷെ ആൽത്തറയിൽ വരുന്നതിൽ നിന്നും ആർക്കും ആരെയും ബ്ലോക്കാൻ പറ്റില്ല.

നമ്മുടെ ഫേസ്ബുക്ക് വാൾ അങ്ങനെ അല്ല. നമ്മൾ പറയുന്നത് ആര് കാണണമെന്ന് നമുക്ക് തീരുമാനിക്കാം. ആ അർത്ഥത്തിൽ നമ്മുടെ ഫേസ്ബുക്ക് പേജ് നമ്മുടെ സ്വകാര്യ ആൽത്തറയാണ്. നമ്മുടെ ഫേസ്ബുക്ക് വാളിനെ വിശാലമായ ഒരു പാടത്തെ നമ്മുടെ സ്വകാര്യ കൃഷിയിടമായി സങ്കല്പിക്കുന്നതാണ് കൂടുതൽ ശരി. ഇഷ്ടമുള്ള എല്ലാവർക്കും അവിടെ കൃഷിയിറക്കാൻ കുറച്ച് സ്ഥലം കിട്ടും എന്ന് കരുതുക (ഫേസ്ബുക്ക് പോലെ. It is free and always will be !). ആളുകൾക്ക് സ്ഥലം വാങ്ങാതിരിക്കാം, വാങ്ങിയാൽ തന്നെ കൃഷി ചെയ്യാതെ തരിശ്ശിടാം, വേണമെങ്കിൽ ചന്ദനം മുതൽ ചൊറിയണം വരെ അവിടെ കൃഷി ചെയ്യാം, അല്ലെങ്കിൽ കക്കൂസായി ഉപയോഗിക്കാം. നമ്മുടെ ഇഷ്ടമനുസരിച്ചു വേണമെങ്കിൽ സുഹൃത്തുക്കളെ മാത്രമേ നമ്മുടെ കൃഷി കാണിക്കൂ എന്ന് തീരുമാനിച്ചു മതിൽ കെട്ടിപ്പൊക്കാം. നമ്മൾ അനുവദിച്ചാൽ മറ്റുള്ളവർക്ക് അത് വഴി വരാം, നമ്മൾ ചെയ്യുന്നതൊക്കെ കാണാം, വേണമെങ്കിൽ അഭിപ്രായം പറയാം. നമ്മുടെ കൃഷി സ്ഥലത്ത് വന്ന് “നീ കപ്പ കൃഷി ചെയ്യുന്നത് ശുദ്ധമണ്ടത്തരമാണെന്നോ, ഞാൻ ചെയ്യുന്നപോലെ നിനക്കെന്താ വാഴക്കൃഷി ചെയ്‌താൽ” എന്നോ ഒക്കെ ആരെങ്കിലും പറഞ്ഞാൽ നമുക്കല്പം ഇറിറ്റേഷൻ വരും. പക്ഷെ അധികം മറുത്തു പറയാൻ പറ്റില്ല, കാരണം സൗഹൃദവും ബന്ധവും ആവഴി പോകും.

ഫേസ്ബുക്കിൽ കാര്യങ്ങൾ വളരെ എളുപ്പമാണ്. ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരെ ചുമ്മാതെ ബ്ലോക്കാം. പിന്നെ രണ്ടു മാസം കഴിയുമ്പോൾ ബ്ലോക്കിൽ നിന്നും പുറത്തിടാം. അപ്പോൾ ഒരു മാതിരി ആളുകൾക്കെല്ലാം ഐഡിയ പിടി കിട്ടിക്കാണും, പിന്നെ നമ്മുടെ പറമ്പിലേക്ക് അധികം എത്തി നോക്കില്ല. പൊതുവെ ചൊറിയലിന്റെ അസുഖമുള്ളവരാണെങ്കിൽ വേറെ ആരുടെയെങ്കിലും വാളിൽ ചൊറിയാൻ പൊക്കോളും. നമ്മളും ഹാപ്പി, അവരും ഹാപ്പി.

ജീവിതത്തിലും ഇങ്ങനെ ഒരു ബ്ലോക്ക് സംവിധാനം ഉണ്ടെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് ഞാൻ ചിലപ്പോൾ ഓർക്കാറുണ്ട്. ചൊറിയുന്നവർ ഫേസ്ബുക്കിലെ പോലെ ജീവിതത്തിലുമുണ്ട്. പൊതുവിൽ അവരെ എളുപ്പത്തിൽ ഒഴിവാക്കാൻ പറ്റില്ല. അതുകൊണ്ടാണ് വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ഒക്കെ അധികം ചൊറിയാൻ ചെല്ലുമ്പോൾ ചിലപ്പോൾ തല്ലു കൊള്ളുന്നതും തല പോകുന്നതും. അതിനുപകരം ഒരു ‘ബ്ലോക്ക് ഓപ്‌ഷൻ’ ഉണ്ടായിരുന്നുവെങ്കിൽ നാട്ടിൽ അടിപിടിയും രാഷ്ട്രീയ കൊലപാതകവും ഒക്കെ കുറഞ്ഞേനേ.

മുരളി തുമ്മാരുകുടി.

Leave a Comment