പൊതു വിഭാഗം

ബ്ലോക്കോഫീസ് തുറക്കുന്നു, ജാഗ്രത വേണം, ആശങ്ക വേണ്ട

ആഗസ്റ്റ് പതിനാറാം തിയതി നാട്ടിൽ വന്നിട്ട് അവധി മാത്രം ഉണ്ടായില്ല. തുടർച്ചയായി തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള യാത്ര, ദുരന്ത സ്ഥലങ്ങളിലെ സന്ദർശനം, ആളുകളോടും അധികാരസ്ഥാനങ്ങളിൽ ഉള്ളവരോടുമായ ചർച്ച, ഏതാണ് നാളത്തെ പ്രധാന പ്രശ്നങ്ങൾ എന്ന് ഇന്നേ ചിന്തിക്കുക, എഴുതുക, ചോദ്യങ്ങൾക്ക് മറുപടി നൽകുക ഇതൊക്കെയായിരുന്നു പ്രധാനം. കൂടാതെ ടി വി ഇന്റർവ്യൂ, മീറ്റിംഗുകൾ, പ്രസംഗം, ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണൽ, ചായ, പരിപ്പുവട, അത്താഴങ്ങൾ എല്ലാം നടത്തണമല്ലോ. അമ്മയെ പോലും ഒരു പ്രാവശ്യം ചേട്ടന്റെ വീട്ടിൽ വെച്ചാണ് കണ്ടത്, തുമ്മാരുകുടിയിൽ പോയതേ ഇല്ല.
 
ഇതിനൊക്കെ ഇടക്കാണ് ‘മുരളി തുമ്മാരുകുടി ആരാണ് ? ഇയാളുടെ ലക്‌ഷ്യം എന്താണ്?’ എന്നൊക്കെ പോസ്റ്റുകളും കമന്റുകളും വരുന്നത്. സാധാരണ സമയത്ത് എനിക്കിതൊന്നും വിഷയമല്ല. ഫേസ്ബുക്കിലും ജീവിതത്തിലും ഗോസിപ്പുകളും പാര വയ്പ്പുകളും അറിയാവുന്ന, ആസ്വദിക്കുന്ന ആളുമാണ്.
 
“വാശിക്ക് വളി വിട്ടു യോഗ്യരാവാൻ
നോക്കേണ്ടതിന്നും നാം (ഞാൻ) മോശമല്ല”
 
എന്ന് കടമ്മനിട്ട പാടിയത് എന്നെക്കുറിച്ചു കൂടിയാണ്.
കേരളത്തിലെ പത്തുലക്ഷം ആളുകൾ ക്യാംപിലുള്ള സമയത്ത്, കേരളത്തിലെ മൊത്തം ജനങ്ങൾ കേരളത്തിനകത്തും പുറത്തും ദുരന്തത്തെപ്പറ്റി വേവലാതിപ്പെടുന്ന സമയത്ത്, കേരളത്തിൽ നിന്നും പുറത്തു നിന്നും മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ദുരന്തകാര്യങ്ങൾ ചർച്ച ചെയ്യാൻ എന്നെ വിളിക്കുന്ന സമയത്ത് എൻറെ വ്യക്തി വിഷയങ്ങൾ പ്രധാന വിഷയങ്ങളായി എനിക്ക് തോന്നിയില്ല. അതുകൊണ്ടു തന്നെ അത്തരം പോസ്റ്റുകളും കമന്റുകളും ആയി വന്നവരെ ഒരു ദാക്ഷിണ്യവും ഇല്ലാതെ പിടിച്ചു ബ്ലോക്ക് ഓഫിസിൽ ആക്കി.
 
“ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ” എന്ന് എൻറെ സുഹൃത്ത് Sajan Gopalan ചോദിച്ചിരുന്നു. എൻറെ മൂഡ് കളയാതിരിക്കാനുള്ള ഒരു മുൻകരുതൽ ആണെന്ന് ഉത്തരവും പറഞ്ഞു.
 
ഇന്നലെ ബോംബയിൽ എത്തി. ഐ ഐ ടി യിലെ ചർച്ച കഴിഞ്ഞു പണ്ട് പഠിപ്പിച്ചിരുന്ന ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ ഗസ്റ്റ് ഹൗസിൽ വന്നു കിടന്ന് സുഖമായി എട്ടു മണിക്കൂർ ഉറങ്ങി. ഇപ്പോൾ ഒരു റിലാക്സേഷൻ ഒക്കെ ഉണ്ട്.
 
ഈ പ്രളയകാലത്ത് ഞാൻ ബ്ലോക്കിയ എല്ലാവരേയും ഇന്ന് രാവിലെ തുറന്നു വിട്ടിട്ടുണ്ട്. സാധാരണ ഗതിയിൽ ഉന്നതാധികാര സമിതിയുടെ പ്രത്യേക അനുമതിയും ഓറഞ്ചു മുതൽ റെഡ് വരെ ഉള്ള അലെർട്ടുകളും ഉണ്ടാവേണ്ടതാണ്, പക്ഷെ അതിനൊന്നും സമയം കിട്ടിയില്ല.
 
എൻറെ സുഹൃത്തുക്കൾക്ക് ആശങ്ക വേണ്ട, പക്ഷെ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
 
മുരളി തുമ്മാരുകുടി
 

Leave a Comment