പൊതു വിഭാഗം

ബിറ്റ് കോയിൻ, ബിറ്റ് ബൈ ബിറ്റ്….

ഞാൻ ബ്രൂണെയിൽ ജോലി ചെയ്യുമ്പോൾ എന്റെ സഹപ്രവർത്തകനായിരുന്ന ഇസ്റാറിന്റെ മകനാണ് ഫിറാസ്. നന്നായി ക്രിക്കറ്റ് കളിക്കുന്ന ഫിറാസിന് ഭാവിയിൽ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാകണം എന്നാണ് ആഗ്രഹം. ഇസ്റാറിന് അതിൽ വിരോധം ഒന്നുമില്ലെങ്കിലും അതൊരു നല്ല ഒരു തീരുമാനമാണോ എന്നറിയാൻ ഒരിക്കൽ എന്നോട് സംസാരിച്ചു.

‘ക്രിക്കറ്റ് കളിക്കാരനോ സിനിമാതാരമോ പാട്ടുകാരനോ ആകാൻ കരിയർ തിരഞ്ഞെടുക്കുന്നത് ബുദ്ധിമോശം ആണെന്നാണ് എന്റെ അഭിപ്രായം’.

‘അതെന്താണ്, ആ രംഗത്തുള്ളവർക്കൊക്ക നല്ല വരുമാനമല്ലേ?”

‘അതേ, അതാണ് പ്രശ്നവും. ഇന്ത്യയിൽ ക്രിക്കറ്റ് രംഗത്ത് പ്രവർത്തിക്കുന്ന പത്തോ ഇരുപതോ പേർക്ക് നല്ല പേരും പ്രശസ്തിയും പണവുമൊക്കെ ഉണ്ടാകും. എന്നാൽ അവിടെ എത്തിപ്പറ്റാൻ വേണ്ടി രണ്ടായിരം പേരെങ്കിലും ശ്രമിക്കുന്നുണ്ടാകും. ഇവരിൽ പലർക്കും തലപ്പത്ത് എത്തിയവരെപ്പോലെ ടാലന്റും ഉണ്ടായിരിക്കും. എന്നാൽ ഈ രംഗത്തൊക്കെ മുകളിലെത്താൻ കഴിവ് മാത്രം പോരാ, ബന്ധങ്ങളും ഭാഗ്യവും വേണം. ഇതൊന്നുമില്ലെങ്കിൽ അവർക്ക് പേരുമില്ല, പണവും ഇല്ല’.

ഫിറാസ് എന്റെ നിർദേശം സ്വീകരിച്ചു, ക്രിക്കറ്റ് ഭ്രമം നിർത്തി അമേരിക്കയിൽ ഫൈനാൻഷ്യൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയി.

രണ്ടായിരത്തി ഏഴിന്റെ അവസാനത്തിലോ എട്ടിന്റെ തുടക്കത്തിലോ ആണ് പിന്നെ ഞാൻ ഫിറാസിനെ കാണുന്നത്. അപ്പോൾ അവൻ ന്യൂയോർക്കിൽ ഒരു പ്രശസ്ത ഫൈനാൻഷ്യൽ കമ്പനിയിൽ പണമുള്ളവരുടെ പണം ഇരട്ടിപ്പിച്ചു കൊടുക്കുന്ന ജോലിയിലാണ്. (ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ).

‘ഫിറാസ് പണമിരട്ടിക്കാൻ ഒരു ഐഡിയ പറയൂ’

‘മുരളി, കയ്യിലുള്ളത് ഷെയറോ, ഡോളറോ, ഭൂമിയോ എന്തുമാകട്ടെ, അതൊക്കെ വിറ്റ് എല്ലാം സ്വർണ്ണം ആക്കിക്കോളൂ, ഈ ന്യൂയോർക്കിലെ മാർക്കറ്റ് എല്ലാം പൊളിയാൻ പോവുകയാണ്’

‘സത്യം?’

‘സത്യം, ഇപ്പോൾ കാണുന്നതെല്ലാം ചുമ്മാ ഒരു കുമിളയാണ്’.

എന്റെ കൈയിൽ അത്ര പണം ഒന്നുമില്ലെങ്കിലും ഫിറാസ് പറഞ്ഞതല്ലേ, ഒന്ന് പരീക്ഷിച്ചേ പറ്റൂ. ഞാൻ അടുത്ത ദിവസം തന്നെ സ്വിസ്സ്‌ ബാങ്കിൽ പോയി കുറെ ബിസ്ക്കറ്റ് മേടിച്ചു. (കുറച്ചു സ്വർണ്ണമായിട്ടും ബാക്കി കഴിക്കാനും).

മാസങ്ങൾക്കകം ഫിറാസ് പറഞ്ഞത് സത്യമായി. ഷെയറും ഡോളറും ഒക്കെ കൂപ്പുകുത്തി, സ്വർണ്ണവില ഇരട്ടിച്ചു. കൈയിലുള്ളത് മുഴുവൻ അന്ന് അതിലിട്ടിരുന്നെങ്കിൽ കുറേ കാശുണ്ടാക്കാമായിരുന്നു.

അധികം കാശുള്ള ആളോ കാശുണ്ടാക്കണം എന്നാഗ്രഹമുള്ള ആളോ അല്ല ഞാൻ. എന്നാലും ഫിനാൻഷ്യൽ മാർക്കറ്റിൽ വരുന്ന മാറ്റങ്ങൾ എപ്പോഴും ശ്രദ്ധിക്കും. അതുകൊണ്ട് തന്നെയാണ് ഈ ‘ബിറ്റ് കോയിൻ’ ഇപ്പോൾ എന്റെ ചിന്തയിൽ വന്നത്.

കുറെ നാളായി ക്രിപ്റ്റഡ് കറൻസി, ബിറ്റ് കോയിൻ എന്നൊക്ക കേട്ട് തുടങ്ങിയിട്ടെങ്കിലും വായിച്ചിട്ട് ഒരു കുന്തവും മനസ്സിലായില്ല. എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തോടെ ഇതിന്റെ വിലക്ക് കാറ്റ് പിടിക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പോൾ ഇനിയെങ്കിലും ഇതിനെപ്പറ്റി അറിയാതിരിക്കുന്നത് ശരിയല്ലല്ലോ.

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് ഒസ്ലോവിൽ വെച്ച് Shinto യെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ നല്ല വിവരമുണ്ട്.

‘അടുത്ത തലമുറ കറൻസിയാണ് ഇന്റർനെറ്റിൽ അക്കങ്ങൾ കൊണ്ട് ഖനനം ചെയ്ത് ആളുകൾ കണ്ടുപിടിക്കുന്ന ബിറ്റ് കോയിൻ. അത് ഒരു കേന്ദ്ര ബാങ്കും ഇറക്കുന്നതല്ല, അതിനാൽത്തന്നെ രാഷ്ട്രീയമായി ഇതിനെ സ്വാധീനിക്കാൻ കഴിയില്ല. എത്ര ബിറ്റ് കോയിൻ മൊത്തം ഉണ്ടാക്കാം എന്നതിന് മാത്തമറ്റിക്കലായി പരിധി ഉണ്ട്, അതുകൊണ്ടുതന്നെ ഇത് പണപ്പെരുപ്പത്തിൽ നിന്നും
മുക്തമാണ്. ഒരു ബിറ്റ്‌കോയിന്റെ വില ഇപ്പോൾ ആയിരത്തി എണ്ണൂറു ഡോളറാണ്. ഇനിയുള്ള കാലത്ത് ഇത് ഒരു മില്യൺ ആയാലും അതിശയിക്കേണ്ട’.

ഒരു മില്യനെയർ ആവണം എന്നത് പണ്ടേയുള്ള എന്റെയൊരു ആഗ്രഹമാണ്. താൽക്കാലത്തെ പോക്ക് വെച്ച് ജീവിതകാലത്ത് അതാകാൻ രണ്ടേ രണ്ടു മാർഗ്ഗങ്ങളേയുള്ളൂ. ഒന്നുകിൽ ഇന്ത്യൻ രൂപയിൽ മില്യനെയർ ആയാൽ മതി എന്ന് സമാധാനിക്കുക, അല്ലെങ്കിൽ അമേരിക്കൻ ഡോളർ കൂപ്പുകുത്തണേ എന്ന് ആഗ്രഹിക്കുക. അങ്ങനെ വിഷമിച്ചിരിക്കുമ്പോളാണ് ഈ പുതിയ മില്യനെയർ ഓഫർ.

‘ഉറപ്പാണോ ഷിന്റോ, ചുളയിറക്കട്ടെ, ഈ ഓസ്ലോ ചർച്ച ഒരു കാലത്ത് ഓർക്കാൻ നിമിത്തമായാലോ?’

‘ചേട്ടൻ എടുത്തു ചാടി ഒന്നും ചെയ്യേണ്ട കേട്ടോ. ആദ്യം കുറച്ചു വായിക്കുക, പിന്നെ വേണമെങ്കിൽ ഒരു ബിറ്റ്‌കോയിന്റെ പത്തിലൊന്നോ മറ്റോ നിക്ഷേപിക്കുക. എന്നിട്ട് പിന്നീട് മതി വലിയ നിക്ഷേപമൊക്കെ നടത്താൻ’.

നിക്ഷേപം നടത്താനായി വായിക്കലൊന്നും എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലെങ്കിലും യു ട്യൂബ് വീഡിയോ കണ്ടതിൽ നിന്നും എനിക്കൊരു കാര്യം മനസ്സിലായി. ഈ വിഷയത്തിൽ എന്നെപ്പോലെ താല്പര്യള്ളവർ അനവധിയുണ്ട്. അവരൊക്കെ ഇത് വാങ്ങാൻ തുടങ്ങിയിട്ടുമുണ്ട്. ഈ പോക്ക് പോയാൽ ഈ വർഷത്തിൽ തന്നെ പണമിരട്ടിച്ചു എന്ന് വരാം.

അതുകൊണ്ട് ഒരുകാര്യം തീരുമാനിച്ചു. രണ്ടു ബിറ്റ് കോയിൻ വാങ്ങി വാലറ്റിൽ ഇടുക. വില ഇരട്ടിക്കുന്ന അന്ന് ഒരെണ്ണം വിൽക്കുക, രണ്ടാമത്തേത് അവിടെ കിടക്കട്ടെ. മില്യനെയർ ആയാൽ അന്ന് മാറ്റിയെടുക്കാം. അഥവാ മാഞ്ചിയം പോലെ പൊലിഞ്ഞുപോയാൽ പോകട്ടെ, വല്യ നഷ്ടം ഒന്നുമില്ലല്ലോ.

(മുന്നറിയിപ്പ്: ഇതൊരു നിക്ഷേപ നിർദ്ദേശം ഒന്നുമല്ല, അതുകൊണ്ടുതന്നെ ബിറ്റ് കോയിനിൽ ഇട്ടു കാശ് കിട്ടിയാൽ എന്നോടോ ഷിന്റോയോടോ നന്ദി പറയാൻ ഒന്നും വരേണ്ട താനും. പണം പോയാലും പുറത്തു മിണ്ടണ്ട. ഒരു മണ്ടനും അയാളുടെ പണവും എളുപ്പത്തിൽ വേർ പിരിയും എന്നത് ഒരു പ്രപഞ്ച സത്യമാണ്).

Leave a Comment